Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എച്ച്1 ബി വീസക്കാരുടെ ജീവിത പങ്കാളിക്ക് തൊഴിൽ; പദ്ധതി റദ്ദു ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടി പിൻവലിച്ച് ജോ ബൈഡൻ; ഡെമോക്രാറ്റുകളിൽ പ്രതീക്ഷയർപ്പിച്ചവർക്ക് ആശ്വാസ തീരുമാനം; യുഎസിലേക്കുള്ള എച്ച്1ബി വീസയ്ക്കായി കാത്തിരിക്കുന്ന അപേക്ഷകരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ; ഗ്രീൻ കാർഡ് ലഭിക്കാനുള്ള സമയദൈർഘ്യം കുറയ്ക്കാനും സാധ്യത

എച്ച്1 ബി വീസക്കാരുടെ ജീവിത പങ്കാളിക്ക് തൊഴിൽ; പദ്ധതി റദ്ദു ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടി പിൻവലിച്ച് ജോ ബൈഡൻ;  ഡെമോക്രാറ്റുകളിൽ പ്രതീക്ഷയർപ്പിച്ചവർക്ക് ആശ്വാസ തീരുമാനം;  യുഎസിലേക്കുള്ള എച്ച്1ബി വീസയ്ക്കായി കാത്തിരിക്കുന്ന അപേക്ഷകരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ;  ഗ്രീൻ കാർഡ് ലഭിക്കാനുള്ള സമയദൈർഘ്യം കുറയ്ക്കാനും സാധ്യത

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൻ: എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴിൽ അനുമതി നൽകുന്ന പദ്ധതി റദ്ദാക്കാനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടി പിൻവലിച്ച് ജോ ബൈഡൻ സർക്കാർ. യുഎസിലുള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന നടപടിയാണിത്.

എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴിൽ അനുമതി നൽകുന്ന പദ്ധതിയിൽ കടുത്ത നിലപാട് സ്വീകരിക്കാൻ 2019 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോൾ ശക്തമായ എതിർപ്പ് അറിയിച്ചത് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസായിരുന്നു.

'ഇത് അന്യായമാണ്. ഡോക്ടർ, നഴ്‌സ്, ശാസ്ത്രജ്ഞർ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടിയ കുടിയേറ്റക്കാരായ സ്ത്രീകൾക്ക് അവരുടെ ഔദ്യോഗിക ജീവിതം നഷ്ടമാകാൻ ഇത് ഇടയാക്കും. ഈ നിർദ്ദേശം പിൻവലിക്കണമെന്ന് കഴിഞ്ഞ വർഷം ഡിഎച്ച്എസിനോട് (ഡിപാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി) ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പോരാട്ടം തുടരും' - 2019 ഫെബ്രുവരി 23ന് കമല ട്വിറ്ററിൽ കുറിച്ചു.

ഏകദേശം രണ്ടു വർഷത്തിനിപ്പുറം കമല യുഎസ് വൈസ് പ്രസിഡന്റ് ആയുള്ള പുതിയ സർക്കാർ ആ നടപടി പിൻവലിച്ചു. ബൈഡൻ ഭരണകൂടം അധികാരമേറ്റതിനു പിന്നാലെ ഇതുൾപ്പെടെ എതാനും നയങ്ങൾ നടപ്പാക്കുന്നത് 60 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.

യുഎസിലൊരു ജോലിയെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ് തീരുമാനം. ഡോണൾഡ് ട്രംപിന്റെ കാലത്ത് കുടിയേറ്റം, വീസ തുടങ്ങിയ വിഷയങ്ങളിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കും അവസാനമാകുകയാണ്.

അമേരിക്കക്കാർക്കു തൊഴിലവസരം നൽകാനായി മറ്റ് രാജ്യക്കാർക്കു മേൽ ചുമത്തിയ നിയന്ത്രണങ്ങൾ നീക്കുമെന്ന പ്രഖ്യാപനുമായിട്ടായിരുന്നു അധികാരത്തിലേക്ക് ബൈഡന്റെ വരവ്. ഇതിന്റെ ചുവടുപിടിച്ചാണ് യുഎസ് സിറ്റിസൺഷിപ്പ് ആക്റ്റുമായി പുതിയ ഭരണകൂടം മുന്നോട്ടുപോയത്.

വിദഗ്ധ തസ്തികകളിൽ വിദേശ ജോലിക്കാരെ നിയോഗിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ് കുടിയേറ്റത്തിനല്ലാത്ത എച്ച്-1ബി വീസ. ഇന്ത്യയിലെ ഐടി ജീവനക്കാർ ഏറെ ഉപയോഗിക്കുന്നതാണു എച്ച്1ബി. മാനേജർ / എക്‌സിക്യൂട്ടീവ് തസ്തികയിലുള്ളവർക്കാണ് എൽ1 വീസ. ട്രംപിന്റെ കാലത്തുണ്ടായ വിലക്കുകൾ മൂലം ഇന്ത്യൻ ഐടി കമ്പനികൾക്കു പോലും യുഎസിൽ നിന്നുതന്നെ ആളുകളെ റിക്രൂട്ട് ചെയ്യേണ്ട സാഹചര്യമുണ്ടായി. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നൈപുണ്യമുള്ളവരെ നഷ്ടമാകുമെന്നതിനാൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെ 46 പ്രമുഖ യുഎസ് കമ്പനികൾ ട്രംപ് നയത്തിനെതിരെ കോടതി കയറിയിരുന്നു.

യുഎസിലേക്കുള്ള എച്ച്1ബി വീസയ്ക്കുള്ള മുക്കാൽ പങ്ക് അപേക്ഷകളും ഇന്ത്യയിൽ നിന്നായതിനാൽ ഇതു സംബന്ധിച്ച ഏതു തീരുമാനവും ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരുന്നു. 2019ൽ എച്ച്-1ബി വീസയ്ക്കായി ലഭിച്ച 4.2 ലക്ഷം അപേക്ഷകളിൽ 3.13 ലക്ഷവും (74.5%) ഇന്ത്യയിൽ നിന്നായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ചൈനയുടേത് ആകെയുള്ള അപേക്ഷകളുടെ വെറും 11.8 ശതമാനവും (49,917 അപേക്ഷകൾ). മൂന്നാം സ്ഥാനത്തുള്ള കാനഡയിൽ നിന്നെത്തിയത് 4,006 (1%) അപേക്ഷകൾ മാത്രമാണ്.

2020ൽ അപേക്ഷകരിൽ 67.7 ശതമാനവും ഇന്ത്യയിൽ നിന്നും 13.2 ശതമാനം ചൈനയിൽ നിന്നുമായിരുന്നു. ഇരുരാജ്യങ്ങളിലെയും ആളുകളാണ് അപേക്ഷകരിലെ 81 ശതമാനവുമെന്നോർക്കണം. 65,000 എച്ച്1ബി വീസയാണ് ഓരോ വർഷവും നൽകുന്നത്. ഇതു കൂടാതെ, യുഎസ് മാസ്റ്റർ ബിരുദമുള്ളവർക്ക് 20,000 വീസകൾ നൽകുന്നുണ്ട്.

ട്രംപിന്റെ നീക്കം

എച്ച്-1ബി വീസകളുടെ എണ്ണം കഴിഞ്ഞ 3 വർഷമായി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു യുഎസ് ഭരണകൂടം. ഇതിനു പുറമേ സ്ഥിരതാമസത്തിനു അനുമതി നൽകുന്ന ഗ്രീൻകാർഡ് അനുവദിക്കുന്നതിലും ഒട്ടേറെ കടമ്പകൾ സൃഷ്ടിച്ചു. വർഷങ്ങൾ കാത്തിരുന്നിട്ടും ഗ്രീൻ കാർഡ് ലഭിക്കാത്ത സ്ഥിതിയുണ്ടായി. എച്ച്-1ബിയുമായി എത്തിയവരുടെ പങ്കാളികൾക്ക് എച്ച്4 വീസയിൽ ജോലി ചെയ്യാൻ അവസരം നൽകുന്ന വർക് ഓതറൈസേഷൻ എടുത്തുകളയുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ഏപ്രിലിൽ ഏർപ്പെടുത്തിയ കുടിയേറ്റ വിലക്കിന്റെ തുടർച്ചയായിട്ടാണ് ജൂണിൽ വീസ നിയന്ത്രണം കൊണ്ടുവന്നത്.

എച്ച്1ബി,എച്ച് 2ബി, എൽ 1, ജെ 1 തുടങ്ങിയ വീസകളാണ് താൽക്കാലികമായി നിർത്തിവച്ചത്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നറുക്കിട്ട് (ലോട്ടറി സിസ്റ്റം) വീസ നൽകുന്നതിനു പകരം മെറിറ്റ് അടിസ്ഥാനത്തിൽ വീസ നൽകുന്ന രീതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് മാത്രമാകും മുൻതൂക്കമെന്ന ആശങ്കയുണ്ടായി. ഓഗസ്റ്റിൽ നിരോധനത്തിൽ യുഎസ് ഇളവു വരുത്തി. ഒക്ടോബറിൽ എച്ച്-1ബി വീസയ്ക്കുള്ള താൽക്കാലിക നിരോധനം യുഎസ് കോടതി തടഞ്ഞു.

വിദേശ ജീവനക്കാർക്ക് ഉയർന്ന വേതനം നൽകാനും അവരുടെ യോഗ്യതയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുമുള്ള നടപടികൾ ഡിസംബറിൽ കോടതി വിലക്കി. അധികാരമൊഴിയാൻ 20 ദിവസം മാത്രം ബാക്കി നിൽക്കെ തൊഴിൽ വീസ നൽകുന്നതു മരവിപ്പിച്ച നടപടി മാർച്ച് 31 വരെ നീട്ടി. ട്രംപ് ഭരണത്തിലേറിയ ശേഷം ടിസിഎസ്, ഇൻഫോസിസ്, വിപ്രോ ഉൾപ്പെടെ ഇന്ത്യൻ കമ്പനികളുടെ വീസ അപേക്ഷകൾ തള്ളുന്നതിന്റെ തോതു വൻതോതിൽ വർധിച്ചു. ട്രംപിനു മുൻപ് അപേക്ഷ തള്ളുന്നതിന്റെ ശരാശരി നിരക്ക് 6% ആയിരുന്നെങ്കിൽ 2020ൽ ഇത് 21% ആയി.

ബൈഡൻ നൽകുന്ന പ്രതീക്ഷ

ജോ ബൈഡന്റെ കുടിയേറ്റ നയത്തെ ഐടി കമ്പനികളുടെ നാസ്‌കോം ഉൾപ്പടെ സ്വാഗതം ചെയ്തുകഴിഞ്ഞു. ഗ്രീൻ കാർഡ് ലഭിക്കാനുള്ള സമയദൈർഘ്യം കുറയ്ക്കാനുള്ള നടപടികളുണ്ടാകുമെന്നതാണ് പ്രധാന പ്രഖ്യാപനം. എച്ച്-1ബി വീസുകൾക്കുള്ള നിയന്ത്രണം നീക്കുമെന്ന വാഗ്ദാനം ഒടുവിൽ നിറവേറ്റുകയാണ്.

ഓരോ രാജ്യങ്ങൾക്കും തൊഴിൽ അടിസ്ഥാനപ്പെടുത്തി നൽകുന്ന ഗ്രീൻ കാർഡുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കിയേക്കും. പുതിയ തീരുമാനം അപേക്ഷകർ കൂടുതലുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് ഗുണകരമാകും. എച്ച്-1ബി വീസ ഉടമകളുടെ പങ്കാളികൾക്കുള്ള എച്ച്4 വീസ ഉപയോഗിച്ച് ജോലി ചെയ്യാൻ കഴിയുന്ന വർക്ക് ഓതറൈസേഷൻ നിലനിർത്തിയേക്കും. എഫ്1 സ്റ്റുഡന്റ് വീസയിൽ യുഎസിലെ സർവകലാശാലകളിലെത്തി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തോളം ജോലി ചെയ്യാൻ അനുവദിക്കുന്ന 'ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയിനിങ്' (ഒപിടി) കൂടുതൽ സുഗമമാക്കും. ഒപിടി എടുത്തുകളയാൻ ട്രംപ് മുൻപ് പദ്ധതിയിട്ടിരുന്നതാണ്. ഒപിടി കാലയളവ് കഴിഞ്ഞവർക്ക് എച്ച്-1ബി വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP