Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണവിലയിൽ അത്ഭുതകരമായ ഇടിവ് തുടരുന്നത് കേന്ദ്ര ബജറ്റിന് പിന്നാലെ; സ്വർണവില കുറയുന്നത് തുടർച്ചയായ അഞ്ചാം ദിവസം; ഇന്ന് മാത്രം രേഖപ്പെടുത്തിയത് 480 രൂപയുടെ കുറവ്; ഒരു പവൻ സ്വർണത്തിന് 35,000 രൂപ മാത്രം; ഇനിയും കുറയുമെന്ന ആഹ്ലാദത്തിൽ ആഭരണ പ്രേമികൾ

സ്വർണവിലയിൽ അത്ഭുതകരമായ ഇടിവ് തുടരുന്നത് കേന്ദ്ര ബജറ്റിന് പിന്നാലെ; സ്വർണവില കുറയുന്നത് തുടർച്ചയായ അഞ്ചാം ദിവസം; ഇന്ന് മാത്രം രേഖപ്പെടുത്തിയത് 480 രൂപയുടെ കുറവ്; ഒരു പവൻ സ്വർണത്തിന് 35,000 രൂപ മാത്രം; ഇനിയും കുറയുമെന്ന ആഹ്ലാദത്തിൽ ആഭരണ പ്രേമികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണവിലയിൽ അത്ഭുതകരമായ ഇടിവ്. തുടർച്ചയായി അഞ്ചാം ദിവസവും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,000ൽ എത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4375 ആയി. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്നാണ് സ്വർണ വില താഴേക്ക് ഇറങ്ങിത്തുടങ്ങിയത്.

ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ഇതുവരെ 1840 രൂപയാണ് സ്വർണ വില കുറഞ്ഞത്. തുടർച്ചയായ അഞ്ചു ദിവസമാണ് വിലയിൽ ഇടിവുണ്ടായത്. ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ സ്വർണ വില കുറയുന്നത്.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നുള്ളത്. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ കുറവ് വരുമെന്നും സ്വർണ കള്ളക്കടത്ത് പോലും കുറയാൻ കാരണമാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർധിക്കുന്നത് ഉൾപ്പെടെയുള്ള ​ഗുണകരമായ നീക്കങ്ങൾ ഇതുമൂലം ആഭരണ വ്യവസായത്തിൽ വന്നുചേരുമെന്നാണ് വ്യവസായികളും പ്രതീക്ഷിക്കുന്നത്.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഇത് കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന അഭിപ്രായം നേരത്തേ തന്നെ ഉയർന്നിരുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. ഏകദേശം 250 ടണ്ണിലധികം സ്വർണമാണ് കള്ളക്കടത്തായി രാജ്യത്തേക്ക് വരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 950 ലക്ഷം കോടി രൂപയുടെ 1,500 ടൺ കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തലുകൾ സുചിപ്പിക്കുന്നത്.

ഇറക്കുമതി സ്വർണത്തിന്റെ വില കുറയുന്നതോടെ കള്ളക്കടത്തിലും കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ. ഡ്യൂട്ടി ഒഴിവാക്കി സ്വർണം എത്തിക്കുന്നതാണ് സ്വർണക്കടത്തിലെ ലാഭം. തീരുവ 7.5 ശതമാനമാക്കിയത് സ്വർണക്കള്ളക്കടത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ആഭ്യന്തര വിപണിയിൽ ആവശ്യം കൂട്ടും. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണി, 60 ലക്ഷത്തോളം പേരുടെ ഉപജീവന മാർഗം കൂടിയാണ്. തീരുവ കുറച്ചതു സ്വർണവിപണിക്ക് ഉത്തേജനമാകുമെന്നു വ്യാപാരികൾ അഭിപ്രായപ്പെട്ടു.

2004 ൽ രണ്ട് ശതമാനം ആയിരുന്ന ഇറക്കുമതിച്ചുങ്കം പിന്നീട് 10 ശതമാനമായി വർദ്ധിപ്പിച്ചു. പിന്നീടത് ഇത് 12:5 ശതമാനമായും ഉയർത്തി. നികുതി വരുമാനം വർദ്ധിപ്പിക്കാനെന്നാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അഭിപ്രായപ്പെ‌ട്ടത്. 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി ചുങ്കം. 2019 ജൂലൈയിൽ ഉണ്ടായിരുന്ന 10 ശതമാനമായി കുറയ്ക്കുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണു സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2020ൽ 1,88,280 കോടി രൂപയുടെ 446.4 ടൺ മഞ്ഞലോഹം ഇന്ത്യ വാങ്ങിയെന്നാണു വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്. കോവിഡും ലോക്ഡൗണും ഒപ്പം വിലയിലുണ്ടായ കുതിപ്പും കാരണം കഴിഞ്ഞവർഷം ആഭ്യന്തര സ്വർണം വാങ്ങൽ കുറഞ്ഞിരുന്നു.

ഇന്ത്യൻ സംസ്‌കാരവുമായി ഈ മഞ്ഞ ലോഹത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. ഏത് മതസ്ഥരായാലും ഉത്സവാഘോഷങ്ങളിലും ജനനം, ഗ്രാജുവേഷൻ, വിവാഹനിശ്ചയം, വിവാഹം തുടങ്ങിയ പ്രത്യേകാവസരങ്ങളിലും സമ്മാനമായി നൽകാൻ ആദ്യപരിഗണന നൽകുക സ്വർണ്ണത്തിനായിരിക്കും. മാത്രമല്ല, ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള ഏതൊരു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും സ്വർണ്ണത്തിന് അമിതമായ പ്രാധാന്യമുണ്ട്.

ഇനിയൊന്നു, ഭാവിയിലേക്കായുള്ള സമ്പാദ്യമായാണ് ഇന്ത്യാക്കാർ, ഗ്രാമീണ കർഷകർ മുതൽ നഗരങ്ങളിലെ വ്യാപാരികൾവരെ സ്വർണ്ണത്തെ കാണുന്നത്. ആപത്ത് കാലത്ത് പണയം വയ്ക്കാനും മറ്റുമായി അവർ അതിനെ ഉപയോഗിക്കുന്നു. പണം നേടുവാൻ മറ്റ് സ്വത്തുക്കൾ വിറ്റഴിക്കുന്നതിനുള്ള നീണ്ട പ്രക്രിയകളൊന്നും സ്വർണ്ണത്തിന്റെ കാര്യത്തിലില്ല. ഉദാഹരണത്തിന് ഒരു അത്യാവശ്യത്തിന് നിങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം നിങ്ങൾ വിൽക്കുവാൻ തീരുമാനിച്ചാൽ റെജിസ്ട്രേഷൻ പോലുള്ള പ്രക്രിയകൾ ഉണ്ട്. എന്നാൽ അതൊന്നുമില്ലാതെ തന്നെ സ്വർണം നിങ്ങൾക്ക് വിൽക്കാനാകും.

ഈ സവിശേഷതകൾ മൂലം ഇന്ത്യയിലെ സ്വർണ്ണവിപണി വർഷം മുഴുവനും സജീവമായിരിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ തന്നെ സ്വർണ്ണകേന്ദ്രം എന്നറിയപ്പെടുന്ന സവേരി ബസാർ. മുംബൈയിലെ സവേരി ബസാറിൽ 20,000 സ്വർണ്ണവ്യാപാരികളിൽ നിന്നായി സ്വർണം വാങ്ങുവാൻ ദിനംപ്രതി ഏകദേശം അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കൾ എത്താറുണ്ടെന്നാണ് കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP