Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ സജീവരാഷ്ട്രീയത്തിലേക്ക്'; 'അണ്ണാ ഡിഎംകെ എന്നെ ഭയപ്പെടുന്നു'; 'ജയ സമാധി സർക്കാർ അടച്ചത് പേടി കാരണം'; തന്റെ നീക്കം കാത്തിരുന്നു കാണൂ എന്നും പ്രവർത്തകരോട് വി.കെ.ശശികല

'ഞാൻ സജീവരാഷ്ട്രീയത്തിലേക്ക്'; 'അണ്ണാ ഡിഎംകെ എന്നെ ഭയപ്പെടുന്നു'; 'ജയ സമാധി സർക്കാർ അടച്ചത് പേടി കാരണം'; തന്റെ നീക്കം കാത്തിരുന്നു കാണൂ എന്നും പ്രവർത്തകരോട് വി.കെ.ശശികല

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്നു പ്രഖ്യാപിച്ച് വി.കെ.ശശികല. 'അണ്ണാ ഡിഎംകെ എന്നെ ഭയപ്പെടുന്നു. ജയ സമാധി സർക്കാർ അടച്ചത് പേടി കാരണമാണ'്. തന്റെ നീക്കം കാത്തിരുന്നു കാണൂ എന്നും ശശികല പ്രവർത്തകരോട് പറഞ്ഞു.

ജയിൽവാസത്തിനും കോവിഡ് ചികിൽസയ്ക്കും ശേഷം ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയ്ക്കു വൻ സ്വീകരണമാണ് ലഭിച്ചത്. അണ്ണാ ഡിഎംകെയുടെ പതാകയുള്ള കാറിൽ നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര.

ശശികലയുടെ മടങ്ങിവരവിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലെ അണ്ണാ ഡിഎംകെ സ്ഥാപനങ്ങളിൽ സുരക്ഷ ശക്തമാക്കി. രാവിലെ ഏഴേ മുക്കാലോടെ ബെംഗളൂരുവിലെ റിസോർട്ടിൽനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ശശികലയുടെ റോഡ് ഷോ തുടങ്ങി. റിസോർട്ടിൽനിന്ന് അണ്ണാ ഡിഎംകെ പതാകയുള്ള സ്വന്തം കാറിൽ യാത്ര തുടങ്ങിയ ശശികല, അതിർത്തിയിൽവച്ച് അണ്ണാ ഡിഎംകെ പ്രവർത്തകന്റെ കാറിലേക്ക് മാറിക്കയറി.

ശശികല സ്വന്തം കാറിൽ അണ്ണാ ഡിഎംകെ പതാക ഉപയോഗിക്കുന്നതിനെ തമിഴ്‌നാട് സർക്കാർ എതിർത്തിരുന്നു. അതിർത്തിയിൽവച്ച് അണികൾ ശശികലയ്ക്ക് വൻ സ്വീകരണം നൽകി. അതിർത്തി പിന്നിട്ടതോടെ വാഹനവ്യൂഹം തമിഴ്‌നാട് പൊലീസ് തടഞ്ഞു. അകമ്പടിയായി അഞ്ചു വാഹനങ്ങൾ മാത്രമേ കടത്തിവിടൂവെന്ന് അറിയിച്ചു.

എന്നാൽ പൊലീസ് നിർദ്ദേശം ലംഘിച്ച് വാഹനവ്യൂഹം മുന്നോട്ടു പോയി. ശശികലയുടെ വരവ് കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. ശശികല സന്ദർശിക്കാൻ സാധ്യതയുള്ള അണ്ണാ ഡിഎംകെ കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. പാർട്ടി ഓഫിസുകളിൽ ശശികലയ്ക്ക് വിലക്ക് ഏർപ്പെടുത്തി.

കൃഷ്ണഗിരിയിൽ വൻ സ്വീകരണമാണു ശശികലയ്ക്കായി പ്രവർത്തകർ ഒരുക്കിയിരുന്നത്. അതിനിടെ, കൃഷ്ണഗിരി ടോൾഗേറ്റിന് സമീപം രണ്ട് കാറുകൾക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ടോൾഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്നു സ്വീകരണ റാലിക്ക് എത്തിയ രണ്ടു കാറുകൾക്കാണ് തീ പിടിച്ചത്. റാലിക്കിടെ പ്രവർത്തകർ പടക്കം പൊട്ടിക്കുമ്പോഴാണ് കാറുകളിലേക്ക് തീ പടർന്നതെന്നാണ് വിവരം.

ശശികലയെ 'രാജ മാതാ' ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകളാണ് അനുയായികൾ ചെന്നൈ നഗരത്തിൽ ഒരുക്കിയിരുന്നത്. അതിർത്തി മുതൽ 32 സ്ഥലങ്ങളിലാണ് ശശികലയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കൂട്ടുപ്രതികളായ ഇളവരശി, വി.എൻ.സുധാകരൻ എന്നിവരുടെ പേരിൽ ചെന്നൈയിലുള്ള 6 സ്വത്തുവകകൾ സർക്കാർ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. ശശികലയുടെ സഹോദര ഭാര്യയാണ് ഇളവരശി. സഹോദരീ പുത്രനും ടി.ടി.വി. ദിനകരന്റെ സഹോദരനുമാണു സുധാകരൻ.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷയുടെ ഭാഗമായി പ്രതികൾക്കു 100 കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ചെന്നൈ കലക്ടർ ഇളവരശിയുടെയും സുധാകരന്റെയും പേരിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടിയത്. ജയിൽ മോചിതയായ ഇളവരശിയും ശശികലയ്‌ക്കൊപ്പം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.

10 കോടി രൂപ പിഴ അടയ്ക്കാത്തതിനാൽ സുധാകരൻ ഇതുവരെ ജയിൽ മോചിതനായിട്ടില്ല. ശ്രീറാം റോഡിലെ വസ്തു, വാലസ് എസ്റ്റേറ്റിലെ 5 വസ്തുക്കൾ എന്നിവയാണു കണ്ടുകെട്ടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP