Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്സോ പ്രകാരം ലൈംഗിക പീഡനമല്ല; ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് വീണ്ടും; അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പതുകാരൻ നൽകിയ അപ്പീലിലെ നാഗ്പൂർ ബഞ്ചിന്റെ വിധി ചർച്ചയാവുന്നു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്സോ പ്രകാരം ലൈംഗിക പീഡനമല്ല; ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് വീണ്ടും; അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പതുകാരൻ നൽകിയ അപ്പീലിലെ നാഗ്പൂർ ബഞ്ചിന്റെ വിധി ചർച്ചയാവുന്നു

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ:വസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ വീണ്ടും വിചിത്ര വിധിയുമായി നാഗ്പൂർ ബഞ്ച് രംഗത്തെത്തി. ജസ്റ്റിസ് പുഷ്പ ഗനേഡിവാല തന്നെയാണ് ഈ വിധിന്യായവും പുറപ്പെടുവിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിക്കുന്നതും, കുട്ടിയുടെ പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്സോ വിഭാഗത്തിൽ പെടുത്തി കേസെടുക്കാൻ കഴിയില്ലെന്നാണ് പുതിയ നിർദ്ദേശം്. അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അമ്പത് വയസ്സുകാരൻ നൽകിയ അപ്പീലിലാണ് കോടതി വിധി.അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് സെഷൻസ് കോടതി അഞ്ച് വർഷം കഠിനതടവാണ് വിധിച്ചത്. 2020 ഒക്ടോബറിലാണ് സെഷൻസ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പെൺകുട്ടിയുടെ കൈകൾ പിടിച്ചുവെയ്ക്കുന്നതും. കുട്ടിയുടെ പാന്റ്സിന്റെ സിപ്പ് അഴിച്ചതും ലൈംഗിക പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതിക്കെതിരെ പോക്സോ ചുമത്താൻ വേണ്ടത്ര തെളിവുകൾ നിരത്താൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

2018 ലാണ് പെൺകുട്ടിക്ക് നേരെ പ്രതിയായ ലിബ്നസ് കജൂർ എന്ന പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് ഇയാൾ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും കുട്ടിയുടെ കൈകൾ ബലമായി പിടിക്കുകയും ചെയ്തു.

ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തിയ കുട്ടിയുടെ അമ്മയാണ് ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ച കണ്ടത്. പെൺകുട്ടിയുടെ പാന്റ്സിന്റെ സിപ്പ് ഇയാൾ ബലമായി അഴിക്കുകയായിരുന്നുവെന്ന് കുട്ടി തന്നെ അമ്മയോട് പറഞ്ഞു. തുടർന്ന് ഇവർ ബഹളം വെയ്ക്കുകയും അടുത്തുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. അന്ന് തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.

സുപ്രീം കോടിയുടെ ഇടപെടൽ

ചർമത്തിൽ തൊടാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാല് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പോക്‌സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഈ വിവാദ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്‌സോ സെക്ഷൻ 8-ൽ നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്.

ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാദ ഉത്തരവ് അറ്റോണി ജനറൽ കെകെ വേണുഗോപാൽ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹർജി സമർപ്പിക്കാൻ സുപ്രീം കോടതി എ.ജിയോട് നിർദ്ദേശിച്ചു. പോക്‌സോ സെക്ഷൻ 8 പ്രകാരം ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ നേരിട്ടുള്ള സ്പർശനം വേണമെന്ന നിരീക്ഷണം ഗുരുതരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും എ.ജി ചൂണ്ടിക്കാട്ടി.

ബോബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 12 വയസ്സുകാരിയെ പേരയ്ക്കാ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കേസ്. സെക്ഷൻ 8 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ(Skin to Skin Contact) മാറിടത്തിൽ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്നായിരുന്നു കോടതി നിരീക്ഷണം.

തുടർന്ന് കേസിലെ പ്രതിയെ പോക്സോ പ്രകാരമുള്ള കേസിൽ നിന്ന് വിമുക്തനാക്കി. ഈ വിവാദ വിധിക്കെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു പല കോണുകളിൽ നിന്നും. ഈ പശ്ചാത്തലത്തിലാണ് എ.ജി ഇന്ന് വിധി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെൺകുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ വിചാരണ കോടതി പോക്സോ സെക്ഷൻ 8, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിലെ ആരോപണവിധേയൻ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത് പോക്സോ പ്രകാരം ലൈംഗിക അതിക്രമത്തിൽപ്പെടുമോ എന്ന് ആരോപണവിധേയൻ കോടതിയിൽ ചോദ്യമുന്നയിച്ചു. തുടർന്നാണ് പോക്സോ സെക്ഷൻ 8-ൽ കോടതി വിശദീകരണം നൽകിയത്. സെക്ഷൻ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ(Skin to Skin Contact) മാറിടത്തിൽ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന് കോടതി വിശദീകരിച്ചു. ആരോപണ വിധേയനിൽ നിന്ന് പോക്സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിർദ്ദേശിക്കുകയായിരുന്നു. അതേസമയം ഐപിസി 354 പ്രകാരമുള്ള കേസ് തുടരും. പോക്സോ സെക്ഷൻ 7 പ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് 3-5 വർഷം വരെയാണ് തടവുശിക്ഷ. ഐപിസി 35 പ്രകാരമുള്ള കേസിന് ഒരു വർഷം വരെയാണ് ജയിൽ തടവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP