Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോളർ കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കർ ഒഴികെയുള്ള മുഖ്യപ്രതികളെല്ലാം ഒരു വർഷം കരുതൽ തടങ്കലിൽ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുണയായത് കോഫെപോസ ചുമത്താതിരുന്നതും; 98 ദിവസത്തിന് ശേഷം പുറത്തിറങ്ങുന്ന ഐഎസുകാരൻ എന്തു പറയുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ഡോളർ കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കർ ഒഴികെയുള്ള മുഖ്യപ്രതികളെല്ലാം ഒരു വർഷം കരുതൽ തടങ്കലിൽ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുണയായത് കോഫെപോസ ചുമത്താതിരുന്നതും; 98 ദിവസത്തിന് ശേഷം പുറത്തിറങ്ങുന്ന ഐഎസുകാരൻ എന്തു പറയുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ 98 ദിവസത്തിന് ശേഷം ഇന്ന് പുറത്തിറങ്ങും. സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോ​ഗസ്ഥൻ ഇത്തരം ഒരു കേസിൽ അറസ്റ്റിലാകുന്നതും ഇത്രയധികം ദിവസം ജയിലിൽ കഴിയുന്നതും കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്. അതേസമയം, ജയിലിൽ നിന്നും പുറത്തുവരുന്ന ശിവശങ്കർ എന്താണ് പറയുക എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇഡിയും എൻഐഎയും കസ്റ്റംസും തന്നോട് എങ്ങനെ പെരുമാറി എന്ന വിശദീകരണം തീർച്ചയായും ശിവശങ്കറിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ചട്ടുകമായി ബിജെപി സർക്കാർ ഉപയോ​ഗിക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെ അത്തരം അനുഭവങ്ങളും കേരള സർക്കാരിനെതിരെ മൊഴി നൽകാനുള്ള സമ്മർദ്ദങ്ങളും ഉണ്ടായോ എന്ന ചേദ്യത്തിന് ശിവശങ്കർ നൽകുന്ന മറുപടി നിർണായകമാകും. അതിലും നിർണായകമാണ് സ്വർണക്കടത്തും ഡോളർ കടത്തും സംബന്ധിച്ച് ശിവശങ്കർ നടത്താനിടയുള്ള പ്രതികരണം.

സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കാൻ ശിവശങ്കർ തയ്യാറാകുമോ അതോ കേന്ദ്ര ഏജൻസികളെ വിമർശിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഡോളർ കടത്ത് കേസിലാണ് ശിവശങ്കറിന് ഇന്ന് ജാമ്യം ലഭിച്ചത്. നേരത്തെ സ്വർണക്കടത്ത് കേസിലും കള്ളപ്പണ കേസിലും ജാമ്യം ലഭിച്ച ശിവശങ്കറിന് ഇതോടെ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങാം. 95 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്. ഡോളർ കടത്തുമായി യാതൊരു പങ്കുമില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉള്ളതെന്നും ശിവശങ്കർ കോടതിയിൽ വാദിച്ചു.ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലായിരുന്നു ശിവശങ്കറിന് ജാമ്യം ലഭിച്ചത്.ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കള്ളപ്പണ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാനായിരുന്നില്ല. തുടർന്നാണ് മൂന്നാമത്തെ കേസിൽ ഇന്ന് സുപ്രധാന വിധി വന്നിരിക്കുന്നത്.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുന്മേധാവി ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു 1.9 ലക്ഷം ഡോളർ കടത്തിയ കേസിലാണു സ്വപ്ന സുരേഷിന്റെ മൊഴിയെ തുടർന്നു ശിവശങ്കർ പ്രതിയായത്. ഡോളർ അടങ്ങിയ ബാഗുമായി ഒമാനിലേക്കു കടന്ന ഖാലിദിനെ സ്വപ്‌ന സുരേഷും പി.എസ്. സരിത്തും അനുഗമിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാനാണ് ഇരുവരും ഒപ്പം പോയതെന്നാണു മൊഴി.ഡോളറുമായി ഒമാനിലേക്കു കടന്ന ഖാലിദ് പിന്നീടു ഈജിപ്തിലെ കയ്റോയിലേക്കു പോയതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലും കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്തു കേസിലും കോടതികൾ അനുവദിച്ച ജാമ്യം നടപ്പിലാക്കുന്നതു തടയാനാണു ഡോളർ കേസിൽ പ്രതി ചേർത്തതെന്നാണു ശിവശങ്കറിന്റെ ആരോപണം. സ്വർണക്കടത്തു കേസിൽ കസ്റ്റഡിയിൽ കഴിയുമ്പോൾ സ്വപ്നയും സരിത്തും തനിക്കെതിരെ നൽകിയ മൊഴികൾ നിയമപരമായി നിലനിൽക്കില്ലെന്നാണു ശിവശങ്കറിന്റെ വാദം. ശിവശങ്കറിനെതിരെ കോഫെപോസ(കള്ളക്കടത്തു തടയൽ നിയമം) ചുമത്തുന്നതു സംബന്ധിച്ചു കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ഏതു ഘട്ടത്തിലാണെന്ന വിവരം കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. കേസിൽ അറസ്റ്റിലായ ശിവശങ്കർ ഒഴികെയുള്ള മുഖ്യപ്രതികൾക്കെതിരെ കോഫെപോസ ചുമത്തി ഇവരെ ഒരു വർഷം കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്.

കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും രണ്ടു പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP