Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേത്ര തന്ത്രിക്ക് പരമാധികാരം; ആചാരം ലംഘിച്ചാൽ രണ്ട് കൊല്ലം തടവ് ശിക്ഷ; ആചാര സംരക്ഷണ സമിതി ഓർഡിനൻസിന് വേണ്ടി നിലകൊള്ളുമ്പോൾ കരട് നിയമം തയ്യാറാക്കി യുഡിഎഫ് ഇടപെടൽ; നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ ആയുധം ശബരിമലയെന്ന് വ്യക്തമാക്കി കോൺഗ്രസ്; കരട് നിയമം മന്ത്രി ബാലന് കൈമാറുമെന്ന് തിരുവഞ്ചൂർ

ക്ഷേത്ര തന്ത്രിക്ക് പരമാധികാരം; ആചാരം ലംഘിച്ചാൽ രണ്ട് കൊല്ലം തടവ് ശിക്ഷ; ആചാര സംരക്ഷണ സമിതി ഓർഡിനൻസിന് വേണ്ടി നിലകൊള്ളുമ്പോൾ കരട് നിയമം തയ്യാറാക്കി യുഡിഎഫ് ഇടപെടൽ; നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ ആയുധം ശബരിമലയെന്ന് വ്യക്തമാക്കി കോൺഗ്രസ്; കരട് നിയമം മന്ത്രി ബാലന് കൈമാറുമെന്ന് തിരുവഞ്ചൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല അതിശക്തമായ പ്രചരണ വിഷയമാക്കാൻ ഉറച്ച് യുഡിഎഫ്. ശബരിമലയിൽ ആചാര സംരക്ഷണത്തിന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തു വിട്ടു. തന്ത്രിയെ ശബരിമലയുടെ പരമാധികാരിയാക്കും. ആചാരം ലംഘിച്ചാൽ രണ്ട് കൊല്ലം തടവും ശിക്ഷ നൽകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയുടെ ഭാഗമാണ് ഇത്. ഈ കരട് ഇടതു സർക്കാരിന് കൈമാറും. മന്ത്രി എകെ ബാലന് തയ്യാറാക്കിയ നിയമത്തിന്റെ കരട് നൽകുമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി പുതിയ നിയമ നിർമ്മാണം നടത്തി പ്രശ്‌നത്തിനു പരിഹാരം കാണുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ശബരിമല വിഷയത്തിൽ കോടതി ഉത്തരവിനുശേഷം എന്ത് നടപടിയാണ് സർക്കാർ സീകരിച്ചതെന്നു പറയണം. ജനങ്ങളുടെ കണ്ണിൽ സർക്കാർ പൊടിയിടുകയാണ്. പുതിയ നിയമ നിർമ്മാണമല്ലാതെ കോടതി വിധിയെ മറികടക്കാനാകില്ലെന്നു സർക്കാരിന് അറിയാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നിർമ്മാണത്തിനുള്ള കരട് പുറത്തു വിട്ടത്. ഇതോടെ ഈ കരടിൽ സിപിഎമ്മിന്റെ പ്രതികരണം അതീവ നിർണ്ണായകമാകും.


തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎയാണ് കരട് പുറത്തുവിട്ടത്. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ട് വർഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു. ശബരിമല നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാൻ യുഡിഎഫിനെ മന്ത്രി എ.കെ. ബാലൻ വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ കരട് യു.ഡി.എഫ്. പുറത്തുവിടണമെന്നും ഇക്കാര്യത്തിൽ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായായണ് കോൺഗ്രസ് തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎ പുറത്ത് വിട്ടത്.

പ്രമുഖ അഭിഭാഷകനും മുൻ ഡിജിപി ടി. ആസിഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ നിയമം ഉറപ്പായും നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ശബരിമലയിലെ ആചാരസംരക്ഷണം എന്നത് മുറുകെപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇതിന് പിന്നെലായാണ് കരട് യുഡിഎഫ് തയ്യാറാക്കുന്നത്.

വിഷയത്തിൽ യു.ഡി.എഫ് നിലപാട് സ്വാഗതാർഹമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പിടിവാശി ഉപേക്ഷിക്കണം. വിശ്വാസികൾക്ക് വിരുദ്ധമാണ് സംസ്ഥാന സർക്കാർ നിലപാട്. ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്‌നാട് ഓർഡിനൻസ് കൊണ്ടുവന്നതും സുപ്രീംകോടതി അതിന് മൗനാനുവാദം നൽകിയതും കീഴ്‌വഴക്കമായി നിലനിൽക്കുന്നുണ്ടെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു.

ശബരിമല വിഷയത്തിൽ ഇപ്പോൾ സുപ്രീംകോടതിയുടെ മനോഭാവം വിശ്വാസികൾക്ക് അനുകൂലമാണ്. സംസ്ഥാന സർക്കാർ ഒരു നിയമംകൂടി കൊണ്ടുവന്നാൽ കോടതിയിൽ അത് കേസിനെ ബലപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചതായും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ സർക്കാർ ഭക്തർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. നവോത്ഥാനത്തിന്റെ പേരിൽ നടത്തിയ ക്രൂരതയ്ക്ക് മാപ്പ് പറയണം. വിധി വന്നശേഷം സർക്കാർ ചർച്ച നടത്തിയിട്ട് എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

സർക്കാർ ഭക്തർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് അയ്യപ്പഭക്തന്മാരോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പ് പറയാൻ മുഖ്യമന്ത്രി തയാറാകുമോ. ഇടത് മുന്നണി നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുകയാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. ചെന്നിത്തലയുടെ കേരള ഐശ്വര്യ യാത്രയുടെ പ്രധാന പ്രചരണ വിഷയവും ശബരിമലയാണ്. ശബരിമല വിഷയത്തിൽ എല്ലാവരുമായും ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലയാണ് കരട് നിയമം യുഡിഎഫ് പുറത്തു വിട്ടത്.

സുപ്രീം കോടതി വിധി വരുമ്പോൾ അതനുസരിച്ച് എന്തുവേണമെന്ന് എല്ലാവരുമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. എല്ലാ അനുഭവങ്ങളും രാഷ്ട്രീയ പാർട്ടികൾ പരിഗണിക്കേണ്ടതുണ്ട്. നേരത്തെ കോടിതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പാർട്ടി പരിഗണിച്ചുവെന്നും എസ്ആർപി വ്യക്തമാക്കി. 'അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടി സമീപിക്കുന്നത്. സ്ഥാനാർത്ഥികൾക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യത പ്രധാനമാണ്. യുവതി യുവാക്കളും പരിചയ സമ്പന്നരും വ്യത്യസ്ത മേഖലകളിലെ വിദഗ്ധരും സ്ഥാനാർത്ഥികളായി വേണം. പൊതുവേ സ്വീകാര്യമായ സ്ഥാനാർത്ഥി പട്ടികയാണ് പാർട്ടി അവതരിപ്പിക്കുക'. സ്ഥിരമായി മത്സരിക്കുന്ന മുഖങ്ങളെ ഒഴിവാക്കുമെന്നും എസ്ആർപി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP