Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കത്വ കേസിലെ ഇരയുടെ കുടുംബത്തിനുവേണ്ടി പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണം; യൂത്ത്‌ ലീഗ്‌ പണം പിരിച്ചത് വിശ്വാസത്തെ മറയാക്കിയെന്നും എ എ റഹീം; ദീപിക സിങിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുസ്ലിം യൂത്ത് ലീ​ഗിനെ കടന്നാക്രമിച്ച് ഡിവൈഎഫ്‌ഐ

കത്വ കേസിലെ ഇരയുടെ കുടുംബത്തിനുവേണ്ടി പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണം; യൂത്ത്‌ ലീഗ്‌ പണം പിരിച്ചത് വിശ്വാസത്തെ മറയാക്കിയെന്നും എ എ റഹീം; ദീപിക സിങിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുസ്ലിം യൂത്ത് ലീ​ഗിനെ കടന്നാക്രമിച്ച് ഡിവൈഎഫ്‌ഐ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കത്വ കേസിലെ ഇരയുടെ കുടുംബത്തിനുവേണ്ടി യൂത്ത്‌ ലീഗ്‌ പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന്‌ ഡിവൈഎഫ്‌ഐ. പണം കൈമാറ്റം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ തെളിവും പുറത്തുവിടണമെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ റഹിം ആവശ്യപ്പെട്ടു. കോഴിക്കോട്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത്‌ ലീഗ്‌ വിശ്വാസത്തെ മറയാക്കിയാണ്‌ പണം പിരിച്ചത്‌. വിശ്വാസ സമൂഹം ഇതിനോട്‌ പ്രതികരിക്കണം. ദീപിക സിങിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണ്‌. ബാങ്ക്‌ ബാലൻസ്‌ ഷീറ്റ്‌ അടക്കം പുറത്തുവിടാൻ യൂത്ത്‌ലീഗ്‌ തയ്യാറുണ്ടോ എന്നും എ എ റഹിം ചോദിച്ചു.

പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന ലീഗ് നേതാക്കളുടെ വാദം അഭിഭാഷകർ തള്ളിയിരുന്നു. കേരളത്തിൽ നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിങ് രജാവത്ത് പറഞ്ഞു. കേരളത്തിൽ നിന്ന് കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താൻ പൂർണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീൻ ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപിക പറഞ്ഞു. അഡ്വ.മുബീൻ ഫറൂഖിക്ക് പണം നൽകിയെന്നായിരുന്നു യൂത്ത് ലീഗിന്റെ ന്യായീകരണം.

യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. പിരിച്ചെടുത്ത പണത്തിൽ നിന്ന് ഒരു രൂപ പോലും ആർക്കും നൽകിയിട്ടില്ല. നേതാക്കൾ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം. ആരോപണം ശക്തമായതിനെ തുടർന്ന് യൂത്ത് ലീഗ് നേതാക്കൾ വാർത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നൽകിയെന്നും നേതാക്കൾ പറഞ്ഞിരുന്നു. ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞത്.

കേസിലെ പെൺകുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകർക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നൽകിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. മുബീൻ ഫാറൂഖിയാണ് കോടതികളിൽ കേസ് കോർഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മുബീൻ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്.

യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞയിടയ്ക്ക് രം​ഗത്തെത്തിയത്. കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു ആരോപണം.

കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്ന് യൂസഫ് പടനിലം ആരോപിച്ചു. ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും യൂസഫ് പടനിലം പറയുന്നു. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നയിച്ച 2019-ലെ യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീർക്കാൻ എന്ന പേരിൽ ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ നേതൃത്വം വകമാറ്റി ചെലവഴിച്ചുവെന്ന് യൂസഫ് പടനിലം ആരോപിക്കുന്നു.

യൂത്ത് ലീഗിലെ അഴിമതി ചോദ്യം ചെയ്ത മുഈനലി തങ്ങളെ (ഹൈദരലി തങ്ങളുടെ മകൻ) അവഹേളിക്കാൻ പാർട്ടിക്കുള്ളിൽ ശ്രമമുണ്ടെന്നും ആരോപണ വിധേയരായ സി.കെ.സുബൈർ, പി.കെ.ഫിറോസ് എന്നീ മുസ്ലിം ലീഗ് സംരക്ഷിക്കുകയാണെന്നും യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യൂത്ത് ലീഗിലെ സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന തലത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂസഫ് ഇതിനായി വിജിലൻസിനെ സമീപിക്കുമെന്നും വ്യക്തമാക്കി.

യൂത്ത് ലീഗിലെ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് യൂസഫ് പടനിലം ഉന്നയിച്ച ആരോപണങ്ങൾ ഭാഗീകമായി ശരിവച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ രംഗത്തു വന്നിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ട് വ‍ർഷം കഴിഞ്ഞും നേതാക്കൾ പുറത്തു വിട്ടിട്ടില്ലെന്നും ഈ പണം കുടുംബങ്ങൾക്ക് കൊടുത്തോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും മുഈനലി തങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പരാതി നൽകിയിട്ടും നടപടിയായില്ലെന്നും മുഈനലി കൂട്ടിച്ചേ‍ർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP