Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാങ്ക്, ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക പതിപ്പ്; മത മൗലികവാദികളുടെ മസ്തകത്തിന് ഏൽക്കുന്ന മർദനം; വി കെ പിയുടെ മകൾ കാവ്യ പ്രകാശിന്റെ ആദ്യ സൃഷ്ടി പക്ഷേ ചലച്ചിത്രം എന്ന നിലയിൽ പരാജയം; ഉണ്ണി ആറിന്റെ കഥ തിരക്കഥയായപ്പോൾ പാളിച്ചകൾ പ്രകടം; തിളങ്ങി അനശ്വര രാജനും ഷബ്ന മുഹമ്മദും

വാങ്ക്, ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക പതിപ്പ്; മത മൗലികവാദികളുടെ മസ്തകത്തിന് ഏൽക്കുന്ന മർദനം; വി കെ പിയുടെ മകൾ കാവ്യ പ്രകാശിന്റെ ആദ്യ സൃഷ്ടി പക്ഷേ ചലച്ചിത്രം എന്ന നിലയിൽ പരാജയം; ഉണ്ണി ആറിന്റെ കഥ തിരക്കഥയായപ്പോൾ പാളിച്ചകൾ പ്രകടം; തിളങ്ങി അനശ്വര രാജനും ഷബ്ന മുഹമ്മദും

എം മാധവദാസ്

'റസൂൽ ബദർ യുദ്ധകാലത്ത് ഒളിച്ചിരുന്നുപ്പോൾ ചിലച്ച് ശത്രുക്കൾക്ക് കാണിച്ചു കൊടുക്കയാണത്രേ പല്ലി ചെയ്തത്. എന്നാൽ ചിലന്തിയാവട്ടെ വലകെട്ടി മറച്ച് റസൂലിനെ സംരക്ഷിച്ചു. അതുകൊണ്ട് പല്ലിയെ കാണുന്നിടത്ത്വെച്ച് കൊല്ലാം. എന്നാൽ എട്ടുകാലിയെ ഒന്നും ചെയ്യരുത്. '- ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് സംവിധാനം ചെയ്ത അതേപേരിലുള്ള ചിത്രത്തിൽ ബാപ്പയും മകനും തമ്മിലുള്ള സംഭാഷണമാണിത്. പല്ലിയെ ഷൂ കൊണ്ട് എറിഞ്ഞ് കൊല്ലാൻ ശ്രമിക്കുന്ന കൊച്ചനിയനെ, ഒരു ജീവിയെയും കൊല്ലരുതെന്ന് പറഞ്ഞ് വിലക്കുകയാണ് ചേച്ചി. അപ്പോൾ അവൻ പറയുന്നത് മദ്രസയിൽ ഉസ്താദ് പറഞ്ഞത്, പല്ലിയെ കണ്ടിടുത്ത്വെച്ച് കൊല്ലണം എന്നാണേല്ലോയെന്ന്. ഇത് കേട്ടുവരുന്ന പിതാവ് ആകട്ടെ തന്റെ മൂത്തമകളെ 'നീ ഉസ്താദിനെക്കാളും മേളിൽ പോവേണ്ട' എന്നു പറഞ്ഞ് ശാസിക്കയാണ്. തുടർന്ന് മകനെ മടിയിലിരുത്തി അദ്ദേഹം ഈ കഥ പറഞ്ഞു കൊടുക്കുന്നു.

എക്കാലവും മതത്തെ, പ്രത്യേകിച്ച ഇസ്ലാമിനെ വിമർശിക്കാൻ നല്ല പേടിയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾക്കും സിനിമയ്ക്കും. എന്നാൽ 'വാങ്ക്' എന്ന ചിത്രം എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും തിളങ്ങിനിൽക്കുന്നത് അത് ഇസ്ലാമിക മതപൗരോഹിത്യത്തെ തേച്ച് ഒട്ടിക്കുന്നു എന്നതിലാണ്. ഇസ്ലാമിൽ എന്നും കീറാമുട്ടിയാണ് സ്ത്രീ. പുരുഷന്റെ പകുതി മാത്രം അവകാശ അധികാരങ്ങൾ മാത്രമുള്ള അവന്റെ ' 'കൃഷിയിടം'. അങ്ങനെ വിലക്കുകളിൽ വളർന്നുവന്ന ഒരു പെൺകുട്ടിക്ക് പുരുഷന്മാർ മാത്രം കുത്തകയാക്കിയ വാങ്ക് വിളിക്കാൻ തോനുന്നു. തന്റെ എക്കാലത്തെയും ഉൽക്കടമായ ആഗ്രഹം പൂവണിയിപ്പിക്കാൻ അവൾ നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള മതമൗലിക വാദികളുടെ പിത്തലാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പക്ഷേ ഒരു ചലച്ചിത്രം എന്ന രീതിയിൽ നോക്കിയാൽ തങ്ങൾക്ക് കിട്ടിയ കിടിലൻ പ്രമേയത്തെ നശിപ്പിച്ചു എന്നു മാത്രമമേ പറയാൻ കഴിയൂ. പ്രശസ്ത സംവിധായകൻ വി കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശിന്റെ സംവിധാനവും, ഹബാന മുഹമ്മിന്റെ സ്‌ക്രിപ്റ്റുമെല്ലാം ചിലയിടത്ത് പാളിപ്പോയി. ഉണ്ണി ആറിന്റെ കഥയുടെ യാതൊരു കെട്ടുറപ്പും സിനിമക്ക് ഇല്ല. തുടക്കത്തിലും ഒടുക്കത്തിലും ലാഗ് ഫീലിങ്് നന്നായി ഉണ്ടുതാനും. പക്ഷേ എന്നിരുന്നാലും മതയാഥാസ്ഥികതയുടെ മസ്തകത്തിന് എൽക്കുന്ന മർദനം എന്ന നിലക്ക് ഈ ചിത്രം ചരിത്രത്തിൽ അടയാളപ്പെടുത്തും.

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക രൂപം

മറ്റൊരു രീതിയിൽ നോക്കിയാൽ, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക രൂപമാണ് ഈ ചിത്രം. കാരണം ഒരു യാഥാസ്ഥിക ഹൈന്ദവ കുടുംബത്തിലേക്ക് വെച്ച് സിസിടിവി ഫൂട്ടേജുകളാണ് ഇന്ത്യൻ കിച്ചണെങ്കിൽ, ഇവിടെ ഒരു യാഥാസഥിക മുസ്ലിം കുടുംബമെന്ന മാറ്റം മാത്രം. പക്ഷേ 'മഹത്തായ ഭാരതീയ അടുക്കള'യിൽ ചിത്രീകരിക്കപ്പെട്ട സിനിമാറ്റിക്ക് ക്രാഫ്റ്റ് ഇവിടെ കാണുന്നില്ലെന്ന് മാത്രം. വീട് എങ്ങനെ സ്ത്രീക്ക് നരകമാവുന്നുവെന്നതിന്റെ കൃത്യമായ സൂചകങ്ങൾ രണ്ട് ചിത്രങ്ങളും നൽകുന്നുണ്ട്.

കോളേജിൽ ഫൈനൽ ഇയർ കെമിസ്ട്രിക്ക് പഠിക്കുന്ന നാല് പെണ്കുട്ടികൾ. പഠനം തീരാറായി. കോളജ് കാലത്തുള്ള എല്ലാ അഭിലാഷങ്ങളും ഇവിടെതന്നെ തീർക്കണമെന്ന അദ്ധ്യാപികയുടെ വാക്ക് കേട്ട് അവർ തങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ തീരുമാനിക്കുന്നു. അതിൽ മൂന്നു പേരുടെ ആഗ്രഹങ്ങൾ, ഒരു വിധത്തിൽ സാധിച്ചെടുക്കുന്നു. എങ്കിൽ നാലാമത്തവൾ റസിയയുടെ ( സിനിമയിൽ അനശ്വര രാജൻ) ആഗ്രഹം കുറച്ച് വിചിത്രവും അതിലധികം സങ്കീർണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായിരുന്നു. വാങ്ക് വിളിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. അതിനായി റസിയയുടെ സുഹൃത്ത് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് അവളുടെ ജീവിതം മാറ്റിമറിക്കുന്നു.

ഇസ്ലാമിനെ ധിക്കരിക്കുന്ന പെൺകുട്ടി എന്ന അർഥത്തിൽ അവൾ പിന്നെ വേട്ടയാടപ്പെടുകയാണ്. മതസംരക്ഷകരും സദാചാര ആങ്ങളമാരും മാത്രമല്ല, സ്വന്തം പിതാവുതന്നെ ( ചിത്രത്തിൽ വിനീത്) അവൾക്ക് മുന്നിൽ വൈതാളികർ ആവുന്നു. ഒരു വേള അവൾ ഭ്രാന്തിയായും ചിത്രീകരിക്കപ്പെടുന്നു. കോളജിൽ വരാൻ കഴിയുന്നില്ല. പരീക്ഷപോലും എഴുതാൻ ബാപ്പ സമ്മതിക്കുന്നില്ല. ഇവിടെയൊക്കെ തിരക്കഥയുടെ ബലക്കുറവ് പ്രകടമാണ്. കേരളം എന്നത് വെറുമൊരു താലിബാൻ സ്റ്റോറ്റോ വെള്ളരിക്കാപ്പട്ടണമോ എന്ന് തോന്നിക്കുന്ന രീതിയിലുള്ള ഏക പക്ഷീയത ചിലയിടത്തൊക്കെ ആരോപിക്കാം. യുക്തിഭദ്രമായ ബന്ധം പലപ്പോഴും സംഭവങ്ങൾക്ക് തമ്മിൽ ഉണ്ടാകുന്നില്ല. സാമൂഹിക പരിഷ്‌ക്കരണം ഒരു ദൗത്യമായി എടുത്തുകൊണ്ട് തിരക്കഥ സെറ്റ് ചെയ്താൽ വരുന്ന പാകപ്പിഴകളാണ് ഇതെന്ന് പറയാതെ വയ്യ.

റസിയയുടെ പാഷൻ ചിത്രീകരിക്കാനായില്ല

പക്ഷേ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെപ്പോലെ ഒരു ശരാശരി ഇസ്ലാമിക കുടുംബം എങ്ങനെ സ്ത്രീവിരുദ്ധമാകുന്നുവെന്നതിന്റെ കൃത്യമായ ചിത്രവും ഇവിടെ വരച്ചുകാട്ടുന്നുണ്ട്. റസിയയുടെ പിതാവ് റസാക്ക് ആദ്യകാലത്ത് നല്ല അടിപൊളി വസ്ത്രങ്ങളൊക്കെ അണിഞ്ഞ് ജീവിച്ച വ്യക്തിയാണ്. പിന്നെ പതുക്കെ പതുക്കെ മത മൗലികവാദം അയാളുടെ മനസ്സിലേക്ക് കയറിവരുന്നതോടെ കുടുംബം പർദയിലേക്കാണ് നീങ്ങുന്നത്. അധികാര- സാമ്പത്തിക കേന്ദ്രമായ ബാപ്പയുടെ ഇഷ്ടത്തിന് അനുസരിച്ചയാണ് റസിയയുടെ ജീവിതം. അവൾ എന്ത് പഠിക്കണം, എപ്പോൾ വിവാഹം കഴിക്കണം എന്ന കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അയാളാണ്. എന്തിന് പെരുന്നാളിന് വസ്ത്രമെടുക്കുന്ന കാര്യത്തിൽപോലും, രാജാവിന്റെ മുന്നിൽ ഭൃത്യർ എന്ന പോലെ തല ചൊറിഞ്ഞ് നിൽക്കണം. ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കയറാത്ത 'മഹത്തായ ഇസ്ലാമിക കുടുംബങ്ങളെ' ഈ ചിത്രം നന്നായി ട്രോളുന്നുണ്ട്.

പക്ഷേ ഈ ചിത്രത്തിന് പറ്റിയ ഏറ്റവും വലിയ ഫാൾട്ട്, റസിയയുടെ പാഷൻ എന്ന ആശയത്തെ പ്രേക്ഷകരുമായി വിനിമയം ചെയ്യുന്നതിൽ വന്നതാണ്. എന്തുകൊണ്ടാണ് തനിക്ക് വാങ്ക് വിളിക്കണം എന്നത് അവൾക്ക് ഒരു ക്രെയിസ് ആകുന്നത് എന്ന മർമ്മഭാഗം പറഞ്ഞു ഫലിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും ആയിട്ടില്ല. തന്റെ കരച്ചിലിനുശേഷം അവൾ ആദ്യം കേട്ട ശബ്ദം ബാപ്പ ചെവിയിൽ ഓതിത്തന്ന ബാങ്കുവിളിയാണെന്നും, മദ്രസയിൽ ഉസ്താദ് അതേക്കുറിച്ച് പഠിപ്പിക്കുമ്പോൾ കുട്ടിക്കുണ്ടാവുന്ന ഭാവമാറ്റവും എല്ലാം സിനിമ കാണിക്കുന്നുണ്ടെങ്കിലും അത് പ്രേക്ഷകന്റെ ഉള്ളിൽ തട്ടുന്നില്ല. ഇനി ഇങ്ങനെ വാങ്ക് വിളിക്കാൻ ആയിരുന്നെങ്കിൽ അവർക്ക് വീട്ടിൽ ആരുമില്ലാത്ത സമയത്തോ, ഒരു ലോഡ്ജിൽ റുമെടുത്തോ വാങ്ക് വിളിച്ച് പാഷൻ തീർക്കാവുന്നതായിരുന്നുല്ലോ. പക്ഷേ ഉണ്ണി ആറിന്റെ കഥ വായിക്കുമ്പോൾ കിട്ടുന്ന സംത്രാസം ചിത്രത്തിൽ ചോർന്നു പോകുന്നു. ഇതിനാണോ ഇത്രയും കഷ്ടപ്പെട്ടത് എന്ന് പ്രേക്ഷകരെക്കൊണ്ട് ചോദിക്കുന്ന രീതിയിലാണ് ചിത്രം അവസാനിപ്പിക്കുന്നത്.

എഴുത്തിനേക്കാൾ അഭിനയത്തിൽ തിളങ്ങി ഷബ്ന മുഹമ്മദ്

കേരള മണിരത്നം വി കെ പ്രകാശിന്റെ ഏറ്റവും വലിയ പ്രത്യേക ഷോട്ടുകളുടെ ദൃശ്യഭംഗിയും വിന്യാസവും തന്നെയായിരുന്നു. മകൾ കാവ്യ പ്രകാശിനും അതേ കഴിവ് കിട്ടിയിട്ടുണ്ട്. മേജർ രവിയുടെ മകൻ ആണ് അർജുൻ രവിയുടെ ക്യാമറയും മോശമായിട്ടില്ല. ഷബ്ന മുഹമ്മദ് എന്നൊരു പുതിയ എഴുത്തുകാരി ആണ് വാങ്കിന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.സിനിമയിലെ രണ്ട് പ്രധാന റോളുകളിൽ ഒന്നായ റസിയയുടെ ഉമ്മ ജാസ്മിന്റെ റോളും മനോഹരമായി അവതരിപ്പിച്ചത് ഷബ്ന തന്നെയാണ്. എഴുത്തിനേക്കാൾ ഷബ്നക്ക് ചേരുക അഭിനയം ആണെന്ന് തോനുന്നു. എന്നാൽ പലയിടത്തും കിടിലൻ സംഭാഷണങ്ങളും രംഗങ്ങളും ഒരുക്കാൻ ഷബ്നക്ക് ആയിട്ടുണ്ട്. റസിയയുടെ സുഹൃത്തായ ഒരു പെൺകുട്ടി കാന്റീനിൽ പോയി സഹപാഠിയെ പ്രൊപ്പോസ് ചെയ്യുമ്പോൾ 'താൻ മറ്റൊരു പുരുഷന് ശരീരവും മനസ്സും കൊടുത്തുപോയി' എന്ന ഒറ്റ ഡയലോഗ് തന്നെ ചിരിയും ചിന്തയും ഒരുപോലെ ഉണ്ടാക്കുന്നതാണ്. അതുപോലെ നർമ്മം ചാലിച്ച നിരവധി സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്.

'ഉദാഹരണം സുജാതയിലും', 'തണ്ണീർമത്തൻ ദിനങ്ങളിലും' തകർത്ത് അഭിനയിച്ച്, അടുത്ത മഞ്ജുവാര്യർ എന്ന് പേരുണ്ടാക്കിയ അനശ്വര രാജൻ ഈ ചിത്രത്തിലും മോശമാക്കിയിട്ടില്ല. റസിയയുടെ ഹർഷ സംഘർഷങ്ങളെ കൃത്യമായ കൈയടക്കത്തോടെ ഈ കുട്ടി കൈകാര്യം ചെയ്തിരിക്കുന്നു. ഏറെക്കാലത്തിന് ശേഷം നടൻ വിനീതിനെ ഒരു ഫുൾ ലെങ്ങ്ത്ത് റോളിൽ കാണുന്നത് റസിയയുടെ ഉപ്പ റസാക്ക് ആയിട്ടാണ്. റസാക്കിന്റെ ഉമ്മയായി വരുന്ന സരസ ബാലുശ്ശേരിയും ഏതാനും സീനുകളിൽ മാത്രമേ ഉള്ളുവെങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കും. പി എസ് റഫീഖ് എഴുതി ഔസേപ്പച്ചൻ കമ്പോസ് ചെയ്ത 'സുബാനള്ളാ..' എന്നൊരു മനോഹര ഗാനത്തിലൂടെ ആണ് വാങ്ക് തുടങ്ങുന്നതും അവസാനിക്കുന്നതും. മറ്റ് മൂന്ന് ഗാനങ്ങളും ശരാശരിയിൽ ഒതുങ്ങുന്നു.

വാൽക്കഷ്ണം: ഉണ്ണി ആറിന്റെ ചെറുകഥായ വാങ്ക്, 'കിത്താബ്' എന്ന പേരിൽ റഫീഖ് മംഗലശ്ശേരി കുട്ടികളുടെ നാടകമാക്കിയപ്പോൾ ഉണ്ടായ പുകിലുകൾ കേരളം ഇനിയും മറന്നിട്ടില്ല.കോഴിക്കോട് ജില്ലാ സ്‌കുൾ കലോൽവത്തിൽ കളിച്ച നാടകം മതമൗലികവാദികളുടെ സമ്മർദത്തിന് വഴങ്ങി പിന്നീട് പിൻവലിക്കപ്പെട്ടു. അന്ന് ഇസ്ലാമോഫോബിയ വളർത്തുന്ന, സംഘപരിവാറിന് വളമിടുന്ന നാടകത്തിന് ഒപ്പമല്ലെന്നായിരുന്നു സച്ചിദാനന്ദനും, എന്തിന് നാടകത്തിന്റെ മൂല കഥ എഴുതിയ ഉണ്ണി ആറും എടുത്തത്. ഉണ്ണിയുടെ നിലപാട്, തന്നെ ഇസ്ലാമിക തീവ്രാവാദികൾക്ക് എറിഞ്ഞ് കൊടുക്കുന്ന തരത്തിലായിപ്പോയി എന്നാണ് പിന്നീട് റഫീഖ് മംഗലശ്ശേരി പ്രതികരിച്ചത്. ഇപ്പോൾ വാങ്ക് സിനിമയായപ്പോൾ ഉണ്ണി ആറിനും സച്ചിതാനന്ദനും എന്ത് പറയാനുണ്ടെന്നതും കേരളീയ സമൂഹം കാത്തിരിക്കയാണ്. കാരണം നാടകത്തേക്കാൾ നന്നായി സിനിമ ഇസ്ലാമിനെ ട്രോളുന്നുണ്ട്. ഹൈന്ദവ ഫാസിസത്തെ മാത്രം വിവർശിച്ച് ജീവിക്കുന്ന വൺസൈഡ് നവോത്ഥാന വാദികൾക്ക് കിട്ടിയ മുഖമടച്ചുള്ള പ്രഹരം തന്നെയാണ് ഈ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP