Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഖദറിട്ട് ബലം പിടിച്ചുനടന്നാൽ പോരെന്ന് പറയാറുള്ള നേതാവിന് ഈവട്ടം പിഴച്ചോ? പിണറായിക്കെതിരായ ചെത്തുകാരന്റെ മകൻ പരാമർശം കെ.സുധാകരനെ തിരിഞ്ഞുകുത്തുന്നു; പരാമർശം തെറ്റല്ലെന്ന നിലപാട് ചെന്നിത്തല മാറ്റിയതോടെ പൊട്ടിത്തെറിച്ച് കണ്ണൂർ നേതാവ്; വിവാദം പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമെന്നും താൻ കെപിസിസി പ്രസിഡന്റ് ആകാതിരിക്കാനുള്ള നീക്കമെന്നും രോഷം കൊള്ളൽ; പരിധി വിടരുതെന്ന് താരിഖ് അൻവറിന്റെ മുന്നറിയിപ്പ്

ഖദറിട്ട് ബലം പിടിച്ചുനടന്നാൽ പോരെന്ന് പറയാറുള്ള നേതാവിന് ഈവട്ടം പിഴച്ചോ? പിണറായിക്കെതിരായ ചെത്തുകാരന്റെ മകൻ പരാമർശം കെ.സുധാകരനെ തിരിഞ്ഞുകുത്തുന്നു; പരാമർശം തെറ്റല്ലെന്ന നിലപാട് ചെന്നിത്തല മാറ്റിയതോടെ പൊട്ടിത്തെറിച്ച് കണ്ണൂർ നേതാവ്; വിവാദം പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമെന്നും താൻ കെപിസിസി പ്രസിഡന്റ് ആകാതിരിക്കാനുള്ള നീക്കമെന്നും രോഷം കൊള്ളൽ;  പരിധി വിടരുതെന്ന് താരിഖ് അൻവറിന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ 'ചെത്തുകാരന്റെ മകൻ' എന്ന കെ.സുധാകരന്റെ പരാമർശം സിപിഎമ്മിനേക്കാൾ കോളിളക്കമുണ്ടാക്കിയത് കോൺഗ്രസിൽ. ഇതുതാൻ കെപിസിസി പ്രസിഡന്റ് ആകാതിരിക്കാനുള്ള നീക്കമെന്നാണ് സുധാകരൻ വ്യാഖ്യാനിക്കുന്നത്. ആദ്യം ഷാനി മോൾ ഉസ്മാനെതിരെ ആഞ്ഞടിച്ച സുധാകരൻ പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമർശിച്ചു. താൻ ജാതി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ വിവാദപരാമർശം പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽസെക്രട്ടറി താരിഖ് അൻവർ. കോൺഗ്രസ് നേതാക്കൾ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.

ഷാനിമോൾ ഉസ്മാന്റെ വിമർശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമർശമെന്നാണ് സുധാകരന്റെ പരാതി. തന്റെ പരാമർശം തെറ്റല്ലെന്ന് ഇന്നലെ പറഞ്ഞ രമേശ് ചെന്നിത്തല ഇന്ന് നിലപാടു മാറ്റുകയായിരുന്നു. പ്രസംഗിച്ചപ്പോൾ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ആർക്കും വേണ്ടി തന്റെ ശൈലി മാറ്റില്ല. താൻ കെപിസിസി പ്രസിഡന്റാകാതിരിക്കാൻ നീക്കമെന്ന് കെ.സുധാകരൻ ചാനൽ പരിപാടിയിൽ ആരോപിച്ചു.

തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും. താൻ പറഞ്ഞത് പിൻവലിക്കണമെന്ന് പറയാൻ ഷാനി മോൾ ഉസ്മാൻ എംഎൽഎ ആരെന്ന് സുധാകരൻ ചോദിച്ചു. തന്നെ പരസ്യമായി വിമർശിക്കാൻ ഷാനിമോൾ കെപിസിസി പ്രസിഡന്റാണോ?. പറഞ്ഞത് ജാതിയല്ല, തൊഴിലിനെക്കുറിച്ചാണ്. ഒരു തൊഴിലാളിയുടെ മകനെന്ന് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകും..? അതുകൊണ്ട് തന്നെ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

സുധാകരന്റെ പരാമർശം തലശേരിയിൽ

'പിണറായി വിജയൻ ആരാ.. പിണറായി വിജയൻ ആരാണെന്ന് എനിക്കും നിങ്ങൾക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ... ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച് മുൻപിൽ നിന്ന പിണറായി വിജയൻ ഇന്ന് എവിടെ?

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ ചെത്തുകാരന്റെ വീട്ടിൽ നിന്ന് ഉയർന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഎമ്മിന്റെ നല്ലവരായ പ്രവർത്തകർ ചിന്തിക്കണം.' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.

'മൂന്ന് ദിവസമായി ഇങ്ങനെ പറഞ്ഞിട്ട്. എന്നിട്ട് അത് സിപിഎം വിനിയോഗിച്ചിട്ടില്ലാലോ. സിപിഎം വിഷയമാക്കേണ്ടിടത്ത് കോൺഗ്രസ്സിന്റെ നേതാക്കൾ വിഷയമാക്കുന്നതിന്റെ രഹസ്യമെന്താണ്. എന്താണവരുടെ താത്പര്യം. കെപിസിസി നേതൃത്വത്തിന് ഞാൻ കത്തയച്ചിട്ടുണ്ട്. ഈ പരാമർശത്തിൽ താൻ ഒരു തെറ്റും പറഞ്ഞിട്ടില്ല. എനിക്ക് അപാകം തോന്നിയിട്ടില്ല. ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു'. കോൺഗ്രസ് പാർട്ടി ഈ വിഷയത്തിൽ നിലപാടെടുക്കട്ടെ എന്നും സുധാകരൻ പറഞ്ഞു.

കുലത്തൊഴിൽ പറഞ്ഞതിൽ എന്താണ് തെറ്റെന്നും എത്രയോ നേതാക്കന്മാർ കൂലിത്തൊഴിലാളിയുടെ മകനാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നും സുധാകരൻ തന്റെ പരാമർശത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞു. 'അതിലെന്ത് ജാതിയാണുള്ളത്. ചെത്തുകാരനെന്നത് ജാതിയാണോ. ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. അതിന്റെ തെറ്റും ശരിയും ഞാൻ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല', കെ. സുധാകരൻ പറഞ്ഞു.

ചെത്ത് തൊഴിലാളി എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. സംസ്ഥാനത്തിന്റെ പൊതു ഫണ്ട് ദുരുപയോഗം ചെയ്ത് സ്വന്തം സുഖത്തിന് ദുരുപയോഗിക്കുന്നു. അതാണ് താൻ അർഥമാക്കിയത്. 18 കോടിയാണ് ഹെലികോപ്ടറിനായി ചെലവഴിച്ചത്. കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർ ഹെലികോപ്ടറിലാണോ യാത്രചെയ്തത് എന്നും സുധാകരൻ ചോദിച്ചു.

മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വംശീയ അധിക്ഷേപം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ എം എൽ എ ആവശ്യപ്പെട്ടിരുന്നു. തൊഴിലിനെ അപമാനിച്ച് സുധാകരൻ സംസാരിച്ചത് അങ്ങേയറ്റത്തെ തെറ്റാണെന്നും തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാം. എന്നാൽ, ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ നടത്തിയ പരാമർശം അങ്ങേയറ്റത്തെ തെറ്റായി പോയെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് താൻ സുധാകരനെ ഓർമപ്പെടുത്തുകയാണെന്നും ഷാനിമോൾ പറഞ്ഞു.

വിവാദ പ്രസംഗം സുധാകരന് തടസ്സമാകുമോ?

പാർട്ടിയിലെ എതിരാളികൾ തക്ക അവസരം നോക്കി അടിക്കുകയാണ്. നാക്കുപിഴയെന്ന് സുധാകരൻ സമ്മതിക്കുന്നില്ലെങ്കിലും, പരാമർശം അനുചിതമായെന്നാണ് പല നേതാക്കളുടെയും മനസ്സിലിരുപ്പ്. കെപിസിസി വർക്കിങ് പ്രസിഡന്റായ സുധാകരനെ രാഹുൽ ഗാന്ധി വിളിപ്പിച്ചതോടെ പ്രസിഡന്റ് പദവി ലഭിക്കുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. എന്നാൽ, വിവാദ പ്രസംഗം അതിന് തടയിടുമോ എന്നാണ് കണ്ടറിയേണ്ടത്.

ഐശ്വര്യകേരള യാത്രക്ക് ഇതുവരെ ലഭിച്ച സമ്മാനതകളില്ലാത്ത സ്വീകരണവും ജനക്കൂട്ടവും യുഡിഎഫിന്റെ പ്രതീക്ഷകളെ വീണ്ടും ഉണർത്തിയിട്ടുണ്ട്. ഈ സമയം തന്നെ അണികൾ നിരന്തരം ആവശ്യപ്പെടുന്ന കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന നിർദ്ദേശവും അംഗീകരിച്ചാൽ അത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ യുഡിഎഫിന് കൂടുതൽ കരുത്താകുമെന്ന് തീർച്ചയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പില്ലെന്ന് ഇതിനോടകം ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.മത്സരിക്കുന്നുണ്ടെങ്കിൽ കൽപ്പറ്റയാവും തിരഞ്ഞെടുക്കുക എന്നുള്ള സൂചനകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥിയുണ്ടാകും. എന്നാൽ അത് താനോണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പാർട്ടി മൽസരിക്കാൻ ആവശ്യപ്പെട്ട സമയത്തെല്ലാം അനുസരിച്ചിട്ടേയുള്ളൂവെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പറഞ്ഞിരുന്നത്.കൽപ്പറ്റയിൽ മുല്ലപ്പള്ളി മൽസരിക്കുന്നുവെന്ന വാർത്തയ്ക്കിടെ സീറ്റിനായി ലീഗ് അവകാശവാദമുന്നയിച്ചതായി ചില നേതാക്കൾ പ്രതികരിച്ചിരുന്നു. ആവശ്യമെന്തായാലും സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP