Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കരിക്കോട്ടക്കരിയിലെ കൊലപാതകം; മറിയക്കുട്ടിയെ മരുമകൾ കൊലപ്പെടുത്തിയത് ചക്ക വേവിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ; തള്ളി താഴെയിട്ടപ്പോൾ തല പൊട്ടി ചോര ഒഴുകിയതിന് പിന്നാലെ വീണ്ടും തലയിടിപ്പിച്ച് എൽസിയുടെ ക്രൂരത; നടുക്കം മാറാതെ ബന്ധുക്കളും നാട്ടുകാരും

കരിക്കോട്ടക്കരിയിലെ കൊലപാതകം; മറിയക്കുട്ടിയെ മരുമകൾ കൊലപ്പെടുത്തിയത് ചക്ക വേവിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ; തള്ളി താഴെയിട്ടപ്പോൾ തല പൊട്ടി ചോര ഒഴുകിയതിന് പിന്നാലെ വീണ്ടും തലയിടിപ്പിച്ച് എൽസിയുടെ ക്രൂരത; നടുക്കം മാറാതെ ബന്ധുക്കളും നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: കരിക്കോട്ടക്കരിയിലെ മറിയക്കുട്ടിയെ മരുമകൾ എൽസി കൊലപ്പെടുത്തിയത് ചക്ക വേവിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ. ചക്ക വേവിക്കുന്നതിനെ ചൊല്ലി ഇരുവരും ഏറെ നേരെ കലഹിച്ചു. ഇതിനിടയിലാണ് ഊന്നുവടിയുടെ സഹായത്തോടെ കസേരയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച മറിയക്കുട്ടിയെ കസേരയിൽ നിന്നും തള്ളിത്താഴെയിട്ട ശേഷം എൽസി കൊലപ്പെടുത്തിയത്. മറിയക്കുട്ടിയും മരുമകൾ എൽസിയും തമ്മിൽ വഴക്കു പതിവായിരുന്നതിനാൽ അയൽക്കാരും ഇവിടേക്കു ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. കൃത്യം നടന്ന ബുധനാഴ്ച ഉച്ചയോടെ ചക്ക വേവിക്കുന്നതു സംബന്ധിച്ചാണു തർക്കം തുടങ്ങിയത്. വഴക്ക് മൂത്തപ്പോൾ കലിമൂത്ത എൽസി 82കാരിയായ മറിയക്കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നു.

കൊലപാതക വിവരം പുറത്താരോടും പറയാതെ എൽസി രഹസ്യമാക്കി വെച്ചു. മരണം സംഭവിച്ചിട്ടും ഏറെ നേരം മൃതദേഹം വീട്ടിൽത്തന്നെ കിടന്നു. ഭർത്താവ് മാത്യുവിന്റെ ഫോൺ വന്നപ്പോൾ മാത്രമാണു മറിയക്കുട്ടിക്കു പരുക്കേറ്റ വിവരം എൽസി പുറംലോകത്തെ അറിയിച്ചത്. വഴക്ക് കൂടിയപ്പോൾ കസേരയിൽ നിന്ന് ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേൽക്കാൻ തുടങ്ങിയ മറിയക്കുട്ടിയെ എൽസി തള്ളി താഴെയിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കോൺക്രീറ്റിന്റെ വാതിൽപ്പടിയിലേക്ക് തലയിടിച്ചു വീണ മറിയക്കുട്ടിയുടെ തല പൊട്ടി ചോര ഒഴുകി. ഇതുകണ്ട എൽസി മുറിക്കുള്ളിലേക്കു കയറിയ ശേഷം മറിയക്കുട്ടിയുടെ തലമുടിയിൽ കുത്തിപ്പിടിച്ച് ഉയർത്തി വാതിൽപ്പടിയിൽ വീണ്ടും ഇടിപ്പിച്ച് മരണം ഉറപ്പാക്കി. ഇതോടെ മറിയക്കുട്ടിയുടെ ഇടതു കൈ ഒടിയുകയും താടിയെല്ലു തകരുകയും ചെയ്തു. മരണം ഉറപ്പാക്കാനായി വിവരം ഏറെ നേരം പുറത്തെത്തിക്കാതെ മൂടിവയ്ക്കുകയും ചെയ്തു. പിന്നീട് ഭർത്താവ് വിളിച്ചപ്പോഴാണ് അമ്മ വീണു ചോരയിൽ കുളിച്ചു കിടക്കുകയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും എൽസി പറയുന്നത്. മാത്യു എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ടാപ്പിങ് തൊഴിലാളിയായ മാത്യു പുലർച്ചെ 4നു ജോലിക്കു പോയാൽ വളരെ വൈകിയാണ് വീട്ടിലെത്തുക.

അമ്മ വാതിൽപ്പടിയിൽ തനിയെ വീണ് മരിച്ചെന്ന് വരുത്തി തീർക്കാനാണ് എൽസി ആദ്യം ശ്രമിച്ചത്. താൻ ചക്ക പറിക്കാൻ പോയപ്പോൾ എന്തോ വീഴുന്ന ഒച്ച കേട്ടുവെന്നും വന്നു നോക്കുമ്പോൾ അമ്മ ഉമ്മറപ്പടിയിൽ വീണു കിടക്കുന്നതാണു കണ്ടതെന്നുമാണ് എൽസി ആദ്യം മാത്യുവിനോടും പൊലീസിനോടും പറഞ്ഞത്. താൻ പിടിച്ചെഴുന്നേൽപിക്കുമ്പോൾ വീണെന്നാണു പിന്നീട് പൊലീസിനോടു പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് സംഘം വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടി.

റൂറൽ എസ്‌പി നവനീത് ശർമയും ഇരിട്ടി ഡിവൈഎസ്‌പി സജേഷ് വാഴാളപ്പിലും സംഭവ സ്ഥലം സന്ദർശിച്ചു. വീട്ടിൽ ഉച്ച മുതൽ ബഹളം കേട്ടതായി അയൽവാസികൾ പറഞ്ഞതോടെ എൽസിയെ കസ്റ്റഡിൽ എടുത്തു. മറിയക്കുട്ടി സ്വയം വീണതാണെന്ന മൊഴിയിൽ ആദ്യം ഉറച്ചുനിന്നെങ്കിലും മുറിവുകളുടെ സ്വഭാവവും മൊഴിയിലെ വൈരുദ്ധ്യവും അയൽവാസികളുടെ മൊഴിയും ചൂണ്ടിക്കാട്ടി പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകമെന്നു വെളിപ്പെടുത്തി.

കരിക്കോട്ടക്കരി ഇൻസ്‌പെക്ടർ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ എസ്‌ഐ ബെന്നി മാത്യു, എഎസ്‌ഐമാരായ രാജു ചെന്നപ്പൊയിൽ, പി.സി.ബേബി, ജോസ് പി.ജോസ്, സിപിഒമാരായ പി.കെ.ജഗദീഷ്, മനോജ് മഞ്ചേരി എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP