Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് മാന്യമായ ശമ്പള വർധനവ് നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി; പച്ചക്കള്ളം എഴുതുന്നത് വായിച്ചപ്പോൾ പുച്ഛവും കഷ്ടവും തോന്നുവെന്ന് പൊലീസുകാർ; വഞ്ചിക്കപ്പെട്ടെന്ന് സേനയിൽ അമർഷം: സർക്കാരിനെതിരേ മിണ്ടാൻ കഴിയാതെ പൊലീസ് അസോസിയേഷനും

ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് മാന്യമായ ശമ്പള വർധനവ് നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി; പച്ചക്കള്ളം എഴുതുന്നത് വായിച്ചപ്പോൾ പുച്ഛവും കഷ്ടവും തോന്നുവെന്ന് പൊലീസുകാർ; വഞ്ചിക്കപ്പെട്ടെന്ന് സേനയിൽ അമർഷം: സർക്കാരിനെതിരേ മിണ്ടാൻ കഴിയാതെ പൊലീസ് അസോസിയേഷനും

ശ്രീലാൽ വാസുദേവൻ

കൊല്ലം: പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് പൊലീസ് സേനയെ വഞ്ചിക്കുന്നതാണെന്ന് അഭിപ്രായം ഉയരുന്നതിനിടെ മാന്യമായ വർധനവാണ് നൽകിയിരിക്കുന്നതെന്ന വിശദീകരണവുമായി വന്ന കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിആർ ബിജുവിനെ പഞ്ഞിക്കിട്ട് മറ്റു പൊലീസുകാർ.

റിസ്‌ക് അലവൻസ് വെറും 10 രൂപ മാത്രമാണ് വർധിപ്പിച്ചത്. ഇത് കടുത്ത അനീതിയാണെന്ന് സേനയ്ക്കുള്ളിൽ അഭിപ്രായം ഉയരുകയും എതിർപ്പ് വരികയും ചെയ്തപ്പോഴാണ് ഭരണ പക്ഷ അനുകൂല യൂണിയൻ ഭരിക്കുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി സർക്കാരിനെ ന്യായീകരിച്ച് രംഗത്ത് വന്നത്.

ബിജുവിന്റെ പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ:

സഹപ്രവർത്തകരേ,

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലൂടെ മാന്യമായ ശമ്പളം അനുവദിക്കാൻ പാകത്തിന് പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ ശുപാർശകൾ സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ റിപ്പോർട്ട് പൂർണമായും വിലയിരുത്തുമ്പോൾ സർക്കാർ ജീവനക്കാർക്ക് പൊതുവെ മാന്യമായ ശമ്പള വർധനവ് ഉണ്ടാകും.

നിപ്പ, ഓഖി, മഹാ പ്രളയങ്ങൾ, കോവിഡ് മഹാമാരി തുടങ്ങിയ ദുരന്തങ്ങളെയും ദുരിതങ്ങളെയും അതിജീവിച്ച്, കേരള ജനതയെ പട്ടിണിക്കിടാതെ സംരക്ഷിച്ച് മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ തളരാതെ, ശമ്പള കമ്മിഷനെ വയ്ക്കുകയും അത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ശമ്പള കമ്മിഷൻ ശിപാർശ ചെയ്തതും അന്നത്തെ ഗവൺമെന്റ് അംഗീകരിച്ചതും ഇനി 10 വർഷം കഴിഞ്ഞ് ശമ്പള പരിഷ്‌ക്കരണം മതി എന്നായിരുന്നു. ആ വാദം തള്ളിക്കളഞ്ഞ് കൃത്യമായി അഞ്ച് വർഷം കഴിഞ്ഞപ്പോൾ യഥാസമയം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കി. ഈ സമീപനം കേരളത്തിലെ സർക്കാർ ജീവനക്കാരോട് സ്വീകരിച്ച കേരള സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ഇന്നത്തേത് പോലെ ദുരിതപൂർണമായ ഒരു ലോകസാഹചര്യം ഈ തലമുറ കണ്ടിട്ടുണ്ടാവില്ല. ഒരു പ്രത്യേക സാഹചര്യവും ഇല്ലാതിരുന്ന 2002 ൽ, ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധി കാണിച്ച് അന്ന് ശമ്പള കമ്മിഷനെ വയ്ക്കേണ്ടതിന് പകരം ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങൾ കവർന്നെടുത്ത അനുഭവം നമുക്ക് മുന്നിലുണ്ട്. അതുപോലെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളൊന്നും ശമ്പളം പരിഷ്‌ക്കരിക്കുന്നില്ല എന്ന് മാത്രമല്ല, ചില സംസ്ഥാനങ്ങൾ നിലവിലുള്ളത് പൂർണമായും നൽകുന്നുമില്ല. ഇങ്ങനെ വിലയിരുത്തുമ്പോഴാണ് പതിനൊന്നാം ശമ്പള കമ്മീഷനെ വയ്ക്കുകയും, ശമ്പളം പരിഷ്‌ക്കരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്ത കേരള സർക്കാരിനെ നാം നെഞ്ചോട് ചേർക്കുന്നത്.

പൊലീസ് സമൂഹത്തെ സംബന്ധിച്ച കമ്മിഷൻ നിർദ്ദേശത്തിൽ ചില പോരായ്മകൾ ഉണ്ട്. അത് പരിഹരിക്കേണ്ടതുണ്ട്. സേനാംഗങ്ങൾക്ക് നൽകി വരുന്ന അലവൻസുകൾ ഇന്ത്യയാകെ നൽകി വരുന്നതാണ്. അത്തരം അലവൻസുകൾ ഒന്നാക്കി മാറ്റി, പത്ത് ശതമാനം വർധനവ് മാത്രമാണ് അനുവദിച്ചത്. ഇത് സേനയെക്കുറിച്ചുള്ള അജ്ഞതയുടെ ഭാഗമായി വന്നതായി കാണാനാണ് ആഗ്രഹിക്കുന്നത്. ഇതിൽ മാറ്റം അനിവാര്യമാണ്, അർഹമായ വർധനവും ലഭിക്കേണ്ടതാണ്.

സംസ്ഥാന പൊലീസ് സേനയുടെ തൊഴിൽ മേഖലയിലെ റിസ്‌ക് കമ്മിഷന് തിരിച്ചറിയാൻ കഴിയാതെ പോയി. കമ്മിഷനുമായി നടത്തിയ ചർച്ചയിലും, നിവേദനത്തിലും ഇത് വ്യക്തമായി പരാമർശിച്ചു എങ്കിലും കൈക്കൊണ്ട സമീപനം അപലപനീയമാണ്. റിസ്‌ക് അലവൻസ് 100 രൂപയിൽ നിന്ന് കേവലം 110 രൂപയായി മാത്രമാണ് ശുപാർശ ചെയ്തിരിക്കുന്നത്. നിപ്പ, ഓഖി, മഹാ പ്രളയങ്ങൾ, കോവിഡ് മഹാമാരി തുടങ്ങിയ ദുരന്തങ്ങളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ജനങ്ങൾക്ക് വേണ്ടി 24 മണിക്കൂറും തെരുവിൽ ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെടുത്ത റിസ്‌ക്കും മനോധൈര്യവും കാണാൻ ശമ്പള കമ്മിഷന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ റിസ്‌ക് അലവൻസിൽ പ്രത്യേക പരിഗണന പൊലീസ് വിഭാഗത്തിന് ലഭിക്കേണ്ടതുണ്ട്.

യൂണിഫോം അലവൻസിലും അർഹമായ വർധനവ് ലഭ്യമായിട്ടില്ല. മാത്രമല്ല സ്പെഷൽ യൂണിറ്റുകൾക്ക് പകുതി അലവൻസ് എന്നതിൽ ഇത്തവണയും മാറ്റം വരുത്തിയില്ല.

സർക്കാർ ജീവനക്കാർക്കാകെ ഗുണകരമായ നിർദ്ദേശമാണ് കമ്മീഷൻ മുന്നോട്ട് വച്ചത്. മാതാപിതാക്കളേയും കുട്ടികളേയും സംരക്ഷിക്കാൻ 40% ശമ്പളത്തോടെ പ്രത്യേക അവധി പോലും ശുപാർശ ചെയ്ത കമ്മിഷൻ, ക്യാമ്പുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒഞഅ നിഷേധിച്ച് പകരം ബാരക്ക് അലവൻസ് ശുപാർശ ചെയ്തിരിക്കുന്നു. ഈ അപാകതയും പരിഹരിക്കേണ്ടതാണ്.

ബിജുവിന്റെ പ്രസ്താവനയ്ക്കെതിരേ പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പൊങ്കാല വ്യാപകമായിരിക്കുകയാണ്. അതിലൊന്ന് ഇങ്ങനെ:

പ്രിയപ്പെട്ട ജനറൽ സെക്രട്ടറി

ആദ്യമേ താങ്കളെ ഒരു കാര്യം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു. താങ്കൾ കെപിഓഎയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അല്ലാതെ സർക്കാരിന്റെ ബ്രാന്റ് അമ്പാസിഡർ അല്ല. തങ്കൾ ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പച്ചക്കള്ളം എഴുതുന്നത് വായിച്ചപ്പോൾ കഷ്ടവും പുച്ഛവും തോന്നുന്നു. 10-ാം ശമ്പള കമ്മിഷൻ ശിപാർശ ചെയ്തത് 10 വർഷം കണക്കാക്കിയുള്ള റിപ്പോർട്ട് ആണ്. പക്ഷേ ഗവ: അത് അംഗീകരിക്കാതെ അഞ്ചു വർഷത്തേക്കുള്ള വർധനവ് ആണ് അനുവദിച്ചു തന്നത്. താങ്കളുടെ ബേസിക് പേ മാത്രം നോക്കിയാൽ മതി, മനസിലാകും.പിന്നെ ആരോഗ്യ വകുപ്പിന് നല്ല പരിഗണന നലകിയിരിക്കുന്നത് താങ്കൾ ശ്രദ്ധിച്ചുവോ? അവർക്ക് സംസ്ഥാന സർക്കാരല്ലേ ശമ്പളം നല്കേണ്ടത്.

പിന്നെ പൊലീസിനെ കുറിച്ചും റിസ്‌കിനെ കുറിച്ചും കമ്മിഷനുള്ള അജ്ഞതയും, തെറ്റിധാരണയും താങ്കൾ സൂചിപ്പിച്ചത് അംഗീകരിക്കുന്നു. കാരണം കമ്മിഷനെ പൊലീസിനെ കുറിച്ചും ജോലിയെ കുറിച്ചും വേതനവർദ്ധനവിന്റെ ആവശ്യകതയെ കുറിച്ചും ബോധ്യപ്പെടുത്തുന്നതിൽ താങ്കൾ ഉൾപ്പെടെയുള്ള സംഘടനാ നേതൃത്വം അമ്പേ പരാജയപ്പെട്ടു എന്നതിന് ഉദാഹരണമാണത്. റിസ്‌ക് അലവൻസ് 10 രൂപ കൂട്ടിയത് കളിയാക്കും പോലെ ആയി. കഴിഞ്ഞ സർക്കാർ അനുവദിച്ച 10% പ്രതിവർഷ വർധനവ് ഈ സർക്കാർ നിർത്തലാക്കിയപ്പോൾ പഞ്ചപുച്ഛമടക്കി നിന്നില്ലേ താങ്കളും കൂട്ടരും .

പത്താം ശമ്പള കമ്മിഷനു മുന്നിൽ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘടനാ ഭാരവാഹികൾ കാര്യകാരണസഹിതം പൊലീസിന്റെ വിഷയങ്ങൾ ധരിപ്പിച്ചതിന്റെ ഫലമായി ലഭിച്ച സാമ്പത്തിക നേട്ടത്തിന്റെ ഗുണഭോക്താക്കളാണല്ലോ ഞാനും, താങ്കളും. ഇപ്പോഴും അവരെ കുറ്റപ്പെടുത്തുന്ന താങ്കളുടെയും കൂട്ടരുടെയും അവസ്ഥ കാണുമ്പോൾ ദയനീയത തോന്നുന്നു. കഴിവും ചങ്കൂറ്റവും ഇഛാശക്തിയുമുള്ള ഒരു നേതൃത്വത്തിനു മാത്രമേ നേട്ടങ്ങൾ കൊയ്യാൻ കഴിയൂ. ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാൻ ശ്രമിക്കരുത്.

പൊലീസുകാരുടെ പൊതുവികാരം ഇങ്ങനെ

പതിനൊന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥരെ തീർത്തും അവഗണിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പത്താം ശമ്പളകമ്മിഷൻ നൽകിയ പരിഗണനയും ആനുപാതികമായ വർധനവും പുതിയ കമ്മിഷൻ റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നില്ല എന്നത് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യമാകും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മുന്നണിപ്പോരാളികളായി നിന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകിച്ച് നഴ്സുമാർക്ക് പ്രത്യേക പരിഗണന നൽകി ശമ്പളം വർധിപ്പിച്ചു നൽകിയപ്പോൾ വിശ്രമമില്ലാതെ പണിയെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ തീർത്തും അവഗണിക്കുകയാണുണ്ടായത്.

റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസർമാർക്കു പോലും ഈ സാഹചര്യം മുൻനിർത്തി ശമ്പളവും അലവൻസും വർധിപ്പിച്ചപ്പോൾ പൊലീസിനുള്ള റിസ്‌ക്ക് അലവൻസ് കേവലം 10 രൂപ മാത്രം വർധിപ്പിച്ചു കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്. കൊറോണ പിടിപെട്ട് മരണത്തിന് കീഴടങ്ങിയവരും രോഗം ബാധിച്ച് ദുരിതം അനുഭവിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ വേദന കാണാതെ പോയത് വഞ്ചനാപരമായ നിലപാടാണ്. പ്രകൃതിദുരന്തങ്ങൾ, മഹാമാരി തുടങ്ങി പൊലീസ് ഉദ്യോഗസ്ഥർ വളരെ ദുർഘടമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഈ കാലയളവിൽ അവരുടെ സേവനത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ശമ്പള ഘടന നേടിയെടുക്കുവാനുള്ള പരിശ്രമം പൊലീസ് സംഘടനാ നേതൃത്വങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് ഖേദകരമാണ്.

ശമ്പള പരിഷ്‌കരണത്തിൽ പൊലീസിനെ അവഗണിച്ചതിനെതിരേ ട്രോളുകളും സജീവമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP