Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഗൗരിയമ്മയെ ഇഎംഎസും കുട്ടപ്പനെ നായനാരും ജാതി പറഞ്ഞ് കളിയാക്കിയില്ലേ? ഷാനി മോളെയും രമ്യ ഹരിദാസിനെയും അപമാനിച്ചത് മറന്നോ? ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചത് ആരാണ്? മുല്ലപ്പള്ളിയുടെ അച്ഛനെ അട്ടംപരതി ഗോപാലൻ എന്നു പറഞ്ഞതും ഓർമ്മയില്ലേ?' മാസ് എൻട്രിയുമായി സുധാകരൻ; കണ്ണൂർ നേതാവിനൊപ്പം മുല്ലപ്പള്ളിയും

'ഗൗരിയമ്മയെ ഇഎംഎസും കുട്ടപ്പനെ നായനാരും ജാതി പറഞ്ഞ് കളിയാക്കിയില്ലേ? ഷാനി മോളെയും രമ്യ ഹരിദാസിനെയും അപമാനിച്ചത് മറന്നോ? ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചത് ആരാണ്? മുല്ലപ്പള്ളിയുടെ അച്ഛനെ അട്ടംപരതി ഗോപാലൻ എന്നു പറഞ്ഞതും ഓർമ്മയില്ലേ?' മാസ് എൻട്രിയുമായി സുധാകരൻ; കണ്ണൂർ നേതാവിനൊപ്പം മുല്ലപ്പള്ളിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും അതിന് ശേഷം യുഡിഎഫിന് കേരളത്തിൽ കൈവന്ന മേൽക്കെ വിഴുപ്പലക്കി ഇല്ലാതാക്കരുതെന്ന കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശത്തോടെ സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കളെല്ലാം കെ സുധാകരന് പിന്നിൽ അണിനിരക്കുന്നു. ഷാനിമോൾ ഉസ്മാൻ മുതൽ കെ സി വേണു​ഗോപാൽ വരെയുള്ള കോൺ​ഗ്രസ് നേതാക്കൾ പരസ്യമായി തന്നെ പിന്തുണച്ചതോടെ പൂർവാധികം ശക്തിയോടെ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ് കെ സുധാകരൻ. കണ്ണൂരിന്റെ കരുത്തൻ പാർട്ടി നേതൃത്വം ഏറ്റെടുത്താൽ കണ്ണൂർ ലോബി നയിക്കുന്ന സിപിഎമ്മിനെ തറപറ്റിക്കാനാകുമെന്ന് സാധാരണ പാർട്ടി പ്രവർത്തകർ മുതൽ ദേശീയ നേതൃത്വത്തിനെ വരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കെ സുധാകരനും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സുധാകരനെ പിന്തുണച്ച് രം​ഗത്തെത്തി.

കണ്ണൂർ രാഷ്ടീയത്തിന് ഒരു ശൈലിയുണ്ട്. അവിടെ സുധാകരൻ സിപിഎമ്മുമായി നേർക്കുനേർ പോരാട്ടത്തിലാണ്. കോൺഗ്രസിന്റെ ശക്തനായ പടയാളിയാണ് സുധാകരൻ. വസ്തുതാപരമായി മാത്രം സംസാരിക്കുന്നയാളാണ് സുധാകരനെന്നും മുല്ലപ്പള്ളി പറഞ്ഞു.സുധാകരൻ പറഞ്ഞതിനോടു വിയോജിപ്പു പ്രകടിപ്പിച്ച കോൺഗ്രസ് നേതാക്കളെല്ലാം തിരുത്തിയിട്ടുണ്ട്. അരൂർ എംഎൽഎ നിർവ്യാജം ക്ഷമ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് മറ്റു കോൺഗ്രസ് നേതാക്കളും പ്രതികരിച്ചത്. അവർക്കും ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയെ കൂടാതെ എഐസിസി ഭാരവാഹികൂടിയായ കെ സി വേണുഗോപാൽ, ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ്‌ സുധാകരൻ പറഞ്ഞതിനെ ന്യായീകരിച്ച്‌ രംഗത്ത്‌ എത്തിയത്‌. കോൺ​ഗ്രസ് നേതാക്കൾ തന്റെ പരാമർശത്തെ പിന്തുണച്ചതോടെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് കെ സുധാകരൻ വീണ്ടും ഉയർത്തിയത്. ഗൗരിയമ്മയെ ഇഎംഎസും കുട്ടപ്പനെ നായനാരും ജാതി പറഞ്ഞ് കളിയാക്കിയില്ലേ? ഷാനി മോളെയും രമ്യ ഹരിദാസിനെയും അപമാനിച്ചത് മറന്നോ? ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചത് ആരാണ്? മുല്ലപ്പള്ളിയുടെ അച്ഛനെ അട്ടംപരതി ഗോപാലൻ എന്നു പറഞ്ഞതും ഓർമ്മയില്ലേ? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയാണ് സുധാകരൻ ഇന്ന് രം​ഗത്തെത്തിയത്.

ആദരണീയയായ ശ്രീമതി ​​ഗൗരിയമ്മയെ ചോവോത്തി എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടില്ലേ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകൻ കുട്ടപ്പനെ ഹരിജൻ കുട്ടപ്പനെന്ന് വിളിച്ചിട്ടില്ലേ നായനാർ. ഷാനിമോൾ ഉസ്മാനെയും ലതികാ സുഭാഷിനെയും അപമാനിച്ചിട്ടില്ലേ. രമ്യാ ഹരിദാസിനെ എ വിജയരാഘവൻ അധിക്ഷേപിച്ചിട്ടില്ലേ. ആരെങ്കിലും തിരുത്തിയോ. നികൃഷ്ട ജീവിയെന്ന് വിളിച്ച് ബിഷപ് സമൂഹത്തെ അപമാനിച്ച ഈ മുഖ്യമന്ത്രി എന്ത് ആദരവാണ് അർഹിക്കുന്നത്. " സുധാകരൻ ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് കെ സുധാകരൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുയർത്തിയ രമേശ് ചെന്നിത്തലയും ഷാനിമോൾ ഉസ്മാനും നിലപാട് മാറ്റിയതിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം. അതേസമയം, താൻ പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പ്രതിപക്ഷ നേതാവും ഷാനിമോൾ ഉസ്മാനും പ്രസ്താവന തിരുത്തിയതിനെ ആദരവോടെ സ്വാ​ഗതം ചെയ്യുന്നെന്നും അ​ദ്ദേഹം പറഞ്ഞു. താൻ നടത്തിയത് ജാതി അധിക്ഷേപമല്ലെന്ന നിലപാട് ആവർത്തിച്ച കെ സുധാകരൻ, സിപിഎം നേതാക്കളുടെ വർ​ഗീയ പരാമർശങ്ങളെയും എടുത്ത് കാട്ടി.

"ആദരവ് അർഹിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്റെ മുഖ്യമന്ത്രി. ഞാൻ ജാതി പറഞ്ഞിട്ടില്ല. പിണറായിയുടെ അച്ഛൻ എന്തു തൊഴിലാണെടുത്തത്, അതിൽ എന്താണ് അപമാനം. ഞാനെവിടെയാണ് ജാതി പറഞ്ഞത്. എ കെ ബാലനുമൊക്കെ ഇപ്പോ രം​ഗത്തിറങ്ങിയിട്ടുണ്ട്. എത്ര ദിവസം കഴിഞ്ഞാണെന്ന് ഓർമ്മ വേണം നിങ്ങൾക്ക്. ചൊവ്വാഴ്ച ചാനലിൽ വന്ന എന്റെ പ്രസം​ഗത്തിന് സിപിഎമ്മുകാർ പ്രതികരിക്കുന്നത് വ്യാഴാഴ്ചയാണ്. ഈ രണ്ടു ദിവസം അവർ ഉറങ്ങിയോ. രണ്ട് ദിവസം കഴിഞ്ഞ് അവർക്ക് ബോധോദയം ഉണ്ടായത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അത് കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്ന് ഷാനിമോൾ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോൾ ഉസ്മാൻ യാതൊരു ആവശ്യവുമില്ലാത്ത ഒരു കാര്യത്തിൽ ഇടപെട്ടു. എന്തായാലും അവരത് തെറ്റ് മനസ്സിലാക്കി തിരുത്തി. ഞാനത് ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷനേതാവ് പറഞ്ഞതും തിരുത്തി. പാർട്ടിക്കകത്ത് അക്കാര്യത്തിൽ ഞാൻ സംതൃപ്തനാണ്.

അതേസമയം, കെ സുധാകരൻ ഉന്നയിച്ച വിവാദ പരാമർശത്തിനെതിരായ പ്രതികരണത്തിൽ ഷാനിമോൾ ഉസ്മാൻ ക്ഷമാപണം നടത്തിയിരുന്നു. ഇന്നലെ സുധാകരനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് ഇന്ന് നിലപാട് മാറ്റിയതിന് പിന്നാലെയാണ് കെ സുധാകരനെ വിമർശിച്ചത് തന്റെ പിഴയെന്ന് പറഞ്ഞ് ഷാനിമോൾ ഉസ്മാനും രം​ഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാനിമോളുടെ ഖേദപ്രകടനം. തന്റെ പ്രതികരണത്തിന് പിന്നിൽ ഒരു നേതാവിനും പങ്കില്ല. സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. വിവാദം അവസാനിപ്പിക്കണമെന്നും ഷാനിമോൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. ആവശ്യപ്പെട്ടു. നേരത്തെ സുധാകരന്റെ പരാമർശത്തെ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ സുധാകരൻ മാപ്പ് പറയണമെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചിരുന്നു.

നാടൻ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരൻ നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. പാർട്ടിക്കുള്ളിൽ ആലോചിച്ച് വേണം കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്രകടനങ്ങൾ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വംശീയ അധിക്ഷേപം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ മാപ്പ് പറയണമെന്നായിപുന്നു ഇന്നലെ ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടത്. പിണറായി വിജയന് എതിരെ 'ചെത്തുകാരന്റെ മകൻ' എന്ന പരാമർശമാണ് സുധാകരൻ നടത്തിയത്. തൊഴിലിനെ അപമാനിച്ച് സുധാകരൻ സംസാരിച്ചത് അങ്ങേയറ്റത്തെ തെറ്റാണെന്നും തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞിരുന്നു.

കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാം. എന്നാൽ, ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ നടത്തിയ പരാമർശം അങ്ങേയറ്റത്തെ തെറ്റായി പോയെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് താൻ സുധാകരനെ ഓർമപ്പെടുത്തുകയാണെന്നും ഷാനിമോൾ പറഞ്ഞിരുന്നു. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്നു സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആയിരുന്നു കെ. സുധാകരന്റെ പരാമർശം. തലശ്ശേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

'പിണറായി വിജയൻ ആരാ.. പിണറായി വിജയൻ ആരാണെന്ന് എനിക്കും നിങ്ങൾക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ… ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച് മുൻപിൽ നിന്ന പിണറായി വിജയൻ ഇന്ന് എവിടെ? പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ ചെത്തുകാരന്റെ വീട്ടിൽ നിന്ന് ഉയർന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഎമ്മിന്റെ നല്ലവരായ പ്രവർത്തകർ ചിന്തിക്കണം.’ എന്നായിരുന്നു കെ സുധാകരന്റെ പരാമർശം.

നേരത്തെ മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ചെന്നിത്തല ഇന്ന് രാവിലെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സുധാകരൻ ആരെയും അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ധൂർത്തിനെയാണ് തള്ളിപ്പറഞ്ഞത് എന്നായിരുന്നു ചെന്നിത്തല ഇന്ന് പറഞ്ഞത്. പിന്നാലെ ഷാനിമോൾക്കെതിരെ ആഞ്ഞടിച്ച് സുധാകരനും രംഗത്തെത്തി. ഷാനിമോൾ ഉസ്‌മാന് എന്താണ് ഇതിൽ ഇത്ര വിഷമമെന്നും കോൺഗ്രസ് നേതാക്കൾക്ക് എതിരെ പ്രസ്താവന വന്നപ്പോൾ ഉണ്ടാകാതിരുന്ന രോഷം പിണറായിയെ കുറിച്ച് പറയുമ്പോൾ വന്നതിൽ സംശയിക്കുന്നുവെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഇക്കാര്യം പരിശോധിക്കുന്നതിന് കെപിസിസി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് തന്റെ പ്രതികരണത്തിൽ ക്ഷമാപണം നടത്തിയും പ്രതികരണവുമായി പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയും ഷാനിമോൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP