Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആസൂത്രണ സമിതികളിലൂടെ ലക്ഷ്യമിട്ടത് കിഴക്കമ്പലത്തെ പോലെ മഴൂവന്നൂരിന്റെ അതിവേഗ വികസനം; അഞ്ച് 20-20 അംഗങ്ങളും പഞ്ചായത്തിന് പുറത്തുനിന്നുള്ള വിദഗ്ധരും സമിതിയിൽ എത്തിയത് നിയമം പാലിച്ചും; കിറ്റക്‌സിന്റെ രാഷ്ട്രീയ മോഡൽ ഇനിയും വളരുമോ എന്ന് രാഷ്ട്രീയ ആശങ്ക; സാബു ജേക്കബിനെ സിപിഎം ഭയക്കുന്നത് എന്തുകൊണ്ട്?

ആസൂത്രണ സമിതികളിലൂടെ ലക്ഷ്യമിട്ടത് കിഴക്കമ്പലത്തെ പോലെ മഴൂവന്നൂരിന്റെ അതിവേഗ വികസനം; അഞ്ച് 20-20 അംഗങ്ങളും പഞ്ചായത്തിന് പുറത്തുനിന്നുള്ള വിദഗ്ധരും സമിതിയിൽ എത്തിയത് നിയമം പാലിച്ചും; കിറ്റക്‌സിന്റെ രാഷ്ട്രീയ മോഡൽ ഇനിയും വളരുമോ എന്ന് രാഷ്ട്രീയ ആശങ്ക; സാബു ജേക്കബിനെ സിപിഎം ഭയക്കുന്നത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: കിറ്റക്‌സും ട്വന്റി ട്വന്റിയും കിഴക്കമ്പലത്ത് മാത്രം മതിയെന്ന ചർച്ചയാണ് മറ്റ് മുഖ്യധാരാ രാഷ്ട്രീയക്കാർ മുമ്പോട്ട് വയ്ക്കുന്നത്. മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗത്തിനെത്തിയ ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ കോർഡിനേറ്റർ സാബു ജേക്കബിനെ സിപിഐഎം പ്രവർത്തകർ തടഞ്ഞത് ഈ സന്ദേശം നൽകാനാണ്. പഞ്ചായത്തിലെ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കൂടിയായ സാബു ജേക്കബിനെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐഎം പ്രതിഷേധം. കിഴക്കമ്പലത്തിന് പുറത്തുള്ളവർ മറ്റു പഞ്ചായത്തിൽ ഇടപെടേണ്ടതില്ലെന്ന സന്ദേശമാണ് ഇത് നൽകുന്നത്.

കോടതി ഉത്തരവ് പ്രകാരമാണ് അദ്ദേഹം യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. പ്രതിഷേധവുമായി ട്വന്റി ട്വന്റി പ്രവർത്തകരും നിലയുറപ്പിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. ഇരുവിഭാഗവുമായി പൊലീസ് ചർച്ച നടത്തിയ ശേഷമാണ് സാബു ജേക്കബ് യോഗത്തിൽ പങ്കെടുത്തത്. അതായത് ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാൻ നിയമ പരമായി തടസ്സമില്ലാത്ത വ്യക്തിയാണ് സാബു ജേക്കബ്. അതേ പഞ്ചായത്തിൽ തന്നെയുള്ളവർ തന്നെ അതിൽ പങ്കെടുക്കണമെന്ന നിശ്ചയവുമില്ല. കേരളത്തിൽ പല തദ്ദേശ സ്ഥാപനങ്ങളും ആസൂത്രണ സമിതി രൂപീകരണം പോലും നടത്തിയിട്ടില്ലെ്ന്നതാണ് വസ്തുത. എന്നാൽ ട്വന്റി ട്വന്റി ഭരിക്കുന്നിടത്ത് ഇതെല്ലാം നടന്നു കഴിഞ്ഞു. സമയം കളയാതെ വികസനയാത്രയും തുടങ്ങി. ഈ ബദൽ തൊട്ടടുത്ത പഞ്ചായത്തുകളിലും ചലനമുണ്ടാക്കിയാൽ അത് സിപിഎം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വിനയാകും. ഇത് മനസ്സിലാക്കിയാണ് സാബു ജേക്കബിനെ തടയുന്നത്.

എറണാകുളം ജില്ലയിലെ ആലുവ, കിഴക്കമ്പലം പഞ്ചായത്തിൽ കഴിഞ്ഞ തവണ അത്ഭുതം സൃഷ്ടിച്ച് ഭരണം നേടിയ ട്വന്റി ട്വന്റി ശ്രദ്ധേയ പ്രകടനവുമായി 2020ൽ ഏവരേയും ഞെട്ടിച്ചു. കിഴക്കമ്പലം ഉൾപ്പെടെ നാല് പഞ്ചായത്തുകളിലെ ഭരണം അവർ ഇത്തവണ പിടിച്ചിരിക്കുകയാണ്. എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികൾ ഒരുമിച്ച് മത്സരിക്കുകപോലും ചെയ്തിട്ടും കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയെ ഒന്നും ചെയ്യനായില്ലെന്നതാണ് ശ്രദ്ധേയം. ഐക്കരനാട് പഞ്ചായത്തിൽ പ്രതിപക്ഷമില്ലാത്ത ഭരണമാണ് ട്വന്റി ട്വന്റിക്ക് നടത്താനാകുക. കുന്നത്തുനാട്, മുഴുവന്നൂർ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടിയ ട്വന്റി ട്വന്റി അവരുടെ സ്വാധീനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത മുന്നണികൾക്ക് ഈ മേഖലകളിൽ കടുത്ത വെല്ലുവിളിയാണ് ട്വന്റി ട്വന്റി ഉയർത്താൻ പോകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാടിൽ ട്വന്റി ട്വന്റി വലിയ ശക്തിയായി മാറുമെന്ന് ഉറപ്പാണ്. ഇവിടെ ആരു ജയിക്കുമെന്ന് ഈ കൂട്ടായ്മ തീരുമാനിക്കും. സമീപ പഞ്ചായത്തുകളിലേക്കും കരുത്ത് കൂട്ടുന്നുണ്ട്. ഇതെല്ലാം അടുത്ത തദ്ദേശത്തിൽ പ്രതിഫലിക്കാനും സാധ്യതയുണ്ട്. അങ്ങനെ ഡൽഹിയിലെ ആംആദ്മിയെ പോലെ ബദൽ രാഷ്ട്രീയമാണ് സാബു ജേക്കബ് മുമ്പോട്ട് വയ്ക്കുന്നത്. ഇതിൽ ഏറ്റവും പ്രതിസന്ധി നേരിടുന്നത് സിപിഎമ്മാണ്. ഈ സാഹചര്യത്തിലാണ് സാബു ജേക്കബിനെ കായികമായി പോലും തടയാൻ സിപിഎം എത്തുന്നത്. എന്നാൽ ഇതൊന്നും കൂസലാക്കാതെ പോകാനാണ് സാബു ജേക്കബിന്റെ തീരുമാനം.

മഴുവന്നൂർ പഞ്ചായത്തിൽ പതിനാറംഗ ആസൂത്രണ സമിതിയിൽ പഞ്ചായത്തിൽനിന്നുള്ളവരെ ഒഴിവാക്കിയെന്നാരോപിച്ചായിരുന്നു എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധം. അതേസമയം വികസനം അട്ടിമറിക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നതെന്ന് ട്വന്റി ട്വന്റി തിരിച്ചടിച്ചു. ആസൂത്രണ സമിതി യോഗം നടക്കാനിരിക്കെ പഞ്ചായത്തിന് മുന്നിൽ തടിച്ചു കൂടിയ പ്രതിഷേധക്കാരും , ട്വന്റി ട്വന്റി പ്രവർത്തകരുമായി വാക്കേറ്റമായി. യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് അടക്കമുള്ളവരെ പ്രതിഷേധക്കാർ തടഞ്ഞു. യോഗത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. സമിതിയംഗങ്ങളെ മൂന്നുമണിക്കൂറിലേറെ തടഞ്ഞതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.

പഞ്ചായത്തിന് പുറത്തു നിന്നുള്ളവരെ കൊണ്ടുവന്ന് വ്യക്തി താൽപര്യം സംരക്ഷിക്കാനാണ് ട്വന്റി-20 ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫും യു.ഡി.എഫും ആരോപിച്ചു. ഗുണ്ടായിസംകൊണ്ട് വികസനം തടസപ്പെടുത്താനാണ് എൽ.ഡി.എഫും യു.ഡി.എഫും ശ്രമിക്കുന്നതെന്ന് ട്വന്റി-20 ആരോപിച്ചു. വിദഗ്ധരെ ഉൾപ്പെടുത്തി ആസൂത്രണ സമിതി രൂപീകരിച്ചത് നിയമപ്രകാരമാണെന്നാണ് ട്വന്റി ട്വന്റി നിലപാട്. തുടർന്ന് ആസൂത്രണ സമിതിയുടെ ആദ്യ യോഗം ചേർന്ന ശേഷമാണ് അംഗങ്ങൾ പിരിഞ്ഞത്. സാബു ജേക്കബിന് സമിതിയിൽ അംഗമാകാമെന്ന് സിപിഎമ്മും സമ്മതിക്കുന്നുണ്ട്. എന്നാൽ പഞ്ചായത്തിലുള്ളവരെ ഉൾപ്പെടുത്തണം. ആസൂത്രണ സമിതിയിൽ ഇത്തരത്തിൽ നിർബന്ധങ്ങളൊന്നുമില്ല. വിഗദ്ധരാകുന്നതാണ് നല്ലത്.

അതേസമയം, ആസൂത്രണ സമിതിയിൽ പങ്കെടുക്കാനെത്തിയ തന്നെ പ്രതിഷേധക്കാർ ഒന്നര മണിക്കൂറോളം തടഞ്ഞുവെച്ചെന്നാണ് സാബു ജേക്കബ് ഉന്നയിക്കുന്ന ആക്ഷേപം. പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളെ ഗുണ്ടായിസം കൊണ്ട് തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മഴുവന്നൂരിലെ 19ൽ 14 സീറ്റുകൾ നേടിയാണ് 20-20 ഇത്തവണ അധികാരത്തിലെത്തിയത്. പ്രതിപക്ഷത്തുള്ള അഞ്ചംഗങ്ങളിൽ ഒരാൾക്ക് പോലും സ്റ്റാൻഡിങ് കമ്മിറ്റികളിൽ സ്ഥാനം നൽകിയിട്ടില്ലെന്ന് കോലഞ്ചേരി ഏരിയാ കമ്മിറ്റി അംഗം ഹർഷൻ മാധവൻ പറയുന്നു. 305 അംഗ വർക്കിങ് കമ്മിറ്റിയിൽ പോലും പ്രദേശവാസികൾക്ക് പ്രാതിനിധ്യമില്ല. പഞ്ചായത്ത് പുറത്തു നിന്നുള്ളവർ ഹൈജാക്ക് ചെയ്യുന്ന സാഹചര്യമാണുള്ളത്- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആസൂത്രണ സമിതിയിലെ അംഗങ്ങളുടെ കാര്യത്തിൽ നിയമപരമായി തെറ്റൊന്നുമില്ലെന്നാണ് 20-20യുടെ നിലപാട്. അഞ്ച് 20-20 അംഗങ്ങളും പഞ്ചായത്തിന് പുറത്തുനിന്നുള്ള വിദഗ്ധരുമാണ് സമിതിയിലുള്ളതെന്ന് അവർ പറയുന്നു. ''2020-ൽ ട്വന്റി 20 എന്ന പാർട്ടി തന്നെ ഇല്ലാതാവും''-കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചതിനു പിന്നാലെ മുൻ ട്വന്റി 20 നേതാവ് കെ.വി ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഈ വാചകം. 2020 വർഷത്തിൽ കിഴക്കമ്പലത്തെ വികസന നെറുകയിലെത്തിക്കുക എന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ട്വന്റി 20 കൂട്ടായ്മ അതേ വർഷം തന്നെ ഇല്ലാതാവും എന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്.

എന്നാൽ, എല്ലാ പ്രവചനങ്ങളെയും നിലംപരിശാക്കി, നാലു പഞ്ചായത്തുകളിലാണ് അവർ ഇത്തവണ ഭരണം പിടിച്ചത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട പഞ്ചായത്തുകൾ. ഇതിൽ ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ സീറ്റും അവർ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി 20 പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനിൽനിന്നാണ് അവരുടെ സ്ഥാനാർത്ഥി വിജയിച്ചത്. എൽ ഡി എഫും യു ഡി എഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയ സാഹചര്യത്തിലാണ് ട്വന്റി 20 യുടെ ഈ മുന്നേറ്റം എന്നതാണ് ഈ വിജയത്തെ ശ്രദ്ധേയമാക്കുന്നത്. ഇതാണ് സിപിഎം ഭയക്കുന്നത്.

വികസനം, ക്ഷേമപ്രവർത്തനങ്ങൾ. ഇതാണ് ട്വന്റി 20 മുന്നോട്ടുവെയ്ക്കുന്ന മുഖ്യ വാഗ്ദാനം. കിഴക്കമ്പലത്ത് കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പരിപാടികളും മുൻനിർത്തിയാണ് കൂടുതൽ പഞ്ചായത്തുകളിലേക്ക് അവർ വ്യാപിച്ചത്. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് ജനങ്ങൾ തങ്ങളെ സ്വീകരിച്ചത് എന്നാണ് ഈ കൂട്ടായ്മ സ്വയം വിലയിരുത്തുന്നത്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയും മൂന്ന് മുന്നണികളുടെയും എതിർപ്പും അരാഷ്ട്രീയ കോർപ്പറേറ്റ് ഗൂഢാലോചന എന്ന വിമർശനവും കിറ്റെക്സിനെതിരായി ഉയർന്ന ആരോപണങ്ങളും എല്ലാം നിലനിൽക്കെയാണ് മൂന്ന് പഞ്ചായത്തുകളിൽ അവർ വെന്നിക്കൊടി നാട്ടിയത്. 2013ലാണ് ട്വന്റി 20 ചാരിറ്റബിൾ സൊസൈറ്റി രൂപവൽകരിക്കുന്നത്. കിറ്റക്‌സ് കമ്പനിയുടെ ചെയർമാൻ സാബു എം ജേക്കബ് ആണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതി പ്രകാരം കമ്പനി രൂപം നൽകിയ സൊസൈറ്റിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്.

രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെ മദ്യവർജ്ജനം അടക്കമുള്ള ആശയങ്ങൾ മുന്നോട്ടുവച്ചാണ് അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്. കിഴക്കമ്പലത്തിന്റെ വികസനം എന്ന മുദ്രാവാക്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മക്ക് അന്ന് ഇടതുപക്ഷവും ബിജെപിയും പിന്തുണ നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്ന പരിപാടിക്കില്ലെന്ന് പലതവണയായി കിറ്റക്സ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നുവെങ്കിലും 2015-ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവർ മൽസര രംഗത്തിറങ്ങുകയായിരുന്നു. ഇതോടെ രാഷ്ട്രീയക്കാർ എതിരാളികളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP