Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേഘസ്ഫോടനം ഹിമാലയൻ മേഖലയിൽ വൻ നാശം വിതച്ചത് 2013ൽ; അന്ന് കൊല്ലപ്പെട്ടത് ഔദ്യോഗിക കണക്കുപ്രകാരം 5,700 പേർ; ഉത്തരാഖണ്ഡിനെ വീണ്ടും പിടിച്ചുലച്ച് ചമോലിയിൽ മഞ്ഞിടിച്ചിൽ ദുരന്തം; ഹിമാനി അഥവാ ഗ്ലേഷ്യർ പൊട്ടിയുള്ള ദുരന്തത്തിന്റെ വ്യാപ്തി അതിതീവ്രമെന്ന് വിലയിരുത്തൽ; രക്ഷാപ്രവർത്തനം രാത്രിയും തുടരും

മേഘസ്ഫോടനം ഹിമാലയൻ മേഖലയിൽ വൻ നാശം വിതച്ചത് 2013ൽ; അന്ന് കൊല്ലപ്പെട്ടത് ഔദ്യോഗിക കണക്കുപ്രകാരം 5,700 പേർ; ഉത്തരാഖണ്ഡിനെ വീണ്ടും പിടിച്ചുലച്ച് ചമോലിയിൽ മഞ്ഞിടിച്ചിൽ ദുരന്തം; ഹിമാനി അഥവാ ഗ്ലേഷ്യർ പൊട്ടിയുള്ള ദുരന്തത്തിന്റെ വ്യാപ്തി അതിതീവ്രമെന്ന് വിലയിരുത്തൽ; രക്ഷാപ്രവർത്തനം രാത്രിയും തുടരും

ന്യൂസ് ഡെസ്‌ക്‌

ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ ദുരന്തം വരുത്തിവച്ച നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുവരുന്നതേയുള്ളൂ. അളകനന്ദ, ധൗലിഗംഗ നദികൾ കരകവിഞ്ഞതാണു വൻ ദുരന്തത്തിലേക്കു നയിച്ചത്. ജലവൈദ്യുത പദ്ധതിയിൽ പ്രവർത്തിച്ചുവന്ന തൊഴിലാളികൾ അടക്കം 170 ഓളം പേരെയാണ് കാണാതായത്. പത്ത് മൃതദേഹം ഇതിനോടകം കണ്ടെടുത്ത് കഴിഞ്ഞു. എൻടിപിസിയുടെ തപോവൻ ഋഷിഗംഗ വൈദ്യുത നിലയം പൂർണമായും ഒലിച്ചുപോയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

രക്ഷാപ്രവർത്തനത്തിനു കര, വ്യോമസേനകൾ രംഗത്തുണ്ട്. 2013ലെ ദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാപ്രവർത്തനം തുടരുന്നത്. ആയിരക്കണക്കിനു പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. നിരവധി വീടുകൾ ഒലിച്ചുപോയി.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡിൽ രാത്രിയും രക്ഷാപ്രവർത്തനങ്ങൾ തുടരും. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) എന്നിവയ്‌ക്കൊപ്പം രക്ഷാപ്രവർത്തനം നടത്തുന്ന ഐടിബിപി വ്യക്തമാക്കിയതാണ് ഇക്കാര്യം.



ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞതിനേ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നും എന്നാൽ മറ്റുപ്രദേശങ്ങളിൽ അപകടമൊന്നുമില്ലെന്നും കേന്ദ്രസർക്കാർ ഞായറാഴ്ച വൈകുന്നേരം അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ഗ്രാമങ്ങൾക്കും ജലവൈദ്യുത പദ്ധതികൾക്കും ഭീഷണിയൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരാഖണ്ഡ് സർക്കാരും കേന്ദ്രവും സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗംഗാ നദീതീരത്തുള്ള എല്ലാ ജില്ലകളിലെയും അധികാരികൾ അതീവ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കണമെന്നും ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

തപോവൻ മേഖലയിലെ ഹിമാനി അഥവാ ഗ്ലേഷ്യർ പൊട്ടി ഋഷിഗംഗ വൈദ്യുത നിലയത്തിനു നാശമുണ്ടായതാണ് വെള്ളപ്പൊക്കത്തിനു കാരണമെന്നാണു ചമോലി പൊലീസ് പറയുന്നത്.

ഒഴുകി നടക്കുന്ന മഞ്ഞുപാടം - ഹിമാനി അഥവാ ഗ്ലേഷ്യർ

പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലുമായി ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണു ഹിമാനി അഥവാ ഗ്ലേഷ്യർ. ഹിമാലയത്തിലും ഹിമാനികൾ ഏറെയുണ്ട്. 90 മീറ്റർ മുതൽ 3000 മീറ്റർ വരെ ഇവയ്ക്കു കനമുണ്ടാകും. ദിവസവും ഒരു സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ദൂരം സഞ്ചരിക്കും. വലിയ ശുദ്ധജല സ്രോതസ്സുകളായ ഇവ സമുദ്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ ജലസംഭരണികളുമാണ്.

ഹിമാനികൾ പൊട്ടി അതിനുള്ളിൽ സംഭരിച്ച വെള്ളം അതിവേഗം പുറത്തേക്ക് ഒഴുകുന്നതാണു ഹിമാനി തടാക സ്‌ഫോടന വെള്ളപ്പൊക്കം (Glacial Lake Outburst Flood- GLOF) എന്നറിയപ്പെടുന്നത്. വലുപ്പം വ്യത്യസ്തമായിരിക്കുമ്പോഴും നൂറു മുതൽ ലക്ഷക്കണക്കിനു വരെ ദശലക്ഷം ക്യുബിക് മീറ്റർ ജലം ഓരോ ഹിമാനികളിലും ഉണ്ടാകാമെന്നതാണു ദുരന്തതീവ്രത കൂട്ടുന്നത്.



ഹിമാനിത്തകർച്ച മുൻകൂട്ടി പ്രവചിക്കുക അസാധ്യം

പല കാരണങ്ങളാൽ ഹിമാനികൾ പൊട്ടി ദുരന്തമുണ്ടാകാം. മണ്ണൊലിപ്പ്, ജലത്തിന്റെ മർദം കൂടുന്നത്, മഞ്ഞിന്റെയോ പാറകളുടെയോ പ്രവാഹം, ഭൂകമ്പം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെല്ലാം കാരണങ്ങളാണ്. രണ്ടു ഹിമാനികൾ കൂട്ടിമുട്ടി വൻതോതിൽ വെള്ളം ഇടകലരുമ്പോഴും അപകടമുണ്ടാകാം. ഏതാനും മിനിറ്റുകൾ മുതൽ മണിക്കൂറുകളും ദിവസങ്ങളും വരെ നീളുന്ന ജലപ്രവാഹം ഹിമാനികളിൽ ഉണ്ടാകാറുണ്ട്.

വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോൾ നദികളിൽ വെള്ളപ്പൊക്കം സാധാരണമാണ്. ഹിമാനികളിലെ വെള്ളത്തിന്റെ അളവ് മനസ്സിലാക്കാൻ പറ്റാത്തതും ഭൂകമ്പം പോലുള്ള അപ്രതീക്ഷിത കാരണങ്ങളും കാരണം ഹിമാനിത്തകർച്ച മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്റെ അളവ് അപകടനില കൂട്ടുന്നു.



അന്ന് മേഘസ്ഫോടന ദുരന്തം ഇന്ന് ഹിമാനിത്തകർച്ച

മേഘസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയം ഹിമാലയൻ മേഖലയിൽ കൊടുംനാശം വിതച്ചത് 2013ലാണ്. 2004ലെ സൂനാമിക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ ഇത് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളെ കശക്കിയെറിഞ്ഞു. ഹിമാലയൻ പർവതനിരകളുടെ മടിത്തട്ടിലുള്ള സംസ്ഥാനങ്ങളുടെ ജീവശ്വാസമായിരുന്ന വിനോദസഞ്ചാര മേഖല ഈ ദുരന്തത്തിൽ തകർന്നു. ഔദ്യോഗിക കണക്കുപ്രകാരം 5,700 പേരാണു ദുരന്തത്തിൽ കൊല്ലപ്പെട്ടത്.

ഹിമാലയൻ തീർത്ഥാടന കേന്ദ്രങ്ങളായ കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലും അന്ന് പ്രളയം വൻനാശം വിതച്ചു. കേരളത്തിൽനിന്നുൾപ്പെടെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയ തീർത്ഥാടകർ മരിച്ചു. ഹിമാലയ പർവതനിരകളിലുണ്ടായ മേഘസ്ഫോടനത്തിൽ കേദാർനാഥിലെ മന്ദാകിനി നദി കരകവിഞ്ഞതാണു ദുരന്തത്തിനു തുടക്കമിട്ടത്.

നിനച്ചിരിക്കാതെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ പരിസര പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പല ഗ്രാമങ്ങളും ഇല്ലാതായി. പ്രദേശങ്ങളിലെ നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ മണ്ണിടിച്ചിലും രൂക്ഷമായി. റോഡുകൾ ഭൂരിഭാഗവും തകർന്നു.

ഹിമാലയൻ മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എൻഎച്ച് 58 ഏറെക്കുറെ ഒലിച്ചുപോയി. നാലു ദിവസം നിർത്താതെ മഴ പെയ്തതും മലനിരകളിൽ മഞ്ഞുരുകിയതും സ്ഥിതി വഷളാക്കി. മേഘസ്ഫോടനം മുൻകൂട്ടി കാണുന്നതിൽ കാലാവസ്ഥാ വകുപ്പിനു പോലും സാധ്യതകളില്ലാതെ പോയതും അന്ന് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP