Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മർക്കടമുഷ്ടി ഒഴിവാക്കി കാസർകോടിനെ വീട്ടിൽ ഇരുത്തിയത് സാഖറെ മാജിക്; കേരളത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാനുള്ള ചുമതല പൊലീസ് ഏറ്റെടുക്കുമ്പോൾ ഏകോപനത്തിന് മുന്നിലുള്ളതും എഡിജിപി വിജയ് സാഖറെ; പൊതു സ്ഥലങ്ങളിൽ ഇനി പൊലീസിന്റെ കർശന ഇടപെടൽ; അനുസരണക്കേട് കാട്ടുന്നവർക്ക് ശിക്ഷ ഉറപ്പ്

മർക്കടമുഷ്ടി ഒഴിവാക്കി കാസർകോടിനെ വീട്ടിൽ ഇരുത്തിയത് സാഖറെ മാജിക്; കേരളത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാനുള്ള ചുമതല പൊലീസ് ഏറ്റെടുക്കുമ്പോൾ ഏകോപനത്തിന് മുന്നിലുള്ളതും എഡിജിപി വിജയ് സാഖറെ; പൊതു സ്ഥലങ്ങളിൽ ഇനി പൊലീസിന്റെ കർശന ഇടപെടൽ; അനുസരണക്കേട് കാട്ടുന്നവർക്ക് ശിക്ഷ ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയുടെ റെഡ് സ്പോട്ടെന്ന് കരുതിയ കാസർകോടിപ്പോൾ രാജ്യത്തിന്റെ പ്രൈഡ് സ്പോട്ട്! കോവിഡിനെ കാസർഗോഡ് പിടിച്ചു കെട്ടിയത് പൊലീസിന്റെ സേവന മികവിലാണ്. കളി കൈവിട്ടു പോകുമെന്ന അവസ്ഥയിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ എല്ലാം വിജയിച്ചു. ഇപ്പോൾ സംസ്ഥാനത്താകെ കോവിഡ് രോഗികളാണ്. രാജ്യത്ത് ഏറ്റവും കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് കേരളം ഇന്ന്. ഇതോടെ വീണ്ടും പൊലീസ് നിയന്ത്രണത്തിന് ഇറങ്ങുകയാണ്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാഖറെയ്ക്കാണ് നിയന്ത്രണങ്ങളുടെ ചുമതല.

കാസർഗോഡ് കോവിഡ് പടർന്ന് പിടിച്ചപ്പോൾ അവിടെ എത്തി എല്ലാം നിയന്ത്രിച്ചതുകൊച്ചി കമ്മീഷണറായിരുന്ന വിജയ് സാഖറെയാണ്. ഈ അനുഭവ കരുത്തുമായാണ് കേരളത്തിൽ ഉടനീളം പ്രതിരോധ പ്രവർത്തനത്തിന് വിജയ് സാഖറെ എത്തുന്നത്. എഡിജിപിയായി പ്രെമോഷൻ കിട്ടിയതോടെയാണ് വിജയ് സാഖറെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയായത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആൾക്കൂട്ടം നിയന്ത്രിക്കാനും രാത്രകളിലെ അനാവശ്യ യാത്രകൾ തടയാനും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനായി മുഴുവൻ സേനാംഗങ്ങളെയും വിന്യസിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. ഈ പ്രവർത്തനങ്ങൾക്കെല്ലാം വിജയ് സാഖറെ മേൽനോട്ടം വഹിക്കും.

ഇന്ത്യയുടെ റെഡ് സ്പോട്ടാകുമെന്ന് കരുതിയ കാസർകോടിനെ രാജ്യത്തിന്റെ പ്രൈഡ് സ്പോട്ടാക്കിയത് ആരോഗ്യ രംഗത്തെ കേരള മാതൃകയിലൂടെ മാത്രമല്ല. ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ രാപകലില്ലാതെ ഓടി നടന്നാണ്. കാസർകോടിനെ അടുത്ത് അറിയുന്ന ഉദ്യോഗസ്ഥൻ. കാസർകോടിനെ നേരെയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരീക്ഷണം വിജയം കണ്ടു. വീരേന്ദ്ര വിജയ് സാഖറെ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അങ്ങനെ മഹാമാരിയെ പ്രതിരോധിക്കാനെത്തി. വീട്ടിന് പുറത്തിറങ്ങുന്നവരെ നിയന്ത്രിച്ചും ശാസിച്ചും കാസർകോട് രോഗ വ്യാപന തോത് അതിവേഗം കുറച്ചു. ട്രിപ്പിൾ ലോക് ഡൗണിന്റെ മികവായിരുന്നു ഇതിന് കാരണം. പുതിയ കാലത്ത് പുതിയ മാർഗ്ഗത്തിലൂടെ കോവിഡ് വ്യാപനം കുറയ്ക്കാനാണ് വിജയ് സാഖറെയുടെ ലക്ഷ്യം.

കോവിഡിൽ കർശന നിയന്ത്രണമാകും ഇനി സംസ്ഥാനത്ത്. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. രാത്രി പത്തിനുശേഷം അവശ്യയാത്രകൾ മാത്രമേ അനുവദിക്കൂ. ആവശ്യമുള്ള സ്ഥലങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാനും അനുമതി നൽകി. ആവശ്യമെങ്കിൽ സ്‌പെഷ്യൽ യൂണിറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും ബറ്റാലിയൻ ഉദ്യോഗസ്ഥരുടെയും സേവനവും ജില്ലാ പൊലീസ് മേധാവിമാർക്ക് വിനിയോഗിക്കാം. സെക്ടറൽ മജിസ്ട്രേറ്റുമാരുള്ള സ്ഥലങ്ങളിൽ പൊലീസ് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും.

ഹൈവേ പട്രോൾ, കൺട്രോൾറൂം വാഹനങ്ങൾ, മറ്റ് പൊലീസ് വാഹനങ്ങൾ എന്നിവയും രംഗത്തുണ്ടാവും. സംസ്ഥാന പൊലീസ് മേധാവിയുടെയും വിവിധ ജില്ലകളിലെ പൊലീസ് കൺട്രോൾ റൂമുകൾക്കും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവാക്കാനാവാത്ത കാരണങ്ങൾക്ക് മാത്രമേ ഇക്കാലയളവിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കൂ. പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കാസർകോട് കോവിഡ് വ്യാപിക്കുമ്പോൾ കൊച്ചിയിലെ കമ്മീഷണറായിരുന്നു സാഖറെ. കൊച്ചിയിലും കോവിഡ് ഉണ്ടായിരുന്നു. എന്നാൽ അവിടെ കോവിഡിനെ പിടിച്ചു കെട്ടാൻ കളക്ടര് സുഹാസിനെ പോലൊരു കർശനക്കാരനുണ്ട്. ഇത് മനസ്സിലാക്കിയാണ് കാസർകോട്ടേക്ക് സാഖറയെ വിടുന്നത്. ഇത് തന്നെയാണ് കാസർകോടിനെ രക്ഷിച്ചെടുത്തത്. കാസർഗോട്ട് എത്തിയ സാഖറെ ആദ്യം ചെയ്തതു ജനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ്. ദൗത്യത്തിന്റെ പ്രാരംഭദിനങ്ങളിൽ ദിവസം നാലുമണിക്കൂറോളം മാത്രമായിരുന്നു ഉറക്കം. പൊലീസിന്റെ മർക്കടമുഷ്ടി ഒഴിവാക്കി, ജനങ്ങളുമായി ഇടപഴകി. ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു. സ്വന്തം കുടുംബത്തിലെ ഒഴിവാക്കാൻ പറ്റാത്ത ആവശ്യം പോലും മാറ്റിവച്ചു. ഈ സ്നേഹം കാസർകോടിനെ അനുസരണയുള്ള ജില്ലയാക്കി.

അസുഖബാധിതയായ നാലുവയസുകാരിയെ അർധരാത്രി സ്വന്തം വാഹനത്തിൽക്കയറ്റി ആശുപത്രിയിലെത്തിച്ചതും നിത്യേന എണ്ണൂറിലേറെപ്പേർക്കു ഭക്ഷണമെത്തിച്ചതുമൊക്കെ സാഖറയെ വ്യത്യസ്തനാക്കി. 2020 ഫെബ്രുവരി മൂന്നിനാണു കാസർഗോഡ് ജില്ലയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 20 മുതൽ രോഗവ്യാപനം വർധിച്ചതോടെ ജില്ല അടച്ചുപൂട്ടി. സ്ഥിതി അതിവേഗം വഷളാവുകയാണെന്നു മനസിലാക്കിയ സർക്കാർ ഒരു മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനെ സ്‌പെഷൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചു. അങ്ങനെ സാഖറെ കൊച്ചിയിൽ നിന്ന് കാസർകോട്ടെത്തി.

സ്‌പെഷൽ ഓഫീസറും സംഘവും മാർച്ച് 24-നു കാസർഗോട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കാൻ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. എല്ലാ ദിവസവും വൈകിട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ലോക്ക്ഡൗൺ നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർക്കെല്ലാം സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. മാർച്ച് 25-നു കാസർഗോട്ട് നടപ്പാക്കിയ ട്രിപ്പിൾ ലോക്ക്ഡൗണും സാഖറെയുടെ ആശയമായിരുന്നു. ലോക്ക്-1 പ്രകാരം റോഡ് ബ്ലോക്കുകളും തുടർച്ചയായ മൊബൈൽ പട്രോളിങ്ങുമാണു പ്രധാനമായും നടപ്പാക്കിയത്. കർണാടകയിൽനിന്നും കണ്ണൂർ ജില്ലയിൽനിന്നുമുള്ള അതിർത്തികൾ അടച്ചു.

മതിയായ കാരണമില്ലാതെ വീടിനു പുറത്തിറങ്ങിയവരെയെല്ലാം തിരിച്ചയയ്ക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തു. അനുസരിക്കാത്തവർക്കെതിരേ നിയമനടപടി സ്വീകരിച്ചു, വാഹനങ്ങൾ പിടിച്ചെടുത്തു. അത്യാവശ്യകാര്യങ്ങൾക്കായി സർക്കാർ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ ലോക്ക്ഡൗണിൽ അന്ന് ഇളവ് നൽകിയിരുന്നു. ഇതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. തുടർന്ന് വിപണികളിൽ ആളുകളുടെ പ്രവേശനം നിയന്ത്രിക്കാൻ ടൈം വൗച്ചറുകൾ നൽകി. ഇത് ആളുകളുടെ ഒത്തുചേരൽ വളരെയധികം കുറച്ചു. കുറച്ച് ദിവസത്തേക്കെങ്കിലും അവശ്യവസ്തുക്കൾ ഒന്നിച്ചുവാങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനകം പുറത്തിങ്ങുന്നവരുടെ എണ്ണം പകുതിയോളം ചുരുങ്ങി. അങ്ങനെ പുതു മാർഗങ്ങൾ അവതരിപ്പിച്ചു.

ഡ്രോൺ ടീമുകളെ വിന്യസിച്ച് ഒത്തു ചേരലുകൾ നിയന്ത്രിച്ചു. സമ്പർക്കവിലക്കുള്ളവർ വീടുകളിൽ തുടരുന്നത് ഉറപ്പുവരുത്താൻ പൊലീസ് പാറാവ് ഏർപ്പെടുത്തി. ഓരോ ബൈക്ക് പട്രോളിങ് സംഘവും 10-12 വീടുകൾ നിരീക്ഷിച്ചു. കോവിഡ് പ്രതിരോധപദ്ധതി നടപ്പാക്കാൻ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചു. സമ്പർക്കവിലക്ക് ലംഘിക്കുന്നവരെ കണ്ടെത്താനാണ് ഇതു പ്രധാനമായും പ്രയോജനപ്പെട്ടത്. ഈ അനുഭവ കരുത്തുമായാണ് സംസ്ഥാനത്തെ കോവിഡിന്റെ വ്യാപനത്തെ ചെറുക്കാൻ സാഖറെ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP