Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാപ്പ് പറയണമെന്ന് ഇന്നലെ ആവശ്യപ്പെട്ടതിന് ഇന്ന് മാപ്പ് പറഞ്ഞത് ഷാനിമോൾ ഉസ്മാൻ; ചെന്നിത്തലക്ക് പിന്നാലെ വനിതാ നേതാവും നിലപാട് മാറ്റിയതോടെ കരുത്തൻ താൻ താനെന്ന് തെളിയിച്ച് കെ സുധാകരനും; കെസിയും പിന്തുണയുമായി രംഗത്ത്; പിണറായിയെ പള്ളു പറഞ്ഞ് പഴികേട്ട നേതാവ് കെപിസിസി പ്രസിഡന്റാകുമെന്ന അഭ്യൂഹം ശക്തം

മാപ്പ് പറയണമെന്ന് ഇന്നലെ ആവശ്യപ്പെട്ടതിന് ഇന്ന് മാപ്പ് പറഞ്ഞത് ഷാനിമോൾ ഉസ്മാൻ; ചെന്നിത്തലക്ക് പിന്നാലെ വനിതാ നേതാവും നിലപാട് മാറ്റിയതോടെ കരുത്തൻ താൻ താനെന്ന് തെളിയിച്ച് കെ സുധാകരനും; കെസിയും പിന്തുണയുമായി രംഗത്ത്; പിണറായിയെ പള്ളു പറഞ്ഞ് പഴികേട്ട നേതാവ് കെപിസിസി പ്രസിഡന്റാകുമെന്ന അഭ്യൂഹം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ ആദ്യം കെ സുധാകരനെ കുറ്റപ്പെടുത്തിയവരെല്ലാം നിലപാട് തിരുത്തുന്നു. ഇന്നലെ സുധാകരനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് ഇന്ന് നിലപാട് മാറ്റിയതിന് പിന്നാലെ കെ സുധാകരനെ വിമർശിച്ചത് തന്റെ പിഴയെന്ന് പറഞ്ഞ് ഷാനിമോൾ ഉസ്മാനും രം​ഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാനിമോളുടെ ഖേദപ്രകടനം. തന്റെ പ്രതികരണത്തിന് പിന്നിൽ ഒരു നേതാവിനും പങ്കില്ല. സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. വിവാദം അവസാനിപ്പിക്കണമെന്നും ഷാനിമോൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. ആവശ്യപ്പെട്ടു. നേരത്തെ സുധാകരന്റെ പരാമർശത്തെ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ സുധാകരൻ മാപ്പ് പറയണമെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചിരുന്നു.

നാടൻ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരൻ നടത്തിയതെന്ന്  എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. പാർട്ടിക്കുള്ളിൽ ആലോചിച്ച് വേണം കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്രകടനങ്ങൾ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വംശീയ അധിക്ഷേപം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ മാപ്പ് പറയണമെന്നായിപുന്നു ഇന്നലെ ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടത്. പിണറായി വിജയന് എതിരെ 'ചെത്തുകാരന്റെ മകൻ' എന്ന പരാമർശമാണ് സുധാകരൻ നടത്തിയത്. തൊഴിലിനെ അപമാനിച്ച് സുധാകരൻ സംസാരിച്ചത് അങ്ങേയറ്റത്തെ തെറ്റാണെന്നും തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞിരുന്നു.

കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാം. എന്നാൽ, ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ നടത്തിയ പരാമർശം അങ്ങേയറ്റത്തെ തെറ്റായി പോയെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് താൻ സുധാകരനെ ഓർമപ്പെടുത്തുകയാണെന്നും ഷാനിമോൾ പറഞ്ഞിരുന്നു. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്നു സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആയിരുന്നു കെ. സുധാകരന്റെ പരാമർശം. തലശ്ശേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

'പിണറായി വിജയൻ ആരാ.. പിണറായി വിജയൻ ആരാണെന്ന് എനിക്കും നിങ്ങൾക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ… ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച് മുൻപിൽ നിന്ന പിണറായി വിജയൻ ഇന്ന് എവിടെ? പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ ചെത്തുകാരന്റെ വീട്ടിൽ നിന്ന് ഉയർന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഎമ്മിന്റെ നല്ലവരായ പ്രവർത്തകർ ചിന്തിക്കണം.’ എന്നായിരുന്നു കെ സുധാകരന്റെ പരാമർശം.

നേരത്തെ മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ചെന്നിത്തല ഇന്ന് രാവിലെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സുധാകരൻ ആരെയും അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ധൂർത്തിനെയാണ് തള്ളിപ്പറഞ്ഞത് എന്നായിരുന്നു ചെന്നിത്തല ഇന്ന് പറഞ്ഞത്. പിന്നാലെ ഷാനിമോൾക്കെതിരെ ആഞ്ഞടിച്ച് സുധാകരനും രംഗത്തെത്തി. ഷാനിമോൾ ഉസ്‌മാന് എന്താണ് ഇതിൽ ഇത്ര വിഷമമെന്നും കോൺഗ്രസ് നേതാക്കൾക്ക് എതിരെ പ്രസ്താവന വന്നപ്പോൾ ഉണ്ടാകാതിരുന്ന രോഷം പിണറായിയെ കുറിച്ച് പറയുമ്പോൾ വന്നതിൽ സംശയിക്കുന്നുവെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഇക്കാര്യം പരിശോധിക്കുന്നതിന് കെപിസിസി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് തന്റെ പ്രതികരണത്തിൽ ക്ഷമാപണം നടത്തിയും പ്രതികരണവുമായി പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയും ഷാനിമോൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

കുറിപ്പിന്റെ പൂർണ രൂപം

കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നതുകൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്.

എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പാർട്ടിക്കുള്ളിൽ ​ഗൂഢാലോചനയെന്ന് കെ സുധാകരൻ

തന്റെ കെപിസിസി അധ്യക്ഷ സ്ഥാനം ഇല്ലായ്മ ചെയ്യാനാണ് ഈ ഗൂഡോലോചനയെന്നാണ് സുധാകരൻ പറയുന്നത്. സുധാകരനെ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ പകരം സുധാകരൻ എത്തുമെന്നാണ് സൂചന. ഇതിനെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എതിർക്കുന്നുണ്ട്. കെ മുരളീധരനെ പോലുള്ളവർക്ക് ഇത് അംഗീകരിക്കാനേ കഴിയുന്നില്ല.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ പരാമർശം ചർച്ചയായത്. പ്രസംഗിച്ചപ്പോൾ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ആർക്കും വേണ്ടി തന്റെ ശൈലി മാറ്റില്ല. താൻ കെപിസിസി പ്രസിഡന്റാകാതിരിക്കാൻ നീക്കമെന്നും കെ.സുധാകരൻ ആരോപിച്ചു. തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും. താൻ പറഞ്ഞത് പിൻവലിക്കണമെന്ന് പറയാൻ ഷാനിമോൾ ഉസ്മാൻ എംഎൽഎ ആരെന്ന് സുധാകരൻ ചോദിച്ചു. ഇതിനൊപ്പം രമേശ് ചെന്നിത്തലയേയും വിമർശിച്ചു. കോൺഗ്രസിൽ എല്ലാവരും തനിക്ക് എതിരാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്. ഇതോടെയാണ് ഐ ഗ്രൂപ്പിനെ നയിക്കുന്ന ചെന്നിത്തല സുധാകരനെ പിന്തുണച്ചെത്തിയത്.

തന്നെ വിമർശിക്കുന്നവരെ സുധാകരൻ കടന്നാക്രമിച്ചിരുന്നു. തന്നെ പരസ്യമായി വിമർശിക്കാൻ ഷാനിമോൾ കെപിസിസി പ്രസിഡന്റാണോ?. പറഞ്ഞത് ജാതിയല്ല, തൊഴിലിനെക്കുറിച്ചാണ്. ഒരു തൊഴിലാളിയുടെ മകനെന്ന് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകും..? അതുകൊണ്ട് തന്നെ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു. അതിനിടെ മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ വിവാദപരാമർശം പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി. ജനറൽസെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കൾ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. വിവാദത്തിൽ സുധാകരൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ എം.എൽഎ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവും പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഷാനിമോൾക്ക് മറുപടിയും പരാമർശത്തിൽ ന്യായീകരണവുമായി സുധാകരൻ വീണ്ടുമെത്തി. മുഖ്യമന്ത്രിക്ക് എതിരായ വിവാദപരാമർശത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണ് സുധാകരൻ മുമ്പോട്ട് പോകുന്നത്. വിവാദത്തിന് പിന്നിൽ പാർട്ടിയിലുള്ള ചിലർ തന്നെയെന്ന് തുറന്നടിച്ച സുധാകരൻ ഹൈക്കമാൻഡ് പ്രതിനിധിക്കും പ്രതിപക്ഷ നേതാവിനും എതിരായ വിമർശനങ്ങളിലും ഉറച്ചു നിന്നു.

മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്ന് സുധാകരന് പരാതിയുണ്ട്. നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി നടപടിയിലേക്ക് നീങ്ങിയാൽ, കടുത്ത നിലപാടിലേക്ക് കടക്കാൻ തന്നെയാണ് സുധാകരന്റെയും തീരുമാനം. പ്രതിപക്ഷ നേതാവിനെയും എഐസിസി സെക്രട്ടറിയെയും അടക്കം വിമർശിച്ച സാഹചര്യത്തിൽ സുധാകരന് എതിരെ നടപടി എടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലയിലാണ് എ ഗ്രൂപ്പ് നേതൃത്വം. മുഖ്യമന്ത്രിക്ക് എതിരായ പരാമർശം ജാതീയമല്ലെന്ന് വിശദീകരിക്കുന്ന സുധാകരൻ തിരുത്തില്ലെന്നും ആവർത്തിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് തന്നെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. എന്നാൽ തർക്കങ്ങൾ പുതിയ തലങ്ങളിലേക്ക് വികസിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ തലവേദന ഇരട്ടിയാക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നത് പാർട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. താൻ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാൻ പാർട്ടിക്കുള്ളിൽ ഗൂഢസംഘം പ്രവർത്തിക്കുന്നു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും കെ. സുധാകരൻ പറയുന്നു. വിമർശകരെ തൃപ്തിപ്പെടുത്താൻ താൻ ശൈലി മാറ്റില്ലെന്നും വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP