Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോയൽ ബംഗാൾ കടുവയെപ്പോലെ തല ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കും; ഒന്നിനെയും ഭയപ്പെടുന്ന ആളല്ല താനെന്നും മമത ബാനർജി; ബിജെപിയുടെ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

റോയൽ ബംഗാൾ കടുവയെപ്പോലെ തല ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കും; ഒന്നിനെയും ഭയപ്പെടുന്ന ആളല്ല താനെന്നും മമത ബാനർജി; ബിജെപിയുടെ ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

മുർഷിദാബാദ്: റോയൽ ബംഗാൾ കടുവയെപ്പോലെ തല ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കുമെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ ഭീഷണിയിൽ വീണുപോകുന്ന ദുർബലയല്ല താനെന്നും അവർ കൂട്ടിച്ചേർത്തു. ബഹറാംപൂരിൽ തൃണമൂൽ കോൺ​ഗ്രസ് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മമത. “ഞാൻ ദുർബലനാണെന്ന് കരുതരുത്, ഞാൻ ഒന്നിനെയും ഭയപ്പെടുന്ന ആളല്ല. ഞാൻ ശക്തയാണ്, ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ തല ഉയർത്തിപ്പിടിക്കും, അതുവരെ ഞാൻ ഒരു റോയൽ ബംഗാൾ കടുവയെപ്പോലെ ജീവിക്കും. ”- മമത പ്രഖ്യാപിച്ചു.

മുർഷിദാബാദിൽ സംസാരിക്കവേ, തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കളെ പരിഹസിക്കാനും മമത മറന്നില്ല. ചില വികൃതികളായ പശുക്കൾ ബിജെപിയിലേക്ക് പോയെന്നും, അവരിപ്പോൾ അവിടെ ചെന്ന് ശബ്ദമുണ്ടാക്കുകയാണെന്നും മമത പരിഹസിച്ചു. ഇനിയും അത്തരത്തിൽ തൃണമൂൽ വിടാൻ ആഗ്രഹിക്കുന്ന പശുക്കൾ വേഗം പോകണമെന്നും മോശം പശുക്കളുള്ള തൊഴുത്തിനെക്കാളും പശുക്കളില്ലാത്ത തൊഴുത്താണ് നല്ലതെന്നും പറഞ്ഞ മമത ബാനർജി തൃണമൂൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. “അഴിമതിക്കാരായവർ അഴിമതിക്ക് തല കുനിക്കുന്നു. കനത്ത കള്ളക്കടത്ത് കേസിലോ കൽക്കരി കുംഭകോണത്തിലോ പിടിക്കപ്പെടുമെന്ന് അവർ ഭയപ്പെടുന്നു എന്നും മമത പറഞ്ഞു.

പശ്ചിമ ബം​ഗാളിൽ മമത ബാനർജിക്ക് ബിജെപി വലിയ വെല്ലുവിളി ഉയർത്തുമ്പോഴും ജനങ്ങൾക്കിഷ്ടം ദീദിയെ തന്നെയെന്ന് സർവെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് മമത ബിജെപിക്കെതിരെ ആഞ്ഞടിച്ച് രം​ഗത്തെത്തിയത്. ടൈംസ് നൗ- സീ വോട്ടർ സർവ്വേ അനുസരിച്ച് സംസ്ഥാനത്തെ പകുതിലധികം ആളുകളും മുഖ്യമന്ത്രിയായി മമത തുടരണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്. 54.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ പിന്തുണയ്ക്കുന്നത്.

22.6 ശതമാനം പേർ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനേയും 7.3 ശതമാനം പേർ മുകുൾ റോയിയേയും പിന്തുണയ്ക്കുന്നുവെന്ന് സർവേ പറയുന്നത്. സിപിഐ.എമ്മിന്റെ സുജൻ ചക്രബർത്തിയെ 4.1 ശതമാനം പേരും സൗരവ് ഗാംഗുലിയെ 4.5 ശതമാനം പേരും പിന്തുണയ്ക്കുന്നു. അധിർ രഞ്ജൻ ചൗധരിയേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 1.8 ശതമാനം പേർ പിന്തുണയ്ക്കുന്നു.

അതേസമയം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ ശക്തമായ പ്രകടനമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളിൽ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്ന് ചില നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.

എന്നാൽ തൃണമൂലിൽ നിന്ന് പുറത്തുപോകേണ്ടവർക്കൊക്കെ എപ്പോൾ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്. അതിനിടയിൽ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ സഹോദരീഭർത്താവ് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ എത്തിയത് മമത ബാനർജിക്ക് ആശ്വസമാണ്. ശ്രീജോൺ റോയ് ആണ് രണ്ടു വർഷത്തിന് ശേഷം തൃണമൂൽ കോൺ​ഗ്രസിലേക്ക് മടങ്ങിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേയാണ്, രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ശ്രീജോൺ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറിയത്. 2019 ഫെബ്രുവരി 21നാണ് ശ്രീജോൺ റോയ് ബിജെപിയിൽ ചേർന്നത്.

രണ്ടു വർഷം പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടും ബിജെപിയെ മനസിലാക്കാൻ സാധിച്ചില്ലെന്ന് ശ്രീജോൺ റോയ് പറഞ്ഞു.മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിനെ വീടിനോടാണ് ശ്രീജോൺ ഉപമിച്ചത്. രണ്ടു വർഷം പാർട്ടിയുമായി സഹകരിച്ചിട്ടും ബിജെപി എന്താണ് എന്ന് ഇതുവരെ മനസിലായിട്ടില്ല. എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും ശ്രീജോൺ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് വീട് പോലെയാണ് എന്ന് പറഞ്ഞ മുകുൾ റോയിയുടെ ബന്ധു, എല്ലാവരും തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോൾ പ്രായോഗികമായി സംഭവിക്കാൻ പോകുന്നത് മറ്റൊന്നാണ് എന്നും പറഞ്ഞു. മുകുൾ റോയ്‌യുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് ബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് നേതാക്കൾ ഒഴുകുന്ന സാഹചര്യത്തിൽ മമത ബാനർജിക്ക് ആശ്വാസമേകുന്നതാണ് ശ്രീജോൺ റോയുടെ മടങ്ങിവരവ്. ഡയമണ്ട് ഹാർബറിൽ നിന്ന് രണ്ടുതവണ നിയമസഭാംഗമായ ദീപക് ഹൽദാർ കഴിഞ്ഞ ദിവസമാണ് തൃണമൂൽ പാർട്ടിവിട്ടത്. 'ജോലി ചെയ്യാൻ അനുവദിക്കാത്തത്' കാരണം പാർട്ടി വിടുന്നെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സീറ്റ് നൽകാത്തതിനാലാണ് ഹൽദാർ രാജിവച്ചതെന്ന് ടിഎംസി അറിയിച്ചു. സീറ്റ് കിട്ടില്ലെന്ന് അറിഞ്ഞവർ പോകുകയാണെന്നും ടിഎംസി അവരെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും മമതാ ബാനർജി നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ നേതാക്കൾ ടിഎംസിയിൽ നിന്ന് പുറത്തുപോയിരുന്നു. അവരിൽ ഭൂരിഭാഗവും ഉടൻ തന്നെ ബിജെപിയിലും ചേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP