Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാഭ്യാസം സ്വയം ആർജ്ജിക്കണമെന്ന നിലപാടിൽ ഔപചാരിക വിദ്യാഭ്യാസമില്ലാതെ പഠിച്ചത് 15 ഭാഷകൾ; സമുദ്ര ഗവേഷകനും ഗോളശാസ്ത്രജ്ഞനും കപ്പൽ നിർമ്മാതാവുമായി പേരെടുത്തു; ജെഎൻയുവിൽ പോലും പഠിപ്പിക്കുന്ന പ്രബന്ധങ്ങളുടെ രചയിതാവ്; ജീവിക്കുന്ന ഇടം പരീക്ഷണ കേന്ദ്രമാക്കുന്ന വ്യക്തി; പത്മശ്രീ നേടിയ അലി മണിക്ഫാന്റെ കഥ

വിദ്യാഭ്യാസം സ്വയം ആർജ്ജിക്കണമെന്ന നിലപാടിൽ ഔപചാരിക വിദ്യാഭ്യാസമില്ലാതെ പഠിച്ചത് 15 ഭാഷകൾ; സമുദ്ര ഗവേഷകനും ഗോളശാസ്ത്രജ്ഞനും കപ്പൽ നിർമ്മാതാവുമായി പേരെടുത്തു; ജെഎൻയുവിൽ പോലും പഠിപ്പിക്കുന്ന പ്രബന്ധങ്ങളുടെ രചയിതാവ്; ജീവിക്കുന്ന ഇടം പരീക്ഷണ കേന്ദ്രമാക്കുന്ന വ്യക്തി;  പത്മശ്രീ നേടിയ അലി മണിക്ഫാന്റെ കഥ

ജാസിം മൊയ്തീൻ

കോഴിക്കോട്: ഔപചാരിക വിദ്യാഭ്യാസം ഇല്ലാതെ തന്നെ 15ലധികം ഭാഷകൾ കൈകാര്യം ചെയ്യുകയും സമുദ്ര ഗവേഷകൻ, ഗോളശാസ്ത്രജ്ഞൻ, കപ്പൽ നിർമ്മാതാവ്, ബഹുഭാഷാ വിദഗ്ദ്ധൻ, മുസ്ലിം പണ്ഡിതൻ എന്നീ നിലകളിലുമെല്ലാം പ്രസിദ്ധനാണ് ഇത്തവണ പത്മശ്രീ നൽകി രാജ്യം ആദരിച്ച അലി മണിക്ഫാൻ. ലക്ഷദ്വീപിലെ മിനിക്കോയിയാണ് ജന്മദേശം. 1938 മാർച്ച് 16നാണ് ജനനം. ലക്ഷദ്വീപിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായതിനാൽ ഔപചാരിക വിദ്യാഭ്യാസത്തിന് വേണ്ടി പിതാവ് അലിമണിക്ഫാനെ കണ്ണൂരിലേക്ക് അയക്കുകയായിരുന്നു. എന്നാൽ സാമ്പ്രദായിക സ്‌കൂൾ വിദ്യാഭ്യാസത്തോട് കലഹിച്ച് അലിമണിക്ഫാൻ നാട്ടിലേക്ക് തന്നെ തിരികെ പോയി.

വിദ്യാഭ്യാസം സ്വയം ആർജ്ജിച്ചെടുക്കേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസം ഇല്ലാതെ തന്നെ സ്വപ്രയത്നം കൊണ്ട് അറിവും നേട്ടങ്ങളും സ്വന്തമാക്കാം എന്ന് തെളിയിച്ച വ്യക്തി കൂടിയാണ് അലിമണിക്ഫാൻ. തന്റെ മാതൃഭാഷയായ ദിവേഹിക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, പേർഷ്യൻ, സംസ്‌കൃതം തുടങ്ങി 15ഓളം ഭാഷകൾ കൈകാര്യം ചെയ്യാൻ അലിമണിക്ഫാൻ പഠിച്ചത് സ്‌കൂളിൽ നിന്നല്ല.

സമുദ്രജീവി ശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്റെ തനതു സമ്പത്തായ കപ്പൽ നിർമ്മാണം, ഫിഷറീസ്, കൃഷി, ഉദ്യാന നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രാവീണ്യം നേടിയത് ഔപചാരിക വിദ്യാസത്തിന്റെ കൈത്താങ്ങില്ലാതെയാണ്. അദ്ധ്യാപകനായും ഗവേഷകനായും കർഷകനായും ഖുർആൻ പണ്ഡിതനായും അദ്ദേഹം അറിയപ്പെടുന്നു. നിലവിൽ തമിഴ്‌നാട്ടിലാണ് താമസം. കേരളത്തിലെത്തിയാൽ കോഴിക്കോടും പരപ്പനങ്ങാടിയിലുമെത്തും. മലബാറിലെവിടെ എത്തിയാലും പരപ്പനങ്ങാടിയിലെ ദീദി മഹല്ലും ശബാന മൻസിലും സന്ദർശിക്കുക പതിവാണ്.

പരപ്പനങ്ങാടിയിലെ നാഹിദ് ദീദി, അബ്ദുറസാഖ് ദീദി എന്നിവരുടെയും ശബാന മൻസിലിലെ മാക്സിമ ശബീർ അഹമദ്, മാക്സിമ ശക്കീർ അഹമ്മദ് എന്നിവരുടെയും ഒപ്പമാണ് മണിക്ഫാൻ സമയം ചെലവഴിക്കാറ്. സ്വന്തമായി വൈദ്യുതിയും യന്ത്രങ്ങളും നിർമ്മിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് അലി മണിക്ഫാൻ. ജീവിക്കുന്ന ഇടം പരീക്ഷണ കേന്ദ്രങ്ങളാക്കുന്ന വ്യക്തിയാണ് അദ്ദേഹം. തുറസ്സായ സ്ഥലങ്ങളിൽ കുടിൽ കെട്ടിയാണ് താമസിക്കാറുള്ളത്. വൈദ്യുതിക്ക് അപേക്ഷിച്ച് ഏറെകാലം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് സ്വന്തമായി വൈദ്യുതി നിർമ്മിച്ചതും അലിമണിക്ഫാന്റെ പ്രത്യേകതയാണ്.

സ്വന്തമായി നിർമ്മിച്ച മോട്ടോർ ഘടിപ്പിച്ച സൈക്കിളിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കാണാൻ അദ്ദേഹം കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് പോയതും ചരിത്രത്തിന്റെ ഭാഗമാണ്. 40 ദിവസത്തെ യാത്രയായിരുന്നു അത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഇത്തരം സൈക്കിളുകൾ അദ്ദേഹം പിന്നീട് പലർക്കും വേണ്ടി നിർമ്മിച്ചു നൽകി. ഇത്തരം സൈക്കിളുകളുടെ പേറ്റന്റും അദ്ദേഹത്തിന്റെ പേരിലാണ്. പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് അദ്ദേഹം സൈക്കിളുകൾ നിർമ്മിച്ചത്. സൈക്കിളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നിർമ്മാണങ്ങൾ.

നൂറ്റാണ്ടുകൾക്ക് മുമ്പ് സിൻബാദ് ഉലകം ചുറ്റിയ 'സിൻബാദ് ദ് സെയിലർ' എന്ന കഥയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് കപ്പലിൽ ഉലകം ചുറ്റാൻ ഒരു സഘം മുന്നോട്ടുവന്നു. ടീം സെവെറിൻ എന്നായിരുന്ന ആ സംഘത്തിന്റെ പേര്. കപ്പൽ നിർമ്മിക്കാനുള്ള ആളെ തേടിയുള്ള ഈ സംഘത്തിന്റെ അന്വേഷണം ഒടുവിൽ എത്തിയത് അലിമണിക്ഫാനിലാണ്. മണിക്ഫാനും സംഘവും ഒരു വർഷമെടുത്ത് ടീം സെവെറിന് കപ്പൽ നിർമ്മിച്ചു നൽകി.

ടീം സെവെറിൻ 22 യാത്രികരുമായി ഒമാനിൽ നിന്ന് ചൈന വരെ ആ കപ്പലിൽ യാത്ര നടത്തി. കപ്പൽ നിർമ്മിച്ച മണിക്ഫാനോടുള്ള ആദരസൂചകമായി ആ കപ്പൽ ഇപ്പോൾ മസ്‌ക്കറ്റിൽ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കുകയും ചെയ്യുന്നു. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് അത് മറ്റുള്ളവർക്ക് കാണിച്ചു നൽകുന്നു. ഏറ്റവും ലളിതമായ വസ്ത്രവും ജീവിത രീതികളുമാണ് അദ്ദേഹത്തിന്റേത്. രാജ്യത്തെ പരിസ്ഥിതി പ്രവർത്തകർക്കെല്ലാം മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം. കൃഷിയിലും ഗവേഷണത്തിലുമെല്ലാം അദ്ദേഹം തന്റേതായ കണ്ടെത്തലുകൾ നടത്തി.

അദ്ധ്യാപകനായും ഇന്ത്യാ ഗവൺമെന്റിന്റെ ചീഫ് സിവിൽ ഒഫീഷ്യലിന്റെ ഓഫീസിലും അദ്ദേഹം ജോലി ചെയ്തു. സമുദ്ര ഗവേഷണത്തോടുള്ള താൽപര്യം മൂലം ഫിഷറീസ് വകുപ്പിൽ ഗവേഷകനായും അദ്ദേഹം ജോലി ചെയ്തു. ഇക്കാലത്ത് അദ്ദേഹം കണ്ടെത്തിയ മീനിന് 'അബുഡഫ്ഡഫ് മണിക്ഫാനി' എന്നാണ് പേര് നൽകിയിരിക്കുന്നത്. 'ഡഫ്ഡഫ്' മൽസ്യവർഗത്തിലെ അനേകം സ്പിഷീസുകളിലൊന്നാണിത്. ഖുർആനിലും ഇസ്ലാമിക വിഷയങ്ങളിലും അഗാഥ പാണ്ഡിത്യമുള്ള മണിക്ഫാൻ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ജോലി സംബന്ധമായാണ് തമിഴ്‌നാട്ടിലേക്ക് താമസം മാറിയത്.

ലോകത്ത് എല്ലായിടത്തുമുള്ളവർക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ചന്ദ്രമാസ കലണ്ടർ അദ്ദേഹം വർഷങ്ങളുടെ ഗവേഷണത്തിലൂടെ പുറത്തിറക്കി. ഇപ്പോൾ ഈ കലണ്ടറിന്റെ പ്രചരണാർത്ഥം ലോകമാകെ സഞ്ചരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇവർ ആരും ഔപചാരിക വിദ്യാഭ്യാസ രീതികൾ പിന്തുടർന്നിട്ടില്ല. എങ്കിലും മകൻ മർച്ചന്റ്് നേവിയിലും മൂന്ന് പെൺമക്കൾ അദ്ധ്യാപകരായും ജോലി ചെയ്യുന്നു. സൗദി, ഒമാൻ, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്കകത്ത് ജെ.എൻ.യു പോലുള്ള നിരവധി കലാലയങ്ങളിലും അദ്ദേഹത്തിന്റെ പഠനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ലക്ഷദ്വീപ് എൻവയോൺമെന്റ് ട്രസ്റ്റ്, യൂണിയൻ ടെറിറ്ററി ബിൽഡിങ് ഡെവലപ്മെന്റ് ബോർഡ് വൈസ് ചെയർമാൻ, അഡൈ്വസറി ബോർഡ് ചെയർമാൻ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ ഫെല്ലോ, ഹിജ്റ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും അലി മണിക്ഫാൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP