Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ഞൾ കൃഷിക്കെന്ന് പറഞ്ഞ് വാങ്ങിയ ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറി വരുന്നത് 100 ഏക്കർ സ്ഥലത്ത്; ക്രഷറും എം.സാന്റ് യൂണിറ്റും തുടങ്ങിയാൽ വരുമാനം 3000 കോടിയോളം; ഇതോടെ താഴ്‌വാരത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാവും; ജനകീയ സമരം ശക്തമാക്കുമെന്ന് സമരസമിതി

മഞ്ഞൾ കൃഷിക്കെന്ന് പറഞ്ഞ് വാങ്ങിയ ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറി വരുന്നത് 100 ഏക്കർ സ്ഥലത്ത്; ക്രഷറും എം.സാന്റ് യൂണിറ്റും തുടങ്ങിയാൽ വരുമാനം 3000 കോടിയോളം; ഇതോടെ താഴ്‌വാരത്തെ  ജനങ്ങളുടെ ജീവിതം ദുസ്സഹമാവും; ജനകീയ സമരം ശക്തമാക്കുമെന്ന് സമരസമിതി

കെ വി നിരഞ്ജൻ

കോഴിക്കോട്: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ കരിങ്കൽ ക്വാറിയാണെന്ന് ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയിൽ നിന്ന് സമരസമിതി പ്രവർത്തകൻ ലിനീഷ് നരയംകുളത്തിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വെളിപ്പെട്ടതെന്ന് അവർ പറഞ്ഞു.

ചെങ്ങോടുമലയിലെ 100 ഏക്കർ സ്ഥലത്ത് കരിങ്കൽ ക്വാറി തുടങ്ങുമെന്ന് കാണിച്ച്
കമ്പനി സംസ്ഥാന പാരിസ്ഥിതികാഘാത സമിതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 30 വർഷം കൊണ്ട് 3. 2 കോടി ടൺ കരിങ്കല്ല് പൊട്ടിക്കുമെന്നാണ് പ്രൊജക്ടിൽ പറയുന്നതെന്നും 250 മീറ്റർ ഉയരമാണ് ചെങ്ങോടുമലക്കുള്ളത് .ഇത്രയും ഉയരത്തിലുള്ള മല പൊട്ടിക്കുമ്പോൾ 2000ത്തിലധികം വരുന്ന താഴ്‌വാരത്തെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാവുമെന്നും കുടിവെള്ളവും നിലക്കുമെന്നും പറഞ്ഞു .ഈ ക്വാറിയിൽ നിന്നും 795 കോടി രൂപ വരുമാനമുണ്ടാവുമെന്നും പ്രൊജക്ടിൽ പറയുന്നു. ഇവിടെ ക്രഷറും എം.സാന്റ് യൂണിറ്റും തുടങ്ങിയാൽ 3000 കോടിയോളമുണ്ടാവും കമ്പനിയുടെ വരുമാനം. പ്രൊജക്ടിൽ പറഞ്ഞ കരിങ്കല്ലുകളും മറ്റ് ഉൽപ്പന്നങ്ങളും കൊണ്ടു പോകുന്നതിന് ടിപ്പറുകൾ നിത്യേന 2500 തവണ സർവ്വീസ് നടത്തണം. കോട്ടൂരിലെ ഗ്രാമീണ റോഡുകളിലൂടെ ഇത്രയധികം ടിപ്പറുകൾ സർവ്വീസ് നടത്തുമ്പോൾ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.

അവസാനമായി വന്ന പ്രൊജക്ടറിലൂടെ കമ്പനിയുടെ എല്ലാ കള്ളകളികളും പൊളിഞ്ഞിരിക്കുകയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ആദ്യം കമ്പനി അവകാശപ്പെട്ടത് മഞ്ഞൾ കൃഷി നടത്താനാണ് സ്ഥലം വാങ്ങിയതെന്നായിരുന്നു. പിന്നീട് പറഞ്ഞത് 20 ശതമാനം സ്ഥലത്ത് മാത്രം ക്വാറി തുടങ്ങുമെന്ന് എന്നാൽ ഇപ്പോൾ പറയുന്നു മുഴുവൻ സ്ഥലത്തും ക്വാറി തുടങ്ങുമെന്ന്. ഇത്തരം അനധികൃത നീക്കങ്ങൾക്കെതിരെയും ചെങ്ങോടുമലയെ ശാശ്വതമായി സംരക്ഷിക്കുന്നതിനു വേണ്ടിയും ശക്തമായ ജനകീയ സമരം തുടങ്ങുമെന്നും സമരസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ചീനിക്കൽ, ചെയർമാൻ വി. വി. ജിനീഷ്, ട്രഷറർ ബിജു കൊളക്കണ്ടി, ജോ: കൺവീനർ ലിനീഷ് നരയംകുളം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP