Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മൻ ചാണ്ടി; നേമത്തേക്ക് പുതുപ്പള്ളിക്കാരനെ എത്തിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിന് ചെക്ക്; ചെന്നിത്തലയുടെ മോഹം നടക്കാൻ ഇടയില്ല; മകനും അച്ഛനും ഒരിമിച്ച് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രതിരോധം ചർച്ചയാക്കി ചാണ്ടി ഗ്രൂപ്പ്

തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മൻ ചാണ്ടി; നേമത്തേക്ക് പുതുപ്പള്ളിക്കാരനെ എത്തിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിന് ചെക്ക്; ചെന്നിത്തലയുടെ മോഹം നടക്കാൻ ഇടയില്ല; മകനും അച്ഛനും ഒരിമിച്ച് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്ന പ്രതിരോധം ചർച്ചയാക്കി ചാണ്ടി ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മൻ ചാണ്ടി. കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നേമത്ത് കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ ഉമ്മൻ ചാണ്ടി എത്തുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്.

ഡൽഹിയിൽ നടന്ന ചർച്ചകളിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉമ്മൻ ചാണ്ടിയുടെ പേര് നേമത്തെ സ്ഥാനാർത്ഥിയായി മുമ്പോട്ട് വച്ചത്. ശശി തരൂർ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയും അനുകൂലിച്ചു. എന്നാൽ കോൺഗ്രസിലെ എ ഗ്രൂപ്പ് ഇതിന് പിന്നിൽ ചതി കാണുന്നുണ്ട്. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടി ഇതിനെ തുടക്കത്തിലേ എതിർക്കുന്നത്. എങ്കിലും കോൺഗ്രസ് ഹൈക്കമാണ്ട് നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടിക്ക് മത്സരിക്കേണ്ടി വരും. കാര്യങ്ങൾ ഉമ്മൻ ചാണ്ടിയെ ബോധ്യപ്പെടുത്തി നേമത്ത് മത്സരിപ്പിക്കാൻ പാർട്ടിയിലെ മറു വിഭാഗം ശ്രമിക്കുകയും ചെയ്യും.

കോട്ടയത്തെ നേതാക്കളൊന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്ക് മാറുന്നതിനെ അനുകൂലിക്കുന്നില്ല. നേമത്ത് ജയസാധ്യത തീരേ കുറവാണ്. വട്ടിയൂർക്കാവിലും കാര്യങ്ങൾ അനുകൂലമല്ല. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് കരുതലോടെ നീങ്ങുന്നത്. എന്ത് വില കൊടുത്തും അധികാരത്തിൽ എത്താനാണ് നേമത്തേക്ക് ഉമ്മൻ ചാണ്ടിയെ നിർദ്ദേശിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ഇത് കേരളത്തിൽ ഉടനീളം കോൺഗ്രസിന് ഗുണകരമാകും. താനും മകനും ഒരുമിച്ച് മത്സരിക്കുന്നതിനെ ഉമ്മൻ ചാണ്ടി അനുകൂലിക്കുന്നില്ല. ഇതും നേമത്തേക്ക് കളം മാറ്റാന്നതിനെ എതിർക്കാൻ ഉമ്മൻ ചാണ്ടിയെ പ്രേരിപ്പിക്കുന്നത്.

മണ്ഡല പുനർനിർണ്ണയത്തിന് മുമ്പ് കോൺഗ്രസിന്റെ കോട്ടയായിരുന്നു നേമം. എൻ ശക്തൻ തുടർച്ചയായി ജയിച്ച മണ്ഡലം. ശക്തൻ കാട്ടക്കടയിലേക്ക് പോയപ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലായി മത്സരം. ഇതിന് മാറ്റം വരുത്തനാണ് ഉമ്മൻ ചാണ്ടിയെ നിയോഗിക്കാനുള്ള ആലോചന. നേമത്തിന് പുറമേ വട്ടിയൂർക്കാവിലും ഉമ്മൻ ചാണ്ടിയുടെ പേര് സജീവ ചർച്ചയാണ്. കെ മുരളീധരൻ ഉറച്ച മണ്ഡലമായി കൊണ്ടു നടന്ന വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് നഷ്ടമായത്. ഇത് കോൺഗ്രസിന്റെ പ്രസ്റ്റീജ് സീറ്റാണ്. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ വട്ടിയൂർക്കാവിലേക്ക് പരിഗണിക്കുന്നത്. പുതുപ്പള്ളിയിൽ 50 വർഷത്തിലേറെ തുടർച്ചയായി എംഎൽഎയായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി റിസ്‌ക് ഏറ്റെടുത്ത് തിരുവനന്തപുരത്ത് എത്തിയാൽ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കും എന്നായിരുന്നു കെപിസിസിയിൽ നിന്ന് പുറത്തു വന്ന വാർത്ത.

ബിജെപിയെ ചെറുക്കാൻ കോൺഗ്രസ്-ഇതാണ് ഇത്തവണ ഉമ്മൻ ചാണ്ടിയെ നേമത്തോ വട്ടിയൂർക്കാവിലോ മത്സരിപ്പിച്ച് കോൺഗ്രസ് ഉയർത്താൻ ശ്രമിച്ച മുദ്രാവാക്യം. നേമത്ത് ഉമ്മൻ ചാണ്ടി എത്തിയാൽ വിജയ സാധ്യത ഏറെയാണെന്ന് കോൺഗ്രസ് കരുതുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി മത്സരിച്ചത് വീരേന്ദ്രകുമാറിന്റെ ദള്ളിന് വേണ്ടി സുരേന്ദ്രൻ പിള്ളയാണ്. ഏറെ പിന്നോക്കം പോയി യുഡിഎഫ്. അതുകൊണ്ട് തന്നെ അതിശക്തമായ ത്രികോണ മത്സരം ഉറപ്പാക്കാൻ ഉമ്മൻ ചാണ്ടിയെ ഇറക്കാനാണ് തീരുമാനം. ഈ റിസ്‌ക് ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി അർദ്ധ സമ്മതം മൂളിക്കഴിഞ്ഞു. അങ്ങനെ നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമ്പോൾ അധികാരം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനാർത്തിയായും നേതാവിനെ ഏവരും വിലയിരുത്തും. രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. കെപിസിസി അധ്യക്ഷന്റെ മത്സരക്കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല.

തിരുവനന്തപുരത്ത് ജഗതിക്ക് അപ്പുറത്ത് പുതുപ്പള്ളി എന്ന വീട്ടിലാണ് ഉമ്മൻ ചാണ്ടിയുടെ താമസം. ഇത് നേമം മണ്ഡലത്തിലാണ്. ഈ സാഹചര്യത്തിലാണ് നേമത്തേക്ക് ഉമ്മൻ ചാണ്ടിയെ പരിഗണിക്കാൻ പ്രധാന കാരണം. തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് എംഎൽഎമാരുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലും ആരുമില്ല. തെക്കൻ കേരളത്തിലെ ഈ മൂന്ന് ജില്ലയിലും ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ മത്സര സാന്നിധ്യം ഗുണകരമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈ നിർദ്ദേശം ആദ്യം ഉയർത്തിയത്. ബിജെപിയിലേക്ക് പോകുന്ന തിരുവനന്തപുരത്തെ വോട്ടുകൾ തിരികെ കോൺഗ്രസിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനാണ് ഉമ്മൻ ചാണ്ടി വിസമ്മതം പ്രകടിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. കോർപ്പറേഷനിൽ ഏറെ സീറ്റു നഷ്ടം ഉണ്ടായി. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ പിഴവില്ലാത്ത സ്ഥാനാർത്ഥി നിർണ്ണയം തിരുവനന്തപുരം ജില്ലയിലുണ്ടാകും. ഇതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ പേരും കോൺഗ്രസ് പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP