Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൗവ് ജിഹാദും ഹാഗിയ സോഫിയയും ഉയർത്തി ക്രിസ്ത്യൻ സമൂഹം കോൺഗ്രസിനെ കുഴപ്പിച്ചത് ഒടുവിൽ ഗുണമായി; ആറു അധിക സീറ്റ് ചോദിച്ച ലീഗ് രണ്ടിൽ മെരുങ്ങുന്നു; ജോസഫ് തലവേദന ഒഴിച്ചാൽ യുഡിഎഫിൽ എല്ലാം സുഗമം

ലൗവ് ജിഹാദും ഹാഗിയ സോഫിയയും ഉയർത്തി ക്രിസ്ത്യൻ സമൂഹം കോൺഗ്രസിനെ കുഴപ്പിച്ചത് ഒടുവിൽ ഗുണമായി; ആറു അധിക സീറ്റ് ചോദിച്ച ലീഗ് രണ്ടിൽ മെരുങ്ങുന്നു; ജോസഫ് തലവേദന ഒഴിച്ചാൽ യുഡിഎഫിൽ എല്ലാം സുഗമം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രൈസ്തവ സമൂഹങ്ങൾ യുഡിഎഫിലെ മുസ്ലിം രാഷ്ട്രീയം അതിരുവിടുന്നതിൽ ആശങ്കയിലായിരുന്നു. യുനെസ്‌കോ പൈതൃക പട്ടികയിലുള്ള ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് ചന്ദ്രിക ദിനപത്രത്തിൽ 'അയാസോഫിയയിലെ ജുമുഅ' എന്ന ലേഖനത്തിൽ തെറ്റുപറ്റിയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മതിച്ചതായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ തന്നെ വെളിപ്പെടുത്തിയത് ഈ പേടി മാറ്റാനായിരുന്നു. ലൗ ജിഹാദിലും ഇസ്ലാമിക തീവ്രവാദികളുടെ ഇടപെടൽ ക്രൈസ്തവ സഭകൾ ഭയക്കുന്നു. ഇതെല്ലാം യുഡിഎഫിൽ കോൺഗ്രസിന് തുണയാകുകയാണ്. മധ്യ കേരളത്തിലെ വോട്ടുകളും ഭരണം തിരിച്ചു പിടിക്കാൻ അനിവാര്യമാണെന്ന് യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് തിരിച്ചറിഞ്ഞു. ക്രൈസ്തവ രാഷ്ട്രീയം കോൺഗ്രസിന് അനുകൂലമാക്കാൻ പിടിവാശികൾ അവസാനിപ്പിക്കുകയാണ് മുസ്ലിം ലീഗ്.

സീറ്റ് ചർച്ചകളിൽ കോൺഗ്രസിനോട് മുസ്‌ലിം ലീഗ് ചോദിച്ചത് 6 അധിക സീറ്റ് ആയിരുന്നു. ഇതിൽ കോൺഗ്രസ് വാഗ്ദാനം 2 സീറ്റും. ഇതോട് അന്തിമമായി പ്രതികരിച്ചിട്ടില്ലെങ്കിലും വലിയ തർക്കങ്ങളില്ലാതെ വിഭജനം പൂർത്തിയാകുമെന്ന നിലയിലാണ് കാര്യങ്ങൾ. ഇതിന് കാരണം ലീഗിന്റെ രാഷ്ട്രീയം യുഡിഎഫിനെ സ്വാധീനിക്കില്ലെന്ന സന്ദേശം നൽകാനാണ്. ശബരിമല വിഷയം യുഡിഎഫ് ചർച്ചയാക്കുന്നതും ലീഗ് അതിപ്രസരത്തെ മറികടക്കാനാണ്. ഉമ്മൻ ചാണ്ടി നേതൃത്വത്തിൽ സജീവമായതോടെ ക്രൈസ്തവ വോട്ടുകൾ കോൺഗ്രസിലേക്ക് വരുമെന്ന പ്രതീക്ഷ നേതാക്കൾക്ക് തിരിച്ചു വന്നിട്ടുണ്ട്. ഇതൊന്നും കളഞ്ഞു കുളിക്കാതിരിക്കാനാണ് ലീഗ് പിടിവാശികൾ വിടുന്നത്.

കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ചിടത്ത് ഇത്തവണ 30 സീറ്റ് വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിരുന്നത്. ചേലക്കരയും ഇരവിപുരവും അധിക സീറ്റുകളായി നൽകാമെന്ന് ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് അറിയിച്ചു. കൂടുതൽ സീറ്റുകൾ വേണമെന്ന് ലീഗ് നിലപാട് എടുത്തതോടെ കൂത്തുപറമ്പ് കൂടി നൽകാൻ സാധ്യതയുണ്ട്. ലീഗ് സമവായത്തിലേക്ക് വരുമ്പോഴും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പ്രശ്‌നത്തിലാണ്. 13 സീറ്റ് വേണമെന്ന് ജോസഫ് കടുംപിടിത്തം തുടരുകയാണ്. ഏഴോ എട്ടോ സീറ്റ് കേരളാ കോൺഗ്രസിന് നൽകാമെന്നാണ് കോൺഗ്രസിന്റെ നിലപാട്. അതിന് പോലും അർഹത അവർക്കുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. കേരളാ കോൺഗ്രസ് പിടിവാശി വിട്ടാൽ യുഡിഎഫിൽ സീറ്റ് വിഭജനം സുഗമമാകും. പരമാവധി സീറ്റിൽ കോൺഗ്രസ് മത്സരിക്കും.

ലീഗിന്റെ കയ്യിലുള്ള ഗുരുവായൂർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തവനൂരോ മത്സരസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റോ പകരം കിട്ടുമെങ്കിൽ ചർച്ച ചെയ്യാമെന്നാണ് ലീഗിന്റെ നിലപാട്. നിലവിലെ സീറ്റുകളിൽ ചില മാറ്റങ്ങൾ കൂടി ഉണ്ടായാൽ 2 അധികസീറ്റുകളിൽ പോലും ലീഗ് തൃപ്തരായേക്കുമെന്നാണു സൂചന. ഇത് കേരളാ കോൺഗ്രസിന്റെ പടിവാശികൾക്കും ചോദ്യമായി മാറും. അഴീക്കോടിനു പകരം കണ്ണൂരും ബാലുശ്ശേരിക്ക് പകരം കുന്നമംഗലവും വേണമെന്ന ആവശ്യവും ലീഗ് മുന്നോട്ടുവച്ചിട്ടുണ്ട്. കുന്നമംഗലം തിരികെ നൽകാൻ തയാറാണെന്ന് കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട്. തിരുവമ്പാടി വിട്ടുനൽകാനാവില്ലെന്നു ലീഗ് നിലപാടെടുത്തു. ഇത്തരത്തിൽ സീറ്റ് മാറ്റത്തിൽ മാത്രമാണ് ലീഗിന് ആവശ്യങ്ങളുള്ളത്. ഇത് പരിഹരിക്കാനാകുമെന്ന് കോൺഗ്രസും പറയുന്നു.

ലീഗ് മത്സരിച്ചിരുന്ന കുന്നമംഗലം കഴിഞ്ഞ തവണ കോൺഗ്രസ് ഏറ്റെടുത്ത് പകരം ബാലുശ്ശേരി നൽകിയിരുന്നു. എന്നാൽ രണ്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടു. ഇത്തവണ പരീക്ഷണത്തിനില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. ജനതാദൾ മത്സരിച്ച വടകരയും കേരള കോൺഗ്രസ് മത്സരിച്ച പേരാമ്പ്രയും കൂടി കോഴിക്കോട് ജില്ലയിൽ ലീഗ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, എന്നാൽ വടകരയിൽ യുഡിഎഫ് പിന്തുണയോടെ ആർഎംപി മത്സരിക്കും. കൊടുവള്ളി തിരിച്ചുപിടിക്കാൻ ലീഗ് കിണഞ്ഞുശ്രമിക്കുകയാണ്. മണ്ഡലനിർണയത്തിലും സീറ്റു വിഭജനത്തിലും ഒരു തീരുമാനവുമായിട്ടില്ലെന്നും കേരള കോൺഗ്രസിന്റെ കാര്യത്തിൽ തീരുമാനമുണ്ടായ ശേഷമേ മറ്റുള്ളവരുടെ സീറ്റെണ്ണം നിശ്ചയിക്കാനാകൂ എന്നും ലീഗ നേതാക്കൾ പറയുന്നു. കേരളാ കോൺഗ്രസിനെ എങ്ങനേയും വസ്തുതകൾ പറഞ്ഞു മനസ്സിലാക്കാൻ കോൺഗ്രസും ലീഗും ഒരുമിച്ച് ശ്രമിക്കും.

ആർ എസ് പിക്കും കേരളാ കോൺഗ്രസ് ജേക്കബിനും സിഎംപിക്കുമൊന്നും യുഡിഎഫിൽ വലിയ അവകാശവാദങ്ങളില്ല. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിന് അനുനയിപ്പിച്ചാൽ പാർട്ടികൾക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കാനാകും. യുഡിഎഫിൽ വലിയ സമ്മർദ്ദങ്ങൾക്ക് മുസ്ലിം ലീഗ് പദ്ധതി ഇട്ടിരുന്നു. പികെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് കളം മാറിയതും ഇതിന് വേണ്ടിയാണ്. ഇതിനിടെയാണ് ലൗ ജിഹാദും മറ്റ് വിഷയങ്ങളും ക്രൈസ്തവർ ആശങ്കയായി ഉന്നയിച്ചത്. ഇതോടെ ജയിക്കാനുള്ള രാഷ്ട്രീയത്തിന് പിടിവാശി നല്ലതല്ലെന്ന് ലീഗ് തിരിച്ചറിഞ്ഞു. ഉമ്മൻ ചാണ്ടിയെ സജീവമാക്കിയതും ഇതിന്റെ ഭാഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP