Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി സർക്കാരിന്റേത് ജനങ്ങളെ പരിഹസിക്കുന്ന ദുർഭരണം; വർഗീയത കലർത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു; സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സിപിഎം ബിജെപി ധാരണ എന്നും ചെന്നിത്തല; ഐശ്വര്യ കേരള യാത്ര വയനാട്ടിലേക്ക്

പിണറായി സർക്കാരിന്റേത് ജനങ്ങളെ പരിഹസിക്കുന്ന ദുർഭരണം; വർഗീയത കലർത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു; സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സിപിഎം ബിജെപി ധാരണ എന്നും ചെന്നിത്തല; ഐശ്വര്യ കേരള യാത്ര വയനാട്ടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായി സർക്കാരിന്റേത് ജനങ്ങളെ പരിഹസിക്കുന്ന ദുർഭരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് കോൺഗ്രസ് ബന്ധത്തെ തെറ്റായി ചിത്രീകരിച്ചു വർഗീയത കലർത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ. ബിജെപിയെ കൂട്ടുപിടിച്ച് മത വിദ്വേഷം ആളിപ്പടർത്തി ഭിന്നിപ്പിച്ചു ജയിക്കാനുള്ള നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇത്തരം അനീതി അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.ഐശ്വര്യ കേരള യാത്രയ്ക്കു ധർമ്മടത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

തലശേരിയിലും പാനൂരിലും വൻജനക്കൂട്ടമാണ് ഐശ്വര്യ കേരള യാത്രയ്ക്കു വരവേല്പ് നൽകിയത്. ഇരിട്ടിയിലെത്തിയപ്പോഴേക്കും അവിടെ വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആവേശ ഭരിതമായാണ് മൂന്നാം ദിവസം പിന്നിട്ടത്.



മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ ധർമടം ചക്കരക്കല്ലിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ ഇന്ന് ഏഴിടത്ത് സ്വീകരണം നല്കി. ഓരോ കേന്ദ്രത്തിലും വൻ ജനപ്രവാഹമാണ് ഒത്തുകൂടിയത്. അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തി വർഗീയതയിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്നതാണ് ഐശ്വര്യ യാത്രയുടെ ലക്ഷ്യം. രാവിലെ എട്ടു മണിക്ക് ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും പ്രവർത്തകരുമായി മുഖാമുഖം നടത്തി നാടിന്റെ ആവശ്യങ്ങൾ കേട്ടു. അതെല്ലാം പ്രകടന പത്രികയിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പ് നൽകി. മുഖാമുഖത്തിൽ പങ്കെടുത്ത് നിർദ്ദേശം നൽകിയതിനു നന്ദി അറിയിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

കേരളത്തിൽ യുഡിഎഫിനെ ദുർബലപ്പെടുത്താൻ ബിജെപിയും സിപിഎമ്മും യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് മൂന്നാം ദിവസത്തെ പര്യടനം തുടങ്ങുന്നതിനു മുൻപ് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു. ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുമെന്നും അതിനെതിരേ ശക്തമായി പ്രതികരിക്കുമെന്നും ചെന്നിത്തല വിശദമാക്കി.

യുഡിഎഫിനെ തകർക്കാൻ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. തിരിച്ച് സിപിഎമ്മിനെ ബിജെപിയും എല്ലാ വിധത്തിലും സഹായിക്കുന്നു. കേരളത്തെ നടുക്കിയ സ്വർണക്കള്ളക്കടത്ത്, മയക്കുമരുന്ന് ഇടപാട്, റിവേഴ്‌സ് ഹവാല തുടങ്ങിയ കേസുകളുടെ അന്വേഷണം കേന്ദ്ര ഏജൻസികൾ നിർത്തിവച്ചത് അതിന്റെ ഭാഗമാണ്. അന്വേഷണം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിലേക്ക് ഒരു കത്തെഴുതേണ്ട താമസം, അന്വേഷണം സ്വിച്ചിട്ടതു പോലെ നിർത്തി. ഇത് ആരെ സഹായിക്കാനാണെന്ന് ജനങ്ങൾക്കു മനസിലാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര ശക്തമാണ്. ഐശ്വര്യ കേരള യാത്രയിൽ ഞങ്ങൾ ഇക്കാര്യം തുറന്നു കാട്ടും. കേരളത്തിന്റെ മത സൗഹാർദ സാമൂഹിക അന്തരീക്ഷം തകർക്കാനുള്ള ഗൂഢമായ നീക്കങ്ങളും നടക്കുന്നുണ്ട്. സൈബർ ഗൂണ്ടകളെ ഉപയോഗിച്ചാണ് ഇതിന് വളം വയ്ക്കുന്നത്. അതിനെതിരേ ജാഗ്രതയോടെ പ്രവർത്തുക്കുമെന്നും ചെന്നിത്തല. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്നു പറഞ്ഞ് മുസ്ലിംലീഗിനെതിരായ പ്രചാരണം തുടങ്ങി വച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തെ തിരുത്താത്ത പാർട്ടിയാണ് പാർട്ടി സെക്രട്ടറി വിജയരാഘവനെ ശാസിക്കുന്നത്. വാ തുറക്കുന്നതു വർഗീയത പറയാൻ മാത്രം അറിയാവുന്ന സെക്രട്ടറിയാണ് ഇപ്പോൾ സിപിഎമ്മിനെ നയിക്കുന്നത്. പാർട്ടി സെക്രട്ടറിയെ താക്കീത് ചെയ്യുന്ന സംഭവം പാർട്ടിയിൽ ഏറെ വിരളമാണ്.



വാദ്യ ഘോഷങ്ങളോടെ, വമ്പിച്ച സ്വീകരണമാണ് രമേശ് ചെന്നിത്തലക്ക് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. ധർമടത്തു നിന്ന് തലശ്ശേരിയുടെ മണ്ണിലേക്കായിരുന്നു യാത്ര. കെ സുധാകരൻ എം പി അദ്ദേഹത്തെ ആവേശ്വജ്ജലമായ പ്രസംഗത്തിലൂടെ സ്വീകരിച്ചു. നട്ടുച്ച വെയിലിനെ കൂസാതെ ആയിരക്കണക്കിന് പേരാണ് ജാഥയുടെ നായകനെ സ്വീകരിക്കാൻ ഒത്തു കൂടിയത്. വർഗീയ വിമുക്ത, ഐശ്വര്യ കേരളത്തെ പ്രതിപാതിച്ചു കൊണ്ടുള്ളതായിരുന്നു രമേശിന്റെ മറുപടി. തുടർന്നു നേരെ പാനൂരിലേക്ക്. യു ഡി എഫ് കൺവീനർ എം എം ഹസൻ പാനൂരിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പാനൂരിൽ നിന്നും മട്ടന്നൂരിലേക്ക്. അവിടെയും വൻ ജനക്കൂട്ടമാണ് കാത്തു നിന്നത്. വൈകുന്നേരം നാലരയോടെ ഇരിട്ടിയിലെത്തിയപ്പോഴേക്കും വലിയ സ്വീകരണം ഒരുക്കിയിരുന്നു.സണ്ണി ജോസഫ് എംഎൽഎയുടെ സ്വാഗത പ്രസംഗത്തിനു പിന്നാലെ രമേശിന്റെ മറുപടിയും വന്നു.



ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പേർ ചെന്നിത്തലയ്ക്കു ഹാരാർപ്പണം നടത്തി. ഇരിട്ടിയിൽ നിന്ന് ശ്രീകണ്ഠാപുരത്തേക്കായിരുന്നു യാത്ര. രാത്രി വൈകി തളിപ്പറമ്പിലെ സ്വീകരണത്തോടെ ഐശ്വര്യ കേരള യാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ സമാപനമായി. അവിടെനിന്ന് വയനാട് ജില്ലയിലേക്കു കടന്നു. ബുധനാഴ്ച രാവിലെ പത്തിന് മാനന്തവാടിയിൽ നിന്ന് കേരള യാത്ര തുടങ്ങും. മാനന്തവാടി, ബത്തേരി, കൽപറ്റ, താമരശേരി, തിരുവമ്പാടി, ബാലുശേരി എന്നിവിടങ്ങളിലാണ് സ്വീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP