Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാൻ' എന്ന് ചോദിച്ച സിപിഎമ്മുകാരോട് 20 വർഷം ഒറ്റക്ക് പോരാടി; ഇനി താമസം അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ; ഗൃഹപ്രവേശനത്തിന് ഉമ്മൻ ചാണ്ടിക്കും ക്ഷണം; പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ ചിത്രലേഖ സുമനസ്സുകൾക്ക് നന്ദി പറയുമ്പോൾ

'ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാൻ' എന്ന് ചോദിച്ച സിപിഎമ്മുകാരോട് 20 വർഷം ഒറ്റക്ക് പോരാടി; ഇനി താമസം അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ; ഗൃഹപ്രവേശനത്തിന് ഉമ്മൻ ചാണ്ടിക്കും ക്ഷണം; പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ ചിത്രലേഖ സുമനസ്സുകൾക്ക് നന്ദി പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായ ചിത്രലേഖക്ക് സിപിഎമ്മിൽനിന്ന് നേരിട്ട ദുരനുഭവവും ജാതി വിവേചനവും കേരളം പലതവണ ചർച്ച ചെയ്തതാണ്. ജോലി ചെയ്തു ജീവിക്കാൻ സിപിഎമ്മുകാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കഴിഞ്ഞ 20 വർഷമായി ചിത്രലേഖ മലയാളിയുടെ മനസ്സിൽ നൊമ്പരമായി. ഇപ്പോഴിതാ താമസിക്കാൻ ചിത്രലേഖയ്ക്കു വീടൊരുങ്ങി. ഗൃഹപ്രവേശം 31ന് നടക്കും. 'ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാൻ' എന്ന് ചോദിച്ച സിപിഎമ്മുകാരോട് 20 വർഷം ഒറ്റക്ക് പോരാടിയ ചിത്രലേഖയ്ക്ക് തുണയായത് സുമനസ്സുകളുടെ സഹായമാണ്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കാട്ടാമ്പള്ളിയിൽ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് അനുവദിച്ച 5 സെന്റ് സ്ഥലത്താണു വീട് നിർമ്മിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ സഹായത്തോടെയും വായ്പയെടുത്തുമായിരുന്നു വീടു നിർമ്മാണം.കെ.എം.ഷാജി എംഎൽഎ ഇടപെട്ട് ഗ്രീൻ വോയ്‌സ് അബുദാബി എന്ന സംഘടനവഴിയാണു വീടിന്റെ മെയിൻ വാർപ്പു വരെയുള്ള ജോലികൾ തീർത്തത്. പിന്നീട് വായ്പ വാങ്ങി പൂർത്തീകരിക്കുകയായിരുന്നു. എടാട്ട് ചിത്രലേഖയ്ക്ക് സ്ഥലമുണ്ടെന്നു പറഞ്ഞാണ് ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച സ്ഥലം എൽഡിഎഫ് സർക്കാർ റദ്ദ് ചെയ്തതെന്നു ചിത്രലേഖ പറയുന്നു. അതിനെതിരെയും നിയമ പോരാട്ടം വേണ്ടി വന്നു.

വടകര സ്വദേശി ശ്രീഷ്‌കാന്തുമായുള്ള വിവാഹത്തെ തുടർന്നാണു പ്രശ്‌നം തുടങ്ങിയത്. ഇതോടെ സിപിഎം തങ്ങൾക്ക് എതിരായതെന്നു ചിത്രലേഖ പറയുന്നു. ദലിത് വിഭാഗത്തിൽപെട്ട ചിത്രലേഖയെ വിവാഹം ചെയ്ത ശ്രീഷ്‌കാന്ത് മറ്റൊരു സമുദായക്കാരനാണ്. ഇതായിരുന്നു പ്രശ്‌നത്തിന് കാരണം. പാർട്ടി എതിരായതോടെ വടകരയിൽ നിന്ന് ശ്രീഷ്‌കാന്തിനു ചിത്രലേഖയുടെ നാടായ പയ്യന്നൂർ എടാട്ടേക്കു മാറേണ്ടി വന്നു.ഓട്ടോ ഡ്രൈവറായ ശ്രീഷ്‌കാന്തിനു പുറമേ ചിത്രലേഖയും സർക്കാർ പദ്ധതിയിൽ ഓട്ടോ വാങ്ങി.

എടാട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ സിഐടിയു തൊഴിലാളികൾ ഇവർക്ക് എതിരായി. ചിത്രലേഖയുടെ ഓട്ടോ തീയിട്ടു നശിപ്പിച്ചു. ജാതി അധിക്ഷേപത്തിനും ഇരയായി. പിന്നെ നടന്നതെല്ലാം സമാനതകളില്ലാത്ത പ്രതികാരം. ഇതിനെ ചിത്രലേഖ മനസ്സിലെ കരുത്തുമായി നേരിട്ടു. സന്നദ്ധ സംഘടനകൾ വാങ്ങി നൽകിയ ഓട്ടോയും പ്രദേശത്ത് ഓടിക്കാൻ സിപിഎം പ്രവർത്തകർ അനുവദിച്ചില്ലെന്നു ചിത്രലേഖ പറയുന്നു. തൊഴിലെടുത്തു ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 122 ദിവസം കണ്ണൂർ കലക്ടറേറ്റിനു മുൻപിലും പിന്നീട് 47 ദിവസം സെക്രട്ടേറിയറ്റിനു മുന്നിലും ചിത്രലേഖയ്ക്കു സമരം ചെയ്യേണ്ടി വന്നു.

എടാട്ടു നിന്നു കണ്ണൂർ കാട്ടമ്പള്ളിയിൽ വാടക വീട്ടിലേക്കു മാറേണ്ടി വന്നു. ഇപ്പോൾ കണ്ണൂർ നഗരത്തിലാണു ചിത്രലേഖ ഓട്ടോ ഓടിക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കാട്ടാമ്പള്ളിയിൽ ചിത്രലേഖയ്ക്കു വീടു വയ്ക്കാൻ സ്ഥലവും പണവും അനുവദിച്ചു. എൽഡിഎഫ് സർക്കാർ വന്നപ്പോൾ സ്ഥലം നൽകിയ നടപടി റദ്ദാക്കി. കോടതിയെ സമീപിച്ച് ആ നടപടിക്കു സ്റ്റേ വാങ്ങിയാണു ചിത്രലേഖ വീടു പണിതത്. സർക്കാർ വീടുവയ്ക്കാൻ അനുവദിച്ച സഹായധനവും കിട്ടിയില്ല.

15 വർഷം മുമ്പാണ് പയ്യന്നൂരിലെ എടാട്ട് എന്ന സ്ഥലത്ത് ചിത്രലേഖയും ഭർത്താവ് ശ്രീഷ്‌കാന്തും ഒരു കുടുംബം മുന്നോട്ടു കൊണ്ട് പോകാനായി ലോൺ എടുത്തു ഓട്ടോ വാങ്ങുന്നത്. അന്ന് തുടങ്ങിയ സംഭവങ്ങളാണ് ഇപ്പോഴും ഉള്ളത്. ചിത്രലേഖയുടെ ഭർത്താവ് ശീഷ്‌കാന്ത് പയ്യന്നൂരുകാരൻ അല്ലാത്തതുകൊണ്ടും അവിടുത്തെ സ്ഥലങ്ങൾ പരിചയമില്ലാത്തതുകൊണ്ടും ചിത്രലേഖയോട് ഓട്ടോ ഓടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയും ആയി എടാട്ടെ സ്റ്റാന്റിലെത്തിയപ്പോൾ ''ഓ... പൊലച്ചി എത്തിയാ... ഓട്ടോ ഓടിക്കാൻ' എന്ന ഒരു കമന്റ് ആണ് അവരെ എതിരേറ്റത്. ശ്യാമസുന്ദര കേരള, നിഷ്‌കളങ്ക പയ്യന്നൂരിലെ ഒരു ഓട്ടോ സ്റ്റാന്റിലെ ആദ്യത്തെ പ്രതികരണം. ഒരു ദുർഗാപൂജ നാളിൽ ഇടതുപക്ഷ സി ഐ ടി യു യൂണിയൻ ഒരു നമ്പൂതിരിയെ ഒക്കെ വെച്ചു ഓട്ടോകൾ പൂജയും നടത്തിയെന്നും ചിത്രലേഖ പിന്നീട് പറഞ്ഞിരുന്നു.

ചിത്രലേഖ എന്ന ദളിത് സ്ത്രീക്കെതിരെയുള്ള സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ജാതീയ അക്രമം അവിടെ തുടങ്ങി. പിന്നീട് ഒരിക്കൽ ചിത്രലേഖയുടെ ഓട്ടോയുടെ റെക്‌സിൻ കീറിപ്പറിച്ചു. എതിർക്കാൻ ചെന്ന ചിത്രലേഖയുടെമേൽ ഓട്ടോ ഓടിച്ചു കയറ്റി. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ പരിക്കുകളില്ലാതെ ചിത്രലേഖ രക്ഷപ്പെട്ടത്. പയ്യന്നൂരിലെ ജാതി ആൺകോയ്മയെ അനുസരിക്കാത്ത, അതിനെതിരെ പ്രതികരിച്ച ചിത്രലേഖ നിരന്തരം ആക്രമിക്കപ്പെട്ടു. ഓട്ടോ കീറിയതിനെതിരെ ശബ്ദമുയർത്തിയ ചിത്രലേഖയോടു ''നിന്നെയും കീറും'' എന്നാണ് അവിടത്തെ ഓട്ടോ ഡ്രൈവർമാരിൽ ഒരാൾ പ്രതികരിച്ചത്. ചിത്രലേഖ പൊലീസിൽ ഈ പ്രശ്‌നങ്ങൾ പരാതിയാക്കിയപ്പോൾ അജിത് കുമാർ എന്ന സിപിഎം ഗുണ്ടയുടെ നേതൃത്വത്തിൽ ചിത്രലേഖയുടെ വീട്ടിൽ വെച്ചു തന്നെ അവരുടെ ഓട്ടോ കത്തിച്ചു ചാമ്പൽ ആക്കുന്ന സംഭവവും നടന്നു. ഒരു ദളിത് സ്ത്രീയുടെ നെഞ്ചത്ത് കയറി പൊലിപ്പിച്ച്‌ചെടുക്കുന്ന വിപ്ലവങ്ങൾ. പിന്നീട് പി. കെ . ശ്രീമതിയെപ്പോലുള്ള വിപ്ലവ നായികമാർ ചിത്രലേഖ എന്റെ സ്വന്തം സഹോദരി ആണെന്ന് പയ്യന്നൂരിൽ പ്രസംഗിച്ചു.

ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്‌കാന്തിനെ ഗൂണ്ടാ ലിസ്റ്റിൽ കയറ്റി മുപ്പത്തി രണ്ടു ദിവസം ജയിലിൽ അടച്ചു. അവിടെയും തീർന്നില്ല അക്രമം, അജിത്തിന്റെ നേതൃത്വത്തിൽ ശ്രീഷ്‌കാന്തിനെ കൊല്ലാൻ വടിവാളുമായി ചിത്രലേഖയുടെ വീട്ടിലെത്തി. പക്ഷെ ആളുമാറി വെട്ടുകൊണ്ടത്, ശ്രീഷ്‌കാന്തിന്റെ അനിയനും. പാർട്ടിയോടും പഞ്ചായത്ത് മെമ്പർമാരോടും യൂണിയൻ നേതാക്കളോടും പരാതിപ്പെട്ടപ്പോൾ തങ്ങൾക്ക് ഈ കാര്യത്തിൽ ഇടപെടാൻ പറ്റില്ല എന്നായിരുന്നു മറുപടി. ശ്രീഷ്‌കാന്തിനെ ''പൊലച്ചീന്റെ കൂടെ കെടക്കുന്നവൻ'' എന്നു പറഞ്ഞായി ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ പൊലീസ് ഇതിലൊന്നും കേസ് എടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP