Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കരാർ തീയതി 2019 ജൂൺ 20 ആയിരിക്കെ അനുബന്ധം 2019 ഫെബ്രുവരി 2ന്; റിയൽ എസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി കരാർ ഒപ്പിട്ട സ്ത്രീയേയും സാക്ഷിയേയും ആർക്കും അറിയില്ല; ഒപ്പിട്ടയാളുടെ പാൻകാർഡും തിരിച്ചറിയൽ രേഖയും കരാറിൽ ഇല്ലാത്തതും ദുരൂഹം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുൾപ്പെട്ട ധർമടം-മുഴപ്പിലങ്ങാട് ടൂറിസം പദ്ധതിയിൽ അടിമുടി ദുരൂഹതകൾ

കരാർ തീയതി 2019 ജൂൺ 20 ആയിരിക്കെ അനുബന്ധം 2019 ഫെബ്രുവരി 2ന്; റിയൽ എസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി കരാർ ഒപ്പിട്ട സ്ത്രീയേയും സാക്ഷിയേയും ആർക്കും അറിയില്ല; ഒപ്പിട്ടയാളുടെ പാൻകാർഡും തിരിച്ചറിയൽ രേഖയും കരാറിൽ ഇല്ലാത്തതും ദുരൂഹം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുൾപ്പെട്ട ധർമടം-മുഴപ്പിലങ്ങാട് ടൂറിസം പദ്ധതിയിൽ അടിമുടി ദുരൂഹതകൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുൾപ്പെട്ട ധർമടം-മുഴപ്പിലങ്ങാട് ടൂറിസം പദ്ധതി വിവാദത്തിൽ. പദ്ധതിയുടെ കൺസൽറ്റൻസിക്ക് 14.5 കോടി രൂപ നൽകുന്നത് ആർക്കാണെന്നതിൽ അവ്യക്തത. കരാർ തീയതിക്കും നാലു മാസം മുൻപേ കരാറിന്റെ അനുബന്ധം ഇറക്കിയെന്നതും സംശയങ്ങൾക്ക് ഇട നൽകുന്നു. കരാർ തീയതി 2019 ജൂൺ 20 ആയിരിക്കെ അനുബന്ധം വന്നിരിക്കുന്നതു 2019 ഫെബ്രുവരി 2നാണ്. ഇങ്ങനെ അതിവിചിത്രമാണ് ഈ ധർമ്മടം കരാർ.

ടൂറിസം ഡയറക്ടറും കൺസൽറ്റന്റ് കമ്പനിയുടെ പ്രതിനിധിയായി എത്തിയ വ്യക്തിയുമാണു കരാറിൽ ഒപ്പിട്ടിരിക്കുന്നത്. പേരിനപ്പുറം ഈ വ്യക്തി ആരാണെന്ന് ആർക്കും അറിയില്ല. തസ്തിക വ്യക്തമാക്കാതെയും കമ്പനിയുടെ ഔദ്യോഗികമുദ്ര പതിക്കാതെയുമാണ് 500 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ ഒപ്പിട്ടിരിക്കുന്നത്. സാക്ഷിയായി ഒപ്പിട്ടിരിക്കുന്ന വനിതയേയും ആർക്കും അറിയില്ല. കരാറിൽ ഏർപ്പെടുന്നതിനു മുൻപ് അടിസ്ഥാനപരമായ ഒരു പരിശോധനയും ടൂറിസം വകുപ്പു നടത്തിയിട്ടില്ലെന്നും ഇതിൽ നിന്നെല്ലാം വ്യക്തമാകുകയാണ്.

ടൂറിസം ഡയറക്ടറുടെ സീലും ഒപ്പും ഒരു വശത്തു വ്യക്തമായുണ്ട്. കമ്പനി പ്രതിനിധിയായി ഒപ്പിട്ടിരിക്കുന്ന വ്യക്തി മലയാളിയാണെന്നു പേരുകൊണ്ട് ഊഹിക്കാം. എന്നാൽ കമ്പനിയുമായുള്ള ബന്ധം പോലും കരാറിൽ വ്യക്തമല്ല. അതായത് കമ്പനിയുടെ ജീവനക്കാരിയാണോ അതോ ഉടമസ്ഥയാണോ ഈ സ്ത്രീ എന്ന് പോലും വ്യക്തമല്ല. 235 കോടി രൂപയുടെ വൻ പദ്ധതിക്കു വേണ്ടിയുള്ള കൺസൽറ്റൻസി കരാറിലാണ് ഇതെല്ലാം സംഭവിക്കുന്നത്.

ഇതേക്കുറിച്ചുള്ള വിവരാവകാശ ചോദ്യത്തിന് 'പ്രസ്തുത വ്യക്തി കമ്പനിയുടെ പ്രതിനിധിയായി ഒപ്പിട്ടിരിക്കുന്നതാണ്' എന്നാണു ടൂറിസം വകുപ്പിന്റെ മറുപടി. ഈ വ്യക്തിയുടെ തിരിച്ചറിയൽ രേഖയും കമ്പനിയുടെ പാൻകാർഡ് വിശദാംശങ്ങളും കരാറിൽ ചേർക്കണമായിരുന്നെങ്കിലും അതും ഇല്ല. കമ്പനിയുടെ ഡയറക്ടർ ബോർഡ് ഇദ്ദേഹത്തെ പ്രതിനിധിയായി അംഗീകരിച്ച രേഖകളുമില്ല. ഇതെല്ലാം കരാറെഴുത്തിലെ സാധാരണ നടപടി ക്രമങ്ങളാണ്.

പുറമ്പോക്ക് ഭൂമിയിലാണു പദ്ധതി വരുന്നതെന്ന ആക്ഷേപവും ഉണ്ട്. ഇത്തരമൊരു പദ്ധതിയാണ് ഇതെന്ന് ടൂറിസം വകുപ്പു പറയുന്നുണ്ടെങ്കിലും കരാറിൽ റവന്യൂ വകുപ്പ് പങ്കാളിയല്ല. പുറമ്പോക്ക് ഭൂമിയിൽ അവകാശം റവന്യൂ വകുപ്പിനാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ടൂറിസം വകുപ്പിനു നൽകുന്നതു സംബന്ധിച്ച രേഖയുമില്ല. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പമാണ് ഈ കരാർ.

രണ്ടു സാക്ഷികളാണു കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ പ്ലാനിങ് ഓഫിസർ ആണ് ഒരാൾ. മറ്റൊന്ന് ഒരു വനിതയും. ഇവരുടെ വിലാസമോ തസ്തികയോ കരാറിൽ ഇല്ല എന്നും വിവരാവകാശത്തിൽ വ്യക്തമാണ്. ആരാണെന്ന ചോദ്യത്തിന് 'കമ്പനിയുടെ ഭാഗത്തു നിന്ന് ഒപ്പിട്ടിട്ടുള്ളതാണ്' എന്നും, 'ഈ വ്യക്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല' എന്നുമാണു ടൂറിസം വകുപ്പിന്റെ മറുപടി.

'അനുബന്ധം' കരാറിനു മുൻപേ പുറത്തിറങ്ങിയതിനു ടൂറിസം വകുപ്പിന്റെ മറുപടി 'ക്ലെറിക്കൽ പിഴവ്' എന്നാണ്. 'തിരുത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും'.

കരാർ അടിമുടി ദുരൂഹം

60 പേജുള്ള കരട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടൂറിസം പദ്ധതിക്കു വേണ്ട കൺസൽറ്റൻസി ഫീസിന്റെ ആദ്യ ഗഡുവായി അര കോടി രൂപ കൺസൾട്ടൻസിക്ക് നൽകിയതാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്. വിനോദസഞ്ചാര മേഖലയിൽ വലിയ പരിചയമില്ലാത്ത റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് 6.25% കമ്മിഷനിൽ കൺസൽറ്റൻസി നൽകിയതിൽ നേരത്തെ ദുരൂഹതയുണ്ടായിരുന്നു. അഞ്ച് കോടി രൂപയ്ക്കു മുകളിൽ ചെലവുള്ള പദ്ധതികൾക്കു പദ്ധതിത്തുകയുടെ 5 ശതമാനത്തിലധികം കമ്മിഷൻ നൽകരുതെന്ന ധനവകുപ്പിന്റെയും കിഫ്ബിയുടെയും വ്യവസ്ഥ മറികടന്നാണു കൺസൽറ്റൻസി കരാർ നൽകിയിരിക്കുന്നത്.

പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിനു തൊട്ടു പിന്നാലെ ടൂറിസം ഡിപാർട്മെന്റ് 50 ലക്ഷം രൂപ ഏജൻസിക്ക് കൈമാറിയിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. നദിയിലെ വേലിയേറ്റവും വേലിയിറക്കവും പോലും പരിഗണിക്കാതെയാണ് മ്യൂസിക്കൽ ഫൗണ്ടൻ സ്ഥാപിക്കുന്ന പദ്ധതി നിർദേശിച്ചിരിക്കുന്നത്. അതീവ സംരക്ഷിത പ്രദേശമായി കരുതേണ്ട കണ്ടൽക്കാടുകൾക്കു മുകളിലൂടെ നടപ്പാത നിർമ്മിക്കാമെന്നും ധർമടം തുരുത്തിലേക്ക് കടലിനു മുകളിലൂടെ പാലം നിർമ്മിക്കാമെന്നും പദ്ധതിയിൽ പറയുന്നു.

ഏറ്റവും ശ്രദ്ധേയം സമുദ്രത്തിനു താഴെ കുറേ സ്തൂപങ്ങൾ സ്ഥാപിച്ച് വിപ്ലവ പാർക്ക് നിർമ്മിക്കുന്ന പദ്ധതിയാണ്. ഇതിനു മാത്രം 12.62 കോടി കണക്കാക്കിയിരിക്കുന്നു. ഭൂമി വികസനവും 60 മീറ്റർ ഉയരമുള്ള ജയന്റ് വീൽ നിർമ്മാണവും ചേർത്ത് 101 കോടി രൂപയാകുമെന്നാണ് കണക്ക്. 2019 മാർച്ച് ഒന്നിനാണ് കൺസൽറ്റൻസിയെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഒക്ടോബർ 16ന് പ്രാഥമിക പഠന റിപ്പോർട്ട് സമർപ്പിച്ച് ഉന്നതതല യോഗവും നടത്തി. നവംബർ 29ന് തന്നെ ടൂറിസം വകുപ്പ് ഏജൻസിയുടെ ആദ്യ ഗഡു പ്രതിഫലമായ 50 ലക്ഷം രൂപ കൈമാറി.

ഓരോ ഘട്ടങ്ങളിലായി ഇനി 14.56 കോടി രൂപ കൺസൽറ്റൻസിക്കു നൽകണമെന്നാണ് കരാറിൽ പറയുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ആദ്യം കേരള ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (ഇൻകെൽ) ഏൽപിച്ചിരുന്നെങ്കിലും പിന്നീടു കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനെ (കെ.ഐ.ഐ.ഡി.സി) ചുമതലപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP