Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ എസ് എല്ലിൽ ജയത്തോടെ എടികെ മോഹൻബഗാൻ മുന്നോട്ട്; ബെംഗളുരുവിനെ കീഴടക്കിയത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്; ബുധനാഴ്ച ചെന്നൈയിൻ ജംഷേദ്പുരിനെ നേരിടും

ഐ എസ് എല്ലിൽ ജയത്തോടെ എടികെ മോഹൻബഗാൻ മുന്നോട്ട്; ബെംഗളുരുവിനെ കീഴടക്കിയത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്; ബുധനാഴ്ച ചെന്നൈയിൻ ജംഷേദ്പുരിനെ നേരിടും

സ്പോർട്സ് ഡെസ്ക്

ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ജയത്തോടെ എടികെ മോഹൻബഗാൻ മുന്നോട്ട്. ബെംഗളൂരു എഫ് സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മോഹൻബഗാൻ തകർത്തുവിട്ടത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.

സൂപ്പർ താരം റോയ് കൃഷ്ണയും ഒഡിഷയിൽ നിനിന്നും മോഹൻ ബഗാനിലെത്തിയ മാർസലീന്യോയും ടീമിനായി ഗോളുകൾ നേടി. മാർസലീന്യോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി

സുനിൽ ഛേത്രി നയിച്ച ബെംഗളൂരു മുന്നേറ്റനിര നിറം മങ്ങി. പ്രതിരോധത്തിലും മുന്നേറ്റത്തിലും ലോകോത്തര നിലവാരമുള്ള പ്രകടനമാണ് മോഹൻ ബഗാൻ കാഴ്ചവെച്ചത്. മൻവീർ-കൃഷ്ണ-മാർസലീന്യോ സഖ്യം നിരന്തരം ബെംഗളൂരു ബോക്സിൽ ആക്രമണം വിതച്ചു. ഗോൾകീപ്പർ ഗുർപ്രീതിന്റെ തകർപ്പൻ സേവുകൾ മാത്രമാണ് ബെംഗളൂരുവിന് ആശ്വാസം പകർന്നത്.

ഈ വിജയത്തോടെമോഹൻ ബഗാൻ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ ബെംഗളൂരു ആറാം സ്ഥാനത്തേക്ക് വീണു. ഒന്നാം സ്ഥാനക്കാരായ മുംബൈയുമായുള്ള അകലം ഒരു പോയന്റ് മാത്രമാക്കാനും മോഹൻബഗാന് സാധിച്ചു

ആറാം മിനിട്ടിൽ മാർസലീന്യോയിലൂടെ മോഹൻ ബഗാനാണ് ആദ്യം ആക്രമിച്ചത്. പക്ഷേ പന്ത് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് കൈയിലൊതുക്കി. പിന്നാലെ മോഹൻ ബഗാൻ ബോക്സിനുള്ളിൽ അപകടം വിതയ്ക്കാൻ ബെംഗളൂരുവിനും സാധിച്ചു.

30-ാം മിനിട്ടിൽ മോഹൻ ബഗാന്റെ കാൾ മക്ഹ്യു എടുത്ത ഒരു ലോങ്റേഞ്ചർ അവിശ്വസനീയമായി രക്ഷപ്പെടുത്തി ഗുർപ്രീത് ബെംഗളൂരുവിന്റെ രക്ഷകനായി.

37-ാം മിനിട്ടിൽ ബെംഗളൂരുവിനെ ഞെട്ടിച്ചുകൊണ്ട് മോഹൻ ബഗാൻ ലീഡെടുത്തു. സൂപ്പർ താരം റോയ് കൃഷ്ണയാണ് ടീമിനായി ഗോൾ നേടിയത്. ബെംഗളൂരു ബോക്സിനകത്ത് വെച്ച് പ്രതീക് ചൗധരി കൃഷ്ണയെ ഫൗൾ ചെയ്ത് വീഴ്‌ത്തി. ഇതിനെതിരേ റഫറി മോഹൻ ബഗാന് അനുകൂലമായി പെനാൽട്ടി വിധിച്ചു.

കിക്കെടുത്ത റോയ് കൃഷ്ണ അനായാസം പന്ത് വലയിലെത്തിച്ച് ടീമിന് നിർണായക ലീഡ് സമ്മാനിച്ചു. ഈ സീസണിൽ താരം നേടുന്ന 12-ാം ഗോളാണിത്.

തൊട്ടുപിന്നാലെ മോഹൻ ബഗാൻ രണ്ടാം ഗോൾ നേടി. 44-ാം മിനിട്ടിൽ ബോക്സിന് വെളിയിൽ വെച്ച് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് മാർസലീന്യോയാണ് ടീമിനായി രണ്ടാം ഗോൾ നേടിയത്. ഖാബ്ര വരുത്തിയ ഫൗളിൽ നിന്നാണ് ഫ്രീകിക്ക് ലഭിച്ചത്. കിക്കെടുത്ത മാർസലീന്യോ പഴയ ഫോം തെളിയിക്കുന്ന തരത്തിലുള്ള കിക്കെടുത്ത് ഏവരെയും വിസ്മയിപ്പിച്ചു. ഗോൾ വീണതോടെ ആദ്യ പകുതിയും അവസാനിച്ചു.



48-ാം മിനിട്ടിൽ സന്ദേശ് ജിംഗന്റെ തകർപ്പൻ ഷോട്ടിലൂടെയാണ് രണ്ടാം പകുതി ഉണർന്നത്. ബെംഗളൂരു ബോക്സിനകത്തുവെച്ച് ജിംഗൻ തൊടുത്തുവിട്ട കിക്ക് അത്ഭുതകരമായി തട്ടിയകറ്റി ഗുർപ്രീത് ബെംഗളൂരുവിനെ രക്ഷിച്ചു.

58-ാം മിനിട്ടിൽ മോഹൻ ബഗാന്റെ മൻവീർ മികച്ച ഗോളവസരം പാഴാക്കി. രണ്ടാം പകുതിയിലും മോഹൻ ബഗാൻ തന്നെയാണ് ആധിപത്യം പുലർത്തിയത്. പ്രതിരോധത്തിന് മാത്രം പേരുകേട്ട ടീമിന്റെ മുന്നേറ്റനിര മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഗുർപ്രീതിന്റെ തകർപ്പൻ സേവുകളില്ലായിരുന്നെങ്കിൽ മോഹൻ ബഗാൻ വലിയ മാർജിനിൽ വിജയം സ്വന്തമാക്കിയേനേ. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സി ജംഷേദ്പുരിനെ നേരിടും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP