Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'അവനവനെ അളക്കുന്ന കുന്തം കൊണ്ട് മറ്റുള്ളവരെ അളക്കാൻ ശ്രമിച്ചാൽ എട്ടിന്റെ പണി കിട്ടും; ഇത് ജെനുസ്സ് വേറെയാണ്!!' യൂത്ത് ലീ​ഗിന് മറുപടിയുമായി മന്ത്രി കെ ടി ജലീൽ

'അവനവനെ അളക്കുന്ന കുന്തം കൊണ്ട് മറ്റുള്ളവരെ അളക്കാൻ ശ്രമിച്ചാൽ എട്ടിന്റെ പണി കിട്ടും; ഇത് ജെനുസ്സ് വേറെയാണ്!!' യൂത്ത് ലീ​ഗിന് മറുപടിയുമായി മന്ത്രി കെ ടി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

യൂത്ത്‌ലീഗ് നേതാക്കളെപ്പോലെ പിരിച്ച് മുക്കുന്ന ഏർപ്പാട് പണ്ടുമില്ല, ഇപ്പോഴുമില്ലെന്ന് മന്ത്രി കെ ടി ജലീൽ. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തിന് മറുപടിയായിട്ടാണ് മന്ത്രിയുടെ പ്രതികരണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തലകുത്തി മറിഞ്ഞിട്ട് പഴയ യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറിയിൽ കള്ളത്തരത്തിന്റെ ഒരു അണുമണിത്തൂക്കം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങന്മാരായി നടക്കുന്ന പുതിയ യൂത്ത്‌ലീഗ് നേതാക്കളെന്നും ജലീൽ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് ജലീലിന്റെ മറുപടി.

ജലീലിന്റെ കുറിപ്പ്

ഇമ്മിണി വലിയ താനൂർ പിരിവിന്റെ കണക്ക്!
-------------------------------------
വാട്ട്സ് അപ്പ് ഹർത്താലിനോടനുബന്ധിച്ച് താനൂരിൽ ചില അമുസ്ലിം സഹോദരങ്ങളുടെ കടകൾ അക്രമിക്കപ്പെട്ടത് ആരും മറന്നു കാണില്ല. അത് ചൂണ്ടിക്കാണിച്ച് മലപ്പുറത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിച്ചപ്പോൾ അതിനു തടയിടേണ്ടത് മലപ്പുറത്തുകാരൻ എന്ന നിലയിൽ എന്റെയും സ്ഥലം MLA എന്ന നിലയിൽ വി. അബ്ദുറഹിമാന്റെയും ചുമതലയാണെന്ന് ഞങ്ങൾ കരുതി. അങ്ങിനെയാണ് അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ട സഹോദര സമുദായത്തിലെ വ്യാപാരി സുഹൃത്തുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.

പ്രസ്തുത ഉദ്യമത്തിലേക്ക് എന്റെ വകയായി 25000/= രൂപ സ്വന്തമായി നൽകുമെന്ന് അന്നുതന്നെ ഞാൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. എന്റെ ചില സുഹൃത്തുക്കൾ അവർക്ക് കഴിയും വിധമുള്ള സംഖ്യകൾ വാഗ്ദാനം നൽകിയ വിവരവും അതേ കുറിപ്പിൽ അവരുടെ പേരും സംഖ്യയും സഹിതം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംശയമുള്ളവർ 2018 ഏപ്രിൽ 18 ലെ എന്റെ ഫേസ്‌ബുക്ക് പോസ്റ്റ് നോക്കുക.

താനൂർ സംഭവവുമായി ഒരാളുടെ കയ്യിൽ നിന്നും ഒരു രൂപ പോലും ഞാൻ വാങ്ങുകയോ ആരെങ്കിലും എന്നെ ഏൽപ്പിക്കുകയോ ചെയ്തിട്ടില്ല. സ്വയമേവ വാഗ്ദത്തം നൽകിയ 25000/= രൂപ താനൂർ MLA വി. അബ്ദുറഹിമാന് ദിവസങ്ങൾക്കുള്ളിൽ ഞാൻ കൈമാറുകയാണ് ഉണ്ടായത്. ഹർത്താലിൽ ഭാഗികമായി ആക്രമിക്കപ്പെട്ട KR ബേക്കറിക്കാർ, കെട്ടിട ഉടമയുമായി തുടർ വാടകക്കരാറിൽ ചില തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് സ്ഥാപനം നടത്തിക്കൊണ്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. കെ.ആർ ബാലൻ, തനിക്ക് നഷ്ടപരിഹാരം വേണ്ടെന്ന് നേരിട്ട് MLA യെ അറിയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സംഖ്യ വാഗ്ദാനം നൽകി പണമയക്കാത്തവരോട് ഇനി സംഭാവന അയക്കേണ്ടതില്ലെന്ന് MLA എന്നെ അറിയിച്ചു. അതിനിടയിൽ MLA ക്ക് ഞാനുൾപ്പടെ മൂന്നു പേർ വാഗ്ദാനം നൽകിയ പണം അയച്ച് കൊടുത്ത് കഴിഞ്ഞിരുന്നു. ഈ സംഖ്യ വിനിയോഗിച്ചതിന്റെ കണക്ക് ഞങ്ങളെ അദ്ദേഹം ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. നാസർ, അക്‌ബർ ട്രാവൽസ്: 50,000/= സലീം ചമ്രവട്ടം: 50,000/=, എന്റെ 25000/=, അങ്ങിനെ ആകെ ഒന്നേകാൽ ലക്ഷം രൂപയാണ് MLA യുടെ അക്കൗണ്ടിൽ ലഭിച്ചത്. നാസറിന്റെ സംഭാവനയിൽ നിന്ന് 25000/= രൂപ ടൗണിലെ കച്ചവടക്കാരൻ വീയാംവീട്ടിൽ വൈശാലി ചന്ദ്രനും, 25000/= രൂപ പടക്കക്കച്ചവടക്കാരൻ കാട്ടിങ്ങൽ ചന്ദ്രനും നൽകി. സലീമിന്റെയും എന്റെയും സംഭാവന എന്തു ചെയ്യണം എന്ന് MLA ചോദിച്ചു. തീരദേശത്തെ ഏതെങ്കിലും കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്ക് സഹായ ധനമായി നൽകാൻ ഞങ്ങൾ മറുപടിയും കൊടുത്തു. അപ്പോഴാണ് അബ്ദുറഹിമാൻ അദ്ദേഹം മുൻകയ്യെടുത്ത് താനൂർ പഴയ അങ്ങാടിയിലെ ജന്മനാ രണ്ട് കാലുകളും തളർന്ന, ആരോരുമില്ലാത്ത മാങ്ങാട്ടിൽ വീട്ടിൽ സഫിയക്ക് സ്ഥലം വാങ്ങി വീട് വെച്ച് കൊടുക്കുന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയത്. അതിലേക്കെടുക്കാൻ സന്തോഷത്തോടെ ഞങ്ങൾ സമ്മതിച്ചു.

സംഖ്യ വാഗ്ദാനം നൽകിയവരെല്ലാം ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരുടെ പേരുവിവരം എന്റെ പഴയ എഫ്ബി പോസ്റ്റിൽ നിന്ന് ആർക്കു വേണമെങ്കിലും എടുത്ത് അന്വേഷിക്കാം. ഒരു ചില്ലിപ്പൈസയെങ്കിലും അവരാരെങ്കിലും എന്നെ നേരിട്ട് ഏൽപിക്കുകയോ എന്റെ എക്കൗണ്ടിലേക്ക് അയക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യം തിരക്കാം. കേന്ദ്ര കോൺസ് നേതാക്കളിൽ പലരെയും കയ്യിലിട്ട് അമ്മാനമാടിയ സാക്ഷാൽ ED, തലകുത്തി മറിഞ്ഞിട്ട് പഴയ യൂത്ത്ലീഗ് ജനറൽ സെക്രട്ടറിയിൽ കള്ളത്തരത്തിന്റെ ഒരു അണുമണിത്തൂക്കം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങന്മാരായി നടക്കുന്ന പുതിയ യൂത്ത്ലീഗ് നേതാക്കൾ!

ലീഗ്‌ - യൂത്ത്ലീഗ് നേതാക്കളെപ്പോലെ പിരിച്ച് മുക്കുന്ന ഏർപ്പാട് എനിക്ക് പണ്ടുമില്ല, ഇപ്പോഴുമില്ല. മരണംവരെ ഉണ്ടാവുകയുമില്ല. നല്ല കാര്യങ്ങൾക്ക് സ്വയം സംഭാവന നൽകി പിന്നീട് മാത്രം മറ്റുള്ളവരോട് അഭ്യർത്ഥിക്കുന്ന ശീലമാണ് എന്നും എന്റേത്. യൂത്ത് ലീഗിന്റെ കത്വ - ഉന്നാവോ ബാലികമാരുടെ സഹായ ഫണ്ടിലേക്ക് സംഭാവന നൽകിയ, ഏതെങ്കിലുമൊരു യൂത്ത്ലീഗ് നേതാവിന്റെ പേര്, തെളിവ് സഹിതം പറയാനാകുമോ ലീഗിലെ "തട്ടിപ്പു തുർക്കി"കൾക്ക്?. കല്ല്കരട് കാഞ്ഞിരക്കുറ്റി മുതൽ മുള്ള്മുരട് മൂർഖൻപാമ്പുവരെയുള്ള യുവ സിങ്കങ്ങളോട്, ഒന്നേ പറയാനുള്ളൂ; അവനവനെ അളക്കുന്ന കുന്തം കൊണ്ട് മറ്റുള്ളവരെ അളക്കാൻ ശ്രമിച്ചാൽ എട്ടിന്റെ പണി കിട്ടും. ഇത് ജെനുസ്സ് വേറെയാണ്!!

 

ഇമ്മിണി വലിയ താനൂർ പിരിവിന്റെ കണക്ക്! ------------------------------------- വാട്ട്സ് അപ്പ് ഹർത്താലിനോടനുബന്ധിച്ച്...

Posted by Dr KT Jaleel on Friday, February 5, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP