Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തനിക്കെതിരായ കേസ് പൊലീസിലെ ഏതാനും ഉന്നതരുടെയും അവരുടെ സഹായികളായ രാഷ്ട്രീയക്കാരുടെയും സൃഷ്ടി; കേസിൽ ഇന്നു വരെ കുറ്റപത്രം കൊടുക്കാൻ സാധിച്ചിട്ടില്ല; ഞാൻ ഇടപെട്ടാൽ കേസ് ഇല്ലാതാകില്ലല്ലോ? യഥാർത്ഥ വസ്തുതകൾ സമീപഭാവിയിൽ തന്നെ പുറത്തു വരും; സ്വാമി ഗംഗേശാനന്ദ മറുനാടനോട്

തനിക്കെതിരായ കേസ് പൊലീസിലെ ഏതാനും ഉന്നതരുടെയും അവരുടെ സഹായികളായ രാഷ്ട്രീയക്കാരുടെയും സൃഷ്ടി; കേസിൽ ഇന്നു വരെ കുറ്റപത്രം കൊടുക്കാൻ സാധിച്ചിട്ടില്ല; ഞാൻ ഇടപെട്ടാൽ കേസ് ഇല്ലാതാകില്ലല്ലോ? യഥാർത്ഥ വസ്തുതകൾ സമീപഭാവിയിൽ തന്നെ പുറത്തു വരും; സ്വാമി ഗംഗേശാനന്ദ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കൊല്ലൂർ (കർണ്ണാടക): പൊലീസിലെ ഉന്നതരിൽ ചിലരുടെയും ഇവരുടെ സഹായികളായ ഏതാനും രാഷ്ട്രീയക്കാരുടെയും സൃഷ്ടിയാണ് തനിക്കെതിരെയുള്ള കേസ്സെന്ന് സംശയിക്കുന്നതായി സ്വാമി ഗംഗേശാനന്ദ. ഇന്നുവരെ എന്റെ കേസ്സിൽ കുറ്റപത്രം കൊടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നതാണ് അവസ്ഥ. എന്നോടുള്ള സ്നേഹം കൊണ്ടല്ല അവർ ഇത് ചെയ്യാത്തതെന്ന് എല്ലാവർക്കുമറിയാം. വാസ്തവമുണ്ടായിരുന്നെങ്കിൽ പണ്ടെ അവർ കുറ്റപത്രം നൽകേണ്ടതല്ലെ. ഞാൻ ഇടപെട്ടാൽ ഈ കേസ്സ് ഇല്ലാതാവില്ലല്ലോ. എനിക്ക് പൊലീസിലോ ഭരണതലത്തിലോ യാതൊരുപിടിപാടുമില്ല. ഇതിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ സമീപഭാവിയിൽ എന്റെ ഇടപെടൽ ഇല്ലാതെ തന്നെ പുറത്തുവരും.അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കണ്ടുമുട്ടിയപ്പോഴാണ് സ്വാമി മറുനാടനുമായി ഇക്കാര്യം പങ്കിട്ടത്.

2017 മെയ് 20-ന് ജനനേന്ദ്രിയം ഒട്ടുമുക്കാലും മുറിഞ്ഞ നിലയിൽ ഗംഗേശാനന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് പൊലീസ് സ്വാമിക്കെതിരെ കേസെടുക്കുകയും 84 ദിവസം പൊലീസ് കസ്റ്റഡിയിൽ ചികത്സയിൽക്കഴിയുകയും പിന്നെ ജാമ്യം നേടി പുറത്തിറങ്ങുകയുമായിരുന്നു.ഇതിനുശേഷം കേസ്സിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും ഒരു മാധ്യമത്തിന് മുന്നിൽ സ്വാമി പരസ്യപ്രതികരണത്തിന് തയ്യാറാവുന്ന് ഇത് ആദ്യമാണ്. കൊല്ലൂരിൽ സ്വാമിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ.

എവിടെയെയൊക്കെയാണൊ ലോകത്ത് വാർത്തകൾ എത്തുന്നത് അവിയെയൊക്കെ എന്റെ കാര്യങ്ങൾ വളരെ മോശമായ തലത്തിലും തരത്തിലും പ്രചരിച്ചിട്ടുണ്ട്. കറച്ചുകാലം സകല മീഡിയകളും എന്നെ ഉത്സവം പോലെ ആഘോഷിക്കുകയായിരുന്നു. ഗോവിന്ദചാമിയെപ്പോലും ഇത്രമോശമായി ചിത്രീകരിച്ചിട്ടുണ്ടാവുമോ എന്ന കാര്യം സംശയമാണ്.എന്നിട്ട് ഈ കേസ്സിൽ പിന്നീട് എന്തുണ്ടായി എന്നന്വേഷിക്കാൻ ആരും മെനക്കെട്ടില്ല.

തച്ചങ്കരി അന്വേഷണ സംഘം രൂപീകരിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് സ്ഥാനചലനമുണ്ടായി. പിന്നീട് ടീം ലീഡർ വിളിച്ച് കാര്യങ്ങൾ തിരക്കി,ഏതാണ്ട് ചോദ്യം ചെയ്യൽ ശൈലിയിൽത്തന്നെ. ഇപ്പോൾ എന്നെക്കൂടാതെ ഒരാളെക്കൂടി പ്രതിചേർക്കാനാവുമോ എന്നാണ് അവർ നോക്കുന്നത്. അത് അതിന്റെ വഴിക്ക് നടക്കട്ടെ. ക്രൈംബ്രാഞ്ച് കേസ്സന്വേഷണത്തിന് ടീം രൂപീകരിച്ചു എന്നറിഞ്ഞതുമുതൽ പല മാധ്യമങ്ങളും വിവരങ്ങൾ ആരാഞ്ഞിരുന്നു.ഇപ്പോൾ ഒന്നും പറയാനില്ലന്നാണ് അവരോടൊക്കെ പ്രതികരിച്ചത്.

ഇതുവരെ അനുഭവിച്ച കാര്യങ്ങളിൽ യാതൊരുവിഷമവുമില്ല.പൂർവ്വികരായ ഗുരുക്കന്മമാർ ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണ്. കുറച്ചുദിവസം ആശുപത്രിയിൽക്കിടന്നതൊഴിച്ചാൽ എനിക്ക് ഇപ്പോൾ യാതൊരുകുഴപ്പവുമില്ല. സത്യം ഇന്നല്ലങ്കിൽ നാളെ കാലം തെളിക്കും. ഞാനൊന്നും പറഞ്ഞില്ലങ്കിലും സാധാരണക്കാർക്ക് കാര്യത്തിന്റെ പൊരുളെന്തെന്ന് ഏറെക്കുറെ മനസ്സിലായിട്ടുണ്ട്. എന്നെ ഈ നിലയിലേയ്ക്ക് കൊണ്ടുവരാൻ പരിശ്രമിച്ചവർ ഇപ്പോൾ വലിയ വിഷമം പിടിച്ച അവസ്ഥയിലാണെന്നാണ് ഞാന്മനസ്സിലാക്കുന്നത്. രാഷ്ട്രീയക്കാരായ അത്തരക്കാരിൽ ചിലരുടെ ഇന്നത്തെ അവസ്ഥപരിതാപകരമാണ്. ഇതിനുവേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല.എന്റെ നേട്ടത്തിനായി ഞാനൊന്നും ചെയ്തിട്ടില്ല.ഇനിചെയ്യുകയുമില്ല. അതിനൊട്ടുതാൽപര്യവുമില്ല. ഇപ്പോൾ യാതൊരുബുദ്ധിമുട്ടുമില്ല.

കുറച്ചുനാളായി എനിക്ക് വളരെ വിശ്വാസമുള്ള മൂകാംബിക ക്ഷേത്രസന്നിധിയിൽ ഉണ്ട്. പൂർവ്വികരായ ഗുരുക്കന്മാർക്ക് അനുഗ്രഹം ലഭിച്ച സ്ഥലമാണ്. പ്രത്യേക ഉദ്ദേശങ്ങളൊന്നുമില്ല.താമസിക്കാൻ കാശുമുടക്കില്ല. രണ്ട് നേരം ക്ഷേത്രത്തിൽ നിന്നും അന്നദാനമുണ്ട്. പേരുദോഷമുള്ളതിനാൽ കേരളത്തിൽൽ ഇരുന്നിട്ട് കാര്യമില്ലന്ന് ബോദ്ധ്യപ്പെട്ടിരുന്നു. ആരുമായും ആരു കാര്യത്തിനും ബന്ധപ്പെടാറില്ല.ഒരു സാഹായം ചോദിച്ച് ആരുടെ മുന്നിലും പോകാറുമില്ല. ഇവിടെയിപ്പോൾ ചിലരൊക്കെ കാണുമ്പോൾ നമസ്തെ പറയുന്നുണ്ട്. ഞാനാണ് പീഡിപ്പിക്കപ്പെട്ടത്. ഞാനാരെയും പീഡിപ്പിച്ചിട്ടില്ല.എന്നിട്ടും ക്രൂരമായ മാധ്യമ വിചാരണ നേരിടേണ്ടി വന്നു.കാരണമില്ലാതെ ജയിൽ വാസവും അനുഭവിക്കേണ്ടിവന്നു. പരാതി ഉണ്ടെങ്കിൽ എഴുതിനൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒന്നും വേണ്ടെന്നാണ് അന്ന് പൊലീസിനോട് പറഞ്ഞത്.ഇപ്പോഴും ഈ നിലപാടിന് മാറ്റമില്ല.

കഠിനമായ വേദനയും സഹിച്ച്,മൂത്രസഞ്ചിയുമായി 284 ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും എന്റെ മനസ്സിന്റെ ധൈര്യം ഒരു കണിക പോലും ചോർന്നിട്ടില്ല.ശരീരം പൂർവ്വസ്ഥിതിയിലായി.ഇപ്പോൾ പറയത്തക്ക ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.ആരെയും വിമർശിക്കാനില്ല. തലസ്ഥാനത്ത് ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലത്ത് ഒരു സ്മാരകം വേണമെന്ന് അതിയായ മോഹമുണ്ട്.ഇന്നല്ലങ്കിൽ നാളെ അത് യാഥാർത്ഥ്യമാവുമെന്നാണ് പ്രതീക്ഷ.അതിനായി ഇനിയും രംഗത്തിറങ്ങും.തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നാണ് പ്രാധാന ജാമ്യവ്യവസ്ഥ.ഇത് മാറിക്കിട്ടിുന്ന അവസരത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങളിൽ സജീവമാവാമെന്നാണ് കരുതുന്നത്. സ്വാമി കൂട്ടിച്ചേർത്തു.

സംഭവത്തിന് ശേഷം ചികത്സയിൽക്കഴിഞ്ഞിരുന്ന എറാണാകുളം സ്പെഷ്യലിറ്റ് ആശുപത്രി അധികൃതർ വിളിച്ചുചേർത്ത ഒരു പത്ര സമ്മേളനത്തിലാണ് ഒടുവിൽ സ്വാമി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.അന്ന് കേസ്സ് വിവരങ്ങളിൽ കാര്യമായി പ്രതികരിക്കാൻ സ്വാമി തയ്യാറായില്ല.പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് കാര്യമായ വിവരമൊന്നും പുറത്തുവന്നിരുന്നില്ല.ഇതിനിടെ ഏതാണ്ട് ഒരുവർഷം മുമ്പ് സ്വാമി തിരുനെല്ലിയിലുണ്ടെന്ന വിവരം കിട്ടി.

അന്വേഷിച്ചെത്തുമ്പോൾ സ്വാമി തിരുനെല്ലിയിലെ കൃഷിയിടത്തിലായിരുന്നു.ഇവിടെ സ്വാമിക്ക് മറ്റൊരുമുഖമായിരുന്നു.നല്ല കർഷകന്റെ ഇരുത്തം വന്ന ഭാവം.അന്ന് മറുനാടനുമായി സ്വാമി സംസാരിച്ചത് കൃഷിയിലേയ്ക്കെത്തിയതിന്റെ സാഹചര്യത്തെയും ലക്ഷ്യത്തെയും കുറിച്ചും മാത്രമായിരുന്നു.കേസിന്റെ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് ഒഴുക്കൻ മട്ടിൽ പ്രതികതരിച്ച് വഴുതുമാറുകയായിരുന്നു. 2017 മെയ് 20-ന്് ജനനേന്ദ്രിയം ഒട്ടുമുക്കാലും മുറിഞ്ഞ നിലയിലാണ് ഗംഗേശാനന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.23-ന് പേട്ട സി ഐ ഗംഗേശാനന്ദയെ അറസ്റ്റുചെയ്തു.തന്നേ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചുവെന്ന് 23-കാരി നൽകിയ മൊഴിയതിന്റെ അടിസ്ഥാനത്തിലാണ് സ്വാമിയെ അറസ്റ്റുചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.റിമാന്റ് ചെയ്യപ്പെട്ട സ്വാമി രണ്ട് ദിവസം ജയിലിൽക്കിടന്നു.പൊലീസ് കാവലിൽ 94 ദിവസത്തോളം മെഡിക്കൽ കോളേജിൽ ചികത്സിച്ചു.

ഇതിനിടയിൽ പരാതിക്കാരി ,പൊലീസ് വെളിപ്പെടുത്തിയ വിവരങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുന്നിലെത്തി. അയ്യപ്പദാസ് എന്ന തന്റെ അടുപ്പക്കാരനാണ് ഇത് ചെയ്തതെന്ന് യുവതി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നിലപാട് പെൺകുട്ടി കോടതിയിലും ആവർത്തിച്ചു.ഇതോടെ പൊലീസ് വെട്ടിലായി. ലോക്കൽ പൊലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇപ്പോഴും കേസ്സിൽ അന്വേഷണം തുടരുകയാണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP