Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒറ്റപ്പെടുത്തിയാൽ രഹസ്യങ്ങൾ പുറത്ത് വിടും; നേതാക്കൾ ഒളിക്കാൻ പെടാപാട് പെടുമെന്നും ദീപ് സിദ്ധു; കർഷക സംഘടനാ നേതാക്കൾ തന്നെ പിന്നിൽ നിന്നു കുത്തിയെന്നും താരത്തിന്റെ ആരോപണം

ഒറ്റപ്പെടുത്തിയാൽ രഹസ്യങ്ങൾ പുറത്ത് വിടും; നേതാക്കൾ ഒളിക്കാൻ പെടാപാട് പെടുമെന്നും ദീപ് സിദ്ധു; കർഷക സംഘടനാ നേതാക്കൾ തന്നെ പിന്നിൽ നിന്നു കുത്തിയെന്നും താരത്തിന്റെ ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഡ്: കർഷക നേതാക്കളെ രൂക്ഷമായി വിമർശിച്ച് ദീപ് സിദ്ധു. കർഷക സംഘടനാ നേതാക്കൾ തന്നെ പിന്നിൽ നിന്നു കുത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ചെങ്കോട്ടയിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലായെന്നും ദീപ് സിദ്ധു പറയുന്നു. തന്നെ വീണ്ടും ഒറ്റപ്പെടുത്തിയാൽ കർഷക നേതാക്കളുടെ രഹസ്യങ്ങൾ പുറത്ത് വിടുമെന്നും നേതാക്കൾ ഒളിക്കാൻ പെടാപാട് പെടുമെന്നും ദീപ് സിദ്ധു വീഡിയോയിൽ പറയുന്നു.

"റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിന് ജനങ്ങൾ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതിൽ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവർ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു ആളുകളെ എനിക്കു നിയന്ത്രിക്കാനാകുക. അവരുടെ നേതാവായ നിങ്ങളെ മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാൻ എനിക്കു കഴിഞ്ഞുവെങ്കിൽ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും". ദീപ് സിദ്ധു കർഷക നേതാക്കളോട് പറയുന്നു.

"കർഷക സമരത്തിൽ ദീപ് സിദ്ധുവിന്റെ സംഭാവന വട്ടപൂജ്യമാണെന്നു പറയുന്ന നിങ്ങൾ എങ്ങനെയാണ് ലക്ഷങ്ങളെ മുൻനിർത്തി സിദ്ധു ആക്രമണം അഴിച്ചു വിട്ടുവെന്ന് അസത്യം പ്രചരിപ്പിക്കുക. എന്നെ നിങ്ങൾ രാജ്യദ്യോഹിയെന്നു മുദ്രകുത്തുകയാണെങ്കിൽ പ്രതിഷേധത്തിൽ പങ്കെടുത്ത നിങ്ങൾ എല്ലാവരും തന്നെ ദേശവിരുദ്ധരാണ്.'- ദീപ് സിദ്ധു പറയുന്നു. താൻ ഇപ്പോഴും സിഘു അതിർത്തിയിൽ തന്നെയാണെന്നും ഒളിവിൽ പോയിട്ടില്ലെന്നും വിഡിയോയിൽ താരം അവകാശപ്പെടുന്നു.

ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിലെ അക്രമസംഭവങ്ങളിൽ ദീപ് സിദ്ധുവിനെ പൊലീസ് പ്രതിചേർത്തുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

ചെങ്കോട്ടയിലുണ്ടായ അതിക്രമങ്ങളുടെ പേരിൽ തന്നെ വിശ്വാസവഞ്ചകനെന്ന് വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് സിദ്ദു വ്യാഴാഴ്ചയും ഫേസ്‌ബുക്ക് ലൈവിൽ എത്തിയിരുന്നു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സിദ്ദു നിഷേധിച്ചു. വ്യാഴാഴ്ച രാത്രി 2 മണിയോടെയായിരുന്നു സിദ്ദുവിന്റെ ഫേസ്‌ബുക്ക് ലൈവ്. താൻ ഒളിവിലല്ലെന്നും ഡൽഹി അതിർത്തിയിൽ തന്നെ ഉണ്ടെന്നും ദീപ് സിദ്ദു ലൈവിൽ പറയുന്നു. 'ഞാൻ വിശ്വാസവഞ്ചകനല്ല, പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് നയിച്ചത് ഞാനല്ല. പഞ്ചാബിൽ നിന്നെത്തിയ പ്രതിഷേധക്കാരാണ് ചെങ്കോട്ടയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. അവരെ ആരും നയിച്ചതല്ല'- ദീപ് സിദ്ദു പറഞ്ഞു.

'ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ നടപടിയെ കർഷകനേതാക്കൾ പിന്തുണയ്ക്കണം. കാരണം പ്രതിഷേധം രേഖപ്പെടുത്താൻ മാത്രമായിരുന്നു അത്തരമൊരു തീരുമാനം. ത്രിവർണ പതാത ചെങ്കോട്ടയിൽ നിന്ന് നീക്കിയിരുന്നില്ല. താൻ അവിടെ ഉണ്ടായിരുന്നപ്പോൾ അക്രമം ഉണ്ടായിരുന്നില്ല. അന്നേദിവസം പ്രതിഷേധക്കാർ ചെങ്കോട്ടയ്ക്ക് സമീപം നടത്തിയ നടപടികളെ കർഷക യൂണിയൻ നേതാക്കൾ പിന്തുണച്ചാൽ കാർഷികനിയമങ്ങൾ പിൻവലിക്കാൻ സർക്കാർ സമ്മർദത്തിലാവുമെന്നും സിദ്ദു പറഞ്ഞു. ചെങ്കോട്ടയിൽ വരെ എത്താൻ സാധിക്കുമെങ്കിൽ പ്രതിഷേധത്തിൽ എന്തും ചെയ്യാൻ കർഷകർക്ക് ആവുമെന്ന കാര്യം സർക്കാരിന് മനസ്സിലാക്കിക്കൊടുക്കണമെന്നും സിദ്ദു വീഡിയോയിൽ പറയുന്നു.

കർഷക യൂണിയൻ നേതാക്കളാണ് പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആളുകളെ ഡൽഹിയിലേക്ക് വിളിച്ചത്. കേന്ദ്രത്തിന്റെ കണ്ണും കാതും തുറപ്പിക്കാൻ ഡൽഹിയെ പ്രകമ്പനം കൊള്ളിക്കുമെന്നുപോലും അവർ പറഞ്ഞിട്ടുണ്ട്. താൻ അവിടെ എത്തുന്നതിന് മുൻപേ തന്നെ ആയിരക്കണക്കിന് ജനങ്ങൾ ചെങ്കോട്ടയിലെത്തിയിരുന്നുവെന്നും സിദ്ദു പറയുന്നുണ്ട്. ചെങ്കോട്ടയിലെ അതിക്രമങ്ങൾക്ക് പിന്നിൽ സിദ്ദുവാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് വീഡിയോയുമായി ദീപ് സിദ്ദു രംഗത്തെത്തിയത്. സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം ചെങ്കോട്ടയിലെ ആക്രമണത്തിന് പിന്നിൽ ബിജെപി.-ആർഎസ്എസ്. ഏജന്റുമാരാണെന്ന് കർഷക സമര നേതാക്കൾ ആരോപിച്ചിരുന്നു. ചെങ്കോട്ടയിൽ സിഖ് പതാക (ഖൽസ) നാട്ടിയതടക്കമുള്ള സംഘർഷത്തിലെ മുഖ്യ ആസൂത്രകൻ പഞ്ചാബി ചലച്ചിത്രനടൻ ദീപ് സിദ്ദുവാണ്. സിദ്ദുവിന് ബിജെപി. നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സംഘർഷമുണ്ടായ നാലുമണിക്കൂർ പൊലീസ് കാഴ്ചക്കാരായി നിന്നു. സിദ്ദുവിനെ അറസ്റ്റുചെയ്യാത്തതെന്തെന്നും നേതാക്കൾ ചോദിച്ചു.

രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് സർക്കാരിന് ലഭിച്ചിരുന്നോയെന്നും പൊലീസുകാർ മൂകസാക്ഷികളായത് എന്തുകൊണ്ടെന്നും ആഭ്യന്തരമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. സിപിഎം. അടക്കമുള്ള പ്രതിപക്ഷകക്ഷികളും സർക്കാരിനെതിരേ രംഗത്തെത്തി. 'അന്നദാതാക്കൾ എന്നു പറഞ്ഞവർ ഭീകരവാദികളാണെന്നു തെളിഞ്ഞുവെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ചൊവ്വാഴ്ച രാത്രി തന്നെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്നു. സമരത്തിൽ രാജ്യവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറിയെന്ന പാർട്ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് ഡൽഹിയിലെ അക്രമങ്ങളെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

റിപ്പബ്ലിക്ദിനത്തിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ ഹർജികൾ. സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ വിനിത് ജിൻഡാൽ ഹർജി നൽകിയത്. ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തിയതിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി നിയമവിദ്യാർത്ഥിയും കോടതിയെ സമീപിച്ചു. അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്ന് അഭിഭാഷകനായ വിശാൽ തിവാരി ഹർജിയിൽ ആവശ്യപ്പെട്ടു.

ട്രാക്ടറുകൾ ഒന്നിനു പിറകെ ഒന്നായി നീങ്ങണം, ഒരു ട്രാക്ടറിൽ അഞ്ചിൽ കൂടുതൽ പേർ കയറാനാവില്ല എന്നതടക്കം കർശന നിർദ്ദേശങ്ങളാണു കിസാൻ പരേഡിൽ പങ്കെടുക്കുന്ന കർഷകർക്കു സംഘടനകൾ നൽകിയിരുന്നത്. അവയെല്ലാം കാറ്റിൽപ്പറത്തി ഒരു വിഭാഗം കർഷകർ ഡൽഹിയിലേക്ക് ഇരച്ചുകയറിയതു സംഘടനാ നേതാക്കളെ ഞെട്ടിച്ചു. പ്രശ്നങ്ങൾ സൃഷ്ടിച്ച കർഷകരുമായി തങ്ങൾക്കു ബന്ധമില്ലെന്നും കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമല്ലാത്തവരാണ് അതിനു പിന്നിലെന്നും പിന്നാലെ സംഘടനകൾ വാർത്താക്കുറിപ്പിറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP