Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നുകാർഷിക നിയമങ്ങളും പിൻവലിക്കാതെ തരമില്ല; കർഷകർ സമരം കൂടുതൽ ശക്തമാക്കുന്നു; റോഡ് തടയലിന് പിന്നാലെ റെയിൽ രോക്കോ സമരം; ഫെബ്രുവരി പതിനെട്ടിന് നാലുമണിക്കൂർ രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച; ഫെബ്രുവരി 12 മുതൽ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോൾപ്ലാസകൾ ഉപരോധിക്കുമെന്നും പ്രഖ്യാപനം

മൂന്നുകാർഷിക നിയമങ്ങളും പിൻവലിക്കാതെ തരമില്ല; കർഷകർ സമരം കൂടുതൽ ശക്തമാക്കുന്നു; റോഡ് തടയലിന് പിന്നാലെ റെയിൽ രോക്കോ സമരം; ഫെബ്രുവരി പതിനെട്ടിന് നാലുമണിക്കൂർ രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച; ഫെബ്രുവരി 12 മുതൽ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോൾപ്ലാസകൾ ഉപരോധിക്കുമെന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മൂന്നുകാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി റെയിൽ തടയൽ സമരം പ്രഖ്യാപിച്ച് കർഷകർ. രാജ്യവ്യാപക റോഡ് തടയൽ സമരത്തിന് പിന്നാലെയാണിത്. ഫെബ്രുവരി പതിനെട്ടിന് നാലുമണിക്കൂർ ദേശവ്യാപകമായി ട്രെയിൻ തടയൽ സമരം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. സമരം ശക്തിപ്പെടുത്താനായി നാല് പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്ന് സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിന് ശേഷം കർഷക നേതാവ് ഡോ. ദർശൻപാൽ പറഞ്ഞു.

ഫെബ്രുവരി 12 മുതൽ പഞ്ചാബ്, ഹരിയാന മാതൃകയിൽ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോൾ പ്ലാസകൾ ഉപരോധിക്കും. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ച് ഫെബ്രുവരി 14ന് മെഴുക് തിരി റാലി നടത്തും. 16ന് ഛോട്ടുറാം ജന്മദിന വാർഷികം സംഘടിപ്പിക്കും. പതിനെട്ടിന് ഉച്ചയ്ക്ക് 12മുതൽ നാലുവരെ ദേശവ്യാപകമായി ട്രെയിൻ തടയും. ' -അദ്ദേഹം പറഞ്ഞു.

പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഡൽഹി അതിർത്തികളിൽ സമരം തുടരുകയാണ്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. പ്രശ്ന പരിഹാരത്തിനായി ഇതുവരെ കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകളെല്ലാം ഫലംകാണാതെ പരാജയപ്പെട്ടിരുന്നു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് പിന്നാലെ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം തുടക്കത്തിൽ രാജ്യവ്യാപകമായി കർഷക സംഘടനകൾ മൂന്ന് മണിക്കൂർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. അതേസമയം നിയമം പിൻവലിക്കില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. സമരം ചെയ്യുന്ന കർഷകരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സമര ജീവികളെന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രസംഗത്തിലാണ് നിയമങ്ങളെ മോദി ന്യായീകരിച്ചത്. കർഷക സമരം തെറ്റിദ്ധാരണ കൊണ്ടാണെന്ന് മോദി പറഞ്ഞു. മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നത് ആരും ആവശ്യപ്പെട്ടിട്ടില്ല. അത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്. അതുപോലെയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്‌കരിച്ചു.

'സർക്കാർ സമരം ചെയ്യുന്ന കർഷകരെ ബഹുമാനിക്കുന്നു. അതുകൊണ്ടാണ് മന്ത്രിമാർ അവരുമായി ചർച്ച നടത്തുന്നത്.' എന്ന് മോദി പറഞ്ഞു. ഇതിന് പിന്നാലെ പ്രതിഷേധം ഉയർത്തി കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിന് ശേഷം ഒരു മണ്ഡിപോലും അടച്ചിട്ടില്ല. താങ്ങുവില എടുത്തു കളയില്ലെന്ന വാദവും മോദി ആവർത്തിച്ചു.

കർഷകസമരത്തിന്റെ ശൈലി 'സമരജീവി'കളുടേതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങൾ പൊളിഞ്ഞു. തെറ്റിദ്ധാരണ പരത്തിയുള്ള തന്ത്രം ഫലിക്കാത്തതിനാൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നു. പ്രതിപക്ഷം നിയമങ്ങളുടെ നിറത്തെക്കുറിച്ചല്ല ഉള്ളടക്കത്തെക്കുറിച്ച് ചർച്ചയ്ക്ക് തയാറാകണമെന്നും മോദി പറഞ്ഞു. നിയമങ്ങളിൽ കുറവുകളുണ്ടെങ്കിൽ ചർച്ച ചെയ്ത് തിരുത്താൻ ഇപ്പോഴും തയ്യാറെന്നും മോദി വ്യക്തമാക്കി.സമരം ചെയ്യുന്ന കർഷകരോട് ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാർഷികരംഗം വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. ഇത് നേരിടാൻ ആത്മാർത്ഥമായ ശ്രമം നടത്തുകയാണ് സർക്കാർ. കർഷകരുമായി സർക്കാർ നിരന്തരം ചർച്ച നടത്തുന്നു. കാർഷികനിയമങ്ങളിൽ കുറവുണ്ടെങ്കിൽ മാറ്റാൻ തയാറാണ്. നിയമം വന്ന ശേഷം ഒരു ചന്തയും അടഞ്ഞു പോയില്ല. നിയമം വന്ന ശേഷം താങ്ങുവില കൂടിയിട്ടേ ഉള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP