Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതു മുന്നണി വികസിപ്പിക്കാതെ രക്ഷയില്ലെന്നു തിരിച്ചറിഞ്ഞ് സിപിഐ(എം); ദള്ളിനേയും കേരളാ കോൺഗ്രസിനേയും ആർഎസ്‌പിയേയും തിരിച്ചു കൊണ്ടുവരാൻ ശ്രമം; വല്ല്യേട്ടൻ സ്വഭാവം ഇനി കാണിക്കില്ലെന്ന് ഉറപ്പു നൽകി; കെ എം മാണിയോട് സംസാരിക്കാൻ പ്രത്യേക ദൂതൻ

ഇടതു മുന്നണി വികസിപ്പിക്കാതെ രക്ഷയില്ലെന്നു തിരിച്ചറിഞ്ഞ് സിപിഐ(എം); ദള്ളിനേയും കേരളാ കോൺഗ്രസിനേയും ആർഎസ്‌പിയേയും തിരിച്ചു കൊണ്ടുവരാൻ ശ്രമം; വല്ല്യേട്ടൻ സ്വഭാവം ഇനി കാണിക്കില്ലെന്ന് ഉറപ്പു നൽകി; കെ എം മാണിയോട് സംസാരിക്കാൻ പ്രത്യേക ദൂതൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കരയിലെ എം വിജയകുമാറിന്റെ തോൽവിയോടെ ഇടതു മുന്നണി വിപുലീകരണമെന്ന ആവശ്യത്തോട് സിപിഐ(എം) നേതൃത്വവും അനുകൂല നിലപാടിലാകും. മലബാറിലെ കരുത്ത് ചോരാതിരിക്കാൻ വീരേന്ദ്ര കുമാറിന്റെ ജനദാദള്ളിനേയും തെക്കൻ കേരളത്തിൽ ശക്തരാകാൻ ആർഎസ്‌പിയേയും ഒപ്പം കൂട്ടണമെന്ന അഭിപ്രായമാണ് സിപിഎമ്മിൽ സജീവമാകുന്നത്. ഈ രണ്ട് കക്ഷികളേയും മുന്നണിയിൽ തിരികെയെത്തിക്കാൻ സിപിഐ(എം) തന്നെ മുൻകൈയെടുക്കും. ഇതിനൊപ്പം ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കെ എം മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിക്കാനും ആലോചനയുണ്ട്. ബാർ കോഴയിൽ മാണിയെ കോടതിയും കുറ്റവിമുക്തനാക്കുന്ന സാഹചര്യമൊരുക്കി ഇടതു പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇടതു പക്ഷ ദൂതന്മാർ ഈ ലക്ഷ്യവുമായി മാണിയെ സമീപിച്ചു കഴിഞ്ഞു. എന്നാൽ അരുവിക്കരയിലെ ജയത്തോടെ വലതു പക്ഷ രാഷ്ട്രീയം കരുത്തായി. പിന്നെ എന്തിന് കൂറുമാറണമെന്ന ചോദ്യമാണ് ദൂതന്മാരോട് മാണി ഉയർത്തുന്നത്.

അരുവിക്കര തോൽവിയിൽ കടുത്ത നിരാശയിലാണ് സിപിഐ(എം). വിജയകുമാറിനെ പോലെ കരുത്തനെ നിർത്തിയിട്ടും തോൽവിയുണ്ടായി. അരുവിക്കരയിൽ നേരത്തെ മത്സരിച്ചിരുന്നത് ആർഎസ്‌പിയാണ്. അവർക്ക് കാര്യമായ സ്വാധീനം മണ്ഡലത്തിലുണ്ടായിരുന്നു. കൊല്ലം ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായി ആർഎസ്‌പി ഘടകം അരുവിക്കരയിലും പ്രവർത്തിച്ചു. എൻ കെ പ്രേമചന്ദ്രനെ പോലൊരു നേതാവിനെ മികച്ച രീതിയിൽ അരുവിക്കരയിൽ ഉപയോഗിച്ചു. മണ്ഡലത്തിലുടനീളം സജീവമായിരുന്നു പ്രേമചന്ദ്രൻ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ അരുവിക്കര പ്രചരണത്തിൽ നിറഞ്ഞത് ആർഎസ്‌പിയുടെ നേതാവാണ്. ശബരിനാഥന്റെ പത്രികാ സമർപ്പണം മുതൽ എല്ലായിടത്തും പ്രേമചന്ദ്രന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇതിലൂടെ ആർഎസ്‌പി വോട്ടുകളെല്ലാം ശബരിനാഥന് അനുകൂലമായി സമാഹരിച്ചു. ഈ തന്ത്രം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൊല്ലത്തും തിരുവനന്തപുരത്തും ഇടതു പക്ഷത്തിന് തിരിച്ചടിയുണ്ടാകും.

ഈ വിലയിരുത്തലിൽ നിന്നാണ് ഇടതുമുന്നണിയുടെ വികസനമെന്ന ചർച്ചകളിലേക്ക് കാര്യങ്ങളെത്തുന്നത്. സിപിഐയും മറ്റ് ഘടകകക്ഷികളും മുന്നണി വിപുലീകരണത്തിന് അനുകൂലമാണ്. സിപിഐയുടെ സി ദിവാകരൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്‌പിയെയും ജെഡിയുവിനെയും അടിയന്തരമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ മുന്നണി നേതൃത്വം ചെയ്യണം. ഇവർക്കൊപ്പം മറ്റു പാർട്ടികളെയും ഉൾപ്പെടുത്തി എൽഡിഎഫ് അടിത്തറ വികസിപ്പിക്കണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടു. ഇടതുപക്ഷം സമരശൈലിയും പ്രവർത്തനശൈലിയും മാറ്റാൻ തയ്യാറാകണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടു. യുവാക്കളെ ആകർഷിക്കാൻ പ്രത്യേക പരിപാടി വേണം. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണം. അരുവിക്കരയിലേത് എൽഡിഎഫിന്റെ തോൽവിയാണ്. ഈ തോൽവിയിൽ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും സി ദിവാകരൻ പറഞ്ഞു.

ആർഎസ്‌പിയെ ഇടതു മുന്നണിയുടെ അനിവാര്യതയാണെന്നാണ് സിപിഐ വിലയിരുത്തുന്നത്. എന്നാൽ സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവത്തിനെ അംഗീകരിക്കില്ലെന്ന് ആർഎസ്‌പി വ്യക്തമാക്കി കഴിഞ്ഞു. ശൈലിമാറ്റത്തിന് സിപിഐ(എം) തയ്യാറാകില്ലെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. അതുകൊണ്ട് തന്നെ മടങ്ങിപോക്കിനുമില്ല. എന്നാൽ ശൈലിമാറ്റമുണ്ടായാൽ മടങ്ങിപ്പോക്കിന് ആർഎസ്‌പി തയ്യാറാകുമെന്നാണ് സൂചന. ആർ എസ് പി ഉൾപ്പടെയുള്ള കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന സി ദിവാകരന്റെ ആവശ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നു എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിലേക്കു പോകാൻ ആർഎസ്‌പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അർഎസ്‌പിയുടെ ദേശീയ നേതൃത്വത്തിന് ഇടതു മുന്നണിയോടാണ് താൽപ്പര്യം. ഈ മനസ്സ് അനുകൂലമാക്കാനാകും സിപിഐ(എം) നീക്കം. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇതിന് നേതൃത്വം നൽകും. വല്ല്യേട്ടൻ മനോഭാവം ആർഎസ്‌പിയോട് കാട്ടില്ലെന്ന് യെച്ചൂരി ഉറപ്പും നൽകും.

എന്നാൽ വീരേന്ദ്ര കുമാറിന്റെ ജനതാദള്ളിനെ മുന്നണിയിൽ അടുപ്പിക്കുന്നതിന് കോടിയേരി ബാലകൃഷ്ണൻ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. വ്യക്തമായ ഉറപ്പുകൾ നൽകി വീരേന്ദ്ര കുമാറിനെ കൊണ്ടു വരാനാണ് നീക്കം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലുൾപ്പെടെ മികച്ച പരിഗണന നൽകാമെന്ന് ജെഡിയു നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ഇടതു പക്ഷത്തുള്ള മാത്യു ടി തോമസിന്റെ നേതൃത്വത്തിലെ ജനതാദള്ളും വീരേന്ദ്രകുമാറിനെ മുന്നണിയിൽ എത്തിക്കുന്നതിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പ്രതിസന്ധികളൊന്നും ഇടതു പക്ഷത്തിനില്ല. മലബാറിൽ മികച്ച പ്രകടനത്തിന് വീരേന്ദ്ര കുമാറിനെ ഒപ്പം കൂട്ടണമെന്ന അഭിപ്രായം സിപിഎമ്മിന്റെ കോഴിക്കോട് ഘടകത്തിനുമുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള ചർച്ചകൾ തുടങ്ങുകയും ചെയ്തു. എന്നാൽ ശബരിനാഥന്റെ വിജയത്തോടെ എല്ലാ ഘടകങ്ങളും ചിന്തിച്ചു മാത്രമേ വീരേന്ദ്ര കുമാർ തീരുമാനം എടുക്കൂ. മന്ത്രി കെപി മോഹനൻ ഇടതു പക്ഷത്തിന് എതിരാണെന്നതും വീരേന്ദ്ര കുമാറിന് തീരുമാനം എടുക്കാൻ തടസ്സം നിൽക്കുന്നുണ്ട്.

പിസി ജോർജ്ജും ആർ ബാലകൃഷ്ണപിള്ളയുമാണ് ഇടതു പക്ഷത്തിന് മുന്നിലുള്ള രണ്ട് പ്രധാനികൾ. ഇതിൽ കൊട്ടരക്കര, പത്തനംതിട്ട മേഖലകളിൽ നിർണ്ണായക വോട്ട് ബാങ്കായ പിള്ളയെ ഇടതുപക്ഷത്തിനൊപ്പം കൂട്ടുമെന്നാണ് സൂചന. പത്തനാപുരത്ത് ഗണേശിനുള്ള ജനസമ്മതിയും സിപിഐ(എം) തിരിച്ചറിയുന്നുണ്ട്. എന്നാൽ പിസി ജോർജിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. അരുവിക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി ജോർജ് അപഹാസ്യനായി. പൂഞ്ഞാറിലെ ചില മേഖലകളിൽ മാത്രമേ ജോർജിന് സ്വാധീനമുള്ളത്. കെ എം മാണിയെ മുന്നണിയിലെത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനാൽ ജോർജിൽ തീരുമാനം ഉടൻ ഉണ്ടാകില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടകൾ ഇടതു പക്ഷത്ത് എത്തിക്കാൻ മാണിയാണ് ഗുണകരമെന്നാണ് വിലയിരുത്തൽ. സിപിഐയെ പിണക്കാതെ മാണിയെ എത്തിക്കുകയാണ് നീക്കം. പിജെ ജോസഫിനെ അടർത്തിയെടുത്ത് ഇടതുപക്ഷത്ത് എത്തിക്കുക നടക്കാത്ത കാര്യമാണെന്നും സിപിഐ(എം) തിരിച്ചറിയുന്നു.

ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ ദൂതന്മാർ മാണിക്കടുത്ത് എത്തുന്നത്. ബാർ കോഴയിലെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതൃത്വത്തിനെ കുറ്റപ്പെടുത്തി മുന്നണി വിടാനാണ് മാണിയോടുള്ള നിർദ്ദേശം. വിജിലൻസ് അന്വേഷണത്തിനെതിരെ കോടതി പരമാർശമുണ്ടായാൽ വി എസ് അച്യുതാനന്ദന് പോലും മാണിയെ എതിർക്കാനാകില്ലെന്നാണ് സിപിഐ(എം) ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ടാണ് കരുനീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP