Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലായിലെ മാണിക്യമാകാൻ ജോസ് കെ മാണിയെ മാണി സി കാപ്പനും പിന്തുണയ്ക്കും; ശരദ് പവാർ പറഞ്ഞാൽ പാലായിൽ നിന്ന് മാറുമെന്ന് മാണി സി കാപ്പൻ; പിജെ ജോസഫിനെ നിരാശനാക്കി എൻസിപി നേതാവിന്റെ പ്രഖ്യാപനം; ഫലം കണ്ടത് പിണറായിക്ക് വേണ്ടി യെച്ചൂരി നടത്തിയ നയതന്ത്രം; കാപ്പൻ അയയുമ്പോൾ അഴിയുന്നത് ഇടതിലെ കുരുക്ക്

പാലായിലെ മാണിക്യമാകാൻ ജോസ് കെ മാണിയെ മാണി സി കാപ്പനും പിന്തുണയ്ക്കും; ശരദ് പവാർ പറഞ്ഞാൽ പാലായിൽ നിന്ന് മാറുമെന്ന് മാണി സി കാപ്പൻ; പിജെ ജോസഫിനെ നിരാശനാക്കി എൻസിപി നേതാവിന്റെ പ്രഖ്യാപനം; ഫലം കണ്ടത് പിണറായിക്ക് വേണ്ടി യെച്ചൂരി നടത്തിയ നയതന്ത്രം; കാപ്പൻ അയയുമ്പോൾ അഴിയുന്നത് ഇടതിലെ കുരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇടതുപക്ഷത്ത് ഉറച്ച് നിൽക്കാനാണ് എൻസിപിയുടെ തീരുമാനം. പാർട്ടി പിളർത്താൻ മാണി സി കാപ്പനും തയ്യാറല്ല. പാലായിൽ വിട്ടു വീഴ്ചയുടെ സൂചന നൽകി സിറ്റിങ് എംഎൽഎ. എൻസിപി അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടാൽ പാലാ സീറ്റ് ആർക്കു വേണമെങ്കിലും വിട്ടു നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. ഇതോടെ ഇടതു പക്ഷത്ത് പിളർപ്പിന്റെ ആശങ്ക ഒഴിയുകയാണ്. പാലായിൽ യുഡിഎഫിന് വേണ്ടി മാണി സി കാപ്പൻ ഉറപ്പായും മത്സരിക്കുമെന്ന് പറഞ്ഞ കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫിനും പണി കിട്ടി. ജോസ് കെ മാണിയെ പിന്തുണയ്ക്കാൻ മാണി സി കാപ്പാനും ഇത്തവണ പാലായിലുണ്ടാകും. ഇടത് സീറ്റ് വിഭജനത്തിലെ ഏറ്റവും വലിയ കീറാമുട്ടിയാണ് വിട്ടൊഴിയുന്നത്.

പാലാ സീറ്റ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകാമെന്ന് സിപിഎം ഉറപ്പു നൽകിയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ പാലായിൽ ജയിച്ച മാണി സി കാപ്പൻ പരസ്യമായി എതിർത്തു. എന്തു വന്നാലും പാല വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. മാണി സി കാപ്പൻ യുഡിഎഫിന് വേണ്ടി മത്സരിക്കുമെന്ന് പിജെ ജോസഫും അറിയിച്ചു. ഇതോടെ ഇടതുപക്ഷത്ത് പ്രതിസന്ധിയായി. എൻസിപിയിലെ പിളർപ്പിനെ സിപിഎം ഗൗരവത്തോടെ എടുത്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ട് നയതന്ത്രത്തിന് ഇറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി യെച്ചൂരി നടത്തിയ നീക്കം ഫലം കണ്ടു. ഇതോടെ ഇടതുപക്ഷത്ത് ഉറച്ചു നിൽക്കാൻ എൻസിപി തീരുമാനിച്ചു. അപ്പോഴും മാണി സി കാപ്പൻ പാർട്ടി വിടുമെന്ന സൂചനകളെത്തി. ഇതാണ് മാണി സി കാപ്പനും തള്ളുന്നത്.

ശരത് പവാർ പറഞ്ഞാൽ പാല വിട്ടു കൊടുക്കുമെന്ന് മാണി സി കാപ്പൻ പറയുമ്പോൾ ഇടതുപക്ഷത്താണ് ആശ്വാസം. ഇനി അതിവേഗം സീറ്റ് വിഭജനം പൂർത്തിയാകും. മാണി സി കാപ്പന് ജയം ഉറപ്പുള്ള സീറ്റോ രാജ്യസഭാ സീറ്റോ കിട്ടും. ഒപ്പം എൻ സി പിയുടെ അധ്യക്ഷ സ്ഥാനവും. പീതാംബരൻ മാസ്റ്റർ പ്രായാധിക്യത്തിന്റെ അവശതയിലാണ്. അതുകൊണ്ട് പുതിയ പ്രസിഡന്റ് എൻസിപിക്ക് ഉടൻ എത്തും. ഈ ദൗത്യം മാണി സി കാപ്പനെ ശരത് പവാർ ഏൽപ്പിക്കുമെന്നാണ് സൂചന. യെച്ചൂരിയുടെ ഇടപെടലാണ് ശരത് പവാറിനെ ഇടതുപക്ഷത്ത് ഉറപ്പിച്ചു നിർത്തുന്നത്. തദ്ദേശത്തിലെ വിജയം കേരളത്തിൽ പിണറായിക്ക് തുടർഭരണം കിട്ടുമെന്നതിന്റെ സൂചനയായി പവാർ കാണുന്നു.

ഇടത് മുന്നണിയിൽ തന്നെ തുടരുമെന്ന് എൻസിപി ദേശീയ നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. നാല് സീറ്റുകളിലും മത്സരിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു.. പാലാ ഇല്ലെങ്കിൽ മറ്റൊരു സുരക്ഷിത മണ്ഡലവും രാജ്യസഭാ സീറ്റും നൽകണമെന്ന് എൻസിപി ഉപാധി വച്ചതായാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനുമായും ഇടത് മുന്നണി നേതാക്കളുമായും ഉടൻ ചർച്ച നടത്തുമെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലും വ്യക്തമാക്കി ഈ ഫോർമുല അംഗീകരിക്കപ്പെടും. ഇതിന്റെ ഗുണം മാണി സി കാപ്പന് കിട്ടുകയും ചെയ്യും. ജോസ് കെ മാണി രാജിവയ്ക്കുന്ന ഒഴിവിൽ മാണി സി കാപ്പൻ രാജ്യസഭയിൽ എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. അതോ മറ്റൊരു സീറ്റ് മാണി കാപ്പന് നൽകുമോ എന്നതിലും വ്യക്തത വരണം.

പാലാ സീറ്റിനെ ചൊല്ലി പാർട്ടിയിൽ ഉടലെടുത്ത തർക്കം പരിഹരിക്കാൻ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ വിളിച്ച യോഗത്തിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വരവ്.. സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ, മന്ത്രി എ കെ ശശീന്ദ്രൻ, മാണി സി കാപ്പൻ എംഎൽഎ എന്നിവരുമായും യെച്ചൂരിയുമായും ശരദ് പവാർ ഒരു മണിക്കൂറോളം ചർച്ച നടത്തി..എൻസിപി മുന്നണി വിടരുതെന്ന് യെച്ചൂരി നേതാക്കളോട് പറഞ്ഞു.. പാലാ ഉൾപ്പെടെ നിലവിൽ മത്സരിക്കുന്ന നാല് സീറ്റുകളിലും മത്സരിക്കണമെന്ന് ശരദ് പവാർ യച്ചൂരിയെ അറിയിച്ചു.. പാല സീറ്റിന്റെ കാര്യത്തിൽ സംസ്ഥാനത്ത് വിശദമായി ചർച്ച ചെയ്യാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്..പാലാ നൽകില്ലെങ്കിൽ വിട്ടുവീഴ്ചയ്ക്ക് എൻസിപി ഉപാധികൾ വച്ചു. ഇത് യെച്ചൂരി അംഗീകിച്ചു.

പാലാ സീറ്റിനെചൊല്ലി പാർട്ടിക്കുള്ളിൽ തർക്കം തുടരുന്നുണ്ടെന്നായിരുന്നു ചർച്ചകൾക്ക് മുൻപ് ടിപി പീതാംബരന്റെ പ്രതികരണം എൻസിപി യിൽ വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന സന്ദേശമാണ് യെച്ചൂരിയുടെ യോഗത്തിലേക്കുള്ള വരവ് സൂചിപ്പിക്കുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വാദം. ഇതിന് ശേഷം പാല വിട്ടു കൊടുക്കുമെന്ന് മാണി സി കാപ്പൻ തന്നെ പ്രഖ്യാപിക്കുകയാണ്. ഇതോടെ യെച്ചൂരിയുടെ നയതന്ത്രം വിജയിക്കുകയാണ്. പിണറായിയുമായി ആലോചിച്ചായിരുന്നു യെച്ചൂരിയുടെ നീക്കങ്ങൾ. എന്തുവന്നാലും എൻസിപിയെ ഇടതു പക്ഷത്ത് ഉറപ്പിച്ച് നിർത്താൻ പിണറായി തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു യെച്ചൂരിയുടെ ഇടപെടൽ.

പാലായിലെ ജോസ് കെ മാണിയുടെ അവകാശ വാദം നൂറു ശതമാനവും ന്യായമാണെന്നാണ് സിപിഎം നിലപാട്. അതുകൊണ്ടാണ് പാലാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് തന്നെ നൽകുന്നത്. കോട്ടയത്ത് കേരളാ കോൺഗ്രസിനുള്ള സ്വാധീനം കൂടി തിരിച്ചറിഞ്ഞാണ് ഇത്. 50 കൊല്ലത്തിലേറെ മാണി കൈവശം വച്ച പാലായിൽ വിട്ടു വീഴ്ചയില്ലെന്ന് ജോസ് കെ മാണിയും പലാവർത്തി പറഞ്ഞു. ഇത് അംഗീകരിച്ച് പാലാ കേരളാ കോൺഗ്രസിന് നൽകുമ്പോൾ എൻസിപിയും ഒടുവിൽ അത് അംഗീകരിക്കും. മാണിയുടെ മരണത്തിന് ശേഷം പാലായിലെ മാണിക്യമായി മാണി സി കാപ്പൻ മാറി. എന്നാൽ ജോസ് കെ മാണിയുടെ വരവോടെ സീറ്റ് ജോസിനാകുന്നു.

എൻസിപിയെ പിളർത്തി യുഡിഎഫിലേക്ക് കൊണ്ടു വന്ന് പാലായിൽ മാണി സി കാപ്പനെ മത്സരിക്കാനാണ് ജോസഫ് നീക്കം നടത്തിയത്. ജോസഫ് സീറ്റ് പരസ്യമായി കാപ്പന് നൽകുകയും ചെയ്തു. തുടക്കത്തിൽ എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ പീതാംബരൻ മാസ്റ്ററും കാപ്പനെ പിന്തുണച്ചു. എൻസിപിയുടെ ദേശീയ നേതാവ് ശരത് പവാറിന്റെ പിന്തുണയോടെ മറുകണ്ടം ചാടാമെന്ന് കരുതി. എന്നാൽ ഗതാഗത മന്ത്രി കൂടിയായ എകെ ശശീന്ദ്രൻ കരുതലോടെ കാത്തിരുന്നു. തദ്ദേശത്തിലെ ഫലം ഇടതിന് അനുകൂലമായ സാഹചര്യത്തിൽ ശശീന്ദ്രൻ നടത്തിയ മുംബൈ ഓപ്പറേഷൻ വിജയിച്ചു. െ

ദേശീയ തലത്തിൽ കോൺഗ്രസ് ദുർബലമാണ്. കേരളത്തിലും തദ്ദേശത്തിൽ സംഭവിച്ചത് അതു തന്നെയാണ്. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള വിഷയമുണ്ടായിട്ടും സിപിഎം നേതൃത്വം നൽകുന്ന മുന്നണി ജയിച്ചു. അതുകൊണ്ട് കേരളത്തിൽ സിപിഎമ്മിനെ വിട്ടു കളിക്കില്ല. പാലാ പോയാൽ പകരം സീറ്റ് ചോദിച്ചു വാങ്ങും. ജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം മാത്രമേ മുമ്പോട്ട് വയ്ക്കൂ. കുട്ടനാടും ആർക്കും വിട്ടുകൊടുക്കില്ല. അങ്ങനെ സീറ്റ് നഷ്ടം ഉണ്ടാകാതെ ഇടതു പക്ഷത്ത് തുടരാനാണ് പവാറിനും താൽപ്പര്യം. ഇത് മാണി സി കാപ്പനും അംഗീകരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP