Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കംഗാരുനാട്ടിൽ വിജയഗാഥ; സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് തോൽവി; ലോക ടെസ്റ്റ് ചാംപ്യൻഷിന്റെ 'സെമി ഫൈനലിൽ' ഇംഗ്ലീഷ് പരീക്ഷ ഇന്ത്യയ്ക്ക് കടുപ്പമേറിയത്; കോലിക്ക് കീഴിൽ തുടർച്ചയായ നാലാം തോൽവി; 'നായകൻ' രഹാനെയെ തിരിച്ചുവിളിക്കണമെന്ന് ആരാധകർ

കംഗാരുനാട്ടിൽ വിജയഗാഥ; സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് തോൽവി; ലോക ടെസ്റ്റ് ചാംപ്യൻഷിന്റെ 'സെമി ഫൈനലിൽ' ഇംഗ്ലീഷ് പരീക്ഷ ഇന്ത്യയ്ക്ക് കടുപ്പമേറിയത്; കോലിക്ക് കീഴിൽ തുടർച്ചയായ നാലാം തോൽവി; 'നായകൻ' രഹാനെയെ തിരിച്ചുവിളിക്കണമെന്ന് ആരാധകർ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഓസ്‌ട്രേലിയൻ മണ്ണിലെ ഐതിഹാസിക ജയം സമ്മാനിച്ച ആവേശക്കരുത്തുമായാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിൽ ഇന്ത്യ പോരാട്ടത്തിന് ഇറങ്ങിയത്. നായകനായി വിരാട് കോലി തിരിച്ചെത്തിയതോടെ ബാറ്റിംഗിൽ കരുത്തേറുകയും ചെയ്തു. എന്നാൽ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ആരാധകർ പ്രതീക്ഷിച്ചതൊന്നുമല്ല കണ്ടത്. ഇംഗ്ലണ്ടിനോടേറ്റത് 227 റൺസിന്റെ കനത്ത തോൽവി.

ജനുവരി 19നാണ് ഓസ്‌ട്രേലിയ്‌ക്കെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ വിജയക്കൊടി പാറിച്ചത്. കൃത്യം 20 ദിവസങ്ങൾക്കുശേഷം ഫെബ്രുവരി 9ന് സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് 227 റൺസിന്റെ തോൽവി.



ഓസിസിലെ വിജയഗാഥ കണ്ട് ആവേശക്കൊടുമുടിയേറിയ ആരാധകരെ തീർത്തും നിരാശപ്പെടുത്തുന്നതാണ് ചെന്നൈയിൽ ഇന്ത്യൻ ബാറ്റിങ് നിരയുടെ പ്രകടനം. ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ പരമ്പരയിലെ പ്രകടനം നിർണായകമാണെന്നിരിക്കെ ആദ്യ ടെസ്റ്റിൽ ഏറ്റ തോൽവി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല.

കോലിക്ക് 'കഷ്ടകാലം'; രഹാനെക്കായി മുറവിളി

ക്യാപ്റ്റൻ കോലിയുടെ കീഴിൽ തുടർച്ചയായ നാലാം ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യ തോൽവി രുചിക്കുന്നത്. ന്യൂസിലൻഡിനെതിരെ രണ്ടു ടെസ്റ്റുകളും ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ടെസ്റ്റുമാണ് ഇതിന് മുൻപു തോറ്റത്. ഇതിനിടയിൽ നടന്ന മൂന്നു ടെസ്റ്റുകളിൽ അജിൻക്യ രഹാനയ്ക്കു കീഴിൽ ടീം ഇന്ത്യ തോൽവിയറഞ്ഞില്ല. 2017നു ശേഷം ആദ്യമായാണ് ഇന്ത്യ സ്വന്തംനാട്ടിൽ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്.

2017 ഫെബ്രുവരിയിൽ പുണെയിൽ നടന്ന ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 333 റൺസിന്റെ തോൽവി ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ 227 റൺസിനും. 35 വർഷത്തിനിടെ ചെന്നൈയിൽ നടന്ന മത്സരങ്ങളിൽ ഇന്ത്യ ആദ്യമായാണ് ഇംഗ്ലണ്ടിനോട് തോൽക്കുന്നത്. 1990നു ശേഷം ആദ്യമായാണ് ഇന്ത്യ ചെന്നൈയിൽ ഒരു മത്സരം തോൽക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്.

ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ടെസ്റ്റിൽ വിരാട് കോലിയുടെ സ്ഥാനത്തെച്ചൊല്ലി വീണ്ടും ചർച്ചകൾ ആരംഭിച്ചേക്കാം. രഹാനയ്ക്കായി മുറവിളികൾ തുടങ്ങാനും സാധ്യതയുണ്ട്. ഇതുവരെ അഞ്ച് ടെസ്റ്റിൽ ക്യാപ്റ്റനായ രഹാനെ ഒന്നിൽപോലും തോൽവിയറിഞ്ഞിട്ടില്ല. നാലെണ്ണത്തിലും വിജയിക്കുകയും ചെയ്തു. ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ദയനീയ തോൽവിക്കുശേഷം, താരങ്ങൾക്ക് പൂർണ ആത്മവിശ്വാസം നൽകി തന്റെ സെഞ്ചുറി നേട്ടത്തോടെ രണ്ടാം ടെസ്റ്റിൽ ടീമിനെ വിജയത്തിലെത്തിച്ച രഹാനയ്ക്കു വേണ്ടി വാദിക്കുന്നവരുടെ എണ്ണം ഇനി വർധിക്കുക തന്നെ ചെയ്യും.

ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രതീക്ഷ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ നാണംകെട്ട തോൽവിക്കുശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. അഡ്ലെയ്ഡിലെ പകൽ-രാത്രി മത്സരത്തിന്റെ 2-ാം ഇന്നിങ്‌സിൽ 36 റൺസിനു പുറത്തായ ഇന്ത്യ 8 വിക്കറ്റിനാണ് മത്സരം തോറ്റത്. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോർ ആയിരുന്നു ഇത്. ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്കു മടങ്ങിയ വിരാട് കോലിക്കു പകരം അജിൻക്യ രഹാനെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു.

പിന്നീട് മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിലും ബ്രിസ്‌ബെയ്നിൽ നടന്ന അവസാനം ടെസ്റ്റിലും വിജയിച്ച ഇന്ത്യ, പരമ്പര നേടി. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റ് സമനിലയായി. ഇത്രയധികം താരങ്ങളെ പരുക്കുമൂലം ഒരു ടീമിനു നഷ്ടപ്പെട്ട ടെസ്റ്റ് പരമ്പര ചരിത്രത്തിൽ അപൂർവമായിരിക്കും. ഭുവനേശ്വർ കുമാറിനെയും ഇഷാന്ത് ശർമയെയും പരമ്പരയ്ക്കു മുൻപേ നഷ്ടപ്പെട്ടു.

ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോൾ മുഹമ്മദ് ഷമി പുറത്ത്. 2-ാം ടെസ്റ്റ് കഴിഞ്ഞപ്പോൾ ഉമേഷ് യാദവും കെ.എൽ.രാഹുലും പുറത്ത്. 3-ാം ടെസ്റ്റ് കഴിഞ്ഞപ്പോൾ ജസ്പ്രീത് ബുമ്രയും ആർ.അശ്വിനും ഹനുമ വിഹാരിയും രവീന്ദ്ര ജഡേജയും കളത്തിനു പുറത്തായി. എന്നിട്ടും അവസാന ടെസ്റ്റിൽ വീരോചിതമായി വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്കായി.

ഫൈനൽ ബർത്ത് ലക്ഷ്യമിട്ട് ഇന്ത്യ; പ്രതീക്ഷയോടെ ഇംഗ്ലണ്ട്

പരമ്പരയിൽ ജയം നേടി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു യോഗ്യത നേടുകയെന്നതാണ് ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ലക്ഷ്യം. ഇന്ത്യയ്‌ക്കെതിരെ വൻ ജയം (3-0, 3-1, 4-0) നേടിയാലേ ഇംഗ്ലണ്ടിനു സാധ്യതയുള്ളൂ. ആദ്യ ടെസ്റ്റിലെ ആധികാരിക ജയത്തോടെ ഇംഗ്ലിഷ് പടയുടെ ആത്മവിശ്വാസം വർധിച്ചു.

ജയത്തോടെ 30 പോയിന്റ് നേടിയ ഇംഗ്ലണ്ട്, പോയിന്റ് പട്ടികയിൽ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തി. ഇന്ത്യ നാലാ സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തു. പരമ്പര സമനിലയിലായാൽ ഓസ്‌ട്രേലിയ ഫൈനലിൽ കടക്കും. ജൂണിൽ ലോർഡ്‌സിൽ നടക്കുന്ന ഫൈനലിലേക്കു ന്യൂസിലൻഡ് യോഗ്യത നേടിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ നിന്നും പിന്മാറുന്നതായി ഓസ്‌ട്രേലിയ അറിയിച്ചതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷ ഏറുകയാണ് പരമ്പര വൻ മാർജിനിൽ ജയിച്ചാൽ കലാശപ്പോരാട്ടത്തിന് ലോഡ്‌സിൽ പാഡണിയാം. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾ ജയിക്കുകകയോ അല്ലെങ്കിൽ രണ്ട് ടെസ്റ്റുകൾ ജയിക്കുകയും ഒരെണ്ണം സമനില പിടിക്കുകയും ചെയ്താലെ ഫൈനൽ ബർത്ത് ഉറപ്പിക്കാനാകു. ഓസ്‌ട്രേലിയൻ മണ്ണിലേത് പോലെ ഇന്ത്യൻ ടീമിന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP