Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യാക്കോബായക്കാരുടെ സ്വന്തം പാർട്ടിയായ സിപിഎമ്മിനെ ശക്തിപ്പെടുത്താൻ അനൂപ് ജേക്കബ് ഇടതുപക്ഷത്ത് എത്തുമോ? സഭാ നേതൃത്വത്തിന്റെ നീക്കം സജീവമെന്ന് സൂചനകൾ; അനൂപ് പോയാൽ സഹോദരിയായ അമ്പിളിയെ രംഗത്തിറക്കാൻ അലോചിച്ച് യുഡിഎഫ്; മാണിയുടെ മകന് പിന്നാലെ ജേക്കബിന്റെ മകനേയും പിണറായി നോട്ടമിടുമ്പോൾ

യാക്കോബായക്കാരുടെ സ്വന്തം പാർട്ടിയായ സിപിഎമ്മിനെ ശക്തിപ്പെടുത്താൻ അനൂപ് ജേക്കബ് ഇടതുപക്ഷത്ത് എത്തുമോ? സഭാ നേതൃത്വത്തിന്റെ നീക്കം സജീവമെന്ന് സൂചനകൾ; അനൂപ് പോയാൽ സഹോദരിയായ അമ്പിളിയെ രംഗത്തിറക്കാൻ അലോചിച്ച് യുഡിഎഫ്; മാണിയുടെ മകന് പിന്നാലെ ജേക്കബിന്റെ മകനേയും പിണറായി നോട്ടമിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭരണ തുടർച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് കേരളാ കോൺഗ്രസിനേയും ജോസ് കെ മാണിയേയും ഇടതുപക്ഷത്ത് എത്തിച്ചത്. കെ എം മാണിയുടെ മകന്റെ വരവോടെ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇടതിന് കരുത്ത് കൂടി. ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതുമാണ്. ഇതിന് പിന്നാലെ മറ്റൊരു നീക്കം നടത്തുകയാണ് സിപിഎം. ടിഎം ജേക്കബ്ബിന്റെ കേരളാ കോൺഗ്രസിനെ മുന്നണിയിൽ എത്തിക്കാനാണ് നീക്കം. പിറവം എംഎൽഎ കൂടിയായ അനൂപ് ജേക്കബിനെ ഇടതുപക്ഷത്ത് അടുപ്പിക്കാൻ യാക്കോബായ സഭയിലെ ചിലരും സജീവ ഇടപെടൽ നടത്തുന്നു.

സഭാ തർക്കത്തിൽ യാക്കോബായക്കാരെ സഹായിക്കുന്ന നിലപാടാണ് പിണറായി സർക്കാർ എടുത്തത്. ഇതിന്റെ ഫലം ഇടതിന് തദ്ദേശത്തിൽ കിട്ടുകയും ചെയ്തു. യാക്കോബായക്കാരുടെ പാർട്ടിയാണ് ജേക്കബിന്റേത്. ഇതിന്റെ തുടർച്ചയാണ് അനൂപ് ജേക്കബും. അതുകൊണ്ട് തന്നെ യാക്കോബായക്കാരുടെ പാർട്ടിയെ സിപിഎമ്മിന്റെ സഹയാത്രികരാക്കാനാണ് നീക്കം. ഇത് മനസ്സിലാക്കി യുഡിഎഫും മറുനീക്കം സജീവമാക്കിയിട്ടുണ്ട്. അനൂപ് ജേക്കബിന്റെ സഹോദരിയെ യുഡിഎഫിൽ ഉറപ്പിച്ചു നിർത്താനാണ് നീക്കം. ജേക്കബിന്റെ മരണ ശേഷം മകളും രാഷ്ട്രീയ പ്രവേശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അമ്പിളി ജേക്കബിന് അതിനുള്ള അവസരം കിട്ടിയില്ല. അനൂപ് ജേക്കബ് പോയാൽ യുഡിഎഫ് പിന്തുണയോടെ അമ്പിളിയെ രംഗത്തിറക്കാനാണ് കോൺഗ്രസിന്റെ നീക്കം.

അനൂപ് ജേക്കബിന് വേണ്ടി സജീവ ഇടപെടലുകൾ സിപിഎം നടത്തും. നിലവിൽ പിറവം സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് കൊടുക്കാനാണ് തീരുമാനം. എന്നാൽ അനൂപ് ജേക്കബിന്റെ മനസ് അറിഞ്ഞ് തീരുമാനത്തിൽ മാറ്റമുണ്ടാകും. ജേക്കബിന്റെ മകനും ഇടതിൽ എത്തുന്നതിനോട് മാണിയുടെ മകൻ കൂടിയായ ജോസ് കെ മാണിക്കും പൂർണ്ണ സമ്മതമാണ്. ഈ നീക്കം നടന്നാൽ കേരളാ കോൺഗ്രസ് നേതാക്കളുടെ മൂന്ന് മക്കൾ ഇടതുപക്ഷ പിന്തുണയോടെ ഇത്തവണ മത്സരത്തിന് ഉണ്ടാകും. ജോസ് കെ മാണി പാലായിലും അനൂപ് ജേക്കബ് പിറവത്തും പിന്നെ ആർ ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ പത്തനാപുരത്തും.

ഈ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് നേതാക്കളായ പിസി ജോർജിന്റെ മകൻ ഷോൺ ജോർജും പിജെ ജോസഫിന്റെ മകൻ അപ്പുവും മത്സരിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസിലെ അഞ്ച് നേതാക്കളുടെ മക്കൾ മത്സരിക്കുന്നുവെന്ന അപൂർവ്വതയും സംഭവിക്കും. ഇതിൽ അപ്പു മത്സരത്തിനില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്. ജോർജാകട്ടെ മകന്റ് കാര്യത്തിൽ തീരുമാനം എടുത്തിട്ടുമില്ല, ഏതായാലും അനൂപ് ജേക്കബിന് വേണ്ടിയുള്ള സിപിഎം ചരടുവലികൾ കേരളാ കോൺഗ്രസുകളുടെ യോജിപ്പിലേക്ക് കാര്യങ്ങളെത്തുമോ എന്നതും നിർണ്ണായകമാണ്.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലെത്തുമെന്ന് കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായി സ്‌കറിയ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിക്ക് കീഴിൽ കേരള കോൺഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും സ്‌കറിയ തോമസ് വ്യക്തമാക്കി. മുന്നണി വിപുലീകരണ സാധ്യതകൾ മന്ത്രി ഇ.പി. ജയരാജനും ശരിവച്ചു.

എന്നാൽ വാർത്താ നിഷേധിച്ച് അനൂപ് ജേക്കബ് എംഎൽഎ രംഗത്തെത്തി. എന്നാലും യാക്കോബയ സഭയിലെ ഉന്നതർക്ക് ഈ നീക്കത്തിൽ താൽപ്പര്യമുണ്ട്. അതുകൊണ്ട് തന്നെ അനൂപിനും വഴിമാറേണ്ടി വരും. യാക്കോബായ സഭയുടെ വോട്ട് കൊണ്ടാണ് പിറവത്ത് അനൂപ് ജേക്കബ് രണ്ട് വട്ടവും ജയിച്ചത്. ഈ സാഹചര്യത്തിൽ സഭയുടെ നിലപാടിന് ഒപ്പം അനൂപിന് നിൽക്കേണ്ടി വരും. നിലവിൽ ഇത്തരം നീക്കങ്ങൾ ഇല്ലെന്നും കേരള കോൺഗ്രസ് (ജേക്കബ്) യുഡിഎഫിന് ഒപ്പമെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു. ഇടതുമുന്നണിയുമായി യാതൊരു തരത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. വാർത്തയെ കുറിച്ച് സ്‌കറിയ തോമസിനോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുഡിഎഫിനെ ദുർബലപ്പെടുത്താൻ വഴികളെല്ലാം പയറ്റുകയാണ് ഇടത് മുന്നണിയും സിപിഎമ്മും. ജോസ് കെ. മാണിക്ക് പിന്നാലെ അനൂപ് ജേക്കബിനെയും കൂട്ടരെയും പാളയത്തിലെത്തിക്കാനുള്ള ചർച്ചകൾ അണിയറയിൽ സജീവമാണെന്ന് വ്യക്തമാക്കുകയാണ് സ്‌കറിയ തോമസ്. യാക്കോബായ സഭയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ പിറവം സീറ്റിനെ കേന്ദ്രീകരിച്ചാണ് മുന്നണിമാറ്റ ചർച്ചകൾ പുരോഗമിക്കുന്നതെന്നും സ്‌കറിയ തോമസ് പറഞ്ഞു ഇടതു മുന്നണിയുമായി സഭ ഇടപെട്ട് ചർച്ചകൾ നടത്തിയതായും സ്‌കറിയ തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായി അനൂപെത്തിയാൽ പിറവത്ത് വിജയിക്കാനാകില്ലെന്ന് സ്‌കറിയ തോമസ് ചൂണ്ടിക്കാട്ടുന്നു.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി ഇ.പി. ജയരാജന്റെ വാക്കുകളും. സംയുക്ത കേരള കോൺഗ്രസാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ സ്‌കറിയ തോമസ് ഇടത് മുന്നണിക്ക് കീഴിൽ കേരളകോൺഗ്രസുകൾ ഒന്നിക്കാനുള്ള സാധ്യതകളും തള്ളുന്നില്ല. സ്‌കറിയ തോമസ് കഴിഞ്ഞ തവണ മത്സരിച്ച കടുത്തുരുത്തി ജോസ് കെ. മാണിയുടെ പാർട്ടിക്ക് വിട്ടുനൽകാൻ ധാരണയായി. പകരം വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP