Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടു; ഡൽഹി സംഘർഷത്തെ അപലപിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; കാർഷിക ബില്ല് ലക്ഷ്യം വെക്കുന്നത് കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ; ന്യായ വില ഉറപ്പാക്കുമെന്നും നയപ്രഖ്യാപനം; ബജറ്റ് സമ്മേളനം തുടങ്ങി

ദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടു; ഡൽഹി സംഘർഷത്തെ അപലപിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം;  കാർഷിക ബില്ല് ലക്ഷ്യം വെക്കുന്നത് കർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ; ന്യായ വില ഉറപ്പാക്കുമെന്നും നയപ്രഖ്യാപനം; ബജറ്റ് സമ്മേളനം തുടങ്ങി

സ്വന്തം ലേഖകൻ

ഡൽഹി: ഈ വർഷത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിൽ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. റിപ്പബ്ലിക്ക് ദിനത്തിൽ കർഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടർ റാലിയെയും തുടർന്നുള്ള അക്രമസംഭവങ്ങളെയും അപലപിച്ചായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു ഭരണഘടന. നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്നും നമ്മെ പഠിപ്പിക്കുന്നതും അതേ ഭരണഘടന തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമ പരിഷ്‌കാരത്തെ ന്യായീകരിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു.പുതിയ മൂന്ന് കാർഷിക നിയമങ്ങൾ രൂപീകരിക്കുന്നതിന് മുമ്പ് ലഭ്യമായിരുന്ന അവകാശങ്ങളും സൗകര്യങ്ങളും വെട്ടിക്കുറയ്ക്കില്ലെന്ന് സർക്കാർ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ ഈ പുതിയ കാർഷിക പരിഷ്‌കാരങ്ങളിലൂടെ സർക്കാർ കർഷകർക്ക് പുതിയ സൗകര്യങ്ങളും അവകാശങ്ങളും നൽകിയിട്ടുണ്ട്.കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടത്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിർഭരതയുടെ ലക്ഷ്യം. കാർഷിക മേഖലയുടെ ആധുനികവൽക്കരണം ത്വരിതപ്പെടുത്തി. ചെറുകിട കർഷകരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ വേണ്ടത്. വിളകൾക്കു ന്യായവില ഉറപ്പാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.കർഷകർക്കായി നിരവധി അനുകൂല്യങ്ങൾ കേന്ദ്രസർക്കാർ ഇക്കാലയളവിൽ നൽകി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുകയും കൂടുതൽ താങ്ങുവില വിതരണം ചെയ്യുകയും ചെയ്തു. രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനവും ഇതേ സമയം റെക്കോർഡ് അളവിലെത്തി. രാജ്യത്തെ എൺപത് ശതമാനം കർഷകരും രണ്ട് ഹെക്ടറിൽ താഴെയുള്ളവരാണ്.1,13,000 കോടി രൂപ ഈ കലായളവിൽ കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു. കാർഷികരംഗത്തെ പുതിയ പരിഷ്‌ക്കാര നടപടികൾ കർഷകരെ സഹായിക്കും. വർഷങ്ങളായുള്ള ആലോചനയ്ക്കു ശേഷമാണ് നിയമങ്ങൾ കൊണ്ടു വന്നത്. കാർഷിക നിയമങ്ങളിൽ സുപ്രീംകോടതി തീരുമാനം എന്തായാലും അതും കേന്ദ്രസർക്കാർ അംഗീകരിക്കും. സമാധാനപൂർണ്ണമായ സമരങ്ങളോട് യോജിക്കും. എന്നാൽ ദേശീയപാതകയെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. കാർഷികനിയമങ്ങൾ കർഷകർക്ക് കൂടുതൽ അധികാരവും സൗകര്യങ്ങളും നൽകും. നിയമങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മഹാമാരിക്കിടെ നടക്കുന്ന ഈ ബജറ്റ് സമ്മേളനം വളരെ പ്രധാനമാണ്. ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് നമ്മൾ പ്രവേശിക്കാൻ പോകുകയാണ്. ഇന്ത്യ ഐക്യത്തോടെ നിന്ന് പ്രതിസന്ധികൾ മറികടന്നിട്ടുണ്ട്. ഇനിയും രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധികൾ മറികടക്കണം.ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പരിപാടി ഇന്ത്യ നടത്തുന്നത് അഭിമാനകരമാണ്. ഈ വാക്സിനേഷൻ പദ്ധതിയിൽ രണ്ടു വാക്സിനുകളും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയിൽ ഇന്ത്യ മനുഷ്യരാശിയോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിരവധി രാജ്യങ്ങൾക്ക് ലക്ഷക്കണക്കിന് ഡോസ് വാക്സിനുകൾ നൽകുകയും ചെയ്തു.രാജ്യത്തൊട്ടാകെയുള്ള 24,000 ആശുപത്രികളിൽ ആയുഷ്മാൻ ഭാരത് യോജനയുടെ സൗകര്യങ്ങൾ ലഭിക്കും. ജൻഔഷധി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 7000 കേന്ദ്രങ്ങളിൽ പാവപ്പെട്ടവർക്ക് വളരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് സർക്കാർ സമയബന്ധിതമായി എടുത്ത തീരുമാനത്തിൽ താൻ സംതൃപ്തനാണെന്നും ഇത് ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചെന്നും പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ കാലഘട്ടത്തിൽ ഓരോ ഇന്ത്യക്കാരന്റെയും ജീവൻ രക്ഷിക്കുന്നതിനിടയിൽ സമ്പദ്വ്യവസ്ഥ നേരിട്ട തകർച്ചയിയിൽ നിന്ന് രാജ്യം കരകയറുകയാണ്. ഈ ദുഷ്‌കരമായ സമയത്ത് പോലും ആഗോള നിക്ഷേപകരുടെ ആകർഷകമായ ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയിരിക്കുന്നു.2100 കോടി രൂപയാണ് ജൻധൻ അക്കൗണ്ടുകൾ വഴി കേന്ദ്രസർക്കാർ നൽകിയത്. ആത്മനിർഭർഭാരത് പദ്ധതിക്ക് തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ട്.കോവിഡ് പ്രതിസന്ധിക്കിടെ എൺപത് കോടി ആളുകൾക്ക് പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യ ധാന്യം സർക്കാർ ഉറപ്പാക്കി. കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും മടങ്ങാൻ ട്രെയിനുകളും ഉറപ്പാക്കി. മടങ്ങി വന്ന തൊഴിലാളികൾക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലും വരുമാനവും നൽകിയെന്നും രാഷ്ട്രപതി അറിയിച്ചു.

'മഹാമാരിക്കെതിരായ ഈ പോരാട്ടത്തിൽ നമുക്ക് നിരവധി പൗരന്മാരെ നഷ്ടമായി. ഈ കൊറോണ കാലഘട്ടത്തിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. കോവിഡ് മൂലം ആറ് എംപിമാർ അകാലത്തിൽ നമ്മെ വിട്ടുപോയി. എല്ലാവർക്കും ആദരാജ്ഞലി അർപ്പിക്കുന്നു' രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP