Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

12 വർഷം മുമ്പ് മോഹവില പറഞ്ഞ് ഏറ്റെടുത്തത് 86 ഏക്കർ വയൽ; ന്യായ വിലയുടെ പത്ത് ശതമാനത്തിൽ നഷ്ടപരിഹാരം ഒതുക്കിയപ്പോൾ നിയമ പോരാട്ടം; വിധിയെല്ലാം അനുകൂലമായിട്ടും നീതി നടപ്പായില്ല; പാവങ്ങളുടെ കണ്ണീര് കാണാതെ പിണറായിയും; രാമനാട്ടുകരയിലെ കർഷക വഞ്ചനയുടെ കഥ

12 വർഷം മുമ്പ് മോഹവില പറഞ്ഞ് ഏറ്റെടുത്തത് 86 ഏക്കർ വയൽ; ന്യായ വിലയുടെ പത്ത് ശതമാനത്തിൽ നഷ്ടപരിഹാരം ഒതുക്കിയപ്പോൾ നിയമ പോരാട്ടം; വിധിയെല്ലാം അനുകൂലമായിട്ടും നീതി നടപ്പായില്ല; പാവങ്ങളുടെ കണ്ണീര് കാണാതെ പിണറായിയും; രാമനാട്ടുകരയിലെ കർഷക വഞ്ചനയുടെ കഥ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിർദ്ദിഷ്ട കിൻഫ്ര ക്നോളേജ് പാർക്കിന് ഭൂമി വിട്ടുനൽകിയവർക്ക് വർഷങ്ങൾ പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി. പദ്ധതിയുടെ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന ഈ ഘട്ടത്തിൽ അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമി വിട്ടുനൽകിയവർ പദ്ധതി പ്രദേശത്തിന്റെ പ്രവേശന കവാടത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചു. ഈ മാസം 21ന് ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. നഷ്ടപരിഹാരം ലഭിക്കാതെ ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്ന് സമരസമിതി പ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞു.

12 വർഷങ്ങൾക്ക് മുമ്പ് 2008ലാണ് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ 86 ഏക്കർ വയൽഭൂമി കിൻഫ്ര പാർക്കിന്റെ നിർമ്മാണത്തിന് വേണ്ടി ഏറ്റെടുത്തത്. എന്നാൽ അന്നത്തെ ഭൂമിയുടെ ന്യായവിലയുടെ പത്തിൽ ഒന്ന് തുകമാത്രമാണ് സർക്കാർ ഭൂഉടമകൾക്ക് നൽകിയത്. ഭൂമി വിട്ടുനൽകിയവരിൽ മഹാഭൂരിഭാഗവും കർഷകരായിരുന്നു. പതിറ്റാണ്ടുകളായി തങ്ങൾ കൃഷിചെയ്തിരുന്ന ഭൂമിയാണ് നാട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി മനസ്സില്ലാമനസ്സോടെയെങ്കിലും നാട്ടുകാർ വിട്ടുനൽകിയത്. അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പിലാണ് അവർ ഭൂമി വിട്ടുനൽകിയത്.

ഭൂമി ഏറ്റെടുത്ത് രണ്ട് വർഷങ്ങൾക്ക് ശേഷം 2010ലാണ് നഷ്ടപരിഹാരതുക വിതരണം ആരംഭിച്ചത്. ലഭിച്ചതാകട്ടെ ന്യായവിലയുടെ 10 ശതമാനം മാത്രവും. അന്നത്തെ വ്യവസായ മന്ത്രിയുടെ മുമ്പാകെ ഭൂഉടമകൾ പരാതി അറിയിച്ചപ്പോൾ മന്ത്രി പറഞ്ഞത് ഭൂ ഉടമകൾക്ക് കോടതിയെ സമീപിക്കാമെന്നാണ്. സർക്കാർ കോടതിയിൽ എതിർക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കർഷകരും ഭൂ ഉടമകളും തങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതിയെ സമീപിച്ചു. മന്ത്രിയുടെ വാക്ക് പാലിക്കാതെ സർക്കാർ കോടതിയിൽ കർഷകർക്കെതിരെ നിലപാടെടുത്തു.

എങ്കിലും കോടതി കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. സർക്കാർ ഇതിനെതിരെ അപ്പീലുമായി ഹൈക്കോടതിയിൽ പോയെങ്കിലും കീഴ്ക്കോടതി വിധിച്ച നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കൊടുത്തുതീർക്കാതെ അപ്പീൽ സ്വീകരിക്കില്ലെന്ന് കോടതി നിലപാടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി വിധിച്ച നഷ്ടപരിഹാര തുകയുടെ പകുതി കർഷകർക്കും ഭൂ ഉടമകൾക്കും നൽകി. എന്നാൽ കേസിൽ അപ്പീൽ നിലനിൽക്കില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂഉടമകളുമായി സെറ്റിൽമെന്റിന് തയ്യാറായി.

ഇതിന്റെ അടിസ്ഥാനത്തിൽ കിൻഫ്ര അധികൃതരും കർഷകരും ചർച്ച നടത്തി സെറ്റിൽമെന്റ് തയ്യാറാക്കി അംഗീകരിക്കുകയും ചെയ്തു.2018 നവംബറിൽ ഹൈക്കോടതിയും കർഷകർക്ക് കീഴ്ക്കോടതി വിധിച്ച നഷ്ടപരിഹാര തുക പൂർണ്ണമായും നൽകണമെന്ന് വിധിക്കുകയും ചെയ്തു. എന്നാൽ സർക്കാർ വീണ്ടും ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ പോവുകയാണ് ചെയ്തത്. വ്യവസായ മന്ത്രി ഇപി ജയരാജനുമായ ഭൂഉടമകളുടെയും കർഷകരുടെയും പ്രതിനിധികൾ ചർച്ച നടത്തിയപ്പോൾ തെറ്റിദ്ധാരണയുടെ പുറത്താണ് സർക്കാർ സുപ്രിംകോടതിയിൽ പോയതെന്നും രണ്ട് മാസത്തിനകം കേസ് പിൻവലിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നുമാണ് അറിയിച്ചിരുന്നത്.

2020 ജൂൺ മാസത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ അതിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ കർഷകർ സമരം ആരംഭിച്ചത്. പദ്ധതി പ്രദേശത്ത് നിർമ്മാണ പ്രവർത്തികൾ തകൃതിയായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തണ്ണീർത്തട നിയമത്തിൽ വെള്ളം ചേർത്താണ് സർക്കാർ ഇവിടെ മണ്ണിട്ട് നികത്തിയതും കെട്ടിടങ്ങൾ നിർമ്മിക്കുന്നതും. പണം ലഭിക്കാനുള്ളവരിൽ 8 പേർ ഇതിനോടകം മരണപ്പെട്ടു. ബാക്കിയുള്ളവരിൽ മഹാഭൂരിഭാഗം ആളുകളും 70തിന് മുകളിൽ പ്രായമുള്ളവരാണ്.

പ്രത്യക്ഷ സമരത്തിൽ പങ്കെടുക്കുന്നതിൽ ശാരീരിക അവശതകൾ ഉണ്ടെങ്കിലും പതിറ്റാണ്ടുകൾ തങ്ങൾ കൃഷി ചെയ്ത ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി അവശതകളോടെ അവരും സമരരംഗത്തുണ്ട്. കോടതി വിധിയായതിനാൽ തന്നെ എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് മുന്നിൽ കണ്ട് പലവിധ പദ്ധതികൾ മനസ്സിൽ കണ്ടവരുണ്ട്. മകളുടെ വിവാഹവും വീട് നിർമ്മാണവും കൃഷി ഭൂമി നഷ്ടപ്പെട്ടത് കാരണം പുതിയ ജോലി കണ്ടെത്തലുമെല്ലാം സർക്കാറിൽ നിന്നുള്ള നഷ്ടപരിഹാരം കൊണ്ട് നിറവേറ്റാമെന്ന് സ്വപ്നം കണ്ടവർ. അവരെല്ലാം ഇന്ന് നിരാശയിലാണ്.

സർക്കാർ തന്ത്രപൂർവ്വം തങ്ങളെ വഞ്ചിച്ചു എന്നാണ് ഇവരുടെ പരാതി. ഈ സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് ക്രെഡിറ്റ് സ്വന്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രദേശത്തെ എംഎൽഎ വികെസി മമ്മദ് കോയ അടക്കമുള്ളവരോട് പല തവണ പരാതിപ്പെട്ടെങ്കിലും കണ്ടഭാവം നടിക്കുന്നില്ല. സമരം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അധികൃതർ ആരും തന്നെ ചർച്ചക്ക് തയ്യാറായിട്ടില്ല.

തങ്ങൾക്ക് ന്യായമായ നഷ്ടപരിഹാര തുക ലഭിച്ചില്ലെങ്കിൽ ഉദ്ഘാടനം നടത്താൻ അനുവദിക്കല്ലെന്നാണ് കർഷകരുടെ നിലപാട്. തങ്ങളുടെ നെഞ്ചിൽ ചവിട്ടിമാത്രമെ പദ്ധതിയുടെ ഉദ്ഘാടനം നടത്താനാകൂ എന്ന് സമരസമിതി പ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP