Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വടിയെടുത്തു ഒരു മണിക്കൂർ കൊണ്ട് പറഞ്ഞതിൽ പാതി വിഴുങ്ങി എംഎ ബേബി; ശബരിമലയിൽ പാർട്ടി തീരുമാനം സുപ്രീംകോടതിയുടെ നിലപാട് അറിഞ്ഞ ശേഷം; ആദ്യം കേസ് പരിഗണിക്കട്ടേ എന്നും തോക്കിൽ കയറി വെടിവയ്ക്കേണ്ടെന്നും നിലപാട് മാറ്റി എംഎ ബേബി; മലക്കം മറിഞ്ഞ് പിബി അംഗം; ശബരിമലയിൽ സിപിഎം നിലപാട് വൈകും

പിണറായി വടിയെടുത്തു ഒരു മണിക്കൂർ കൊണ്ട് പറഞ്ഞതിൽ പാതി വിഴുങ്ങി എംഎ ബേബി; ശബരിമലയിൽ പാർട്ടി തീരുമാനം സുപ്രീംകോടതിയുടെ നിലപാട് അറിഞ്ഞ ശേഷം; ആദ്യം കേസ് പരിഗണിക്കട്ടേ എന്നും തോക്കിൽ കയറി വെടിവയ്ക്കേണ്ടെന്നും നിലപാട് മാറ്റി എംഎ ബേബി; മലക്കം മറിഞ്ഞ് പിബി അംഗം; ശബരിമലയിൽ സിപിഎം നിലപാട് വൈകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ സിപിഎമ്മിനുള്ളിലെ അവ്യക്തത ശക്തം. ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന പഴയ നിലപാട് സിപിഎം പോളിറ്റ് ബ്യറോ അംഗം എംഎ ബേബിയും തിരുത്തി. സുപ്രീംകോടതി വിധി വന്ന ശേഷമേ ഇക്കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കൂവെന്ന് ബേബി പറഞ്ഞു. തോക്കിൽ കയറി വെടിവയ്‌ക്കേണ്ടെന്നാണ് ബേബിയുടെ നിലപാട്. തന്റെ പേരിൽ വരുന്നത് പാർട്ടിയുടെ കാഴ്ചപാടല്ല. പാർട്ടിയിൽ നിന്ന് വിരുദ്ധമായി തനിക്ക് അഭിപ്രായമൊന്നുമില്ലെന്ന് ബേബിയുടെ പുതിയ നിലപാട്. ആദ്യം കേസ് പരിഗണിക്കട്ടേ. നടപടിക്രമം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ബേബിയുടെ ഇപ്പോഴത്തെ നിലപാട്. വിധി വന്നശേഷം തീരുമാനമെന്നാണ് ബേബിയുടെ പ്രഖ്യാപനം.

ഇത്തരവം വിഷയങ്ങൾ ബോധവൽക്കരണത്തിലൂടെ നടപ്പാക്കണമെന്നാണ് നിലപാടെന്ന് ബേബി പറയുന്നു. നേരത്തെ വിധിക്ക് മുമ്പ് സത്യവാങ്മൂലം പുതുക്കി നൽകുമെന്നായിരുന്നു ബേബിയുടെ നിലപാട്. സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിന് കാരണം. ഇതോടെ ശബരിമലയിൽ സിപിഎം പ്രഖ്യാപിത നിലപാടിൽ നിന്ന് മാറില്ലെന്ന സൂചനയാണ് വരുന്നത്. യുവതി പ്രവേശനമാകാമെന്ന പ്രഖ്യാപന നിലപാടിൽ നിന്ന് മാറില്ലെന്ന സൂചനയാണ് ബേബിയും ഇപ്പോൾ നൽകുന്നത്. എന്നാൽ സാമൂഹിക പ്രശ്‌നങ്ങളില്ലാതെ വിധി നടപ്പാക്കുമെന്നും പറഞ്ഞു. കോടതി ആവശ്യപ്പെടും എന്ന് സങ്കൽപ്പിച്ച് സത്യവാങ്മൂലത്തിൽ മറുപടി ഇല്ലെന്നും ബേബി പറയുന്നു. ഒരു മണിക്കൂർ കൊണ്ടാണ് ബേബിയുടെ മലക്കം മറിച്ചൽ. ബേബിയെ സിപിഎം നേതൃത്വം തിരുത്തിയതായാണ് സൂചന.

ബേബിയുടെ ആദ്യ പ്രതികരണം വന്ന ശേഷം അതിനോട് യോജിക്കാൻ മന്ത്രി ഇ പി ജയരാജൻ തയ്യാറായിരുന്നില്ല. അതേ കുറിച്ച് പറഞ്ഞവരോട് ചോദിക്കാനായിരുന്നു ജയരാജന്റെ മറുപടി. അതിന് ശേഷമാണ് ബേബിയും നിലപാട് മാറ്റിയത്. യുവതീ പ്രവേശനത്തെ തള്ളി പറയുന്നത് ഈ ഘട്ടത്തിൽ ദേശീയ തലത്തിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതൃത്വവും. അതുകൊണ്ടാണ് ബേബി മാറ്റി പറയുന്നത്. ഇതും ചർച്ചകളിൽ നിറയുമ്പോൾ ശബരിമലയിൽ യുഡിഎഫും ബിജെപിയും ആക്രമണം കടുപ്പിക്കുമെന്നും വ്യക്തമാണ്. ഇതോടെ ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുമോ എന്നതും ശ്രദ്ധേയമാണ്. നയപരമായ തീരുമാനങ്ങളിൽ നേതാക്കൾ അഭിപ്രായം പറയുന്നതിൽ പിണറായി ക്ഷുഭിതനാണ്.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്നായിരുന്നു ബേബിയുടെ ഇന്ന് പുറത്തു വന്ന ആദ്യ പ്രതികരണം. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകും. എല്ലാവരുമായും ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും സത്യവാങ്മൂലം നൽകുകയെന്നും എം.എ.ബേബി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഈ അഭിപ്രായ പ്രകടനങ്ങൾ. ഇതാണ് ബേബി ഒരു മണിക്കൂർ കൊണ്ട് മാറ്റുന്നത്. വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നതെന്നും ബേബി വ്യക്തമാക്കിയിരുന്നു. സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ മുഴുവൻ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നതായിരുന്നു ബേബിയുടെ ആദ്യ നിലപാട്.

ശബരിമല സ്ത്രീപ്രവേശം ഒരിക്കൽകൂടി യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിഷയമാക്കിയതു കൊണ്ടാണ് സിപിഎം ഇപ്പോൾ നിലപാട് മാറ്റിയത്. ശബരിമലവിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവച്ചാണ് യു.ഡി.എഫ്. ശബരിമല പ്രശ്നം വീണ്ടും പ്രചാരണായുധമാക്കുന്നത്. എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണമായും പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. സത്യവാങ്മൂലം പിൻവലിക്കാൻ തീരുമാനിച്ചാൽ അതിന്റെ അടിസ്ഥാനമാക്കിയുണ്ടായ വിധിയുടെ പശ്ചാത്തലത്തിൽ ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്. ആ കേസുകൾ കൂടി പിൻവലിക്കുകയാണെന്ന് സർക്കാർ പറയാൻ തയ്യാറാകണം. എങ്കിൽമാത്രമേ ശാന്തമായ അന്തരീക്ഷം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ നിലപാടിനെ അവർ കാട്ടിക്കൂടുന്ന കോമാളിത്തരമായിട്ടാണ് കാണുന്നതെന്ന് ബിജെപി. നേതാവ് വി.വി.രാജേഷ് പ്രതികരിച്ചു. പിണറായി വിജയൻ സർക്കാരിന്റെ അടിത്തറ തകരുന്നു എന്നതിന്റെ സൂചനയാണ് പിബി അംഗം തന്നെ ഇക്കാര്യം പറയുന്നതിലൂടെ മനസ്സിലാകുന്നതെന്നും രാജേഷ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബേബി നിലപാട് മാറ്റിയത്. 2006-ലാണ് 'ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ' എന്ന സംഘടന, സെക്രട്ടറി ഭക്തി പസ്രീജ സേത്തി മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവകാലത്ത് യുവതികൾക്ക് ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം (ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം.

2007-ൽ വി എസ്. അച്യുതാനന്ദൻ സർക്കാർ യുവതീപ്രവേശനത്തിന് അനുകൂലനിലപാടുമായി സത്യവാങ്മൂലം നൽകിയതാണ് ശബരിമല കേസിലെ ആദ്യ വഴിത്തിരിവ്. ഒരേമതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ വിഷയം പഠിക്കാൻ കമ്മിഷനെ വെക്കണമെന്നും യുവതികൾക്ക് മാത്രമായി പ്രത്യേക സീസൺ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അതിൽ വ്യക്തമാക്കി. 2016-ൽ കേസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനുമുന്നിലെത്തി.

2016-ൽ സുപ്രീംകോടതിയിൽ ഉമ്മൻ ചാണ്ടി സർക്കാർ വി എസ്. സർക്കാരിന്റെ നിലപാടിൽനിന്ന് പിൻവാങ്ങി. ശബരിമലയിൽ യുവതീപ്രവേശം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ്. സർക്കാർ സത്യവാങ്മൂലം നൽകി. സംസ്ഥാനസർക്കാരിന്റെ നിലപാട് മാറ്റത്തെ കോടതി വാക്കാൽ ചോദ്യംചെയ്തു. പിന്നീട് വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വംബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. കേസ് അഞ്ചംഗ ബെഞ്ചിലെത്തി. കേസ് ഭരണഘടനാ ബെഞ്ചിലെത്തിയപ്പോൾ കേരളത്തിൽ പിണറായി വിജയന്റെ ഇടതുസർക്കാർ അധികാരത്തിലെത്തിയിരുന്നു. ഇതോടെ, സംസ്ഥാനസർക്കാർ വീണ്ടും നിലപാട് മാറ്റി. യുവതീപ്രവേശത്തെ അനുകൂലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, ദേവസ്വംബോർഡ് പഴയ നിലപാടിൽ തുടർന്നു.

സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന തുല്യത, അന്തസ്സ്, മതസ്വാതന്ത്ര്യം തുടങ്ങി ക്ഷേത്രപ്രവേശവിലക്ക് അയിത്തത്തിന് കീഴിൽ വരുമെന്നുവരെ ഹർജിയെ അനുകൂലിക്കുന്നവർ വാദിച്ചു. അതേസമയം, നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ അവകാശങ്ങൾ, ആചാരങ്ങളുടെ അനിവാര്യത എന്നിവ ചൂണ്ടിക്കാട്ടി ശക്തമായ എതിർവാദവുമുണ്ടായി. കക്ഷിചേരാനെത്തിയവരെയെല്ലാം കേട്ടശേഷം ബെഞ്ച് യുവതീപ്രവേശത്തെ അനുകൂലിച്ച് 2018 സെപ്റ്റംബർ 28-ന് വിധിയെഴുതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഢ്, ആർ.എഫ്. നരിമാൻ എന്നിവർ അനുകൂലിച്ചും ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തും വിധിയെഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP