Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്തും ഡിജിപി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടും മുന്നോട്ടു പോകാത്ത കേസ്; പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത് ഡിജിപി ബെഹ്‌റയും; ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി സിബിഐ ബോംബ് എറിഞ്ഞത് ലാവലിൻ കേസ് കൂടി മുന്നിൽ കണ്ട്

മുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്തും ഡിജിപി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടും മുന്നോട്ടു പോകാത്ത കേസ്; പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത് ഡിജിപി ബെഹ്‌റയും; ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി സിബിഐ ബോംബ് എറിഞ്ഞത് ലാവലിൻ കേസ് കൂടി മുന്നിൽ കണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിരവധി തവണ സുപ്രീംകോടതി മാറ്റിവെച്ച ലാവലിൻ കേസ് വീണ്ടും കോടതിയുടെ പരിഗണനയിൽ വരുമ്പോൾ പിണറായി വിജയൻ വീണ്ടും പ്രതിസ്ഥാനത്തു വരുമോ? കോടതി 20 തവണ മാറ്റിവെച്ച കേസ് തെരഞ്ഞെടുപ്പു കാലത്ത് തലവേദനയാകുമെന്ന് കരുതി കൂടിയാകണം മുഖ്യമന്ത്രി പിണറായി വിജയൻ മറുചേരിയിലുള്ള ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ കേസ് സിബിഐ അന്വേഷണത്തിനും വിട്ടത്. ഇക്കാര്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ അടക്കം പറച്ചിലായി നിലനില്ക്കുന്നുമുണ്ട്.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളാകാൻ പിണറായി ഒരുങ്ങുമ്പോഴാണു ലാവ്ലിൻ കേസ് ഉമ്മൻ ചാണ്ടി സർക്കാർ സിബിഐക്കു വിട്ടത്. 10 വർഷത്തോളം പാർലമെന്ററി രംഗത്തേക്കു വരാൻ കഴിയാതെ സംഘടനാ രംഗത്തു തന്നെ തുടരേണ്ടി വന്നതിനു കാരണം ആ തീരുമാനമാണെന്നു പിണറായി കരുതുന്നു. കോടതി വിധിയെ തുടർന്നാണു ലാവ്ലിൻ സിബിഐ ഏറ്റെടുത്തത് എങ്കിലും വഴിയൊരുക്കിയതു യുഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 5 വർഷം ഉമ്മൻ ചാണ്ടി പിന്നണിയിൽ നിന്ന ശേഷം മുൻ നിരയിലേക്കു വന്നപ്പോൾ മറുപടി നൽകിയിരിക്കുകയാണ് പിണറായി. ഏറെ കാത്തിരുന്നു നൽകിയ മറുപടി. എങ്കിലും സിബിഐ ഈ കേസ് ഏറ്റെടുക്കാൻ തയ്യാറാകുമോ എന്നത് അടക്കമുള്ള കാര്യങ്ങൾ കണ്ടു തന്നെ അറിയണം.

ഉമ്മൻ ചാണ്ടിക്കും മറ്റുമെതിരായ ലൈംഗിക പീഡനക്കേസ് സിബിഐക്കു വിട്ടത് കേസിൽ തെളിവു കണ്ടെത്താനാകാതെ നിലവിലെ പ്രത്യേക അന്വേഷണ സംഘം ഇരുട്ടിൽ തപ്പുമ്പോഴാണെന്നതും ശ്രദ്ധേയമാണ് കേസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്താൻ പറ്റിയിട്ടില്ലെന്നും ക്രൈംബ്രാഞ്ചിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിക്കുകയും ചെയ്തു.

പിണറായി സർക്കാർ എത്തി 6 മാസം കഴിഞ്ഞപ്പോഴാണ് ഉമ്മൻ ചാണ്ടിക്കും മറ്റുമെതിരെ യുവതി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. പിന്നാലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ അന്വേഷണം നീങ്ങിയില്ല. സോളർ കമ്മിഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ കണക്കിലെടുത്ത് 2017 ഒക്ടോബറിൽ ഉമ്മൻ ചാണ്ടി, 4 മുൻ മന്ത്രിമാർ, പ്രമുഖ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടക്കം 21 പേർക്കെതിരെ ക്രിമിനൽ, വിജിലൻസ് കേസ് എടുക്കാൻ തീരുമാനിച്ചതോടെ ക്രൈംബ്രാഞ്ചിന്റെ കേസ് കെട്ടിപ്പൂട്ടി. പുതിയ അന്വേഷണത്തിനായി ഉത്തര മേഖല ഡിജിപിയുടെ നേതൃത്വത്തിൽ ആറംഗ സംഘത്തെ നിയോഗിച്ചു.

എന്നാൽ പരാതിയില്ലാതെ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ എങ്ങനെ കേസ് എടുക്കുമെന്നായി ഡിജിപി. എങ്കിൽ സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറിയെ വാദിയാക്കി കേസ് എടുപ്പിക്കാമെന്നു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതർ നിർദേശിച്ചു. ചീഫ് സെക്രട്ടറി അതിനു വഴങ്ങിയില്ല.

അങ്ങനെ പുതിയ കേസും നിശ്ചലമായി. ഇതിനിടെ യുവതി പഴയ കത്തിലെ ആരോപണങ്ങൾ ഉൾപ്പെടുത്തി പുതിയ പരാതി മുഖ്യമന്ത്രിക്കു നൽകി. അതിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പല കേസുകളിൽ ഉൾപ്പെട്ട വ്യക്തിയുടെ പരാതിയിൽ ചാടിക്കയറി കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടാണു ഡിജിപി ബെഹ്‌റ കൈക്കൊണ്ടത്.

2018 മേയിൽ പരാതിക്കാരി എഴുതിയ കത്തും അതെക്കുറിച്ചുള്ള പരാമർശവും നിഗമനവും ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽനിന്ന് ഹൈക്കോടതി നീക്കി. ഇതോടെ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന് അന്വേഷണ വിഷയമില്ലാതായി. സോളർ റിപ്പോർട്ടിന്റെ ഭാഗമായിരുന്ന കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണ്ടെന്നും പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം ആകാമെന്നും സർക്കാരിനു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. നൽകി.

പിന്നീട് 2018 ഒക്ടോബറിൽ പരാതിക്കാരിയെ പീഡിപ്പിച്ചെന്നു കാട്ടി ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന ആവശ്യം ഇതിനിടെ സുപ്രീം കോടതി തള്ളി. കേസ് തുടർന്നു കൊണ്ടു പോകാൻ ക്രൈംബ്രാഞ്ചും താൽപര്യം കാട്ടാതായപ്പോഴാണു പരാതിക്കാരി കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു കത്തു നൽകിയത്.

തെരഞ്ഞെടുപ്പു കാലത്ത് പിണറായി എറിഞ്ഞ സോളാർ ബോംബ് പൊട്ടിയാൽ ആർക്കൊക്കെ പരിക്കേൽക്കും എന്നും കണ്ടറിയണം. പരാതിക്കാരി മുഖ്യമന്ത്രിക്ക് 20 നു കത്തു നൽകിയപ്പോൾ തന്നെ യുഡിഎഫ് ഉന്നത കേന്ദ്രങ്ങൾ മണത്തു. കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതിയുടെ അമരത്ത് ഉമ്മൻ ചാണ്ടി നിയോഗിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു പരാതി. ഇത് കരുതികൂട്ടിയുള്ള പിണറായിയുടെ നീക്കമായി തന്നെ വിലയിരുത്തുന്നു.

മന്ത്രിസഭയെയോ ഡിജിപിയെയോ പോലും അറിയിക്കാതെയുള്ള അതിവേഗ നീക്കം നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടല്ല എന്ന ന്യായീകരണം സിപിഎം കേന്ദ്രങ്ങളിൽനിന്നു പോലുമില്ല. തുടർച്ചയായ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലും സോളർ കേസ് ആയുധമാക്കാമോ എന്നു സിപിഎം നോക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം തുടർഭരണ സാധ്യതയുടെ ആത്മവിശ്വാസം പാർട്ടിക്കു പകരാൻ നേതൃത്വം ശ്രമിക്കുമ്പോഴാണ് 8 വർഷം പഴയ കേസ് കൂടി അതിനു വേണ്ടിവരുമെന്ന സൂചന മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത്. കൊട്ടിഘോഷിച്ച വികസനക്ഷേമ നടപടികളും തോമസ് ഐസക്കിന്റെ ബജറ്റ് വാഗ്ദാനങ്ങളും പോരാ എന്ന് അതു വഴി സമ്മതിക്കുന്നു.

സ്വർണക്കടത്ത് കേസ് ഇനിയും ഉയർത്താനിടയുള്ള ആപത്തും തിരിച്ചറിയുന്നു. സ്പീക്കർക്കോ മന്ത്രിമാർക്കോ എതിരെ എന്തെങ്കിലും നീക്കം ഉണ്ടായാൽ തങ്ങളുടെ ആവനാഴി ഒഴിഞ്ഞിരിക്കരുത്. 4 മാസത്തിലേറെയായി പാർട്ടിയും എൽഡിഎഫും നടത്തി വന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ കുന്തമുന കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആയിരുന്നു എങ്കിൽ കരണം മറിഞ്ഞു സിബിഐയെ വാളാക്കി വീശുന്നു.

എന്നാൽ, മുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്തും ഡിജിപി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടും വഴി തെളിയാത്ത കോണ് സോളർ. നാഴികയ്ക്ക് നാൽപ്പതു വട്ടം വാക്കുമാറ്റുന്ന പരാതിക്കാരിയും. ഈ സാഹചര്യത്തിൽ കേരള സമൂഹം എല്ലാം വിലയിരുത്തുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP