Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർഷകർ തീവ്രവാദ പിന്തുണയുള്ളവരാണെന്നുള്ള വ്യാജ പ്രചരണം ബിജെപി വീണ്ടും പയറ്റുകയാണെന്ന് മഹുവ മൊയ്ത്ര; ഇത്തവണ അത് നടക്കില്ലെന്നും തൃണമൂൽ നേതാവ്

കർഷകർ തീവ്രവാദ പിന്തുണയുള്ളവരാണെന്നുള്ള വ്യാജ പ്രചരണം ബിജെപി വീണ്ടും പയറ്റുകയാണെന്ന് മഹുവ മൊയ്ത്ര; ഇത്തവണ അത് നടക്കില്ലെന്നും തൃണമൂൽ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് കർഷകരുടെ പോരാട്ടത്തെ ഇല്ലാതാക്കാനെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. റിപബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മഹുവയുടെ പ്രതികരണം. നുഴഞ്ഞുകയറ്റക്കാരനായ ദീപ് സിദ്ദുവിനെ ഉപയോഗിച്ച് കർഷകരുടെ പോരാട്ടം ഇല്ലാതാക്കാമെന്ന് കേന്ദ്രസർക്കാർ കരുതേണ്ടെന്ന് അവർ പറഞ്ഞു. കർഷകർ കലാപകാരികളാണെന്നും തീവ്രവാദ പിന്തുണയുള്ളവരാണെന്നുമുള്ള വ്യാജ പ്രചരണം ബിജെപി വീണ്ടും പയറ്റുകയാണ്. എന്നാൽ ഇത്തവണ അത് നടക്കില്ലെന്നും മഹുവ പറഞ്ഞു.

ഭൂരിപക്ഷത്തിന്റേതു മാത്രമായ ഒരു സർക്കാരും വളഞ്ഞു കൂപ്പുക്കുത്തിയ നീതിന്യായ കോടതിയും പാദസേവ ചെയ്യുന്ന മാധ്യമങ്ങളും വ്യാജ വിവരങ്ങൾ സൃഷ്ടിക്കുകയും, പിന്തുണയ്ക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും മഹുവ പറഞ്ഞു. ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആൾക്കാരെ കൊണ്ടുപോയതും പതാക ഉയർത്തിയതും ദീപ് സിദ്ദുവാണെന്ന് കർഷകർ പറഞ്ഞിരുന്നു. ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ ദീപ് സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെങ്കോട്ടയിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷകർ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഗുണ്ടാ നേതാവ് ലക്കാ സാധനേയും പ്രതിചേർത്തതായാണ് റിപ്പോർട്ട്.

ചെങ്കോട്ടയ്ക്കുള്ളിൽ കയറിയ പ്രതിഷേധക്കാർ സിഖ് മത പതാക കൊടിമരത്തിൽ ഉയർത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ കർഷകർ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നത്. ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആൾക്കാരാണ് ചെങ്കോട്ടയിലേക്ക് കടന്നതെന്നും പതാക ഉയർത്തിയതെന്നും പറഞ്ഞ കർഷകർ ഇയാൾ കേന്ദ്രസർക്കാരിന്റെ ഏജന്റാണെന്നും കർഷക നേതാക്കൾ ആരോപിക്കുന്നു.

അതേസമയം, ചെങ്കോട്ടയിലുണ്ടായ അതിക്രമങ്ങളുടെ പേരിൽ തന്നെ വിശ്വാസവഞ്ചകനെന്ന് വിളിക്കരുതെന്ന് സാമൂഹ്യപ്രവർത്തകനും നടനുമായ ദീപ് സിദ്ദു ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രി 2 മണിയോടെയായിരുന്നു സിദ്ദുവിന്റെ ഫേസ്‌ബുക്ക് ലൈവ്. താൻ ഒളിവിലല്ലെന്നും ഡൽഹി അതിർത്തിയിൽ തന്നെ ഉണ്ടെന്നും ദീപ് സിദ്ദു ലൈവിൽ പറയുന്നു. 'ഞാൻ വിശ്വാസവഞ്ചകനല്ല, പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് നയിച്ചത് ഞാനല്ല. പഞ്ചാബിൽ നിന്നെത്തിയ പ്രതിഷേധക്കാരാണ് ചെങ്കോട്ടയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. അവരെ ആരും നയിച്ചതല്ല'- ദീപ് സിദ്ദു പറഞ്ഞു.

'ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ നടപടിയെ കർഷകനേതാക്കൾ പിന്തുണയ്ക്കണം. കാരണം പ്രതിഷേധം രേഖപ്പെടുത്താൻ മാത്രമായിരുന്നു അത്തരമൊരു തീരുമാനം. ത്രിവർണ പതാക ചെങ്കോട്ടയിൽ നിന്ന് നീക്കിയിരുന്നില്ല. താൻ അവിടെ ഉണ്ടായിരുന്നപ്പോൾ അക്രമം ഉണ്ടായിരുന്നില്ല. അന്നേദിവസം പ്രതിഷേധക്കാർ ചെങ്കോട്ടയ്ക്ക് സമീപം നടത്തിയ നടപടികളെ കർഷക യൂണിയൻ നേതാക്കൾ പിന്തുണച്ചാൽ കാർഷികനിയമങ്ങൾ പിൻവലിക്കാൻ സർക്കാർ സമ്മർദത്തിലാവുമെന്നും സിദ്ദു പറഞ്ഞു. ചെങ്കോട്ടയിൽ വരെ എത്താൻ സാധിക്കുമെങ്കിൽ പ്രതിഷേധത്തിൽ എന്തും ചെയ്യാൻ കർഷകർക്ക് ആവുമെന്ന കാര്യം സർക്കാരിന് മനസ്സിലാക്കിക്കൊടുക്കണമെന്നും സിദ്ദു വീഡിയോയിൽ പറയുന്നു.

കർഷക യൂണിയൻ നേതാക്കളാണ് പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആളുകളെ ഡൽഹിയിലേക്ക് വിളിച്ചത്. കേന്ദ്രത്തിന്റെ കണ്ണും കാതും തുറപ്പിക്കാൻ ഡൽഹിയെ പ്രകമ്പനം കൊള്ളിക്കുമെന്നുപോലും അവർ പറഞ്ഞിട്ടുണ്ട്. താൻ അവിടെ എത്തുന്നതിന് മുൻപേ തന്നെ ആയിരക്കണക്കിന് ജനങ്ങൾ ചെങ്കോട്ടയിലെത്തിയിരുന്നുവെന്നും സിദ്ദു പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP