Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നെഞ്ചിന്റെ ഇടതുവശത്ത് ഇടിച്ചപ്പോൾ അരുതേ.. ബൈപാസും ആഞ്ചിയോപ്ലാസ്റ്റിയും കഴിഞ്ഞതാണെന്ന് അപേക്ഷിച്ചു; നിനക്കിത് പോരെടാ എന്ന് ആക്രോശിച്ച് വലത് കരണത്തടി ആയിരുന്നു എസ്‌ഐയുടെ മറുപടി; വെള്ളം ചോദിച്ചപ്പോൾ മൂത്രമൊഴിച്ചുകൊടുക്കടാ എന്നും പരിഹാസം; ചേർത്തലയിൽ അഭിഭാഷകനെ എസ്‌ഐ മർദ്ദിച്ചതായി പരാതി

നെഞ്ചിന്റെ ഇടതുവശത്ത് ഇടിച്ചപ്പോൾ അരുതേ.. ബൈപാസും ആഞ്ചിയോപ്ലാസ്റ്റിയും കഴിഞ്ഞതാണെന്ന് അപേക്ഷിച്ചു; നിനക്കിത് പോരെടാ എന്ന് ആക്രോശിച്ച് വലത് കരണത്തടി ആയിരുന്നു എസ്‌ഐയുടെ മറുപടി; വെള്ളം ചോദിച്ചപ്പോൾ മൂത്രമൊഴിച്ചുകൊടുക്കടാ എന്നും പരിഹാസം; ചേർത്തലയിൽ അഭിഭാഷകനെ എസ്‌ഐ മർദ്ദിച്ചതായി പരാതി

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: ഹൃദ്രോഗിയായ അഭിഭാഷകനെ എസ്‌ഐ പ്രകോപനമില്ലാതെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും അസഭ്യംപറയുകയും ചെയ്തതായി പരാതി. ചേർത്തല-ആലപ്പുഴ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ അഡ്വ.സിഎസ്.ഹേമലാൽ ചേർത്തല പൊലീസ് സ്റ്റേഷനിലെ ലൈസാദ് മുഹമ്മദിന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

തന്റെ ഹോണ്ടാ സിറ്റി കാറിൽ ചേർത്തല മുൻസിപ്പൽ സമുച്ചയത്തിൽ നിന്നും പടിഞ്ഞാട്ട് സഞ്ചരിച്ച് ദേവീ ക്ഷേത്രത്തിന് സമീപം വടക്കോട്ട് തിരിയുന്നതിനായി അഡ്വ.സിഎസ്.ഹേമലാൽ ശ്രമിച്ചപ്പോൾ എസ്‌ഐ തടഞ്ഞ് തെക്കോട്ട് പോകാൻ പറഞ്ഞു. പിന്നിൽ നിന്ന് വന്ന മറ്റ് വാഹനങ്ങളെ വടക്കോട്ട് വിട്ടിട്ടും അഭിഭാഷകനെ മാത്രം തെക്കോട്ട് വിടാൻ എസ്‌ഐ നിർബന്ധിച്ചു. ഇത് ചോദ്യംചെയ്തപ്പോൾ എടുത്തുകൊണ്ടുപോടാ...എന്ന അസഭ്യമായിരുന്നു മറുപടി. പിന്നീട് അഭിഭാഷകൻ മറ്റൊരു വഴിയിലൂടെ ദേവീക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ കിഴക്ക് നിന്നും തെക്ക് നിന്നും വാഹനങ്ങൾ വടക്കോട്ട് സഞ്ചരിക്കുന്നുണ്ടായിരുന്നു. അഭിഭാഷകൻ ഇക്കാര്യം ചോദിച്ചപ്പോൾ നീ പിന്നെയും വന്നോടാ ..എടുത്തോണ്ടുപോടാ...എന്ന് അസഭ്യം ചൊരിഞ്ഞു. പിൻവശത്തെ ഡോറിന് പിന്നിലായി വലതുകൈ വാഹനത്തിൽ ആഞ്ഞടിച്ചു. ഇതോടെവാഹനത്തിന്റെ തകിട് ഉള്ളിലേക്ക് വളഞ്ഞു.

വാഹനം അടിച്ചുചളുക്കിയത് ചോദ്യം ചെയ്തപ്പോഴാണ്...ഇറങ്ങി വാടാ...മകനേ എന്ന് ആക്രോശിച്ച്‌കൊണ്ട് കാറിന്റെ ഡോർ ബലമായി തുറന്ന് എസ്‌ഐ അഭിഭാഷകന്റെ കോളറിൽ പിടിച്ചുവലിച്ചത്.ഡ്രൈവർ സീറ്റിൽ നിന്ന് ബലമായി പിടിച്ചിറക്കി. നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന് അസഭ്യത്തിന്റെ അകമ്പടിയോടെ പറഞ്ഞുകൊണ്ട് ജീപ്പിന്റെ പിന്നിൽ കയറ്റി. സ്റ്റേഷനിലേക്ക് സ്വന്തം കാറിൽ എത്താമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. വാഹനം ഓടിച്ച്പരിചയമില്ലാത്ത പൊലീസുകാരനെ കൊണ്ട് ഓടിപ്പിച്ചപ്പോൾ എവിടെയോ ഇടിച്ച് കാറിന്റെ മുൻവശവും പിൻവശവും ചളുക്കുകയും ചെയ്തു.

ജീപ്പിൽ വച്ച് നിനക്ക് സ്ത്രീധനം കിട്ടിയതാണോടാ കോടതിയെന്നും നിന്റെ അമ്മേടെ നായരാണോടാ മജിസ്‌ട്രേറ്റ് എന്നും ചോദിച്ച് എസ്‌ഐ അഭിഭാഷകന്റെ നെഞ്ചിന്റെ ഇടതുവശം ഇടിച്ചു. ബൈപാസ് സർജറി കഴിഞ്ഞിട്ട് 2017 ൽ വീണ്ടും ആഞ്ചിയോപ്ലാസ്റ്റി ചെയ്തതാണെന്ന് പറഞ്ഞപ്പോൾ, നിനക്കിത് പോരെടാ...സ്‌റ്റേഷനിൽ ചെന്നിട്ട് ബാക്കി തരാം എന്നായി എസ്‌ഐ ലൈസാദ് മുഹമ്മദ്. എന്നിട്ട് വലത് കരണത്ത് ആഞ്ഞടിച്ചു. സ്‌റ്റേഷനിൽചെന്നപ്പോൾ ചാടിയിറങ്ങി ബാക് ഡോർ തുറന്ന് മുതുകിനിട്ട് ചവിട്ടി ഇടിച്ചു...എന്നിട്ട് അസഭ്യം വിളിയോടെ ആ മൂലയ്ക്ക് ഇരുത്താൻ പറഞ്ഞു.

ഹൃദ്രോഗിയായ തനിക്ക് അൽപം വെള്ളം വേണമെന്ന് പറഞ്ഞപ്പോൾ മൂത്രമൊഴിച്ചുകൊടുക്കടാ എന്ന് പറഞ്ഞ് പൊലീസുകാരുമായി കളിയാക്കി ചിരിച്ചു. ക്ഷേത്രത്തിന്റെ വാതിൽക്കൽ വച്ച് മുണ്ട് ഉരിഞ്ഞു പോയപ്പോൾ പൊതുജനമധ്യത്തിൽ തന്നെ അപമാനിതനാക്കാനും എസ്‌ഐ ശ്രമിച്ചു. പിടിച്ചുവലിച്ച സമയം ഒന്നരപവന്റെ നവരത്‌ന മോതിരം ഊരിപ്പോയി. സ്‌റ്റേഷനിൽ വച്ച് എസ്‌ഐ ഷർട്ട് വലിച്ചുകീറിയതായും അഭിഭാഷകന്റെ പരാതിയിൽ പറയുന്നു.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ചേർത്തല സർക്കാർ ആശുപത്രിയിൽ പോയി മെഡിക്കൽ എടുപ്പിച്ചു.മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കണം എന്നാവശ്യപ്പെട്ടതോടെ രാത്രി 10 മണിയോടെ സിഐയും മറ്റുപൊലീസുകാരും കൂടി വന്ന ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടുവിച്ച് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കിവിടുകയായിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡ്രൈവിങ് ലൈസൻസ് ഉള്ളയാളും പെറ്റിക്കേസിൽ പോലും പെടാത്ത ആളാണെന്നും അഭിഭാഷകൻ ഹേമലാൽ പറയുന്നു. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിൽ പറയുന്നു.

പൊലീസിന്റെ ഭാഷ്യം

എന്നാൽ, പരാതി അവാസ്തവമാണെന്ന് ചേർത്തല സിഐ അറിയിച്ചു. കർഷക സമരത്തിന്റെ ഭാഗമായി റോഡിൽ ട്രാഫിക് ഒരുവശത്തൂടെയാക്കി നിയന്ത്രിച്ചിരുന്നു. റോഡ് ബ്ലോക്കായ സമയത്ത് വന്നതുകൊണ്ടാണ് അഭിഭാഷകനെ വഴിതിരിച്ചുവിടേണ്ടി വന്നത്. അദ്ദേഹം നേരേ പോയി തിരിച്ചുവന്നപ്പോഴേക്കും ഗതാഗത തടസ്സം മാറുകയും വാഹനങ്ങളെ വടക്കോട്ട് തന്നെ കടത്തി വിടുകയുമായിരുനനു. എന്നാൽ, തന്നോട് മാത്രം വിവേചനം കാട്ടി എന്നാരോപിച്ചായിരുന്നു അഭിഭാഷകന്റെ തട്ടിക്കയറൽ. ഇതിന്റെ ദേഷ്യത്തിന് അഭിഭാഷകൻ റോഡിന്റെ നടുക്ക് വണ്ടിയിട്ടിട്ട് ബ്ലോക്കാക്കി. സ്വഭാവികമായി ട്രാഫിക് എസ്‌ഐ വണ്ടി മാറ്റാൻ പറഞ്ഞു. അഭിഭാഷകൻ മാറ്റില്ലെന്നും. ട്രാഫിക് എസ്‌ഐയോട് സംസാരിക്കുന്നത് കണ്ടുകൊണ്ടാണ് സ്‌റ്റേഷൻ എസ്‌ഐ അവിടേക്ക് ചെന്നത്. ഇതേതുടർന്നുള്ള തർക്കത്തിനൊടുവിൽ ട്രാഫിക് തടസ്സമുണ്ടാക്കിയതിന് 283 വകുപ്പ് പ്രകാരം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്്. ജാമ്യത്തിൽ വിടുകയും ചെയ്തു. പിന്നീട് മെഡിക്കൽ എടുത്തപ്പോൾ പൊലീസ് അടിച്ചുവെന്ന് കള്ളപ്പരാതി ഉന്നയിക്കുകയായിരുന്നു. നെഞ്ചത്തിടിച്ചുവെന്നും, മുഖത്തടിച്ചുവെന്നും ആരോപിക്കുന്നുണ്ടെങ്കിലും എക്‌സറേയിൽ കുഴപ്പമൊന്നും കണ്ടില്ല. അഭിഭാഷകനെ ഉപദ്രവിച്ചുവെന്ന ആരോപണം നൂറുശതമാനവും ശരിയല്ലെന്നും സിഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP