Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇക്കൊല്ലം വിരമിക്കുന്നവർക്ക് ഒരു വർഷം സർവീസ് നീട്ടി നൽകണമെന്ന ശുപാർശയിൽ ഒളിഞ്ഞിരിക്കുന്നത് പെൻഷൻ പ്രായം ഉയർത്തലിന്റെ ഗൂഢാലോചന; സഖാക്കൾക്ക് സ്ഥിരം നിയമനം നൽകുന്നതിനൊപ്പം ഇത് കൂടി അംഗീകരിച്ചാൽ സംഭവിക്കുക നിയമന നിരോധനം; പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർ തീർത്തും നിരാശരാകുമ്പോൾ  

ഇക്കൊല്ലം വിരമിക്കുന്നവർക്ക് ഒരു വർഷം സർവീസ് നീട്ടി നൽകണമെന്ന ശുപാർശയിൽ ഒളിഞ്ഞിരിക്കുന്നത് പെൻഷൻ പ്രായം ഉയർത്തലിന്റെ ഗൂഢാലോചന; സഖാക്കൾക്ക് സ്ഥിരം നിയമനം നൽകുന്നതിനൊപ്പം ഇത് കൂടി അംഗീകരിച്ചാൽ സംഭവിക്കുക നിയമന നിരോധനം; പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർ തീർത്തും നിരാശരാകുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിൽ ഒളിഞ്ഞിരിക്കുന്നത് പെൻഷൻ പ്രായം ഉയർത്തലിന്റെ സാധ്യതകൾ. ഇതു വലിയ പ്രതിഷേധത്തിന് വഴിവക്കും. പെൻഷൻ പ്രായം കൂട്ടൽ എന്ന പ്രയോഗമില്ലാതെ തന്നെ പെൻഷൻ കൂട്ടണമെന്ന നിർദ്ദേശം നൽകുകയാണ് കമ്മീഷൻ. ഇത് സർക്കാർ അംഗീകരിക്കുമോ എന്നതാണ് പ്രധാനം. ഈ വ്യവസ്ഥ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ തിരിച്ചടിയായി മാറും.

ഇക്കൊല്ലം വിരമിക്കുന്നവർക്ക് ഒരു വർഷത്തെ സർവീസ് നീട്ടി നൽകണമെന്നാണ് കമ്മീഷന്റെ ശുപാർശ. ഇതനുസരിച്ച് ഇരുപതിനായിരത്തോളം പേരുടെ വിരമിക്കൽ വൈകിപ്പിച്ചുകൊണ്ട് 5700 കോടി രൂപയുടെ ചെലവ് നീട്ടിവെക്കാനാണ് ശുപാർശ. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കേണ്ടതുണ്ട്. ഈ ശുപാർശ അംഗീകരിച്ചാൽ ഇക്കൊല്ലം വിരമിക്കേണ്ടവരുടെ പെൻഷൻ പ്രായം ഫലത്തിൽ ഉയരും. അങ്ങനെ വരുമ്പോൾ അടുത്ത വർഷം ഇരട്ടി സാമ്പത്തിക ബാധ്യതയുണ്ടാകും. അതുകൊണ്ട് അടുത്ത വർഷത്തേയും വിരമിക്കൽ സർവ്വീസ് നീട്ടും. ഇത് പിന്നീട് ആവർത്തിക്കും. അങ്ങനെ പെൻഷൻ പ്രായം ഫലത്തിൽ ഒരു വർഷം ഉയരുന്ന സ്ഥിതി വരും.

സംസ്ഥാനത്തെ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. രാഷ്ട്രീയ പിൻബലത്തിൽ ജോലിക്ക് കയറിയവരാണ് ഇവരെല്ലാം. ഫലത്തിൽ സ്ഥിരപ്പെടുത്തൽ പിൻവാതിൽ നിയമനങ്ങളാകും. ഇത് അർഹതപ്പെട്ടവരുടെ അവസരമാകും നിഷേധിക്കുക. ഇതിനൊപ്പമാണ് സർവ്വീസിലെ ജീവനക്കാരുടെ ശമ്പളം കൂട്ടാനുള്ള തീരുമാനവും ഈ വർഷത്തെ പെൻഷൻ സർവ്വീസ് ഉയർത്താനുള്ള ശുപാർശയും. ഇതെല്ലാം പി എസ് എസി പരീക്ഷ എഴുതി കാത്തു നിൽക്കുന്നവർക്ക് വിനയാകും. ഫലത്തിൽ എല്ലാ പി എസ് എസി ലിസ്റ്റിന്റെ കാലാവധിയും നിയമനം നടക്കാതെ തന്നെ റദ്ദാകുന്ന അവസ്ഥ വരും.

വിരമിക്കലും പ്രമോഷനുമാണ് അടിസ്ഥാന ജോലികളിൽ ഒഴിവുണ്ടാക്കുന്നത്. ഇത് അനുസരിച്ചാണ് പി എസ് സി ലിസ്റ്റിൽ നിന്ന് നിയമനം കൊടുക്കുന്നത്. വിരമിക്കൽ തീയതി നീളുമ്പോൾ പ്രമോഷൻ ഇല്ലാതാകും. അതുകൊണ്ട് തന്നെ ഫലത്തിൽ നിയമന നിരോധനമെന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. പി എസ് സി റാങ്ക് ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാതെ സമരം ചെയ്യുന്നവർക്ക് കൂടുതൽ നിരാശയാകും നൽകുക. തെരഞ്ഞെടുപ്പ് വർഷത്തിൽ ഈ നിർദ്ദേശം സർക്കാർ അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം.

പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് കൈമാറിയെങ്കിലും ഈ നിർദ്ദേശങ്ങളെല്ലാം സർക്കാർ അപ്പടി അംഗീകരിക്കണമെന്നില്ല. പ്രത്യേകിച്ചു ജീവനക്കാരുടെ വിരമിക്കൽ ഒരു വർഷത്തേക്കു നീട്ടിവയ്ക്കണമെന്ന ശുപാർശ. കേരളം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനാൽ തൊഴിലന്വേഷകരായ യുവാക്കളെ പിണക്കുന്നതാകും അത്തരമൊരു നടപടി. അതിനാൽ ഈ ശുപാർശ തള്ളിയേക്കും. മറ്റെല്ലാ ശുപാർശകളും നേരിയ ഭേദഗതികളോടെ അംഗീകരിക്കാനാണു സാധ്യത. അങ്ങനെ വന്നാലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിൽ എത്തുന്നവർ ഈ ശുപാർശ പിന്നീട് നടപ്പാക്കും. അത്രയേറെ സാമ്പത്തിക ബാധ്യത ഖജനാവിനുണ്ട്. ധന കമ്മി കുറയ്ക്കാൻ ഇത്തരമൊരു നടപടി വേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്. ഫലത്തിൽ പെൻഷൻ പ്രായം വർദ്ധനവിലേക്ക് കാര്യങ്ങൾ എത്തും.

കേരളത്തിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56-ൽനിന്ന് 58 ആക്കണമെന്ന് വകുപ്പുമേധാവികൾ ഉൾപ്പെടുന്ന വിദഗ്ധസമിതി ശുപാർശ നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതിലൂടെ വർഷം 5265.97 കോടി രൂപ ലാഭിക്കാം. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പെൻഷൻപ്രായം. ഇത് രണ്ടുവർഷം കൂട്ടിയാൽ പെൻഷൻ ആനുകൂല്യമായി ഉടൻ നൽകേണ്ട തുക ലാഭിക്കാം. ഭാവിയിൽ പെൻഷനുവേണ്ടിവരുന്ന ഭാരിച്ച ബാധ്യതയിലും ആനുപാതിക കുറവുണ്ടാവുമെന്നായിരുന്നു ആ ശുപാർശ. ഇതാണ് ശമ്പള പരിഷ്‌കരണ റിപ്പോർട്ടിൽ പുതിയ രീതിയിൽ അവതരിപ്പിക്കുന്നത്. ഒരു വർഷം കഴിഞ്ഞ് ഈ ശുപാർശ വീണ്ടും തുടർന്നാൽ പെൻഷൻ പ്രായം ഫലത്തിൽ 57 ആയി മാറും.

നേരത്തെ പെൻഷൻ പ്രായം 58 ആക്കാൻ സർക്കാർ നിയോഗിച്ച പബ്‌ളിക് എക്‌സ്പെൻഡിച്ചർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ആയുർദൈർഘ്യം പരിഗണിച്ച് 58 ആക്കി ഉയർത്താനാണ് ശുപാർശ ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 1998 ൽ 60 വയസ്സായി ഉയർത്തിയപ്പോൾ തന്നെ അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാൾ ഉൾപ്പെടെ പതിനൊന്നു സംസ്ഥാനങ്ങൾ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്തുകയുണ്ടായി. പിന്നീട് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം 58 ആയി ഉയർത്തി. കേരളത്തിൽ തന്നെ സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന മെഡിക്കൽ കോളേജധ്യാപകർ, ജഡ്ജിമാർ തുടങ്ങിയവരുടെ പെൻഷൻ പ്രായം വർഷങ്ങൾക്ക് മുമ്പ് 60 വയസ്സായി ഉയർത്തിയിട്ടുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 58 വയസാണ്.

ഒരു വീട്ടിൽ താമസിക്കുന്ന സർക്കാരുദ്യോഗസ്ഥരായ സഹോദരങ്ങൾ അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരിൽ കേന്ദ്രസർക്കാർ ജീവനക്കാർ 60 വയസിലും സംസ്ഥാന സർക്കാർ ജീവനക്കാർ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരവുമാണ്. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 വയസാണ്. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വായ്പ തിരിച്ചടവിന് 800 കോടിയോളം മാറ്റിവയ്ക്കേണ്ടി വരുന്നു. ഒരു വർഷം ഏകദേശം 20.000 ജീവനക്കാരും അദ്ധ്യാപകരും സർവീസിൽ നിന്നും വിരമിക്കുന്നുണ്ട്.

ഏതാണ്ട് 4,000 കോടി രൂപ ഒരു വർഷം ഇവർക്കായി കൊടുത്തു തീർക്കേണ്ടി വരുന്നു. പ്രതിസന്ധിയുടെ സാമ്പത്തികത്തിൽ ഇത് അസാധ്യമാണ്. ഇതൊക്കെയാണ് പെൻഷൻ പ്രായം ഉയർത്താൻ വാദിക്കുന്നവർ മുമ്പോട്ട് വയ്ക്കുന്ന സാമ്പത്തിക ചിന്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP