Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എന്തുകൊണ്ടാണ് ഈ ബഹളങ്ങൾക്കിടയിൽ താങ്കൾ രാജ്യസഭയിൽ ബില്ലുകൾ പാസാക്കാത്തത്'; 'അപ്രതീക്ഷിതമായി ഓഫീസിലേക്ക് കടന്നുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു'; നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യസഭാ അധ്യക്ഷനാകുക ഒട്ടും സുഖകരമല്ല: ആത്മകഥയിൽ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി

'എന്തുകൊണ്ടാണ് ഈ ബഹളങ്ങൾക്കിടയിൽ താങ്കൾ രാജ്യസഭയിൽ ബില്ലുകൾ പാസാക്കാത്തത്'; 'അപ്രതീക്ഷിതമായി ഓഫീസിലേക്ക് കടന്നുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു'; നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യസഭാ അധ്യക്ഷനാകുക ഒട്ടും സുഖകരമല്ല:  ആത്മകഥയിൽ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: രാജ്യസഭ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിൽ മുങ്ങുന്ന ഘട്ടത്തിലും എന്തുകൊണ്ടാണ് താങ്കൾ ബില്ലുകൾ പാസാക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ഒരിക്കൽ ചോദിച്ചിരുന്നുവെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. രാജ്യസഭാ ചെയർമാനായിരുന്നപ്പോൾ അപ്രതീക്ഷിതമായി പ്രധാനമന്ത്രി തന്റെ ഓഫിസിലേക്ക് കടന്നു വന്നു. സംഭാഷണ മദ്ധ്യേ ഇങ്ങനെ ചോദിച്ചെന്നുമാണ് അടുത്തിടെ പ്രസിദ്ധീകരിച്ച 'ബൈ മെനി എ ഹാപ്പി ആക്‌സിഡന്റ് ' എന്ന ആത്മകഥയിൽ ഹാമിദ് അൻസാരി പരാമർശിക്കുന്നത്. ഉള്ളടക്കത്തിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ട് ഏറെ ശ്രദ്ധേയമാകുകയാണ് പുസ്തകം.

നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യസഭാ അധ്യക്ഷനാകുക ഒട്ടും സുഖകരമായിരുന്നില്ലെന്നും അദ്ദേഹം വിശദമാക്കുന്നു. ഈ കൃതിയിലൂടെ സ്വേച്ഛാധിപത്യം, ദേശീയത, ഭൂരിപക്ഷവാദം എന്നീ വിഷയങ്ങളിൽ ഭാരതീയർ ഈയടുത്തു കാണിക്കുന്ന ചായ്വിനെ പറ്റിയും സംസാരിക്കുന്നുണ്ട് അദ്ദേഹം.

'പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ആഗമനത്തിലെ ആശ്ചര്യമൊന്നടങ്ങിയപ്പോൾ ഞാൻ ഒരു ആതിഥേയന്റെ വേഷത്തിലേക്ക് മാറി. എന്നാൽ കൂടുതൽ ഉത്തരവാദിത്വപൂർണ്ണമായ സഹകരണമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും താങ്കൾ സഹകരിക്കുന്നില്ല എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം', അൻസാരി പറയുന്നു.

'രാജ്യസഭക്കകത്തും പുറത്തും ഞാൻ എന്ത് ചെയുന്നു എന്നത് പൊതുജനങ്ങൾക്കറിയാം എന്നാണ് ഞാൻ അതിനു മറുപടി പറഞ്ഞത്. എന്തുകൊണ്ടാണ് ഈ ബഹളങ്ങൾക്കിടയിൽ താങ്കൾ ബില്ലുകൾ പാസാക്കാത്തതെന്നും പ്രധാനമന്ത്രി ചോദിച്ചു', മുൻ ഉപരാഷ്ട്രപതി എഴുതുന്നു. ശബ്ദ കോലാഹലങ്ങൾക്കിടയിൽ യാതൊരു ബില്ലും പാസ്സാക്കില്ല എന്നൊരു തീരുമാനം താൻ എടുത്തിരുന്നു എന്നും യുപിഎയും എൻഡിഎയും അതിൽ അസന്തുഷ്ടരാണെന്ന് തനിക്കറിയാമായിരുന്നു എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

ലോക്സഭയിൽ പാസ്സായ ഒരു ബിൽ രാജ്യസഭയിൽ തടഞ്ഞു വെക്കേണ്ടതില്ല എന്ന ബിജെപി ധാരണയുടെ പുറത്താകാം അധികാരപൂർവ്വം അത്തരമൊരു ചോദ്യം അദ്ദേഹം എന്നോട് നേരിട്ട് ചോദിച്ചത് എന്നും അൻസാരി പറയുന്നുണ്ട്. ''അത് തികച്ചും അസാധാരണമായിരുന്നു'', അദ്ദേഹം സൂചിപ്പിക്കുന്നു.

2007ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തുണ്ടായ ഒരു സംഭാഷണത്തെ പറ്റിയും ഒരു പരാമർശം അദ്ദേഹം ഈ കൃതിയിൽ നടത്തുന്നുണ്ട്. ഗോധ്ര കലാപത്തിന് ശേഷം ഒരിക്കൽ കണ്ടുമുട്ടിയപ്പോൾ കലാപമുണ്ടാകാൻ താങ്കൾ അനുവദിച്ചതെന്തിന് എന്ന് മോദിയോട് ചോദിച്ചതായും, വിഷയങ്ങളുടെ ഒരു വശം മാത്രമാണ് ആളുകൾ എപ്പോഴും കാണുകയുള്ളൂ എന്നും നല്ല കാര്യങ്ങളെ ഒരിക്കലും ശ്രദ്ധിക്കുകയേ ഇല്ല എന്നുമാണ് മോദി അതിന് മറുപടിയായി പറഞ്ഞതെന്നും ഹാമിദ് അൻസാരി പറയുന്നു.

മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കാൻ എടുത്ത ശ്രമങ്ങളൊന്നും ഗൗനിക്കപ്പെട്ടിട്ടില്ല എന്ന് മോദി സൂചിപ്പിച്ചതായി പുസ്തകത്തിലുണ്ട്. താൻ അതിന്റെ അതിന്റെ വിശദാംശങ്ങൾ അന്വേഷിക്കുകയും താങ്കൾ അത് പൊതുജനങ്ങളുമായി പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടു എന്നും എന്നാൽ അതെന്റെ രാഷ്ട്രീയവുമായി യോജിച്ചു പോകില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും തന്റെ ആത്മകഥയിലൂടെ ഹാമിദ് അൻസാരി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP