Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റഷ്യൻ കോവിഡ് വാക്‌സിൻ സ്പുട്നിക് 5 ന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയം; വാക്‌സിന് 91.6 ശതമാനം ഫലപ്രാപ്തിയെന്ന് ഗവേഷകർ; ഇന്ത്യൻ നിർമ്മിത 'കോവിഷീൽഡ്' വാക്‌സിനുമായി സമാനത; അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്

റഷ്യൻ കോവിഡ് വാക്‌സിൻ സ്പുട്നിക് 5 ന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയം; വാക്‌സിന് 91.6 ശതമാനം ഫലപ്രാപ്തിയെന്ന് ഗവേഷകർ; ഇന്ത്യൻ നിർമ്മിത 'കോവിഷീൽഡ്' വാക്‌സിനുമായി സമാനത; അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

മോസ്‌കോ: റഷ്യൻ വാക്‌സിൻ സ്പുട്‌നിക് 5 ന്റെ മൂന്നാംഘട്ട പരീക്ഷണം വിജയകരമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിൽ ഇപ്പോൾ വിതരണം ചെയ്യുന്ന അസ്ട്രഓക്സ്ഫോർഡിന്റെ ഇന്ത്യൻ നിർമ്മിത 'കോവിഷീൽഡ്' വാക്സിനുമായി സമാനതകളുള്ളതാണ് റഷ്യയുടെ സ്പുട്നിക് വാക്സിൻ

സ്പുട്‌നിക് 5 ന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി 3:1 റാൻഡമൈസേഷൻ പ്രക്രിയയിലൂടെ 14,964 പേർക്ക് വാക്‌സിൻ നൽകി. താരതമ്യം ചെയ്യാനായി 4902 പേർക്ക് (പ്ലാസിബോ) നൽകി. തുടർന്ന് കോവിഡ് രോഗമുണ്ടായോ എന്ന് രണ്ടു മാസത്തോളം ഇരു ഗ്രൂപ്പുകളെയും നിരീക്ഷിച്ചു.

ട്രയലിൽ പങ്കെടുത്തവർ സ്വയം റിപ്പോർട്ട് ചെയ്ത രോഗലക്ഷണങ്ങൾ പരിശോധിച്ച് പി.സി.ആർ. ടെസ്റ്റുകൾ നടത്തിയാണ് രോഗമുണ്ടോ എന്ന് ഗവേഷകർ കണ്ടെത്തിയത്. കാലയളവിൽ രോഗം വരാതെ തടുക്കുന്നതിൽ ഈ വാക്‌സിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് ക്ലിനിക്കൽ ട്രയലിന്റെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നത്. ക്ലിനിക്കൽ ട്രയലിന്റെ ഇടക്കാല റിപ്പോർട്ട് ലാൻസറ്റ് ജേണലിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായതോടെ ഇന്ത്യ അടക്കം കോവിഡ് വ്യാപനം ഏറിയ രാജ്യങ്ങളിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഎഫ്) അധികൃതർ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സ്പുട്നിക് വി വാക്‌സിൻ ഉപയോഗത്തിന് റഷ്യയിലെ ശാസ്ത്രജ്ഞർ പച്ചക്കൊടി നൽകിയിട്ടുണ്ട്.

റിപ്പോർട്ടിൽ പറയുന്നത്.

വാക്‌സിൻ സ്വീകരിച്ച 14,964 പേരിൽ 16 പേർക്ക് (0.1 ശതമാനം) കോവിഡ് 19 സ്ഥിരീകരിച്ചു. പ്ലാസിബോ ഗ്രൂപ്പിൽ 4902 പേരിൽ 62 പേർക്കും(1.3 ശതമാനം) കോവിഡ് സ്ഥിതീകരിച്ചു. ഒന്നര മാസം നീണ്ടുനിന്ന ഗവേഷണത്തിൽ വ്യക്തമായത് ഈ കാലയളവിൽ രോഗം വരാതെ തടുക്കുന്നതിൽ ഈ വാക്‌സിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ്. ദീർഘകാല പഠനം നടന്നാൽ മാത്രമേ ഏതൊരു വാക്‌സിനും ദീർഘകാല ഫലപ്രാപ്തി എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താനാകൂ എന്നും റിപ്പോർട്ടിലുണ്ട്.

നിരീക്ഷണകാലത്ത് വാക്‌സിൻ നൽകിയ ഗ്രൂപ്പിലെ ആർക്കും ഗുരുതരമായ കോവിഡ് രോഗം ഉണ്ടായില്ല. എന്നാൽ പ്ലാസിബോ ഗ്രൂപ്പിലെ 20 പേർക്ക് ഉണ്ടായി. ഇതിനർഥം, ഗുരുതരമായ രോഗങ്ങളെ നൂറുശതമാനവും ഈ കാലയളവിൽ പ്രതിരോധിക്കാൻ വാക്‌സിന് സാധിച്ചുവെന്നാണ്. മുൻനിരയിലുള്ള എല്ലാ വാക്‌സിനുകളും ഗുരുതര രോഗത്തിന്റ കാര്യത്തിൽ സമാനമായ പരിരക്ഷ നൽകുന്നു. ഈ വാക്‌സിൻ സ്വീകരിച്ച 1.7 ശതമാനം പേരിൽ ഇമ്മ്യൂൺ റെസ്‌പോൺസ് ഉണ്ടായില്ലെന്നും പഠനത്തിൽ കണ്ടെത്തലുണ്ട്.

പ്രായമായവരിലും ഈ വാക്‌സിൻ ഫലപ്രദമായിരുന്നു എന്നത് ഏറെ ആശ്വാസകരമാണ്. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് 15 ദിവസങ്ങൾക്ക് ശേഷമാണ് വാക്‌സിനെടുത്തവരിൽ പ്രതിരോധം രൂപപ്പെട്ടു തുടങ്ങിയത്. അതിനാൽ ഈ പതിനഞ്ച് ദിവസങ്ങൾക്ക് മുൻപ് കോവിഡ് വരാനുള്ള സാധ്യത ഇരു ഗ്രൂപ്പിലെ ആളുകൾക്കും തുല്യമായിരുന്നു.

സ്പുട്‌നിക് വാക്‌സിൻ ഒരു ഡോസ് എടുത്ത് 15 ദിവസങ്ങൾക്ക് ശേഷം 73 ശതമാനം കാര്യക്ഷമത ലഭിച്ചു. സമാനമായ രീതിയിൽ ചിട്ടപ്പെടുത്തിയിട്ടുള്ള അസ്ട്രാ ഓക്‌സ്‌ഫോർഡ് വാക്‌സിനും ഇതേ പരിരക്ഷ നൽകുന്നു. ആസ്ട്ര ഓസ്‌ഫോർഡ് വാക്‌സിൻ ഒരു ഡോസ് എടുത്ത് 22 ദിവസത്തിനകം 76 ശതമാനം പരിരക്ഷ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. (ഈ രണ്ടു വാക്‌സിനും രണ്ടു ഡോസ് വീതം എടുക്കേണ്ടവയാണ്)

ലാൻസറ്റ് ജേണലിൽ തന്നെ ഫെബ്രുവരി ഒന്നിനു പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ പറയുന്നത് ഒരു മാസത്തിനു പകരം രണ്ടു മാസം വ്യത്യാസത്തിൽ രണ്ട് ഡോസ് വാക്‌സിൻ നൽകിയപ്പോൾ കോവിഡ് തടയുന്നതിൽ അസ്ട്രാ ഓക്‌സ്‌ഫോർഡ് വാക്‌സിന് 82.4 ശതമാനം കാര്യക്ഷമതയുണ്ടെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP