Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറ്റ് മോഹികളായ മുസ്ലിംലീഗിലെ പല പ്രമുഖർക്കും 'തങ്ങൾ പേടി'; പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇതുവരെ തൊടാത്തവരെ മാറ്റാനും നീക്കം; അവസാന നിമിഷം പാണക്കാട് നിന്ന് വെട്ടിനിരത്തൽ ഉണ്ടാവുമെന്ന ഭീതിയിൽ പലരും; സ്ഥാനാർത്ഥി ചർച്ചകൾ മറുകുമ്പോൾ ലീഗിൽ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അമർഷം

സീറ്റ് മോഹികളായ മുസ്ലിംലീഗിലെ പല പ്രമുഖർക്കും 'തങ്ങൾ പേടി'; പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇതുവരെ തൊടാത്തവരെ മാറ്റാനും നീക്കം; അവസാന നിമിഷം പാണക്കാട് നിന്ന് വെട്ടിനിരത്തൽ ഉണ്ടാവുമെന്ന ഭീതിയിൽ പലരും; സ്ഥാനാർത്ഥി ചർച്ചകൾ മറുകുമ്പോൾ ലീഗിൽ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അമർഷം

ജംഷാദ് മലപ്പുറം

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ച മുസ്ലിംലീഗിലെ പല പ്രമുഖർക്കും 'തങ്ങൾപേടി'. അവസാന നിമിഷം ബാഹ്യ ശക്തികളുടെ സമ്മർദവും തെറ്റിദ്ധരിപ്പിക്കലും മൂലം പാണക്കാട് നിന്നുണ്ടാവാറുള്ള വെട്ടിനിരത്തൽ ഭീതിയിലാണ് പല പ്രമുഖ ലീഗ് നേതാക്കളും. സ്ഥാനാർത്ഥി ചർച്ചകൾ മുറുകുമ്പോൾ ലീഗിൽ ഒരുവിഭാഗത്തിന് പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അമർഷം ഉയരുന്നുണ്ട്.പതിവിൽ നിന്ന് വിപരീതമായി ഇത്തവണ കൂടുതൽ പുതുമുഖങ്ങളെ പരീക്ഷിക്കാനും, ഇതുവരെ തൊടാൻ മടിച്ച പല പ്രമുഖരെയും മാറ്റാനും പാർട്ടിയിൽ നീക്കമുണ്ട്. പട്ടികയിൽ അർഹതപ്പെട്ട ലീഗ് നേതാക്കളും യുവജന നേതാക്കളും ഉൾപെടുമെന്ന പ്രതീതിയുണ്ടെങ്കിലും അവസാന നിമിഷം വെട്ടിനിരത്തലുണ്ടാകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.

അധികാര സ്ഥാനങ്ങളോട് പാണക്കാട് കുടുംബം പുലർത്തുന്ന അകൽച്ച ഇന്ത്യയിൽ ഒരുരാഷ്ട്രീയ നേതൃത്വവും സ്വീകരിക്കാത്ത മാതൃകയാണ്. വീട്ടിൽ നിന്നിറങ്ങാതെ ജയിക്കാൻ പറ്റുന്ന മണ്ഡലങ്ങൾ ഉണ്ടായിട്ടും തലമുറകളായി അധികാര സ്ഥാനങ്ങളോട് വിമുഖത കാണിക്കുന്ന പാണക്കാട്ടെ തങ്ങന്മാർ കേന്ദ്രത്തിലും കേരളത്തിലും മുഖ്യമന്ത്രിയെയും നിരവധി മന്ത്രിമാരെയും നിർദ്ദേശിച്ച അധികാര കേന്ദ്രമാണ്. ചിലനേരങ്ങളിൽ വിമർശം നേരിട്ടതൊഴിച്ചാൽ കൂടുതലും നിഷ്പക്ഷ തീരുമാനങ്ങൾ ആയിരുന്നു ഇവിടെ നിന്ന് വന്നത്. എന്നാൽ അടുത്ത കാലത്തായി
മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ കൂടിയതായും ആരോപണങ്ങളുയർന്നിട്ടുണ്ട്.

പാർട്ടി സ്ഥാനങ്ങളിലും അധികാര സ്ഥാനങ്ങളിലും മറ്റു പോഷക സംഘടനകളുടെ നേതൃത്വ തീരുമാനങ്ങളിലും സാദിഖലി തങ്ങൾ പരിധി വിട്ട് ഇടപെട്ടത് മൂലം നിരവധി അർഹർ പുറത്താവുകയും അപ്രതീക്ഷിതമായി പല താരോദയങ്ങൾ ഉണ്ടാവുകയും ചെയ്തത് ലീഗിൽ വൻ വിമർശനത്തിന് കാരണമായിട്ടുണ്ട്. സ്വന്തം കൂട്ടുകെട്ടിന് പുറമെ ലീഗിലെ ചില നേതാക്കളും തരാതരം പോലെ ഇദ്ദേഹത്തെ ഉപയോഗിക്കുന്നതായും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം പരസ്യമായി പറയാൻ ഒരു നേതാക്കളും തയ്യാറല്ല. ഏത് കടുത്ത തീരുമാനത്തിന്റെ അടിയിലും ഒപ്പിടാൻ മടിക്കാത്ത സാദിഖലി തങ്ങളുടെ നിലപാട് സൗമ്യരായ പാണക്കാട് കുടുംബത്തിനു നേരെ വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്.

ബാഹ്യ ഇടപെടലിൽ പെട്ട് ചിന്തിക്കാതെ ഇവർ എടുക്കുന്ന തീരുമാനത്തിൽ ഇരയാകുന്നത് പലപ്പോഴും ഉന്നതങ്ങളിൽ സ്വാധീനം കുറഞ്ഞ സാമ്പത്തിക സൗകര്യങ്ങൾ ഇല്ലാത്ത നാട്ടിലെ ജനപ്രിയ നേതാക്കളും അർഹതപെട്ടവരും ആയിരിക്കും. മതേതര നിലപാടിന്റെ സുതാര്യതയിൽ എല്ലാവരും അംഗീകരിക്കുന്ന പാണക്കാട്ടെ തങ്ങന്മാരുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ലേഖനമായിരുന്നു തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ വന്നത്.

ഇതൊക്കെ ബാഹ്യ ഇടപെടലിൽ സംഭവിച്ച അബദ്ധങ്ങൾ ആയാണ് കണക്കാക്കുന്നത്. എല്ലാ കമ്മിറ്റി രൂപീകരണത്തിലും ഇടപെടുക, വെട്ടി നിരത്താൻ കൂട്ടുനിൽക്കുക, വിമതരുടെ വാക്കുകൾക്ക് ചെവി കൊടുക്കുക, സാമ്പത്തിക ശക്തികളുടെ ഇഷ്ടക്കാരനാവുക, എല്ലാ പ്രദേശത്തും സ്വന്തക്കാരെ ഉണ്ടാക്കുക , അത്തരക്കാർക്ക് വീട്ടിലേക്ക് പിൻവാതിൽ പ്രവേശനം തുടങ്ങി എല്ലാവരും നീതി പ്രതീക്ഷിക്കുന്ന പാണക്കാട് കുടുംബത്തിന് അന്യമായ സംസ്‌കാരം വളർത്തിയെടുക്കുന്നതിൽ സാദിഖലി തങ്ങൾ പിന്തുടരുന്ന നിലപാടിൽ പരക്കെ അമർഷം ഉയർന്നുവരുന്നതായും പാർട്ടിക്കുള്ളിൽനിന്നും ആരോപണങ്ങളുയർന്നിട്ടുണ്ട്.

പ്രായോഗിക രാഷ്ട്രീയത്തിൽ കഴിവ് തെളിയിച്ച നേതാക്കൾ പോലും ഇദ്ദേഹത്തിന്റെ തലതിരിഞ്ഞ നിലപാടുകളിൽ അസ്വസ്ഥരാണ്. സംസ്ഥാന എം.എസ് എഫ് കമ്മിറ്റി രൂപീകരണം, അത് നിർത്തിവെക്കൽ, കെ.എം.സി.സി കമ്മിറ്റി പ്രഖ്യാപനങ്ങൾ , മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം, വിവിധ പഞ്ചായത്ത് മുൻസിപ്പാലിറ്റി വിഷയങ്ങളിലെ ഇടപെടൽ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് തുടങ്ങി പതിവിൽ നിന്ന് വിപരീതമായി സാദിഖലി തങ്ങളുടെ ഇടപെടൽ പരക്കെ വിമർശനത്തിന് കാരണമായിട്ടുണ്ട്. അധികാര സ്ഥാനങ്ങളോട് അകൽച്ച ഉണ്ടാവുമ്പോഴും അർഹിച്ചവരെ ബാഹ്യ സമ്മർദങ്ങളിൽ പെട്ട് നശിപ്പിക്കാൻ ഒരിക്കലും പാണക്കാട് കുടുബം കൂട്ടുനിന്നിട്ടില്ല.

നിയസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുസ്ലിം ലീഗിലെ പല പ്രമുഖരും ഭീതിയിലാണ്. കുഞ്ഞാലിക്കുട്ടിയും വഹാബും മജീദും മുനീറും മത്സരിക്കാൻ താല്പര്യപെടുന്നതിനാൽ സ്ഥാനാർത്ഥി നിർണയത്തിൽ അവർക്കു റോൾ കുറയും. ഇ.ടി മുഹമ്മദ് ബഷീർ എം. പി മാത്രമാണ് ഉന്നത സമിതിയിൽ നിന്ന് മത്സരിക്കാത്തത് . ഈ അവസരം മുതലാക്കി സാദിഖലി തങ്ങളെ വശീകരിക്കാൻ പലരും രംഗത്ത് വന്നിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ ആറോളം സീറ്റുകൾ ഒഴിവ് വരുമ്പോൾ ഇതിൽ തങ്ങളുടെ നിലപാടിന് വലിയ സ്വാധീനം ഉണ്ട്. ജില്ലാ പഞ്ചായത്ത് സീറ്റുകൾ പൂർണമായും സാദിഖലി തങ്ങൾ വീതിച്ചു നൽകിയപ്പോൾ എത്രയോ അർഹർ പുറത്തായി. തീരെ അപ്രസക്തരായ പലരും സ്വന്തക്കാരായതിനാൽ ഇടം പിടിക്കുകയും ചെയ്തു.

അർഹതയില്ലാത്ത അസംബ്ലി സീറ്റ് മോഹിക്കുന്നവരുടെ ഏക ആശ്രയം സാദിഖലി തങ്ങളാണ്. ഈ ഉപജാപക സംഘത്തിന്റെ താല്പര്യങ്ങൾ മറികടക്കാൻ ഹൈദരലി തങ്ങളുടെ ശക്തമായ ഇടപെടൽ വേണ്ടി വരും. ഉന്നതാധികാര സമിതി അംഗത്വത്തിനൊപ്പം ജില്ലാ പ്രസിഡന്റ് പദവിയിലുമുള്ള സാദിഖലി തങ്ങളുടെ താല്പര്യങ്ങളും അമിതമായ ഇടപെടലുകളും
പാണക്കാട് കുടുംബത്തിൽ തന്നെ ആഭ്യന്തര കലഹത്തിന് കാരമായിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP