Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട് പരിസ്ഥിതി ലോല മേഖല: കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; ജനങ്ങളുടെ ന്യായമായ ആശങ്ക പരിഹരിക്കണം; സംസ്ഥാന സർക്കാർ ശുപാർശപ്രകാരം 88.2 കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു പിണറായി വിജയൻ

വയനാട് പരിസ്ഥിതി ലോല മേഖല: കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; ജനങ്ങളുടെ ന്യായമായ ആശങ്ക പരിഹരിക്കണം; സംസ്ഥാന സർക്കാർ ശുപാർശപ്രകാരം 88.2 കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റിവ് ) കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഈ മേഖലയിൽ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

സംസ്ഥാന സർക്കാർ 2020 ജനവരിയിൽ സമർപ്പിച്ച ഭേദഗതി ചെയ്ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം 118.59 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്. പരിസ്ഥിതി ലോല മേഖലകൾ വിജ്ഞാപനം ചെയ്യുമ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അതു കണക്കിലെടുത്ത് തോൽപ്പെട്ടി, കാട്ടിക്കുളം, പനവല്ലി , കുറുക്കന്മൂല, ചാലിഗഡ, കാപ്പിസ്റ്റോർ, ചീയാമ്പം, മൂടക്കൊല്ലി, ചീരാൽ എന്നീ പ്രദേശങ്ങൾ ഒഴിവാക്കണം.

ജീവിക്കാൻ പ്രയാസപ്പെടുന്നവരാണ് ഈ മേഖലകളിൽ അധിവസിക്കുന്നതെന്ന് കൂടി കണക്കിലെടുത്ത് കരടു വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്താൻ വനം - പരിസ്ഥിതി മന്ത്രാലയത്തോട് നിർദേശിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വയനാട് വന്യജിവി സങ്കേതത്തിന്റെ അതിർത്തിക്ക് ചുറ്റും 3.4 കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി (ഇക്കോ-സെൻസിറ്റീവ് സോൺ) പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ മേഖലയിൽ വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതിമുതൽ മലിനീകരണമുണ്ടാകുന്ന ഒരു വ്യവസായവും തുടങ്ങാൻ പാടില്ല. ഹോട്ടലുകളും റിസോർട്ടുകളും തുറക്കുന്നത് നിരോധിച്ചു. റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും നിയന്ത്രിക്കും. വാണിജ്യലക്ഷ്യത്തോടെയുള്ള ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയവ പാടില്ല. മരം മുറിക്കരുത്.

മലിനീകരണമില്ലാത്ത ചെറുകിട വ്യവസായങ്ങൾ, പ്രദേശവാസികളുടെ കൃഷി, തോട്ടക്കൃഷി തുടങ്ങിയവ അനുവദിക്കും. തദ്ദേശവാസികളുടെ ഗാർഹികാവശ്യങ്ങൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവരുടെ ഭൂമിയിൽ നടത്താമെന്നും നിർദേശിക്കുന്നു. പരിസ്ഥിതി ദുർബലമേഖലയുടെ മൊത്തം വിസ്തീർണം 118.59 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശം വന്യജീവി സങ്കേതത്തിന് പുറത്താണ്. തിരുനെല്ലി റിസർവ് വനത്തിന്റെ 8.89 ചതുരശ്ര കിലോമീറ്ററും ചെതലയം റേഞ്ചിന്റെ ഭാഗമായ 17.67 ചതുരശ്ര കിലോമീറ്ററും ഈ 99.5 ചതുരശ്ര കിലോമീറ്ററിൽ ഉൾപ്പെടുന്നു. പരിസ്ഥിതി ദുർബല മേഖലയുടെ മൊത്തം വിസ്തീർണത്തിൽ ബാക്കിയുള്ള 19.09 ചതുരശ്ര കിലോമീറ്റർ പ്രദേശം വന്യജീവി സങ്കേതത്തിനകത്തുള്ള ആറ് റവന്യൂ വില്ലേജുകളാണ്.

കരട് വിജ്ഞാപനത്തെക്കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കാൻ ജനങ്ങൾക്ക് അറുപതുദിവസത്തെ സമയം അനുവദിച്ചു. അഭിപ്രായങ്ങൾ ലഭിച്ചശേഷമായിരിക്കും അന്തിമവിജ്ഞാപനം. വയനാട് വന്യജീവി സങ്കേതം അപൂർവമായ സസ്യജാലങ്ങളുടെയും കടുവ ഉൾപ്പടെയുള്ള ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണെന്നും അത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തിയാണ് പരിസ്ഥിതിലോലമേഖലാ പ്രഖ്യാപനം. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വിവിധ വ്യവസ്ഥകൾ പ്രകാരമാണ് തീരുമാനം.

പരിസ്ഥിതിലോല മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വയനാട് ജില്ലാ കളക്ടർ അധ്യക്ഷനായി നിരീക്ഷണ സമിതി രൂപവത്കരിക്കും. സുൽത്താൻബത്തേരി, മാനന്തവാടി എംഎ‍ൽഎ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP