Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുവർഷമായി സ്ഥിരമായി നൈറ്റ് ഡ്യൂട്ടി; ആശുപത്രിയിൽ നിന്നുതിരിയാൻ കഴിയാത്ത തിരക്ക്; മനംമടുത്ത് രാജി കത്തുമായി എംഡിയുടെ മുറിയിൽ പോയപ്പോൾ ചെവിപൊട്ടുന്ന അസഭ്യംവിളി; നീ എന്ത് ചെയ്യുമെന്ന് ചോദിച്ച് കഴുത്തിന് പിടിച്ച് തല്ല്; കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി ജീവനക്കാരനെ ഇഞ്ച പരുവമാക്കിയത് ഇവർ

ഒരുവർഷമായി സ്ഥിരമായി നൈറ്റ് ഡ്യൂട്ടി; ആശുപത്രിയിൽ നിന്നുതിരിയാൻ കഴിയാത്ത തിരക്ക്; മനംമടുത്ത് രാജി കത്തുമായി എംഡിയുടെ മുറിയിൽ പോയപ്പോൾ ചെവിപൊട്ടുന്ന അസഭ്യംവിളി; നീ എന്ത് ചെയ്യുമെന്ന് ചോദിച്ച് കഴുത്തിന് പിടിച്ച് തല്ല്; കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി ജീവനക്കാരനെ ഇഞ്ച പരുവമാക്കിയത് ഇവർ

ആർ പീയൂഷ്

കരുനാഗപ്പള്ളി: ജോലി രാജി വയ്ക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനെ ആശുപത്രി ഡയറക്ടറും ആംബുലൻസ് ഡ്രൈവറും ചേർന്ന് മർദ്ദിച്ചതായി പരാതി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ കാട്ടിൽക്കടവ് ആദിനാട് മീനത്തേരിൽ രാജേഷി(25)നെയാണ് ആശുപത്രി മാനേജിങ് ഡയറക്ടർ സിനോജ് ഇബ്രാഹിം കുട്ടിയും ആംബുലൻസ് ഡ്രൈവർ പ്രവീണും ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാജേഷ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. സ്ഥിരമായി രാത്രി ഡ്യൂട്ടി ചെയ്തു വരികയായിരുന്ന രാജേഷ് ശാരീരിക അസ്വസ്ഥതകൾമൂലം ജോലി രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ രാജിക്കത്തുമായി ആശുപത്രിയിലെത്തിയപ്പോൾ ഡയറക്ടർ സിനോജ് മുറിയിലേക്ക് വിളിച്ചു വരുത്തുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും രാജേഷിനെ മർദ്ദിക്കുകയുമായിരുന്നു. അതിക്രൂരമായാണ് മർദ്ദിച്ചത് എന്ന് കരുനാഗപ്പള്ളി പൊലീസിന് നൽകിയ പരാതിയിൽ രാജേഷ് പറയുന്നു.

കഴിഞ്ഞ ഒരു വർഷമായി സ്ഥിരമായി രാത്രി ഡ്യൂട്ടി ചെയ്യുകയാണ് രാജേഷ്. 9,000 രൂപയായിരുന്നു ശമ്പളം. ഇതിനിടയിൽ ജോലി രാജി വച്ചെങ്കിലും പകരം മറ്റൊരാളെ കിട്ടാതിരുന്നതിനാൽ രാജേഷിനെ ശമ്പളം കൂട്ടി നൽകാമെന്ന് പറഞ്ഞ് ജോലിക്കെടുത്തു. ഷിഫ്റ്റ് ഡ്യൂട്ടിയാകും എന്ന് കരുതിയാണ് രാജേഷ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. എന്നാൽ തനിച്ചായിരുന്നു ഡ്യൂട്ടി. ആശുപത്രിയിലേക്ക് രാത്രിയിൽ വരുന്ന ഫോൺകോളുകൾക്ക് മറുപടി പറയണം, രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് കംപ്യൂട്ടറിൽ രേഖപ്പെടുത്തണം തുടങ്ങി നിന്നു തിരിയാൻ പറ്റാത്തത്ര തിരക്ക്. ഇതോടു കൂടി കഴിഞ്ഞ 29ന് ഡ്യൂട്ടി കഴിഞ്ഞപ്പോൾ 30ന് കൂടി ജോലിക്ക് എത്തുകയുള്ളൂ എന്ന് പറഞ്ഞിരുന്നു. 31 ന് ജോലിക്കെത്തിയിരുന്നില്ല. അന്ന് രാത്രിയിൽ ഡ്യൂട്ടിക്ക് ആളെ കിട്ടാതായതോടെ രാജേഷിനെ വിളിച്ചെങ്കിലും പോയില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടെ രാജിക്കത്തുമായി എത്തിയത്.

മാനേജിങ് ഡയറക്ടറെ കാണാനാണ് നിർദ്ദേശം നൽകിയത്. മാനേജിങ് ഡയറക്ടർ സിനോജിന്റെ മുറിയിൽ കയറിയപ്പോൾ കഴിഞ്ഞ ദിവസം വാരാതിരുന്നതെന്താണ് എന്ന് ചോദിച്ച് കേട്ടാലറക്കുന്ന അസഭ്യം പറയാൻ തുടങ്ങി. ചീത്ത വിളിക്കരുതെന്ന് പറഞ്ഞപ്പോൾ വിളിച്ചാൽ നീ എന്ത് ചെയ്യുമെന്ന് ചോദിച്ച് കഴുത്തിന് പിടിക്കുകയും തല്ലുകയുമായിരുന്നു. പിടിച്ചു തള്ളിയതിന് ശേഷം അപകടത്തിൽപെട്ട് കമ്പി ഇട്ടിരുന്ന കാലിൽ ചവിട്ടുകയും ചെയ്തു. ഈ സമയം അവിടെയുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ പ്രവീൺ രാജേഷിനെ അലമാരയോട് ചേർത്ത് നിർത്തി അതി ക്രൂരമായി ശരീരമാസകലം മർദ്ദിക്കുകയായിരുന്നു.

ജോലി ചെയ്ത ശമ്പളമോ മറ്റാനുകൂല്യമോ തരില്ല എന്നും പറഞ്ഞ് ആശുപത്രിയിൽ നിന്നും പറഞ്ഞ് വിട്ടു. തുടർന്നാണ് രാജേഷ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്. വൈദ്യ പരിശോധനയിൽ നടുവിന് ചതവുള്ളതായി എക്സറേയിൽ കണ്ടെത്തി. തുടർന്ന് പ്രാഥമിക ചികിത്സ നൽകി വിശ്രമിക്കാൻ നിർദ്ദേശം നൽകി. മർദ്ദന വിവരം ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി പൊലീസിന് രാജേഷ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. നാളെ സ്റ്റേഷനിലേക്ക് എത്തണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.

ദേഹമാസകലം വേദനയാണെന്നും അപകടത്തിൽപെട്ട കാൽ അനക്കാൻ പറ്റാത്തത്ര വേദനയുണ്ടെന്നും രാജേഷ് പറഞ്ഞു. അതേ സമയം രാജേഷിനെ മർദ്ദിച്ചിട്ടില്ല എന്നാണ് മാനേജിങ് ഡയറക്ടർ സിനോജ് ഇബ്രാഹിം കുട്ടി പറയുന്നത്. രാജിക്കത്തുമായെത്തിയപ്പോൾ ചില സംസാരങ്ങൾ ഉണ്ടായി. അത് വാക്കു തർക്കത്തിലേക്കു പോയപ്പോൾ തന്നെ രാജേഷ് അസഭ്യം പറഞ്ഞെന്നും അപ്പോൾ ചെറിയ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും സിനോജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP