Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ച വിരുതനെ തേടി പൊലീസ്; സിസിടിവി ദൃശ്യങ്ങളിലെ യുവാവിന്റെ മുഖ്യം വ്യക്തമല്ല; മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം; പ്രതി പെട്ടെന്ന് തന്നെ വലയിലാകുമെന്ന പ്രതീക്ഷയിൽ പൊലീസും

കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ച വിരുതനെ തേടി പൊലീസ്; സിസിടിവി ദൃശ്യങ്ങളിലെ യുവാവിന്റെ മുഖ്യം വ്യക്തമല്ല; മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം; പ്രതി പെട്ടെന്ന് തന്നെ വലയിലാകുമെന്ന പ്രതീക്ഷയിൽ പൊലീസും

ആർ പീയൂഷ്

കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ച് കടന്ന വിരുതനെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയുടേതെന്ന് സംശയിക്കുന്ന മൊബൈൽ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയതായാണ് വിവരം. മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലത്തെ മൊബൈൽ ടവറിന് കീഴിൽ പ്രവർത്തിച്ചിരുന്ന നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ കൊട്ടാരക്കരയിലെ മൊബൈൽ ടവറിന് കീഴിൽ പ്രവർത്തിച്ച നമ്പർ കണ്ടെത്തിയതായാണ് പൊലീസ് നൽകുന്ന വിവരം. എത്രയും വേഗം ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അധികൃതർ പറയുന്നത്.

കൊട്ടാരക്കര ഡിപ്പോയിലെ ആർഎസി 354(കെ.എൽ-15-7508) നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൊല്ലം പാരിപ്പള്ളിയിൽനിന്ന് ബസ് കണ്ടെത്തി. ദേശീയപാതയിൽ രാത്രി പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി വേണാട് ബസാണ് മോഷണം പോയത്. മണിക്കൂറുകൾക്കു ശേഷം 30 കിലോമീറ്റർ അകലെ പാരിപ്പള്ളിയിൽ ദേശീയപാതയിൽ ബാറിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇന്നലെ പുലർച്ചെ രണ്ടരയോടെ ബസ് പാരിപ്പള്ളിയിലെത്തിച്ചു പാർക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. ബസ് ഓടിച്ചയാൾ ബാഗുമായി ഇറങ്ങി നടക്കുന്ന ദൃശ്യങ്ങളും കിട്ടി. ഇതിൽ നിന്നും ഒരു യുവാവാണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞു. മുഖം വ്യക്തമാകാത്തതിനാൽ ആരാണെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ 6.10നു സർവീസ് നടത്തേണ്ടിയിരുന്ന കൊല്ലം - പുനലൂർ ബസാണു കാണാതായത്. പുലർച്ചെ അഞ്ചരയോടെ ഡ്രൈവർ പഴങ്ങാലം സ്വദേശി ജയകുമാർ റോഡിലെത്തിയപ്പോഴാണു ബസ് അപ്രത്യക്ഷമായ വിവരം അറിയുന്നത്. തുടർന്നു ഡിപ്പോ അധികൃതരെ വിവരം അറിയിച്ചു. മറ്റൊരു ബസ് ഏർപ്പാടാക്കിയ ശേഷം അധികൃതർ പരിശോധന തുടങ്ങി. ബസ് മാറി മറ്റേതോ ഡ്രൈവർ ഓടിച്ചുകൊണ്ടുപോയെന്നായിരുന്നു ആദ്യ നിഗമനം. പുലർച്ചെ സർവീസ് നടത്തിയ പതിനഞ്ചോളം ഡ്രൈവർമാരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിവരം ലഭിച്ചില്ല. തുടർന്ന് ബസ് മോഷണം പോയി എന്ന് സ്ഥിരീകരിച്ചതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണു പാരിപ്പള്ളിയിൽ ബസ് കണ്ടെത്തിയതായി അറിയുന്നത്. അതുവഴി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലെ ജീവനക്കാരാണു വിവരം നൽകിയത്. പാരിപ്പള്ളി പൊലീസ് ബസ് കൊട്ടാരക്കര പൊലീസിനു കൈമാറി

കൊട്ടാരക്കര സ്റ്റാൻഡിലെ അസൗകര്യം കാരണം ഏതാനും ബസുകൾ റോഡരികിലാണു വർഷങ്ങളായി പാർക്ക് ചെയ്യുന്നത്. ഞായറാഴ്ച സർവീസ് പൂർത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയിൽ എത്തിച്ചത്. ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പൽ ഓഫീസിന് സമീപം റോഡിൽ നിർത്തിയിട്ടു. തിങ്കളാഴ്ച രാവിലെ സർവീസ് നടത്താനായി ഡ്രൈവർ എത്തി. പക്ഷേ, പാർക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു. തുടർന്ന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രി ഒന്നരയോടെ ഒരാൾ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.

ഡ്രൈവിങ് അറിയാവുന്ന ആർക്കും ബസ് ഓടിച്ചു പോകാം, ഇതാണു പൊതുവേ കെഎസ്ആർടിസി ബസുകളുടെ സ്ഥിതി. താക്കോലിന്റെ ആവശ്യം ഇല്ല. വയറുകൾ കൂട്ടി യോജിപ്പിച്ചാൽ ബസ് സ്റ്റാർട്ടാകും. ഡ്രൈവിങ്ങിൽ പ്രാവീണ്യം ഉള്ള ആരോ ആണ് ഇന്നലെ കൊട്ടാരക്കരയിൽനിന്ന് ബസ് കടത്തിയതെന്നാണ് അധികൃതർ പറയുന്നത്. കാലപ്പഴക്കം വന്ന ഓർഡിനറി, വേണാട് ബസുകൾ സ്റ്റാർട്ടാക്കാൻ വലിയ യത്‌നം വേണ്ട.

രണ്ടാം തവണയാണ് ഇത്തരം സംഭവം. അതും കൊട്ടാരക്കര ഡിപ്പോയിൽ തന്നെ. 5 വർഷം മുൻപായിരുന്നു ആദ്യ സംഭവം. പകൽ സർവീസിനായി പിടിച്ചിട്ട ബസിലേക്ക് ഒരാൾ കയറി. ഏതാനും യാത്രക്കാരും ഉണ്ടായിരുന്നു. ബസ് സ്റ്റാർട്ട് ചെയ്ത് വേഗത്തിൽ ഓടിച്ചു പോയി. ടിക്കറ്റ് റാക്കുമായി കണ്ടക്ടർ എത്തിയപ്പോൾ ബസുമില്ല, യാത്രക്കാരുമില്ല. പിന്തുടർന്നെങ്കിലും കോട്ടാത്തലയിൽ അപകടത്തിൽപ്പെട്ട നിലയിലാണു ബസ് കണ്ടെത്തിയത്. ഭാഗ്യത്തിനു യാത്രക്കാർക്കു പരുക്കേറ്റില്ല. വാഹനം ഓടിച്ചയാളെ പൊലീസ് പിടികൂടി. മാനസികഅസ്വാസ്ഥ്യമുള്ളയാളായിരുന്നു പ്രതി. പിന്നീട് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ തന്നെ ബസ് കടത്തിക്കൊണ്ടു പോകുയും പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP