Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലഭാസ്‌ക്കറിന്റെ അപകട മരണം: ഡ്രൈവർ അർജുൻ ഏപ്രിൽ 7ന് ഹാജരാകാൻ കോടതി ഉത്തരവ്; സിബിഐ സമർപ്പിച്ച കുറ്റപത്രം വെള്ളം ചേർത്തതെന്ന് ആരോപണം; അർജ്ജുനെതിരെ ചുമത്തിയത് നിസ്സാര വകുപ്പ്

ബാലഭാസ്‌ക്കറിന്റെ അപകട മരണം: ഡ്രൈവർ അർജുൻ ഏപ്രിൽ 7ന് ഹാജരാകാൻ കോടതി ഉത്തരവ്; സിബിഐ സമർപ്പിച്ച കുറ്റപത്രം വെള്ളം ചേർത്തതെന്ന് ആരോപണം; അർജ്ജുനെതിരെ ചുമത്തിയത് നിസ്സാര വകുപ്പ്

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഡ്രൈവർ അർജുൻ. കെ. നാരായണനെന്ന അപ്പുവിനെ ഏപ്രിൽ 7 ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്രേട്ട് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്‌പിയോടാണ് അർജുനെ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്. അതേ സമയം സിബിഐ വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിച്ചതായ ആരോപണം ഉയർന്നിട്ടുണ്ട്. ഉപേക്ഷയാലുള്ള മരണം ചുമത്തി നിസ്സാര വകുപ്പായ 304 എ ആണ് ചുമത്തിയിട്ടുള്ളത്. കുറ്റ സ്ഥാപനത്തിൽ 2 വർഷം വരെ മാത്രം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണിത്.

കഴക്കൂട്ടം ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വഴിയേ തന്നെയാണ് സിബിഐയും സഞ്ചരിച്ചതെന്നാണ് ഇത് തെളിയിക്കുന്നത്. ബാലഭാസ്‌ക്കറിന്റെയും മകളുടെയും വാഹന അപകട മരണത്തിൽ കാറോടിച്ച ഡ്രൈവർ അർജുനെതിരെ കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ കുറ്റം 304 (2) സിബിഐ കുറ്റപത്രത്തിൽ ചേർത്തിട്ടില്ല. മരണം സംഭവിപ്പിച്ച ഡ്രൈവിങ് കൃത്യം മരണം സംഭവിപ്പിക്കാാൻ ഇടയുള്ളതാണെന്നുള്ള അറിവോടു കൂടിയും എന്നാൽ മരണം സംഭവിപ്പിക്കണമെന്നോ മരണമോ മരണം സംഭവിപ്പിക്കുവാൻ ഇടയുള്ള തരത്തിലുള്ള ശാരീരിക ക്ഷതമോ ഉളവാക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടു കൂടാതെയും ചെയ്ത് മരണം സംഭവിപ്പിക്കുന്നതാണ് വകുപ്പ് 304 (2).

സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് മരണം സംഭവിപ്പിച്ച കേസിൽ ആദ്യം മ്യൂസിയം പൊലീസ് ഇപ്പോൾ സിബിഐ ചെയ്ത മോഡൽ വകുപ്പ് 304 എ ആണ് എഫ്‌ഐആറിൽ ചുമത്തിയത്. കേസ് അട്ടിമറിച്ചതിനെതിരെ മാധ്യമ വാർത്തകൾ വന്നതിനെ തുടർന്ന് വകുപ്പ് 304 (2) ആക്കി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

വകുപ്പ് 304 (2) പത്തുവർഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഫെബ്രുവരി 3 നാണ് കുറ്റപത്രം സമർപ്പിച്ചത്. അർജുനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (2)വകുപ്പ് ചുമത്തിയിട്ടില്ല. സാധാരണ റോഡപകട മരണത്തിന് ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 (പൊതുവഴിയിൽ സാഹസമായി വാഹനം ഓടിക്കൽ) , 337 (ദേഹോപദ്രവമേൽപ്പിക്കൽ), 338 ( കഠിനമായ ദേഹോപദ്രവമേൽപ്പിക്കൽ), 304 എ (ഉപേക്ഷയാൽ മരണം സംഭവിപ്പിക്കൽ) എന്നിവ മാത്രം ചുമത്തിയുള്ള്ളതാണ് സിബിഐ കുറ്റപത്രം.

അതേ സമയം ചിലർക്ക് ക്ഷതം ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജമായ കുറ്റാരോപണം ഉന്നയിച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിച്ചതിന് കലാഭവൻ സോബിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 211 പ്രകാരം കേസ് എടുക്കണമെന്ന ആവശ്യം സിബിഐ കുറ്റപത്രത്തിൽ ഉന്നയിച്ചിട്ടുണ്ട്. ബാല ഭാസ്‌ക്കറിന്റെ മരണത്തിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നും അപകട സ്ഥലത്ത് അവരുടെ സാന്നിധ്യം താൻ കണ്ടുവെന്നുമായിരുന്നു സോബിയുടെ മൊഴി. നുണപരിശോധനാ ഫലങ്ങൾ സോബിക്കെതിരാണെന്നും സി ബി ഐ കുറ്റപത്രത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP