Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര കൈവിട്ടതിൽ ഉള്ള് ഉലഞ്ഞ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ്; ടിം പെയ്‌നെ നായകസ്ഥാനത്ത് നിന്നും മാറ്റുമെന്ന് റിപ്പോർട്ട്; പരിശീലകൻ ജസ്റ്റിൻ ലാംഗർ 'ഹെഡ്‌മാസ്റ്ററെ'പ്പോലെയെന്ന് സീനിയർ താരങ്ങൾ; സംസാരിച്ച് പരിഹരിക്കണമെന്ന് മുൻ നായകൻ മൈക്കൽ ക്ലാർക്ക്

ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര കൈവിട്ടതിൽ ഉള്ള് ഉലഞ്ഞ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ്; ടിം പെയ്‌നെ നായകസ്ഥാനത്ത് നിന്നും മാറ്റുമെന്ന് റിപ്പോർട്ട്; പരിശീലകൻ ജസ്റ്റിൻ ലാംഗർ 'ഹെഡ്‌മാസ്റ്ററെ'പ്പോലെയെന്ന് സീനിയർ താരങ്ങൾ; സംസാരിച്ച് പരിഹരിക്കണമെന്ന് മുൻ നായകൻ മൈക്കൽ ക്ലാർക്ക്

സ്പോർട്സ് ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2 - 1ന് കൈവിട്ടതിന് പിന്നാലെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ടിം പെയ്‌നെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണു പരിശീലകൻ ജസ്റ്റിൻ ലാംഗറും താരങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലാംഗറുടെ കടുംപിടിത്തം ടീമിലെ സീനിയർ താരങ്ങളിൽ പലർക്കും ഇഷ്ടപ്പെടുന്നില്ലെന്നാണു പരാതി.

പലപ്പോഴും പരിശീലകനായിട്ടല്ല, ഒരു 'ഹെഡ്‌മാസ്റ്ററെ'പ്പോലെയാണു ലാംഗർ പെരുമാറുന്നതെന്നാണു പ്രധാന ആരോപണം. ലാംഗറുടെ ഭാവമാറ്റങ്ങൾ താരങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ടീം തിരിച്ചടി നേരിടുമ്പോൾ പരിശീലകൻ 'ചൂടാകുന്നതും' സമ്മർദഘട്ടങ്ങളിൽ വികാരത്തിന് അടിപ്പെടുന്നതും താരങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെപ്പോലെ ടീമിനെയാകെ പ്രചോദിപ്പിക്കുന്ന 'മോട്ടിവേഷനൽ ലീഡറായി' ലാംഗർ മാറുന്നില്ലെന്നും ആരോപണമുണ്ട്. 

അതിനിടെ വിഷയത്തിൽ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. കരിയറിന്റെ തുടക്കകാലത്ത് ലാംഗറിനൊപ്പം കളിച്ച താരമാണ് ക്ലാർക്ക്. ലാംഗറുടെ ചിന്തകളും രീതിയും എങ്ങനെയായിരിക്കുമെന്ന കാര്യത്തിലാണ് ക്ലാർക്കിന്റെ വിശദീകരണം. ലാംഗറുടെ സ്വഭാവം കടുകട്ടിയാണെന്നും എല്ലാത്തിലും മികച്ചതാകുകയെന്നതാണ് അദ്ദേഹത്തിന്റെ തത്വമെന്നും ക്ലാർക്ക് വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്വഭാവം പരുക്കനാണ്. നമ്മൾ വിജയിക്കുകയാണെങ്കിൽ നമ്മുടെ ചെയ്തികളെല്ലാം മികച്ചതാക്കണമെന്നാണ് അദ്ദേഹം കരുതുന്നത്. അതു താരങ്ങൾ മനസ്സിലാക്കണം- ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ക്ലാർക്ക് പറഞ്ഞു.

ഓസീസ് ടീമിലെ എല്ലാവർക്കും അദ്ദേഹത്തിന്റെ സ്വഭാവം ഇഷ്ടപ്പെടണമെന്നില്ല. പരിശീലനത്തിലും ലാംഗറിന്റെ വഴി പരുക്കനായിരിക്കും. ഒരു താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും അദ്ദേഹത്തിന് അച്ചടക്കം പ്രധാനമാണ്. അതുകൊണ്ടായിരിക്കാം പല താരങ്ങൾക്കും അദ്ദേഹത്തെ ഇഷ്ടപ്പെടാത്തത്. നാലു മണിക്കൂർ മുഴുവനും പരിശീലിക്കാൻ എല്ലാ താരങ്ങൾക്കും താൽപര്യമുണ്ടാകണമെന്നില്ല. ടീം മീറ്റിങ്ങിലും ചിലർക്ക് ഇഷ്ടമുണ്ടാകില്ല. അതുകൊണ്ടു തന്നെ എല്ലാ താരങ്ങൾക്കും ഇതു പിടിക്കില്ലെന്ന കാര്യത്തിൽ സംശയമില്ല, പക്ഷേ അതാണ് അദ്ദേഹത്തിന്റെ രീതി- ക്ലാർക്ക് പ്രതികരിച്ചു.

ഏതെങ്കിലും താരത്തിന് പരിശീലകനുമായോ, ക്യാപ്റ്റനുമായോ പ്രശ്‌നങ്ങളുണ്ടെങ്കിൽ നേരിട്ടു പോയി അവരോടു സംസാരിക്കുകയാണു വേണ്ടതെന്നും ക്ലാർക്ക് പ്രതികരിച്ചു. ഒരു ഓസ്‌ട്രേലിയൻ ദിനപത്രമാണ് ലാംഗർക്കെതിരെ ടീമിൽ പ്രശ്‌നങ്ങളുള്ളതായി റിപ്പോർട്ട് ചെയ്തത്.

അനാവശ്യകാര്യങ്ങളിൽ മുഖ്യ പരിശീലകൻ ഇടപെടുന്നതും താരങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കി. കണക്കുകൾ നിരത്തി ബോളർമാരെ വശംകെടുത്തുന്നതും എവിടെ പന്തെറിയണമെന്നു കളിയുടെ ഇടവേളകളിൽ നിർദ്ദേശിക്കുന്നതും പതിവാണത്രേ. സാൻവിച്ച് കഴിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾപോലും ലാംഗറിൽനിന്നു താരങ്ങൾക്കു ലഭിക്കുന്നുണ്ടെന്നാണു റിപ്പോർട്ടിലെ ആരോപണം.

കേട്ടുകേൾവികളിൽനിന്നും ഏറെ അകലെയാണു വസ്തുതകൾ. ടീമിനെ നയിക്കുകയെന്നതു ജനപിന്തുണയ്ക്കായി മത്സരിക്കുന്നതുപോലെയല്ല. താരങ്ങൾക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രം ചെയ്താൽ ഞാൻ എന്റെ ജോലിയോട് ആത്മാർഥത കാട്ടുന്നില്ലെന്നാണ് അർഥമെന്ന് ജസ്റ്റിൻ ലാംഗർ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP