Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈരുധ്യാത്മക ഭൗതികവാദം; 'എം വിഗോവിന്ദൻ സംസാരിക്കുന്നത് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ അതേ ഭാഷയിൽ'; സിപിഎം കേന്ദ്രകമ്മറ്റി അംഗത്തിന്റേത് ഹിന്ദുരാഷ്ട്ര വാദത്തെ അംഗീകരിക്കുന്ന നിലപാടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

വൈരുധ്യാത്മക ഭൗതികവാദം; 'എം വിഗോവിന്ദൻ സംസാരിക്കുന്നത് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ അതേ ഭാഷയിൽ'; സിപിഎം കേന്ദ്രകമ്മറ്റി അംഗത്തിന്റേത് ഹിന്ദുരാഷ്ട്ര വാദത്തെ അംഗീകരിക്കുന്ന നിലപാടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇന്ത്യയിൽ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം വിഗോവിന്ദൻ സംസാരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംഘപരിവാർ ശക്തികൾ ഉയർത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂർണമായും അംഗീകരിക്കുന്ന നിലപാടാണ് എം വി ഗോവിന്ദന്റേത്. ഇരുവരും ഒരേ ഭാഷയിലാണ് സംസാരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

'വൈരുധ്യാത്മക ഭൗതികവാദമെന്ന മാർക്സിയൻ തത്വം ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തമല്ലെന്നാണ് എം വിഗോവിന്ദന്റെ കണ്ടുപിടിത്തം. ഇത് എത്രയോ നാളായി ജനാധിപത്യ മതേതരകക്ഷികൾ പറയുന്നതാണ്. വൈരുധ്യാത്മക ഭൗതികവാദം ഒരു കാലത്തും പ്രസക്തമല്ലെന്ന കാര്യം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനം തെളിയിച്ചതാണ്'- അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യൻ സമൂഹത്തിൽ പ്രായോഗികമല്ലെന്ന് താൻ പറഞ്ഞെന്ന വാർത്തയ്‌ക്കെതിരെ എം വിഗോവിന്ദൻ രംഗത്തെത്തി. താൻ പറഞ്ഞത് പ്രായോഗികമല്ലെന്നല്ല. ഇന്നത്തെ പരിതസ്ഥിതിയിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രായോഗികതയാണ്. വിശ്വാസിയായാലും അവിശ്വാസിയായാലും അമ്പലത്തിലോ പള്ളിയിലോ ചർച്ചിലോ പോകുന്നയാളായാലും ആ പോകുന്നവരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക എന്നതാണ് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രായോഗികമായ കാഴ്ചപ്പാടെന്നും ഗോവിന്ദൻ വിശദീകരിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ കുറിപ്പ്:


ഇന്ത്യയിൽ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം വിഗോവിന്ദൻ സംസാരിക്കുന്നത്. സംഘപരിവാർ ശക്തികൾ ഉയർത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂർണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ജനിക്കുമ്പോൾ എല്ലാവരും ഹിന്ദുക്കളാണെന്നാണ് മോഹൻ ഭഗവത് വാദിക്കുന്നതും പറയുന്നതും.

അതേ വാദഗതിയാണ് ഇപ്പോൾ സിപിഎം നേതൃത്വം ഉയർത്തുന്നത്. ഇതിലൂടെ സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായി. രാഷ്ട്രീയ ലാഭത്തിന് ഏത് അടവുനയവും സ്വീകരിക്കാമെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്.

വർഷങ്ങളായി സിപിഎം ജനമധ്യത്തിൽ സ്വീകരിക്കുന്ന നിലപാടും ഇതു തന്നെയാണ്. അധികാരം നേടാനും നിലനിർത്താനും ഏത് ഹീനപ്രവർത്തിയും നടത്താം. അത്തരമൊരു നടപടിയാണ് ശബരിമല വിഷയത്തിൽ സ്വീകരിച്ചത്. സംഘപരിവാർ ശക്തികൾക്ക് വളരാനുള്ള അവസരം നൽകുന്നതോടൊപ്പം വിശ്വാസികളെ വഞ്ചിക്കുകയും ചെയ്തു.

ജന്മിത്വത്തിന്റെ പിടിയിൽനിന്നും നാം ഇതുവരെ മോചിതരായിട്ടില്ലെന്ന ഗോവിന്ദന്റെ തുറന്നുപറച്ചിൽ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ ശരിയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയിൽ സിപിഎം സഞ്ചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇന്നത്തെ ചില സിപിഎം നേതാക്കളുടെ ജീവിതവും മനോഭാവവും ജന്മിത്വകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്.

അധ്വാനവർഗം, മുദ്രാവാക്യം മുഴക്കുന്ന തൊഴിലാളികൾ മാത്രമാണെന്നാണ് സിപിഎം കരുതുന്നത്. അതിന് അപ്പുറം അവർക്ക് ഒരു പരിഗണനയും നൽകുന്നില്ല. കമ്യൂണിസ്റ്റ് ആശയങ്ങളും തത്വങ്ങളും സിപിഎം ഉപേക്ഷിച്ചു. വൈരുധ്യാത്മക ഭൗതികവാദമെന്ന മാർക്സിയൻ തത്വം ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തമല്ലെന്നാണ് എം വിഗോവിന്ദന്റെ കണ്ടുപിടിത്തം.

ഇത് എത്രയോ നാളായി ജനാധിപത്യ മതേതരകക്ഷികൾ തുടരെത്തുടരെ പറയുന്നതാണ്. വൈരുധ്യാത്മക ഭൗതികവാദം ഒരു കാലത്തും പ്രസക്തമല്ലെന്ന കാര്യം ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനം തെളിയിച്ചതാണ്. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാകുമോയെന്ന അവസാന പരീക്ഷണത്തിലാണ് കേരളത്തിലെ സിപിഎം എന്നതിന് തെളിവാണ് ഗോവിന്ദന്റെ പ്രസ്താവന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP