Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെതർലണ്ട് മുഴുവൻ കാണിച്ചിട്ടും സഹായിച്ചില്ലെന്ന് ഓർത്ത് നിരാശ; പ്രധാനമന്ത്രിക്ക് കൊടുക്കേണ്ട പരിഗണന മുഖ്യമന്ത്രിക്ക് കൊടുത്ത നയതന്ത്രജ്ഞനെ കൈവിട്ട് പിണറായി; വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകുന്നത് ഐഎഎസ്-ഐപിഎസ് ലോബിയുടെ കരുത്തിൽ; വേണു രാജാമണി വട്ടിയൂർക്കാവിൽ പ്രതികാരത്തിന് ഇറങ്ങുമോ?

നെതർലണ്ട് മുഴുവൻ കാണിച്ചിട്ടും സഹായിച്ചില്ലെന്ന് ഓർത്ത് നിരാശ; പ്രധാനമന്ത്രിക്ക് കൊടുക്കേണ്ട പരിഗണന മുഖ്യമന്ത്രിക്ക് കൊടുത്ത നയതന്ത്രജ്ഞനെ കൈവിട്ട് പിണറായി; വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകുന്നത് ഐഎഎസ്-ഐപിഎസ് ലോബിയുടെ കരുത്തിൽ; വേണു രാജാമണി വട്ടിയൂർക്കാവിൽ പ്രതികാരത്തിന് ഇറങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകുമ്പോൾ മുൻ അംബാസിഡർ വേണു രാജാമണി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും നിയമമന്ത്രി എ.കെ.ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഓൺലൈനിലൂടെയാണ് സമിതി യോഗം ചേർന്നത്. വേണു രാജാമണിയെ മറികടന്നാണ് വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകുന്നത്. ഇത് വേണു രാജാമണി തീരെ പ്രതീക്ഷിച്ചിരുന്നതല്ല.

വിശ്വാസ് മേത്ത ഈ മാസം 28-ന് വിരിമിക്കാനിരിക്കവെയാണ് പുതിയ ചുമതല. അപേക്ഷിച്ച പതിനാല് പേരിൽ നിന്നാണ് വിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്. നെതർലൻഡ് അംബാസിഡർ ആയിരുന്ന വേണുരാജാമണി അടക്കം അപേക്ഷിച്ചിരുന്നു. സമിതി നിർദ്ദേശിച്ച വിശ്വാസ് മേത്തയുടെ പേര് ഗവണർണർക്ക് കൈമാറും. വിൻസൺ എം.പോൾ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. അന്തിമ ലിസ്റ്റിൽ രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് ചീഫ് സെക്രട്ടറിയെ പരിഗണിച്ചത്. വിവാദങ്ങളിൽ എ്ല്ലാം സർക്കാരനെ പ്രതിരോധിച്ച ഐഎഎസുകാരനായിരുന്നു വിശ്വാസ് മേത്ത.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു വേണു രാജാമണിയും. കിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഈ ഒഴിവിലേക്ക് അപേക്ഷിച്ചത്. നിർണ്ണായക ഘട്ടത്തിൽ പിന്തുണ കിട്ടിയില്ല. ഇത് വേണു രാജാമണിയെ വേദനിപ്പിക്കുന്നുണ്ട്. കോൺഗ്രസുകാരനായിരുന്നു വേണു രാജാമണി. പ്രണാബ് മുഖർജി പ്രസിഡന്റായിരിക്കെ രാഷ്ട്രപതി ഭവനിൽ നിർണ്ണായക പദവിയും വഹിച്ചു. എന്നാൽ പിണറായി അധികാരത്തിൽ എത്തിയപ്പോൾ ഇടതിനോടായി താൽപ്പര്യം. പ്രളയാനന്തര കേരളം കെട്ടിപ്പെടുക്കാനായി വിദേശത്ത് മുഖ്യമന്ത്രി പിണറായിയെ അവതരിപ്പിച്ചതിലും നിർണ്ണായക പങ്കുവഹിച്ചു. പിണറായിയുടെ ബ്രാൻഡ് ബിൽഡിംഗിലും നിർണ്ണായക സഹായം ചെയ്തു. എന്നാൽ ഇതൊന്നും മുഖ്യ വിവരാവകാശ കമ്മീഷണറാകാൻ തുണച്ചില്ല.

ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് ആലോചന. പഴയ കോൺഗ്രസുകാരൻ എന്ന നിലയിൽ യുഡിഎഫിന് വേണ്ടി മത്സരിക്കാനാണ് സാധ്യത. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതിനിടെ വേണു രാജമണിയുടെ കോൺഗ്രസ് പശ്ചാത്തലം കാരണമാണ് മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് പിണറായി പരിഗണിക്കാത്തതെന്ന വാദവും സജീവമാണ്. ഐഎഎസുകാരും ഐപിഎസുകാരും ഒരുമിച്ച് വിശ്വാസ് മേത്തയ്ക്ക് വേണ്ടി നിലകൊണ്ടതും രാജാമണിക്ക് വിനയായി. ഉദ്യോഗസ്ഥരെ പിണക്കാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഇതാണ് വേണു രാജാമണിക്ക് വിനയായത്.

വേണു രാജാമണിയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ യുഡിഎഫ് നീക്കം സജീവമാണ്. എന്നാൽ മത്സര രംഗത്തേക്കില്ലെന്ന നിലപാടിലായിരുന്നു തുടക്കത്തിൽ വേണു രാജാമണി. കേന്ദ്ര നേതൃത്വത്തെ ഉൾപ്പടെ ഇടപെടുത്തി വേണു രാജാമണിയെ അനുനയിപ്പിച്ച് ഉപതെരെഞ്ഞെടുപ്പിൽ കൈവിട്ട വട്ടിയൂർക്കാവ് പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം. ഇതിന് ഇനി പച്ചക്കൊടി കാട്ടുമെന്നാണ് സൂചന. സിവിൽ സർവ്വീസിന് മുൻപ് കോളേജ് പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്നു വേണു രാജാമണി. മഹാരാജാസ് കോളേജിൽ കെഎസ് യുവിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ പഠനകാലത്ത് വൈസ്‌ചെയർമാനായും രാഷ്ട്രീയത്തിൽ തിളങ്ങി.

പിന്നീട് സിവിൽ സർവ്വീസ് കാലത്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് കേരളത്തിലേക്ക് മടങ്ങിയ വേണു രാജാമണിയെ വീണ്ടും കൂടെ നിർത്താനാണ് പഴയ രാഷ്ട്രീയ സുഹൃത്തുകളുടെ നീക്കം. സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് ഇല്ലെന്ന് വേണു രാജാമണി വ്യക്തമാക്കുമ്പോഴും യുഡിഎഫിന്റെ സ്ഥാനാർത്ഥി പരിഗണന പട്ടികയിൽ അദ്ദേഹത്തിന്റെ പേരുമുണ്ട്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണ ചർച്ചകൾ യുഡിഎഫ് നടത്തുമ്പോൾ ഇക്കാര്യത്തിൽ അന്തിമ രൂപമാവുമെന്നാണ് കരുതുന്നത്.

നെതർലൻഡ്‌സിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്ന വേണു രാജാമണി വിദേശകാര്യ സർവീസിൽ നിന്നു വിരമിച്ചത് ഡിസംബറിലാണ്.1986 ഐഎഫ്എസ് ബാച്ചുകാരനായ വേണു, നെതർലൻഡ്‌സിൽ നിയമിക്കപ്പെടുംമുൻപ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയായിരുന്നു. 2007 മുതൽ 3 വർഷം ദുബായിൽ കോൺസൽ ജനറലായിരുന്നു. ചൈനയിലെയും ഹോങ്കോങ്ങിലെയും സ്ഥാനപതികാര്യാലയങ്ങളിലും ജനീവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഇന്ത്യൻ മിഷനിലും പ്രവർത്തിച്ചു.

വാഷിങ്ടനിലെ സ്ഥാനപതികാര്യാലയത്തിൽ പൊളിറ്റിക്കൽ കൗൺസലർ, ഡൽഹിയിൽ ധനമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, വിദേശകാര്യ മന്ത്രാലയത്തിൽ ചൈനാവിഭാഗം ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചു. മാധ്യമപ്രവർത്തകനായിരിക്കെയാണ് വേണു ഐഎഫ്എസിലേക്കു വന്നത്. പ്രമുഖ അഭിഭാഷകൻ പരേതനായ കെ.എസ്. രാജാമണിയുടെ പുത്രനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP